ADVERTISEMENT

പാടത്തു നിരന്തരം കുരുവികളുടെ ശല്യമാണ്. അവ വിളവു തിന്നുനശിപ്പിക്കുന്നതുകൊണ്ട് ഉടമസ്ഥർ എല്ലാവരുംകൂടി വലവിരിച്ചു കുരുവികളെ പിടികൂടി കൊന്നുകളഞ്ഞു. കുരുവികൾ പോയപ്പോൾ കീടങ്ങളുടെ എണ്ണം ക്രമാതീതമായി. അവ വിളവു നശിപ്പിക്കാൻ തുടങ്ങി. കർഷകർ മാരകമായ കീടനാശിനികൾ വാങ്ങി വിളകളിൽ തളിച്ചു. വലിയ വിലകൊടുത്തു വാങ്ങിയ കീടനാശിനികളുടെ വിലയും കൂടി ചേർത്തപ്പോൾ ആ വർഷം ധാന്യത്തിന്റെ വിലയും വർധിച്ചു. വിഷം ചേർത്ത ആഹാരം ഭക്ഷിച്ച ആളുകളിൽ ആരോഗ്യപ്രശ്നങ്ങളും തുടങ്ങി. ഭരണകൂടം പുതിയ ആശുപത്രി പണിയാൻ തീരുമാനിച്ചു. എല്ലാം കണ്ടുകൊണ്ടിരുന്ന വഴിപോക്കൻ പറഞ്ഞു. കുരുവികളിൽ തീരേണ്ട പ്രശ്നമാണു കോടികളുടെ ആശുപത്രിയിൽ എത്തിയത്.

പെട്ടെന്നുണ്ടാകുന്ന താൽക്കാലിക നഷ്ടത്തിന്റെ പേരിലാണ് ആളുകളോടും അവസ്ഥകളോടും വിരക്തിയുണ്ടാകുന്നത്. അത്തരം അസുഖാവസ്ഥകളെ പെട്ടെന്ന് ഇല്ലാതാക്കാനാകും പിന്നീടുള്ള ശ്രമം. സമ്പൂർണമായ ആനന്ദാനുഭൂതി നൽകുന്ന ഒന്നും ഒരിടത്തുമില്ല എന്ന സാമാന്യതത്വം പോലും പരിഗണിക്കാതെ, അപ്രീതിയുണ്ടാക്കുന്നവയെയെല്ലാം നിഷ്കരുണം നീക്കം ചെയ്യും.

അരുചിയുള്ള പല വിഭവങ്ങളുമാണ് ആരോഗ്യം സംരക്ഷിക്കുന്നത്; അനാകർഷകങ്ങളായ പല ചെടികളുമാണ് സൗന്ദര്യവർധക ലേപനങ്ങളുടെ കൂട്ട്; അകറ്റിനിർത്തിയിരുന്ന പലരുമാണ് അപ്രതീക്ഷിത സമയത്തു സഹായത്തിനെത്തുന്നത്. അസുഖകരമായവയെക്കൂടി അടുത്തറിയാനും അംഗീകരിക്കാനും തയാറാകുമ്പോൾ മാത്രമാണ് അർഹിക്കുന്ന വിളവു ലഭിക്കുക. എന്തുമാത്രം നിഷ്പക്ഷതയോടെ എല്ലാറ്റിനെയും സമീപിക്കാൻ കഴിയുന്നോ അത്രമാത്രം ഗുണകരമായിരിക്കും അനന്തരഫലം. ആകസ്മിക സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് ഒരാളുടെ കാര്യശേഷി തെളിയിക്കുന്നത്.

എല്ലാ പ്രശ്നങ്ങൾക്കും രണ്ടുതരത്തിൽ പരിഹാരം കാണാം. സ്ഥിരപരിഹാരം വേണമെങ്കിൽ ചിന്തയും വിശകലനവും വേണം. ക്ഷണികപരിഹാരങ്ങൾക്ക് അപക്വമായ പ്രതികരണങ്ങൾ മതി. യഥാർഥപ്രശ്നമെന്തെന്നറിയാതെ കണ്ടെത്തുന്ന എല്ലാ പരിഹാരമാർഗങ്ങളും പുതിയ മറ്റെന്തെങ്കിലും പ്രശ്നങ്ങളുടെ തുടക്കമായിരിക്കും. എത്ര വിദഗ്ധമായി കണ്ടെത്തുന്ന പ്രതിവിധികൾക്കും ചില അനുബന്ധ പോരായ്മകൾ കണ്ടേക്കാം. അവയെ മുൻകൂട്ടി കാണാനും കൈപ്പിടിയിലൊതുക്കാനും കഴിയുന്ന തീരുമാനങ്ങൾ മാത്രമാണു ഗുണകരമാകുക. താൽക്കാലിക പരിഹാരത്തോടാണു പല പ്രശ്നപരിഹാര വിദഗ്ധർക്കും താത്പര്യം. ഒരു പ്രശ്നത്തിൽനിന്ന് അടുത്തതിലേക്കുള്ള യാത്രയാണ് അവർക്കിഷ്ടം. ഒരു പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടാൽ പിന്നെ അവർക്കു ജോലിയില്ലാതാകും. അടിസ്ഥാനപ്രശ്നം കണ്ടെത്താനറിയുന്നവർ മാത്രമേ ന്യായാധിപന്റെ വേഷമണിയാവൂ. അല്ലാത്തവർ പരിഹാരത്തിന്റെ ഭാഗമാകുന്നതിനു പകരം പുതിയ പ്രശ്നങ്ങളുടെ സ്രഷ്ടാക്കളാകും.

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com