ADVERTISEMENT

നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട്ടു മരിച്ച പന്ത്രണ്ടുകാരന്റെ രോഗഉറവിടം ഇപ്പോഴും അവ്യക്തമാണ്. നമ്മുടെ ആവാസവ്യവസ്ഥയുടെ പാരസ്പര്യത്തിന്റെ പ്രസക്തി ഓർമിപ്പിക്കുകകൂടിയാണ് ഈ സാഹചര്യം. കേരളത്തിൽ ജന്തുജന്യരോഗങ്ങൾ വേരാഴ്ത്തുന്ന ഈ വേളയിൽ,  മനുഷ്യനൊപ്പം ഇതര ജീവജാലങ്ങളെയും കണക്കിലെടുക്കുന്ന ‘ഏകലോകം, ഏകാരോഗ്യം’ എന്ന കാഴ്ചപ്പാട് അതുകൊണ്ടുതന്നെ ഗൗരവചിന്ത അർഹിക്കുന്നു.

ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല, വൈറസ് പോലുള്ള സൂക്ഷ്മജീവികൾമുതൽ തിമിംഗലം വരെയുള്ള എല്ലാ ജീവികളുടേതുമാണ്. എല്ലാവരുടെയും സഹവർത്തിത്വവും ആരോഗ്യവും അതുകൊണ്ടുതന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, കാലാകാലങ്ങളായി പ്രകൃതിയൊരുക്കിയ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടേയിരിക്കുകയാണു മനുഷ്യൻ. അത്തരം കടന്നുകയറ്റത്തിന്റെകൂടി ഫലമാണ് അടുത്തകാലത്തായി പടർന്നുപിടിക്കുന്ന രോഗങ്ങളെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോൾ അതു ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ഇതര ജീവികളുടെ ആവാസവ്യവസ്ഥയിലേക്കു മനുഷ്യൻ അതിക്രമിച്ചുകയറുമ്പോൾ  മനുഷ്യർക്കു പകർന്നുകിട്ടുന്ന രോഗങ്ങളാണു കോവിഡും നിപ്പയുമൊക്കെയെന്ന് അവർ ഉറപ്പിച്ചുപറയുന്നു.

ജന്തുജന്യരോഗങ്ങളുടെ (Zoonotic Diseases) കേന്ദ്രങ്ങളിലൊന്നായി കേരളം മാറുന്നുവെന്ന പഠന റിപ്പോർട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. വനനശീകരണവും ഉയർന്ന ജനസാന്ദ്രതയും വളർത്തുമൃഗസാന്ദ്രതയും ജന്തുജന്യരോഗങ്ങളുടെ പൊതുകാരണങ്ങളായതുകൊണ്ടാണു കേരളം ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ ദിശയിൽ നമുക്കെത്രമാത്രം അന്വേഷണ ഗവേഷണങ്ങളിലൂടെ മുന്നേറാനായിട്ടുണ്ടെന്ന ചോദ്യം ഉയരുകയും ചെയ്യുന്നു.

മൃഗങ്ങളടക്കം എല്ലാ ജീവജാലങ്ങളെയും പരിസ്ഥിതിയെയും ചേർത്തുപിടിച്ചുള്ള സഹവർത്തിത്വം ഇനിയെങ്കിലും നാം തിരിച്ചറിയാൻ വൈകിക്കൂടെന്നുകൂടി ഓർമിപ്പിക്കുകയാണു കോവിഡിന്റെ വ്യാപനത്തോടൊപ്പം നിപ്പയുടെ മടങ്ങിവരവും. മനുഷ്യരും ഇതര ജീവജാലങ്ങളും പരിസ്ഥിതിയും ചേർന്ന ആവാസവ്യവസ്ഥയുടെ പാരസ്പര്യം കാത്തുസൂക്ഷിക്കേണ്ടതു കോവിഡും നിപ്പയും പോലുള്ള രോഗങ്ങൾക്കെതിരായ പ്രതിരോധത്തിന് അനിവാര്യമായിരിക്കുകയാണ്. 

മലയാള മനോരമ ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വെബിനാർ ഈ വിഷയം ആഴത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ഏകാരോഗ്യം സർക്കാർ ദൗത്യമായിത്തന്നെ മാറണമെന്നാണു വിദഗ്ധർ അഭിപ്രായപ്പെട്ടത്. അങ്ങനെയെങ്കിൽ, നിലവിലുള്ള പാരിസ്ഥിതിക ആഘാതപഠനം (ഇഐഎ) പോലെ, ഭാവിയിൽ ഏതു പദ്ധതിക്കും ആരോഗ്യ ആഘാതപഠനവും ആവാസവ്യവസ്ഥാപഠനവും ആവശ്യമായി വരും. പൊതുജനാരോഗ്യവും ആവാസവ്യവസ്ഥയുടെ സുസ്ഥിരതയും കൂടി കണക്കിലെടുത്താകണം വികസനം.  വവ്വാലുകളും കിളികളും വന്നിരിക്കുന്ന ഒരു മരം മുറിക്കേണ്ടി വരുമ്പോൾ അവയുടെ നിലനിൽപുകൂടി കണക്കിലെടുക്കണമെന്നാണു പരിസ്ഥിതിസ്നേഹികൾ വെബിനാറിൽ ചൂണ്ടിക്കാട്ടിയത്. 

കോവിഡും നിപ്പയുമൊക്കെ പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളാണ്. ഈ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് മനുഷ്യൻ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിച്ച് എല്ലാ ജീവികൾക്കും ഒരുമിച്ചുജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ മനുഷ്യന്റെ ഭാവി സുരക്ഷിതമാകൂ എന്നു വിദഗ്ധർ പറയുമ്പോൾ അതിനു ചെവി കൊടുത്തേതീരൂ. ഈ ഭീഷണസാഹചര്യത്തിൽ ഏകാരോഗ്യ കാഴ്ചപ്പാട് ലോകത്തിന്റെ മുന്നിലുണ്ടാവുകതന്നെ വേണം.

English Summary: Epidemics in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com