സ്ത്രീശക്തിക്കായി സേനാവിളംബരം

HIGHLIGHTS
  • ഡിഫൻസ് അക്കാദമിയുടെ വാതിൽ വനിതകൾക്കായി തുറക്കുമ്പോൾ
Woman-Girls-in-Defence-Sector
പ്രതീകാത്മക ചിത്രം
SHARE

ഇതുവരെ കൊട്ടിയടച്ചിരുന്ന വാതിലുകൾ വനിതകൾക്കായി തുറക്കുമ്പോൾ ലിംഗനീതിയുടെ കരുത്തുറ്റ കാഹളം രാജ്യമെങ്ങും മുഴങ്ങുകയാണ്. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകൾക്കു പിന്നാലെ, നാഷനൽ ഡിഫൻസ് അക്കാദമിയിലും (എൻഡിഎ) നേവൽ അക്കാദമിയിലും പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിലൂടെ പുതുചരിത്രം പിറക്കുന്നു.

വനിതകൾക്കു സേനാപ്രവേശം സാധ്യമായി ദശാബ്ദങ്ങൾക്കു ശേഷമാണ് അതിനു തുടർച്ചയായുള്ള ഈ തീരുമാനം. കേരളത്തിലെ ഏക സൈനിക സ്കൂളായ കഴക്കൂട്ടത്തടക്കം രാജ്യത്തെ സൈനിക സ്കൂളുകളിലെല്ലാം ഇതാദ്യമായി പെൺകുട്ടികൾക്കു പ്രവേശനം ലഭിക്കുന്നതിന്റെ അഭിമാനംകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം. 

സ്ത്രീകൾക്ക് എൻഡിഎയിൽ പ്രവേശനം നിഷേധിക്കുന്നതു തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്നു  ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണു കോടതി ഇടപെടലുണ്ടായത്. സ്‌ത്രീശാക്‌തീകരണദിശയിലുള്ള നിർണായക ചുവടുവയ്‌പായിത്തന്നെ വേണം ഈ തീരുമാനത്തെ കാണാൻ. എൻഡിഎയിൽ വനിതകൾക്കു പ്രവേശനം ലഭിക്കുന്നതിലൂടെ, സേനകളിൽ വനിതകൾക്കു ദീർഘകാല നിയമനത്തിന് (പെർമനന്റ് കമ്മിഷൻ–പിസി) ഉറപ്പു ലഭിക്കുകയാണ്. 

എൻഡിഎ പ്രവേശനം ഇതുവരെ ആൺകുട്ടികൾക്കു മാത്രമായിരുന്നു. എന്നാൽ, പ്രവേശനപരീക്ഷ ഇക്കുറി പെൺകുട്ടികൾക്കും എഴുതാമെന്നു കേന്ദ്ര സർക്കാർ ഓഗസ്റ്റ് 18നു വ്യക്തമാക്കുകയുണ്ടായി. ഇപ്പോഴും വിവേചനം തുടരുന്ന സേനയുടെ രീതിയെ കോടതി അതിരൂക്ഷമായി വിമർശിച്ചതോടെയാണ് ഇക്കാര്യത്തിൽ മാറ്റത്തിനു തയാറെന്നു സർക്കാർ കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങൾക്കു സർക്കാർ സാവകാശം തേടിയിരിക്കുന്നതിനാൽ ഈ വർഷം മുതൽ പുതിയ തീരുമാനം നടപ്പാകുമോ എന്ന കാര്യം അന്തിമ സത്യവാങ്മൂലം വന്നാലേ വ്യക്തമാകൂ.

കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകൾക്കു ദീർഘകാല നിയമനം മൂന്നു മാസത്തിനകം അനുവദിക്കാനും കമാൻഡ് ചുമതലയുള്ള തസ്തികകളിലും വനിതകളെ നിയമിക്കാനും കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിർദേശിച്ചിരുന്നു. വനിതകൾക്കു പിസി അനുവദിക്കാത്തതിനു ഗർഭധാരണം, മാതൃത്വം, ഗാർഹിക ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയാണ് ആ വേളയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞ ന്യായങ്ങൾ. എന്നാൽ, ശാരീരിക കാരണങ്ങൾ പറഞ്ഞു സ്ത്രീകളെ അബലകളായി ചിത്രീകരിക്കുന്നത് അവരുടെ മാത്രമല്ല, കരസേനയിലെ പുരുഷന്മാരുടെയും അന്തസ്സിനെ ഹനിക്കുന്ന നടപടിയാണെന്ന് അന്നു കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന്, ഇക്കാര്യം നടപ്പാക്കാത്തതിനെതിരെ കേന്ദ്ര സർക്കാരിനു കോടതിവിമർശനം നേരിടേണ്ടിവന്നു. 

സായുധസേനാ വിഭാഗങ്ങളിൽ ഓഫിസർ പദവിയിലെത്താനുള്ള ശേഷി ആർജിക്കാൻ സഹായകമായ പരിശീലനം ചിട്ടയൊപ്പിച്ചു നൽകുന്ന സൈനിക സ്കൂളുകളിലും പുതുയുഗം പിറന്നിരിക്കുകയാണ്. രാജ്യത്തെ 33 സൈനിക സ്കൂളുകളിലും പെൺകുട്ടികൾക്കു പ്രവേശനം അനുവദിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 75–ാം സ്വാതന്ത്ര്യ ദിനത്തിലാണ്. 10% സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. 2018ൽ മിസോറം സൈനിക് സ്കൂളിലാണു പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നൽകിയത്. കഴക്കൂട്ടത്തു കഴിഞ്ഞ ദിവസം തുടങ്ങിയ ആറാം ക്ലാസിലെ പെൺകുട്ടികളുടെ ആദ്യ ബാച്ചിൽ കേരളത്തിൽനിന്ന് 7 പേരും ബിഹാറിൽ നിന്നു രണ്ടുപേരും ഉത്തർപ്രദേശിൽനിന്ന് ഒരാളുമാണുള്ളത്.

വനിതാ സംവരണത്തിനും അവകാശ പ്രഖ്യാപനങ്ങൾക്കുമൊക്കെ അപ്പുറത്ത് വനിതകൾക്കു സമൂഹത്തിൽ അവസരസമത്വം ഉറപ്പാക്കുമ്പോഴാണു ജനാധിപത്യഭാരതം പക്വത നേടുന്നത്. സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും മെച്ചപ്പെട്ട സാമൂഹികസുരക്ഷയും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിലെ തുല്യതയും പ്രകടമാണെങ്കിലും ഇന്ത്യയിൽ അത്രത്തോളമായിട്ടില്ല എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ, എൻഡിഎയുടെയും നേവൽ അക്കാദമിയുടെയും സൈനിക സ്കൂളുകളുടെയും വാതിലുകൾ പെൺകുട്ടികൾക്കായിക്കൂടി തുറക്കുമ്പോൾ അതു സ്ത്രീശക്തിയോടുള്ള രാജ്യത്തിന്റെ ആദരംതന്നെയായി മാറുന്നു. എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യരെന്നു സമൂഹം തിരിച്ചറിയണമെന്ന വിചാരംകൂടി ഇപ്പോഴുണ്ടായ നിർണായക തീരുമാനങ്ങളിൽ തെളിയുന്നുണ്ട്.

English Summary: National Defence Academy opens for girls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA