ഇരുതല വാൾ; വിവാദച്ചുഴിയിൽ എആർ നഗർ ബാങ്ക്

ar-nagar-bank
എആർ നഗർ സഹകരണ ബാങ്ക്.
SHARE

പി.കെ.കുഞ്ഞാലിക്കുട്ടിയെ കുടുക്കാൻ കെ.ടി.ജലീൽ ഉന്നയിച്ച ബെനാമിഇടപാട് ആരോപണം ലീഗിനു മാത്രമല്ല, സിപിഎമ്മിനും പൊല്ലാപ്പായി. ഇഡി അന്വേഷണാവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ജലീലും കുടുക്കിലായി. മുഖ്യമന്ത്രിയുടെ നിലപാട് ലീഗ് സ്വാഗതംചെയ്തതോടെ  സിപിഎം– ലീഗ് അടവുനയമെന്നും ചർച്ചകളായി. ജലീൽ തുറന്നുവിട്ട ഭൂതം ആരെയെല്ലാം കുടുക്കുമെന്നും ആരൊക്കെ തടുക്കുമെന്നും കണ്ടറിയണം  

കരുവന്നൂരിൽ തുടങ്ങി കേരളത്തിലെ സഹകരണമേഖലയുമായി ബന്ധപ്പെട്ടുയർന്ന വിവാദകൊടുങ്കാറ്റ് ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നതു മലപ്പുറം ജില്ലയിലെ എആർ നഗറിലാണ്. കെ.ടി.ജലീൽ എംഎൽഎ മുസ്‌ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർത്തിയ ഗുരുതര ആരോപണങ്ങളാണ് എആർ നഗർ ബാങ്കിനെ രാഷ്ട്രീയവിവാദത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.കെ.ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ ബെനാമിയാണെന്നാണു ജലീൽ പറയുന്നത്. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ പേര് ആദായനികുതിവകുപ്പിന്റെയോ സഹകരണ വകുപ്പിന്റെയോ റിപ്പോർട്ടുകളിൽ ഒരിടത്തും പരാമർശിക്കുന്നില്ല. 

 സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെടുമെന്നു ജലീൽ പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ജലീലിനെ തള്ളി. മുഖ്യമന്ത്രിയുടെ നിലപാടു സ്വാഗതംചെയ്തു ലീഗ് രംഗത്തുവന്നതോടെ രാഷ്ട്രീയകേന്ദ്രങ്ങൾ പഴയ അടവുനയത്തെക്കുറിച്ചുപോലും ചർച്ച തുടങ്ങി. വ്യത്യസ്ത നിലപാടുകളുടെ ആശയക്കുഴപ്പം സിപിഎമ്മിനകത്തു പ്രകടമാണ്. വിഷയത്തിൽ നടപടി സ്വീകരിക്കാൻ കോടതിയിലെ ഹർജികളാണു തടസ്സമെന്നാണു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, വിശദമായ അന്വേഷണം ആവശ്യപ്പെട്ടു സിപിഎം എആർ നഗർ ലോക്കൽ കമ്മിറ്റി ബാങ്കിനുമുന്നിൽ റിലേ സമരത്തിലാണ്. എന്തായാലും, എആർ നഗർ ബാങ്ക് ഇരുതലമൂർച്ചയുള്ള വാളാണെന്നു ലീഗിനും സിപിഎമ്മിനും ബോധ്യമുണ്ട്. ആ കരുതലോടെയാണ് ഇരുപാർട്ടികളും നീങ്ങുന്നത്. രാഷ്ട്രീയ വിവാദച്ചുഴിയടങ്ങുമ്പോൾ ബാക്കിയാകുന്നത് എന്തായിരിക്കുമെന്നു കണ്ടറിയണം.

മാതൃകയായിരുന്നു ഈ ബാങ്ക്

ഒരു സഹകരണ ബാങ്ക് എങ്ങനെ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നാഡിമിടിപ്പായി മാറിയെന്നറിയാൻ മലപ്പുറം തിരൂരങ്ങാടിക്കടുത്തുള്ള എആർ നഗറിൽ ചെന്നാൽ മതി. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിലുള്ള പഞ്ചായത്തിലെ ജനങ്ങളുടെ ക്രയവിക്രയങ്ങളെ എആർ നഗർ സഹകരണ ബാങ്ക് അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്. 1922ൽ ഐക്യനാണയ സംഘമെന്ന പേരിൽ തുടങ്ങിയ സ്ഥാപനം ഇന്ന് 10 ബ്രാഞ്ചുകളും അരലക്ഷത്തിലേറെ അംഗങ്ങളുമുള്ള വടവൃക്ഷമാണ്. ശതവാർഷികാഘോഷത്തിന്റെ പടിവാതിൽക്കൽ നിൽക്കെ ബാങ്കിനെക്കുറിച്ചു കേൾക്കുന്നതൊന്നും പക്ഷേ, നല്ല കഥകളല്ല. 10 വർഷത്തിനിടെ ബാങ്കിൽ 1021 കോടിയുടെ അനധികൃത ഇടപാടുകൾ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തി. വ്യാജ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ മുതൽ ബെനാമി അക്കൗണ്ടുകളിലേക്കു കോടിക്കണക്കിനു രൂപ മാറ്റിയതുവരെയുള്ള തട്ടിപ്പുകളാണു തിരൂരങ്ങാടി അസിസ്റ്റന്റ് റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. 

മികവിന്റെ കൊടുമുടി; ആരോപണങ്ങളുടെ ശരശയ്യ

സ്ഥാപനം സാമ്പത്തിക പ്രതിസന്ധി കാരണം 1980ൽ കുറച്ചുകാലം അടച്ചിട്ടിരുന്നു. വി.കെ.ഹരികുമാറെന്ന ചെറുപ്പക്കാരൻ സെക്രട്ടറിയായി വന്നതോടെ ഫീനിക്സ് പക്ഷിയെപ്പോലെ പിന്നീടു കുതിച്ചുയർന്നു. സ്ഥാപനം അഭിവൃദ്ധിപ്പെടുന്നതിനൊപ്പം സാമൂഹികസേവന മേഖലയിലും മുദ്ര ചാർത്തി. 100 വീടുകൾ നിർമിച്ചു നൽകാൻ 5 കോടിയുടെ പദ്ധതി, ആയുർവേദ-അലോപ്പതി- ഹോമിയോ ചികിത്സകൾ സൗജന്യമായി നൽകുന്ന ക്ലിനിക്, സ്ത്രീകൾക്കു സ്വയംതൊഴിൽ പരിശീലന കേന്ദ്രം, വയോജനങ്ങൾക്കായി വർഷം മുഴുവൻ പ്രവർത്തിക്കുന്ന പ്രത്യേക ബ്രാഞ്ച് തുടങ്ങി നൂതനമായ ഒട്ടേറെ ചുവടുവയ്പുകൾ ബാങ്ക് നടത്തി. എല്ലാറ്റിനും ചുക്കാൻപിടിച്ച ഹരികുമാറിനുനേരെയാണ് ഇപ്പോൾ ആരോപണങ്ങളുടെ കുന്തമുന നീളുന്നത്. മുസ്‍ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് നിയന്ത്രണത്തിലാണു ബാങ്ക് പ്രവർത്തിക്കുന്നത്.

ഒന്നിൽ തുടങ്ങി നൂറായി ആരോപണങ്ങൾ

ബാങ്കുമായി ബന്ധപ്പെട്ടു വർഷങ്ങൾക്കു മുൻപുതന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. സ്ഥാപനത്തിൽനിന്നു പല കാരണങ്ങളാൽ പുറത്തുപോയവരായിരുന്നു ആരോപണങ്ങൾക്കു പിന്നിൽ. അതിനാൽ വലിയ ചർച്ചയായില്ല. ഇതിനിടെ, നിർണായകമായ രണ്ടു സംഭവങ്ങൾ നടന്നു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറുടെ കത്തുമായെത്തിയ സംഘത്തെ ബാങ്ക് സെക്രട്ടറി തടഞ്ഞതായിരുന്നു ഒന്ന്. സ്വർണക്കടത്ത് പ്രതികൾക്കു ബാങ്കിലെ ചില നിക്ഷേപകരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനാണു സംഘമെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, ബാങ്കുകളിൽ 10 ലക്ഷത്തിലധികം നിക്ഷേപിച്ചവരുടെ വിവരങ്ങൾ തേടാനെത്തിയ സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ തടഞ്ഞതു മറ്റൊന്ന്. സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ചുമതല നോക്കുന്ന വി.കെ.ഹരികുമാറിന്റെ നിർദേശപ്രകാരമാണു രണ്ടു സംഭവങ്ങളും നടന്നതെന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സഹകരണ വകുപ്പിനു പരാതി നൽകിയിരുന്നു.

തിരികൊളുത്തിയത് ആദായനികുതി റെയ്ഡ്

2017 മുതൽ സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിൽ പല ക്രമക്കേടുകളും കണ്ടെത്തി. എന്നാൽ, ഇപ്പോഴത്തെ വിവാദങ്ങൾക്കു തിരികൊളുത്തിയതു മാസങ്ങൾക്കു മുൻപ് ആദായനികുതി വകുപ്പു നടത്തിയ റെയ്ഡാണ്. മാർച്ച് 26,27,28 തീയതികളിലായി ആദായനികുതി വകുപ്പിന്റെ 30 അംഗ സംഘമാണു ബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഹരികുമാറുൾപ്പെടെയുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. 53 അക്കൗണ്ടുകളിലായി 100 കോടിയിലേറെ രൂപയുടെ നിക്ഷേപത്തിൽ ആദായനികുതി വകുപ്പു സംശയം പ്രകടിപ്പിച്ചു.

മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകനും പ്രവാസി വ്യവസായിയുമായ ആഷിഖ് പാണ്ടിക്കടവത്തിന്റെ നിക്ഷേപവും ഇതിലുൾപ്പെടും. എന്നാൽ, ആഷിഖ് ഉൾപ്പെടെ 23 പേർ മതിയായ രേഖകൾ ഹാജരാക്കിയതിനാൽ പണം ക്രയവിക്രയം ചെയ്യാൻ പിന്നീട് അനുമതി നൽകി. ഹരികുമാറിന്റെ ഭാര്യയുടെയും അടുത്ത 8 ബന്ധുക്കളുടെയും പേരിൽ 47 അക്കൗണ്ടുകളിലായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കണ്ടെത്തിയതായി ആരോപണമുണ്ട്. ഇവർ ഇതുവരെ രേഖകൾ ഹാജരാക്കിയില്ലെന്നാണു സൂചന.

നായകനായും വില്ലനായും ഹരികുമാർ

എആർ നഗർ ബാങ്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ബാങ്കായി മാറിയതിനു പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നതു നാലു പതിറ്റാണ്ടോളം സെക്രട്ടറിയായും നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായും വി.കെ.ഹരികുമാർ നൽകിയ നേതൃത്വമാണ്. എന്നാൽ, ബാങ്ക് അഴിമതിയാരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോൾ അതിന്റെ മുൻപന്തിയിലും ഹരികുമാർ തന്നെ. പ്രമുഖ സിപിഎം നേതാവിന്റെ മാതൃസഹോദരിയുടെ മരുമകനാണു ഹരികുമാർ. ഭാര്യ ഇ.എൻ.ചന്ദ്രിക ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയാണ്.

സെക്രട്ടറിയായിരിക്കെ 2019ലാണു ഹരികുമാർ വിരമിച്ചത്. പിന്നാലെ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തിക സൃഷ്ടിച്ചു ഹരികുമാറിനെ നിയമിക്കണമെന്നു ഭരണസമിതി ശുപാർശ ചെയ്തു. 2017 മുതൽ സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും മറ്റുമായി ഇരുപതിലേറെ പരാതികൾ ഹരികുമാറിനെ നിയമിക്കുന്നതിനെതിരെ സഹകരണ റജിസ്ട്രാർക്കു ലഭിച്ചു. ഇതു പരിഗണിച്ച സഹകരണ റജിസ്ട്രാർ ഭരണസമിതിയുടെ ശുപാർശ തള്ളി. എന്നാൽ, ഹരികുമാറിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ച് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമനത്തിന് അനുമതി നൽകി. ബാങ്കിലെ ഹരികുമാറിന്റെ സാന്നിധ്യം ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനു തടസ്സമാണെന്നു സഹകരണ സംഘം റജിസ്ട്രാർ റിപ്പോർട്ട് നൽകിയതിനെത്തുടർന്നു സർക്കാർ പിന്നീടു നിയമനം റദ്ദാക്കി. ഇതിനെതിരെ ഹരികുമാർ കോടതിയെ സമീപിച്ചു സ്റ്റേ സമ്പാദിച്ചു. രണ്ടു വർഷം കഴിഞ്ഞിട്ടും സ്റ്റേ നീക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. ബാങ്കിലെ നിയമനവും ക്രമക്കേടുകളുമായി ബന്ധപ്പെട്ടു നിലവിൽ 10 ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ബാങ്ക് നവീകരണ കമ്മിറ്റി അംഗമായും ഹരികുമാറിനെ സർക്കാർ നിയമിച്ചിരുന്നു.

ഇടപാടുകൾ പലവിധം

ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം സഹകരണവകുപ്പു നടത്തിയ പരിശോധനയിലാണ് 1021 കോടിയുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയത്. അതിൽ ചിലത്:

∙257 കസ്റ്റമർ ഐഡികളിലായി 862 വ്യാജ അക്കൗണ്ടുകൾ. ഈ അക്കൗണ്ടുകൾ വഴി 10 വർഷത്തിനിടെ 114 കോടിയുടെ ഇടപാടാണു നടത്തിയത്. അക്കൗണ്ട് ഉടമകളുടെ വിലാസങ്ങളിൽ കത്തയച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ബാങ്കിലെ ചില വൻകിട ഇടപാടുകാർ പലിശപ്പണം സ്വീകരിക്കാറില്ല. ഈ തുകയുൾപ്പെടെയാണു വ്യാജ അക്കൗണ്ടുകളിലേക്കു മാറ്റിയിരിക്കുന്നത്.

∙ സംശയിക്കുന്ന അക്കൗണ്ടുകളിൽ ചില പേരുകൾ ആവർത്തിക്കുന്നുണ്ട്. കുഞ്ഞുമാണിക്കുട്ടിയെന്ന പേരിൽ ഇരുപത്തിരണ്ടും മോനുവെന്ന പേരിൽ പതിമൂന്നും മോളൂട്ടിയെന്ന പേരിൽ പത്തും അക്കൗണ്ടുകളുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അക്കൗണ്ടുകൾ വഴി 2 കോടി 66 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. 862 വ്യാജ അക്കൗണ്ടുകളിലായി നടന്ന ഇടപാടുകളുടെ ഉത്തരവാദിത്തം വി.കെ.ഹരികുമാറിനാണെന്ന് ഇപ്പോഴത്തെ സെക്രട്ടറി രേഖാമൂലം അറിയിച്ചതായി സഹകരണ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.

∙ ബാങ്കിലെ 12 ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പേരിൽ 6.78 കോടി രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ പേരിൽ ഇത്രയും പണം ബാങ്കിൽ നിക്ഷേപിച്ചതോ പിൻവലിച്ചതോ ഇവരറിഞ്ഞിട്ടില്ല. പിന്നിൽ ഹരികുമാറാണെന്ന് ഇവരും രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചു.

∙ വായ്പാ റജിസ്ട്രേഷൻ ഇനത്തിലും മറ്റും ബാങ്കിനു ലഭിക്കേണ്ട തുകയുൾപ്പെടെ സി. മോനു, അമ്മു ശ്രീ എന്നീ അക്കൗണ്ടുകളിലേക്കു വകമാറ്റി. കോടിക്കണക്കിനു രൂപയാണ് ഇങ്ങനെ കൈകാര്യം ചെയ്തത്.

∙ എം.ദേവി എന്ന അങ്കണവാടി അധ്യാപിക അങ്കണവാടിയിലെ അടുക്കള നിർമാണത്തിനു സർക്കാർ ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായി ബാങ്കിൽ അക്കൗണ്ട് തുറന്നു. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി പണം പിൻവലിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇതേ അക്കൗണ്ട് വഴി ദേവി അറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടു നടന്നു. ആദായനികുതി വകുപ്പിന്റെ നോട്ടിസ് ലഭിച്ചപ്പോഴാണു തന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നുപോയ കാര്യം ദേവി അറിഞ്ഞത്.

∙ സ്വർണപ്പണയ വായ്പയിൽ ഒറ്റ ബ്രാഞ്ചിൽ മാത്രം 44 ഗ്രാമിന്റെ കുറവു കണ്ടെത്തി.

∙ മുസ്‍ലിം ലീഗിന്റെ ചില നേതാക്കളുൾപ്പെടെയുള്ളവർക്കു ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചു.

harikumar
ഹരികുമാർ

പിന്നിൽ രാഷ്ട്രീയം

രാഷ്ട്രീയമാണ് ആരോപണങ്ങൾക്കു പിന്നിൽ. ബാങ്കിൽനിന്ന് ഒരാളുടെയും പണം നഷ്ടപ്പെട്ടിട്ടില്ല. ഒരു രൂപയുടെ പോലും ക്രമക്കേടു നടന്നിട്ടില്ല. എന്നെ കള്ളനാക്കി ചിത്രീകരിക്കുകയാണു ചിലരുടെ ലക്ഷ്യം. നോട്ട് നിരോധനത്തിനു ശേഷമാണു സഹകരണ ബാങ്കുകളിൽ കെവൈസി വിവരങ്ങൾ നിർബന്ധമാക്കിയത്. അതിനു മുൻപുള്ള ചില നിക്ഷേപങ്ങളുടെ കെവൈസി രേഖകൾ ചോദിക്കുക മാത്രമാണ് ആദായനികുതി വകുപ്പു ചെയ്തത്. രേഖകൾ ഹാജരാക്കിവരുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിലൊന്നാണ് എആർ നഗർ. അതിനെ തകർക്കുകയാണു ലക്ഷ്യം. സത്യം വൈകാതെ പുറത്തുവരും. 

വി.കെ.ഹരികുമാർ  (അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ) 

English Summary: AR Nagar cooperative bank row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA