ADVERTISEMENT

കുട്ടികളെ അറിവിലേക്കും ജീവിതത്തിലേക്കുതന്നെയും കരുതലോടെ കൈപിടിച്ചു നടത്തുന്ന അധ്യാപകരെ സ്നേഹാദരം ഓർമിക്കേണ്ട ദിവസമാണു നാളെ: അധ്യാപക ദിനം. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിലൊന്നാണ് അധ്യാപനം. അധ്യാപകരുടെ കാർമികത്വത്തിൽ നടക്കുന്നതു നവലോകത്തിന്റെ നിർമിതി തന്നെയാകുന്നു. അതുകൊണ്ടുതന്നെ, ഒരു ജന്മംകൊണ്ടുപോലും വിദ്യാർഥിക്കു കൊടുത്തുതീർക്കാനാവാത്ത ഗുരുദക്ഷിണയാണ് ഓരോ നല്ല അധ്യാപികയും അധ്യാപകനും അർഹിക്കുന്നത്. അധ്യാപനം ഏറ്റവും ക്ലേശകരമായ ഈ കോവിഡ്കാലത്തും മാതൃകാപരമായി തങ്ങളുടെ കർമം നിർവഹിക്കുകയാണു കേരളത്തിലെ അധ്യാപകർ.

പല സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറന്നുകഴിഞ്ഞു. പക്ഷേ, കേരളത്തിലെ കോവിഡ് വ്യാപനം എത്രനാൾ ഇതുപോലെ സങ്കീർണമായി മുന്നോട്ടുപോകുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായി പറയാനാവില്ല. കേരളത്തിൽ സ്കൂളുകൾ തുറക്കാമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചതിനു പിന്നാലെ, വിദ്യാഭ്യാസവകുപ്പ് പ്രാരംഭനടപടികളിലേക്കു കടക്കുകയാണ്. അടുത്തമാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാനുള്ള സാധ്യതയാണു തേടുന്നത്. കുട്ടികളുടെ സുരക്ഷ മുന്നിൽവച്ച്, വിശദമായ ആലോചനയും ഇതിനാവശ്യമാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്ന കോവിഡ്കാലമാണു ലോകത്തെയാകെ ഓൺലൈൻ ക്ലാസുകളുടെ അനന്തസാധ്യതകൾ അറിയിച്ചത്. അനിവാര്യതയായിത്തീർന്ന ഡിജിറ്റൽ പഠനത്തിന്റെ സാധ്യതകളത്രയും തേടുകയും പരമാവധി ഉപയോഗിക്കുകയും ചെയ്ത്, കേരളം രചിച്ചതാവട്ടെ പുതിയ ചരിത്രവും. സ്കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ പകരം, ഓരോ വീട്ടിലും ഓരോ ക്ലാസ് മുറി പിറക്കുകയായിരുന്നു. ടിവിയിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അധ്യാപകർ വിദ്യാർഥികളുടെ വീടുകളിലെത്തി. അരികിലില്ലെങ്കിലും, കാഴ്ചകൊണ്ടും ശബ്ദംകൊണ്ടും ഓരോ കുട്ടിക്കും ഒപ്പമുള്ള അധ്യാപകർ രക്ഷിതാക്കൾക്കുകൂടി പ്രതീക്ഷ നൽകി.

കോവിഡ്കാല പ്രതിസന്ധിക്കിടെ, പൊടുന്നനെ ഓൺലൈൻ പഠനമാർഗങ്ങൾ തേടേണ്ടിവന്ന വിദ്യാർഥികൾ ഡിജിറ്റൽ വിഭജനത്തിന്റെ ഇരകളാകാതിരുന്നതു നമ്മുടെ അധ്യാപകരുടെ കരുതൽ കൊണ്ടുകൂടിയാണ്. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത എത്രയോ വിദ്യാർഥികൾക്കു സ്വന്തം കയ്യിൽനിന്നു പണം മുടക്കിയും സഹായസന്നദ്ധരെ കണ്ടെത്തിയും അവ ഉറപ്പുവരുത്തിയത് അധ്യാപകസമൂഹമാണ്. നെറ്റ്‌വർക് പ്രശ്നങ്ങൾമൂലം പഠനം പ്രതിസന്ധിയിലായ മലയോര, ഗോത്രവർഗ മേഖലകളിൽ ഫലപ്രദമായ ബദൽമാർഗങ്ങൾ തേടിയവരുടെ കഥകളും നാം പലപ്പോഴായി വായിച്ചറിഞ്ഞു. സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പ്രതിഫലം ലഭിക്കാത്ത ചില ദിവസവേതന അധ്യാപകർ അതു കണക്കിലെടുക്കാതെ ജോലി തുടർന്ന് മാതൃക നൽകിയിട്ടുമുണ്ട്.

കേരളത്തിലെ ഇത്തവണത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങളെ ഇത്തരം സമർപ്പിത സേവനത്തിന്റെ കൂടി ധന്യതയായി വേണം കാണാൻ. അതേസമയം, സ്കൂളുകളിലെ കളിനേരങ്ങളും സൗഹൃദങ്ങളും ഇല്ലാതെപോകുന്ന സാഹചര്യത്തിൽ കുട്ടികൾക്കു മാനസികമായ പിന്തുണ ഉറപ്പുവരുത്തുന്നതിൽ രക്ഷിതാക്കൾക്കൊപ്പം അധ്യാപകർക്കും വലിയപങ്കു വഹിക്കാനുണ്ട്. നമ്മുടെ ക്ലാസ്മുറികളും പഠനരീതികളും സാങ്കേതികവിദ്യാവളർച്ചയ്ക്കും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കുമനുസരിച്ചു മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ്കാലം ആ മാറ്റത്തിന്റെ ഗതിവേഗം കൂട്ടുകയും ചെയ്തു. ഇതിനൊത്തു സ്വയം നവീകരിക്കുകയും വിദ്യാർഥികളുടെ ശരിയായ വഴികാട്ടികളാകുകയും ചെയ്യുക എന്നതാണ് ഇനിയുള്ള കാലത്ത് അധ്യാപകർക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ദിവസവേതനത്തിലും കരാർ അടിസ്ഥാനത്തിലും മറ്റും ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം പ്രീ–പ്രൈമറി മുതൽ കോളജ് വരെ വിവിധ തലങ്ങളിൽ വർധിച്ചുവരികയാണിപ്പോൾ. അധ്യാപകസമൂഹത്തെ തൊഴിൽപരമായ അരക്ഷിതാവസ്ഥയിലേക്കു തള്ളിനീക്കാതിരിക്കാൻ ദിശാബോധത്തോടെയുള്ള നയങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടാകേണ്ടത്. നല്ല അധ്യാപകരും നല്ല വിദ്യാർഥികളും ചേരുമ്പോഴുള്ള പാരസ്പര്യം എല്ലാക്കാലത്തും കേരളത്തിന്റെ മുഖമുദ്രയാകട്ടെ. കോവിഡ്കാലത്തിന്റെ പരിമിതികൾക്കിടയിലും അറിവിന്റെ ലോകങ്ങൾ കീഴടക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അധ്യാപക സമൂഹത്തിനു മലയാള മനോരമയുടെ അഭിവാദ്യങ്ങൾ.

Content Highlights: Teacher's Day, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com