നല്ലകാലം എത്തിപ്പോയ്

congress-politics
SHARE

അങ്ങനെ, അർധനിദ്രാവസ്ഥയിലായിരുന്ന കോൺഗ്രസിനു വീണ്ടും സജീവവും സുരഭിലവുമായൊരു നല്ലകാലം വന്നെത്തിയിരിക്കുന്നു. 14 ജില്ലകളിലെയും കോൺഗ്രസ് പ്രസിഡന്റുമാരെ ഹൈക്കമാൻഡ് വാഴിച്ചിരിക്കുകയാണ്. പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറികളും റിപ്പോർട്ട് ചെയ്തു. ഇതിൽ കോഴിക്കോട്ടും പത്തനംതിട്ടയിലും രണ്ടു ചാവേർ ബോംബുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 

ജില്ലാ കോൺഗ്രസ് പ്രസിഡന്റെന്നാൽ ഏതാണ്ട് ഇന്ത്യൻ പ്രസിഡന്റിനു തുല്യമായ പദവിയാണെന്ന് അറിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴും കോൺഗ്രസിലുള്ളതിനാൽ ഇതൊന്നും വലിയ കാര്യമല്ലെന്ന തോന്നൽ പാർട്ടിക്കുള്ളിലെ ചിലർക്കെങ്കിലും ഉണ്ടാകുക സ്വാഭാവികം. 

എന്നാൽ, ഇവരത്ര ചില്ലറക്കാരല്ല. ജില്ലകളിൽ ഇനി എന്തു നടക്കണമെന്ന് ഇൗ പുതിയ ഡിസിസി പ്രസിഡന്റുമാർ തീരുമാനിക്കും. മന്ത്രിമാർ ആഴ്ചയിൽ 5 ദിവസം തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് ഉത്തരവിട്ട സുധീരൻ എന്ന ധീരൻ ഭരിച്ച പാർ‌ട്ടിയാണിത്. അതിനാൽ കലക്ടർമാർ ചുരുങ്ങിയത് 7 ദിവസമെങ്കിലും ജില്ലയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം വരെ ഡിസിസി പ്രസിഡന്റുമാർക്കു സ്വാഭാവികമായും ഉണ്ട്. കലക്ടർമാർ സ്വന്തം നാട്ടിലേക്കോ തലസ്ഥാനത്തേക്കോ പോകുമ്പോൾ ജില്ലയിലെ ഭരണവും ഡിസിസി പ്രസിഡന്റുമാർക്കാണത്രെ. ടിപിആർ കുതിച്ചുയർന്നാൽ ലോക്ഡൗൺ വരെ പ്രഖ്യാപിക്കാം. 

അത്രയ്ക്കു വമ്പൻ അധികാരങ്ങളുള്ളതിനാലാണു സുധാകരനും സതീശനും ഒരുമിച്ചിരുന്നു വെട്ടിയും തിരുത്തിയും ഹരിച്ചും ഗുണിച്ചുമൊക്കെ ഇൗ പട്ടികയിങ്ങനെ നീണ്ടുനീണ്ടു പോയത്. അല്ലെങ്കിലും കോൺഗ്രസുകാർ ഏതെങ്കിലും ഒരു കാര്യത്തിൽ തീരുമാനമെടുക്കാൻ തീരുമാനിച്ചാൽ പഠന മനനങ്ങൾക്കു ശേഷം ക്ലൈമാക്സിലെത്താൻ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും വേണ്ടിവരും. അങ്ങനെ തയാറാക്കിയ പട്ടികയുടെ പേരിലാണു കോൺഗ്രസ് ഇന്നലെ മുതൽ ഉണർന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നത്. അധികാരത്തിലേറിയ പ്രസിഡന്റുമാരുടെ ബിജെപി ബന്ധം, പാരവയ്പ്, കാലുവാരൽ, പിന്നിൽനിന്നു കുത്തൽ തുടങ്ങിയ പൂർവകാല ചരിത്ര സുരഭില കഥകൾ പോസ്റ്ററുകളിലും ഫെയ്സ്ബുക് പോസ്റ്റുകളിലും വായിച്ച് ഇനി കോൾമയിർ കൊള്ളാം.  

പോസ്റ്ററും പോസ്റ്റും ഏറ്റില്ലെങ്കിൽ മറ്റൊരു അടവുണ്ട്: ഹൈക്കമാൻഡിനു കത്തയയ്ക്കൽ. അങ്ങനെ വരുന്ന കത്തുകൾ ഇടാൻ ഹൈക്കമാൻഡ് ആസ്ഥാനത്ത് ഇന്നലെ പുതിയൊരു പെട്ടി വച്ചു. ഓരോ ദിവസവും അതിൽ വീഴുന്ന കത്തുകൾ തൂക്കിവിൽക്കാൻ ആളെയും ഏർപ്പാടാക്കി. ഇ–മെയിലായെത്തുന്ന കത്തുകൾ അപ്പോൾ സ്വയം ഡിലീറ്റായി അന്തരിക്കാൻ ഐടി ടീമിനെയും കച്ചകെട്ടി. കത്തുകളും കുത്തുകളുംകൊണ്ട് കോൺഗ്രസ് വീണ്ടും ഉഷാറാകട്ടെ, സ്മാർട്ടാകട്ടെ.

നമ്മൾ വായിച്ചറിയാൻ, വൈറസ് എഴുതുന്നത്

ചൈനീസ് ഭാഷയിൽ രചിച്ചുകൊണ്ടിരിക്കുന്ന കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ കഴിവുള്ളവരെ അന്വേഷിച്ചു നടക്കുകയാണ് ഒരാൾ. മറ്റാരുമല്ല, കൊറോണ വൈറസ് തന്നെ. താൻ അറിഞ്ഞതും കുറിച്ചതുമായ കാര്യങ്ങൾ ഇന്നാട്ടുകാർകൂടി വായിക്കണമെന്നു വൈറസിനൊരു മോഹം. വസ്തുതകൾ മാത്രമേ വൈറസ് കുറിച്ചിട്ടുള്ളൂ. അതു വായിക്കുമ്പോൾ ആരാണെങ്കിലും പൊട്ടിച്ചിരിക്കും. ചിരിക്ക് ഇരട്ടിമധുരം കിട്ടാൻ പ്രതിരോധമികവിനു സമ്മാനമായി ലഭിച്ച പിഞ്ഞാണം, കപ്പ്, ചില്ലുഗ്ലാസ് എന്നിവയുടെ ചിത്രങ്ങളും വിദേശ മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകളും ചേർത്തിട്ടുണ്ട്. 

virus

ഒന്നരവർഷം മുൻപു വുഹാനിൽനിന്നു വൈദ്യവിദ്യാർഥികളുടെ ശരീരത്തിലിരുന്ന് ഇന്ത്യയിൽ ആദ്യമായി, കൊച്ചിയിൽ വിമാനം ഇറങ്ങുമ്പോൾ ഇത്രയൊന്നും താൻ പ്രതീക്ഷിച്ചതല്ലെന്നു വൈറസ് തുറന്നു സമ്മതിച്ചിട്ടുണ്ട്. മുഖ്യന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ, നാട്ടുകാരും അതുപോലെയെന്നു ധരിച്ചു. പക്ഷേ, കണ്ടറിഞ്ഞ തമാശകൾ ഓർത്തു ചിരിച്ചുചിരിച്ച് ഇപ്പോൾ വൈറസിന്റെ വയർ ഉളുക്കിയിരിക്കുകയാണ്. ‌

അമേരിക്കയിൽനിന്നു മരുന്നുതേടി കോവിഡ് ബാധിതർ വിളിച്ചെന്ന ടീച്ചറമ്മയുടെ വെളിപ്പെടുത്തലാണു പുസ്തകത്തിന്റെ തുടക്കത്തിൽ. വിജയേട്ടനും ടീച്ചറമ്മയും ചേർന്നു ചൈന ഭരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വൈറസ്തന്നെ ഉണ്ടാകില്ലെന്ന സംവിധായകൻ സിദ്ദീഖിന്റെ നിരീക്ഷണമാണു രണ്ടാമധ്യായത്തിൽ. മാസ്ക്കും മരുന്നുമില്ലാത്ത അമേരിക്കയെ രക്ഷിക്കാൻ പ്രതിരോധമാതാവായ ടീച്ചറമ്മയെ ഡപ്യൂട്ടേഷനിൽ അങ്ങോട്ട് അയയ്ക്കാമെന്നു കണ്ടെത്തിയ തുമ്മാരുകുടിയാശാനും പുസ്തകത്തിൽ കയറിപ്പറ്റിയിട്ടുണ്ട്. സർക്കാർകണക്കിൽ ആദ്യത്തെയും അവസാനത്തെയും കോവിഡ് സാമൂഹികവ്യാപനം പൂന്തുറയിലായിരുന്നല്ലോ. അവിടെ പട്ടാളത്തെ ഇറക്കണമെന്നു പറഞ്ഞ അഷീൽ വൈദ്യരെയും വൈറസ് സ്മരിക്കുന്നു. പ്രവാസികൾക്കുള്ള ക്വാറന്റീനു രണ്ടരലക്ഷത്തിലേറെ കിടക്കകൾ തയാറാക്കുമെന്ന മുഖ്യന്റെ പ്രഖ്യാപനവും പിൻവലിയലും വായിച്ചാൽ ചിരിക്കണോ അതോ കരയണോ എന്നു നിശ്ചയമില്ല. 

2020 മേയ് 5ന് 500 കേസുകൾ. പ്രവാസികൾ വന്നു തുടങ്ങിയത് 7 മുതൽ. 27ന് കേസുകൾ ആയിരത്തിൽ. അതോടെ കാര്യങ്ങൾ കൈവിട്ടെന്നാണു വൈറസിന്റെ കണ്ടെത്തൽ. തമാശകൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നു മനസ്സിലായില്ലേ? ഇടുക്കിക്കാരൻ ഉസ്മാനെക്കുറിച്ചുള്ള അധ്യായമാണു പിന്നീട്. നാടാകെ കോവിഡ് രോഗികളെ സൃഷ്ടിക്കാൻ നടക്കുന്ന ഉസ്മാനെതിരെ മുഖ്യൻ പൊട്ടിത്തെറിച്ചതു വിശദീകരിക്കുന്ന താളിനുതാഴെ, തടവിൽ കഴിയവേ മരിച്ച കുഞ്ഞനന്തന്റെ സംസ്കാരച്ചടങ്ങിൽ സഖാക്കൾ മുഷ്ടിചുരുട്ടി അന്ത്യപ്രണാമം അർപ്പിക്കുന്നതിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. 

ഉറുമ്പിനെ തെറ്റിദ്ധരിപ്പിക്കാൻ പഞ്ചസാരഭരണിക്കു പുറത്ത് ഉപ്പ് എന്നെഴുതിവച്ചയാളിന്റെ നാടു കേരളത്തിലാണത്രെ! ഞായറാഴ്ച ലോക്ഡൗണിലൂടെയാണു വൈറസ്  ആ ചരിത്രയാഥാർഥ്യം ചികഞ്ഞെടുത്തത്. മാർബിൾ പാകിയ തറയിൽ മേയാൻ പശു വരുമോ? അതിനാൽ വൈറസ് മാളത്തിൽ കഴിഞ്ഞോളുമെന്ന വിദഗ്ധരുടെ കണ്ടെത്തലിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട്. ഉലയാത്ത കപ്പലിൽ വിജയനാണല്ലോ കപ്പിത്താൻ. കോവിഡിനെ തുരത്താനുള്ള തന്ത്രങ്ങൾ മെനയുന്നതും നടപ്പാക്കുന്നതും അദ്ദേഹം മാത്രം. ആരോഗ്യവകുപ്പിലുള്ളതു മരുന്നിനൊരു മന്ത്രി മാത്രമാണോ? വൈറസിന്റെ സംശയപ്പട്ടികയ്ക്കു മറുപടി പറയാൻ ആറുമണി പത്രസമ്മേളനം ആറുമാസം നടത്തിയാലും സമയം തികയാതെവരും. 

ഈയിടെയായി ഓരോ ദിവസത്തെയും നിഗമനങ്ങൾ കേട്ട് വൈറസ് ആശയക്കുഴപ്പത്തിന്റെ കടലിൽ വീണിരിക്കുന്നു. മുഖ്യൻ പറയുന്നു, നാട്ടിലാകെ വൈറസെന്ന്; വീണ മന്ത്രി പറയുന്നു, 35 ശതമാനം പേർക്കും കോവിഡ് ബാധിക്കുന്നതു വീട്ടിനുള്ളിൽ നിന്നെന്ന്! എവിടെ കേന്ദ്രീകരിച്ചാൽ കൂടുതൽ പേരിൽ കയറിപ്പറ്റാനാകുമെന്നു നിശ്ചയമില്ല വൈറസിന്. അതൊന്നു തിരിച്ചറിഞ്ഞിട്ടുവേണം അടുത്ത അധ്യായത്തിലേക്കു കടക്കാൻ.

പച്ചക്കോട്ടയിൽ പതിവില്ലാത്തത്

എല്ലാ പാർട്ടികളിലും സ്ത്രീകൾ ശക്തരാകുമ്പോൾ മുസ്‌ലിം ലീഗ് അറച്ചു നിൽക്കാമോ? സ്ത്രീശബ്ദം നമ്മുടെ സംഘടനയിലും വേണം. അതു ക്യാംപസുകളിൽ നിന്നാകുമ്പോൾ കൂടുതൽ ഉഷാറുണ്ടാകും. അങ്ങനെ എംഎസ്എഫിന്റെ തണലിൽ വളർത്തിയെടുത്ത പെൺകുട്ടികളുടെ പ്രസ്ഥാനമായ ഹരിതയുടെ ശബ്ദം ഇപ്പോൾ ലീഗിനെയാകെ ശബ്ദമുഖരിതമാക്കിയിരിക്കുന്നു. 

പച്ചക്കോട്ടയ്ക്കു കോട്ടം തട്ടുന്നതു പതിവുള്ളതല്ല. അതിനാൽ കോൺ‍ഗ്രസിനെ മെച്ചപ്പെടുത്താൻ ഇടയ്ക്കിടെ ഇടപെടാറുമുണ്ട്. ഇപ്പോൾ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണു ലീഗിനുള്ളം. അമരത്തു കുഞ്ഞാപ്പയും അണിയത്തു മുനീറും ഇരുന്നു രണ്ടു ഭാഗത്തേക്കു തുഴയുന്നതിനാൽ തോണി നീങ്ങുന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോണി വളഞ്ഞതിന്റെ കുറ്റം പറച്ചിലുകൾ തുടരുമ്പോഴാണ് ഇഡി വന്നങ്ങിരുന്നതും ജലീൽ വിളിച്ചങ്ങു പറഞ്ഞതും. മുഖ്യനേതാവ് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ അമിട്ടിനു മുകളിൽ പന്തം വലിച്ചെറിഞ്ഞതും പലരും ചിന്നിച്ചിതറിയതും വേറെ. 

kunhalikkutty

കാൽ നൂറ്റാണ്ടിനുശേഷം വനിതയെ മത്സരിപ്പിക്കാൻ ലീഗ് തീരുമാനിച്ചതു വിപ്ലവമായാണു രേഖപ്പെടുത്തിയിരിക്കുന്നത്. അവരെ കാലുവാരി തോൽപിച്ചതിന്റെ അതിവിപ്ലവ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ലീഗിനെ വിഴുങ്ങാൻ ജന്മമെടുത്ത ഐഎൻഎലിനെ അവിടെ ജയിപ്പിച്ചതു ലീഗുകാരാണത്രെ! പാര നിർമിച്ചതിന്റെയും വച്ചതിന്റെയുമൊക്കെ കണക്കെടുപ്പ് ലീഗ് ഹൗസിൽ നടക്കുമ്പോഴാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. അതിൽ പങ്കെടുത്തയാളെ നേതാവു വിശേഷിപ്പിച്ചതാകട്ടെ അഭിസാരികയെന്ന്! വാവിട്ട വാക്കു തിരികെ എടുക്കാനാവില്ലല്ലോ? പക്ഷേ, വിശേഷണം ചാർത്തിയ നേതാവിന്റെ അണികൾ മിണ്ടാതിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ അവർ അഭിസാരികയുടെ പര്യായപദങ്ങളുമായി അണിനിരന്നു. 

സംഗതി ശരിയല്ല, പ്രതികരിക്കുമെന്ന മുന്നറിയിപ്പുമായി ഹരിത നേതാക്കൾ ലീഗ് ഹൗസിൽ എത്തി. ബസ് കൊക്കയിൽ കിടക്കുമ്പോഴാണോ സൈക്കിളിന്റെ പഞ്ചറൊട്ടിക്കൽ? ഇതായിരുന്നു നേതാക്കളുടെ സമീപനം. പെൺകുട്ടികൾ വാ പൂട്ടിയിരിക്കുമെന്നു ഗണിച്ചവർക്കു തെറ്റി. അവർ നേരെ വനിതാ കമ്മിഷനു പരാതി അയച്ചു. മരത്തിൽനിന്നു താഴെപ്പോന്നവൻ എണീറ്റപ്പോൾ കാലുതെറ്റി കിണറ്റിൽ വീണതുപോലായി ലീഗിലെ കാര്യങ്ങൾ. ഹരിത നേതാക്കൾ അന്നു പറഞ്ഞ പരാതി അന്നുതന്നെ തീർത്തിരുന്നെങ്കിലെന്നു തിരിച്ചറിവു വന്നു. ഒത്തുതീർപ്പാക്കാൻ ഓടി നടക്കുകയാണു നേതാക്കൾ. വനിതാ കമ്മിഷൻ സംഗതി ഏറ്റെടുത്താൽ സിപിഎമ്മിനു വടി കൊടുക്കലാണല്ലോ? ബിരിയാണി നേരത്തിനു യോഗം പിരിയുന്ന ലീഗിന്റെ ശൈലിക്ക് ഇടവേള വന്നു. പാതിരാത്രിയും ചർച്ച നടത്തി. മാപ്പിരക്കൽ, പുറത്താക്കൽ അങ്ങനെ പല പരിഹാരക്രിയകളിലൂടെ ഹരിതയെ തണുപ്പിക്കാനാണു നെട്ടോട്ടം. 

സ്റ്റോപ് പ്രസ്

പത്തനംതിട്ട ഡിസിസി ഓഫിസിനുമുന്നിൽ കരിങ്കൊടി കെട്ടി.

ജില്ലയിൽ എല്ലാ സീറ്റും തോറ്റപ്പോൾ കെട്ടാൻ വച്ചിരുന്നതാണ്; വൈകിപ്പോയി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA