ഇടറരുത്, ജീവന്റെ മഹാസന്ദേശം

HIGHLIGHTS
  • അവയവദാനം വൈകാതിരിക്കാൻ സർക്കാർ ശ്രദ്ധയൂന്നണം
SHARE

മറ്റൊരാൾക്കു ജീവനോ കാഴ്‌ചയോ പകർന്ന് നമ്മുടെ അവയവം നാം ഓരോരുത്തരുടെയും ആയുസ്സിനപ്പുറത്തേക്കു ജീവിക്കുന്ന അനശ്വരതയാണ് അവയവദാനം. രാജ്യത്തിനുതന്നെ മാതൃകയാകുംവിധത്തിൽ മുന്നേറിയ കേരളത്തിലെ അവയവദാനദൗത്യം പക്ഷേ, പല കാരണങ്ങൾകൊണ്ടും ഇടറുന്ന കാഴ്ചകളാണു നാം ഈയിടെയായി കാണുന്നത്. ജീവൻ നിലനിർത്താൻ അവയവങ്ങൾക്കായി സംസ്ഥാനത്തു കാത്തിരിക്കുന്നത് ആയിരങ്ങളാണെന്നത് ആശങ്കപ്പെടുത്തുന്നു. നേരായ വഴിയിൽ അവയവദാനത്തിനു തയാറാകുന്നവർക്കു മുന്നിൽ ഇത്രയേറെ കടമ്പകൾ ഉയർത്തേണ്ടതുണ്ടോ എന്ന ചോദ്യവും ഒപ്പമുണ്ട്. അവയവദാനത്തിന് അനുമതി തേടിയുള്ള അപേക്ഷകളി‍ൽ അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത് ഈ സാഹചര്യത്തിൽ ഒട്ടേറെപ്പേർക്ക് ആശ്വാസം പകരുന്ന ഇടപെടലായിമാറുന്നു.

അനാരോഗ്യ പ്രവണതകൾ തടയാനും അർഹതയുള്ളവർക്കു നേരായ വഴിയിലൂടെ നടപടികൾ ഉറപ്പാക്കാനുമായി രൂപീകരിച്ച സർക്കാർ ഏജൻസിയായ ‘മൃതസഞ്ജീവനി’ വഴി മാത്രമാണു സംസ്ഥാനത്ത് അവയവദാനം സാധ്യമാകുന്നത്. മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങൾ സ്വീകരിക്കുന്നതിനായി, ഈ പദ്ധതിയിൽ പേര് റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതു മൂവായിരത്തോളം പേരാണ്. ഇതിലും എത്രയോ അധികംപേർ ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ വൃക്കയും കരളും സ്വീകരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. 

മൃതസഞ്ജീവനി പദ്ധതി പത്താം വർഷത്തിലേക്കു കടക്കുമ്പോൾ ഇതുവഴി നൽകിയത് 913 അവയവങ്ങളാണ്. അതേസമയം, വിവിധ കാരണങ്ങൾകൊണ്ട് 2017 മുതൽ പദ്ധതി വഴിയുള്ള അവയവദാനം കുറച്ചു മാത്രമേ നടക്കുന്നുള്ളൂ എന്ന യാഥാർഥ്യവും ഒപ്പമുണ്ട്. ‘മൃതസഞ്ജീവനി’യെപ്പോലും അട്ടിമറിച്ച് ഇടനിലക്കാർ അവയവക്കച്ചവടം നടത്തുന്നുവെന്ന വിവരം ഈയിടെ കേരളത്തെ ഞെട്ടിക്കുകയും ചെയ്തു. അവയവദാനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ ഇടപാടു നടത്തുന്ന മാഫിയ ഇവിടെ ശക്തമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കേരളത്തിൽ ശരാശരി നാലായിരത്തോളം അപകടമരണങ്ങളാണു ഒരുവർഷം ഉണ്ടാകുന്നത്. ഇതിൽ ആയിരത്തിലേറെപ്പേർക്കെങ്കിലും മസ്തിഷ്കമരണങ്ങൾ സ്ഥിരീകരിക്കാവുന്നതാണെന്നും അവരുടെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും ഈ മഹനീയയജ്ഞത്തിന് അതുകൊണ്ടു വേണ്ടത്ര പ്രയോജനമുണ്ടാവുന്നില്ല. എത്രയോപേർ അവയവങ്ങൾ സ്വീകരിക്കാൻ കാത്തിരിക്കുന്ന കേരളത്തിൽ, മസ്തിഷ്കമരണം സംഭവിച്ചയാളിന്റെ ബന്ധുക്കൾ അവയവദാനത്തിനു സമ്മതം അറിയിച്ച് അധികൃതർക്കു പിന്നാലെ നടന്നിട്ടും അവഗണിച്ചെന്ന ഒറ്റപ്പെട്ട പരാതികളുമുണ്ട്.  

വൃക്കദാതാവ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ അവയവദാനത്തിന് അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതിയുടെ തീരുമാനം റദ്ദാക്കിയ ഉത്തരവിലാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രസക്തമായ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ക്രിമിനൽ വൃക്കയെന്നോ ക്രിമിനൽ കരളെന്നോ ക്രിമിനൽ ഹൃദയമെന്നോ ഉള്ള ഒരു അവയവവും മനുഷ്യശരീരത്തിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അവയവദാനം സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്ന ഓതറൈസേഷൻ സമിതിക്കുള്ളതു ദൈവികമായ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ച കോടതി, അവയവദാനത്തിന് അനുമതി തേടിയുള്ള അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിക്കാൻ വേണ്ട നിർദേശങ്ങളാണു സർക്കാരിനു നൽകിയിരിക്കുന്നത്. 

കോവിഡ് പ്രതിസന്ധി ‘മൃതസഞ്ജീവനി’യെയും ബാധിച്ചിട്ടുണ്ടെന്നാണു സൂചന. ഈ വർഷം ജൂലൈ വരെ 6 ദാതാക്കളിൽ നിന്നായി 16 അവയവങ്ങൾ മാത്രമാണു പദ്ധതിവഴി കൈമാറാൻ സാധിച്ചിട്ടുള്ളത്. അവയവദാനത്തിന് അംഗീകാരം നൽകുന്നതിൽ കോവിഡ് മൂലമുള്ള കാലതാമസം ഒഴിവാക്കാൻ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ ഘടനയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കിടയിലും അവയവദാനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ തമിഴ്നാട് രാജ്യത്തിനുതന്നെ മാതൃകയാവുന്നതും നമുക്കു മുന്നിലുണ്ടാവണം. 

മൃതസഞ്ജീവനി പദ്ധതി സജീവമാക്കാനും നേരായ വഴിക്കുള്ള അവയവദാനങ്ങളിലൊന്നുപോലും സാങ്കേതിക നൂലാമാലകളിൽപ്പെട്ടു വൈകാതിരിക്കാനുമുള്ള നിരന്തരശ്രദ്ധയാണു സർക്കാരിൽനിന്ന് ഉണ്ടാവേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA