നിരാലംബ വാർധക്യം വിലപിക്കുമ്പോൾ

sarojini-amma-1248
പുഴുവരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സരോജിനിയെ കുളിപ്പിച്ച് ഭക്ഷണവും വൈദ്യ സഹായവും നൽകി സമീപത്തെ മുറിയിലേക്കു മാറ്റിയപ്പോൾ.
SHARE

മൂന്നു മക്കളുണ്ടായിട്ടും സരോജിനി എന്ന എൺപതുകാരി അനുഭവിച്ച സങ്കടവും ഏകാന്തതയും അനാഥത്വവും കേരളത്തിന്റെ വിങ്ങലായിത്തീർന്നിരിക്കുന്നു. തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടിൽ, നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നു പൊലീസെത്തി രക്ഷിക്കുമ്പോൾ, ഭക്ഷണമോ വൈദ്യസഹായമോ ഇല്ലാതെ, ശരീരം മുഴുവൻ പുഴുവരിച്ച നിലയിലായിരുന്നു ആ വയോധിക. അരക്ഷിതരായ മുതിർന്ന പൗരന്മാർക്കു വേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ നാം എത്ര ശ്രദ്ധിക്കുന്നുണ്ടെന്ന ചോദ്യംകൂടി അശരണയായ ആ അമ്മയുടെ മൂകവിലാപം കേരളത്തിനു മുന്നിലെത്തിക്കുന്നു.

സരോജിനിയുടെ മൂന്നു മക്കളെയും വിളിച്ചുവരുത്തിയ പൊലീസ് അമ്മയുടെ സംരക്ഷണം ഊഴംവച്ചു നിർവഹിക്കാൻ അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, സമാനസാഹചര്യങ്ങളിൽ, മക്കളാൽ ഉപക്ഷിക്കപ്പെട്ടു നിസ്സഹായവസ്ഥയിൽ കഴിയുന്ന എത്രയോ മാതാപിതാക്കൾ കരുതൽക്കരങ്ങൾ തേടി ഇപ്പോഴും നമുക്കരികിൽ ഉണ്ടെന്നതു വേദനാജനകമായ യാഥാർഥ്യവുമാണ്. ജീവിതസന്ധ്യയിലെത്തിയ അവർക്കു ശാന്തിപകരാനുള്ള കടമ മറന്നുപോകുന്നവർ ജീവിതത്തിൽ എന്തുതന്നെ നേടിയിട്ടും പ്രയോജനമെന്താണ്?

ചൈന കഴിഞ്ഞാൽ, ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തു വയോജനങ്ങളെ ഏറ്റവും കൂടുതൽ അവഗണിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. കുറച്ചു വർഷങ്ങൾക്കുള്ളിൽതന്നെ കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും വയോജനങ്ങളായി മാറും. കേരളത്തിൽ പകുതിയിലേറെ വയോധികരും ഒറ്റയ്ക്കാണു കഴിയുന്നതെന്നത് ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. പല കാരണങ്ങളാലും വീട്ടിൽ ഒറ്റയ്‌ക്കു താമസിക്കേണ്ടിവരുന്നവരുടെ കാര്യം ഏറ്റവും സങ്കടകരമാണ്. ജീവിതസായാഹ്നത്തിൽ അവർ അനുഭവിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾക്കൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് അടിയന്തര ചികിത്സാസൗകര്യങ്ങളും. ഒറ്റയ്‌ക്കു താമസിക്കുന്നവരുടെ മരണംപോലും ദിവസങ്ങൾക്കോ ആഴ്‌ചകൾക്കോ ശേഷം പുറത്തറിയുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജനകേന്ദ്രങ്ങളുള്ള സംസ്ഥാനമാണു കേരളം. കഴിഞ്ഞ അഞ്ചുവർഷംകൊണ്ടു കേരളത്തിലെ വയോജന പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം ഇരട്ടിയോളമായി. ഇവരിൽ മിക്കവരുടെയും മക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നുകൂടി നാം ഓർമിക്കണം. സ്വത്തെല്ലാം കൈക്കലാക്കിയശേഷം മക്കൾ ഇറക്കിവിട്ട മാതാപിതാക്കൾ ഒട്ടേറെയുണ്ട് നമ്മുടെ വയോജനകേന്ദ്രങ്ങളിൽ. വളർത്തിവലുതാക്കി ജീവിതം നൽകിയവർക്ക് അനാഥവാർധക്യമാണോ മക്കൾ തിരിച്ചുനൽകേണ്ടത് ?

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കും പീഡിപ്പിക്കുന്നവർക്കും നിലവിൽ, മൂന്നു മാസം തടവും 5000 രൂപ പിഴയുമാണു ശിക്ഷ. ഇതടക്കം 2007ലെ, മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട് ഭേദഗതി ചെയ്യാനുള്ള ബിൽ ഇനിയും പാർലമെന്റ് പാസാക്കിയിട്ടില്ല. പ്രായം ചെന്നവരെ ഉപേക്ഷിക്കുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ (മകന്റെയോ മകളുടെയോ ഭാര്യ/ ഭർത്താവ്) എന്നിവർക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നൽകാവുന്ന ആ വ്യവസ്ഥകൾ ഇനിയും പ്രാബല്യത്തിലാവാത്തതു ജനപ്രതിനിധികളുടെ നിരുത്തരവാദിത്തംകൂടിയാണ്.

ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശം പദപ്രയോഗങ്ങൾ, മുറിവേൽപിക്കൽ എന്നിവയും ഇതുപ്രകാരം ശിക്ഷാർഹമാകുന്നു. ജീവനാംശ പരിധി നിശ്ചയിച്ചിരുന്നതിലും പുതിയ ഭേദഗതിപ്രകാരം മാറ്റം വരുന്നുണ്ട്. തങ്ങളെ സംരക്ഷിക്കാത്ത മക്കളിൽനിന്നു ജീവനാംശംതേടി മാതാപിതാക്കൾ നൽകുന്ന പരാതികളുടെ എണ്ണം കേരളത്തിൽതന്നെ വർധിച്ചുവരികയാണ്.

പ്രശസ്‌തമായ ഒരു ഹോളിവുഡ് സിനിമയുടെ പേരാണു ‘നോ കൺട്രി ഫോർ ഓൾഡ് മെൻ.’ വയോജനങ്ങൾക്കു രാജ്യമില്ല എന്ന സങ്കടകരമായ ആ സങ്കൽപ പ്രയോഗത്തോടൊപ്പം ഇവിടെ വയോജനങ്ങൾക്കു സുരക്ഷയും കരുതലുമില്ല എന്ന സമകാലീന യാഥാർഥ്യംകൂടി നമുക്കു ചേർത്തുവയ്‌ക്കാം. നിരാംലംബരായ മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്നതിൽ നാം എത്ര ശ്രദ്ധിക്കുന്നുണ്ട് എന്ന ചോദ്യം സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിലുണ്ടാവണം. അതിനു ഫലപ്രദമായ മറുപടി ഉണ്ടാവുകയും വേണം.

Content Highlights: Editorial, Old Age People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA