കഷ്ടം, നമ്മുടെ അക്ഷരമാലയോഗം

tharangangalil-1248
SHARE

മലയാളം അക്ഷരമാലയിൽ അപരിചിതർ കയറിയിരുന്നാലും ആരും അറിയാൻ പോകുന്നില്ല. കാരണം, അക്ഷരമാലയിൽ എന്താണുള്ളതെന്ന് അറിയാവുന്നവർ കുറഞ്ഞുവരികയാണ്. കുട്ടികൾ അതറിയണമെന്ന് കേരള സർക്കാരിനു നിർബന്ധവുമില്ല.നമ്മുടെ മലയാള പാഠാവലികളിൽ, അക്ഷരമുറയ്ക്കേണ്ട പ്രൈമറി ക്ലാസുകളിൽപോലും അക്ഷരമാല ചേർത്തിട്ടില്ല. ചേർക്കാൻ പാടില്ല എന്നാണ് തീരുമാനം.

അമ്മയെ തല്ലുമ്പോഴും രണ്ടഭിപ്രായം വേണമെന്നു കരുതുന്നതുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എന്നു നീണ്ട പേരും എസ്‌സിഇആർടി എന്നു ചുരുക്കപ്പേരുമുള്ള സർക്കാർ സ്ഥാപനം അമ്മമലയാളത്തെ അക്ഷരമാലയില്ലാതെ തല്ലാനാണ് തീരുമാനിച്ചിട്ടുള്ളത്.മലയാള പാഠാവലികളിൽ അക്ഷരമാല ഒഴിവാക്കിയതിന് എന്താണു കാരണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു അപ്പുക്കുട്ടനും മലയാളം മാതൃഭാഷയായുള്ള മറ്റുള്ളവരും.

മാതൃഭാഷ പോഷക സന്നദ്ധ സമിതി എന്നൊരു സംഘടനയ്ക്കു വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഡയറക്ടർ അവർകൾ ഓഗസ്റ്റ് അഞ്ചിന് അയച്ച കത്തിൽ കാരണം ഇങ്ങനെ വ്യക്തമാക്കുന്നു.‘കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഇപ്പോൾ ആശയാവതരണ രീതിയാണ് നിലനിൽക്കുന്നത്. നിരവധി ഭാഷാ പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്മാരുടെയും കണ്ടെത്തലുകളുടെ ഫലമായിട്ടാണ് അക്ഷര അവതരണരീതിക്കു പകരം ആശയാവതരണ രീതി പിന്തുടരുന്നത്. ആയതിനാൽ അക്ഷരമാല നിലവിലെ പാഠപുസ്തകങ്ങളിൽ ഇല്ല’.

ആശയം നല്ലതായാൽ അക്ഷരം വേണ്ട എന്നു ചുരുക്കം.പാഠപുസ്തകങ്ങൾ തയാറാക്കിയവർക്കു മലയാളം അക്ഷരമാലയിൽ എത്ര അക്ഷരങ്ങളുണ്ടെന്നു തീരുമാനിക്കാൻ കഴിയാത്തതുകൊണ്ടാണ് ആശയാവതരണ രീതി മതിയെന്നു തീരുമാനിച്ചതെന്ന ആരോപണം അപ്പുക്കുട്ടൻ വിശ്വസിക്കുന്നില്ല. അവരെല്ലാം പണ്ഡിതന്മാരാണെന്നു മേൽപടി കത്തിൽനിന്നു വ്യക്തമാണല്ലോ.

ആശയത്തിൽ അക്ഷരങ്ങളും അക്ഷരമാലയും പാടില്ല എന്നാണ് ഗവേഷണ പരിശീലന സർക്കാർ സമിതിയുടെ കത്തിൽനിന്നു മനസ്സിലാവുന്നത്. അക്ഷരമാലയെ തള്ളിപ്പറഞ്ഞിട്ടല്ല മഹാകവി കുമാരനാശാന് ആശാനാശയഗംഭീരൻ എന്ന വിശേഷണം കിട്ടിയത്.പാഠപുസ്തകങ്ങളിൽ അക്ഷരമാല വേണ്ട എന്നു തീരുമാനിച്ച ഭാഷാ പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്മാരുടെയും പേരുകൾ നിർഭാഗ്യവശാൽ ഡയറക്ടറുടെ കത്തിൽ ചേർത്തിട്ടില്ല.

മേൽപടി മഹാരഥന്മാരുടെ പേരുകൾ ദയവായി പ്രസിദ്ധപ്പെടുത്തണം എന്നാണ് അപ്പുക്കുട്ടന്റെ വിനീതമായ അഭ്യർഥന. ആ പേരുകൾ വായിച്ചു രോമാഞ്ചമണിയാൻ അക്ഷരമാല മുഴുവനായി അറിയാവുന്നവർക്കെല്ലാം അവകാശമുണ്ട്.പട്ടിക കിട്ടിയാലുടൻ അവരെയെല്ലാം ഈ പംക്തിയിൽ പേരുവിളിച്ച് ആദരിക്കാൻ അപ്പുക്കുട്ടനു സന്തോഷമേയുള്ളൂ.

അ ആ ഇ ഈ ഉ ഊ...... അം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA