ADVERTISEMENT

കഴിയുന്നത്ര സർക്കാർ സേവനങ്ങൾ ഓഫിസുകളിൽ നേരിട്ടെത്താതെ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെല്ലാം പാതിവഴിയിൽ. സുതാര്യവും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കാൻ ഏറ്റവും ഫലപ്രദ മാർഗം ഇ–ഗവേണൻസ് ആണ്. എന്നിട്ടും ഇത്തരം സംരംഭങ്ങൾ പൂർത്തിയാക്കാൻ സർക്കാരിനു കഴിയാത്തത് എന്തുകൊണ്ട്? പോർട്ടലുകളും മൊബൈൽ ആപ്ലിക്കേഷനുകളും ആവശ്യത്തിലേറെ ഉണ്ടായിട്ടും പല സേവനങ്ങൾക്കും ജനം ഓഫിസിലേക്കു നേരിട്ട് എത്തേണ്ട അവസ്ഥയാണ് ഇപ്പോഴും. എന്താണു തടസ്സങ്ങൾ? എന്താണു പരിഹാരം? അന്വേഷണ പരമ്പര ഇന്നു മുതൽ 

വിവിധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമായി നൂറിലേറെ മൊബൈൽ ആപ്ലിക്കേഷനുകൾ. മുന്നൂറിലേറെ വെബ്സൈറ്റുകൾ. എന്നാൽ, നേരിട്ട് ഓഫിസിൽചെന്ന് പൊതുജനം സ്വീകരിക്കുന്ന സേവനങ്ങൾക്ക് പകരമാകുന്നില്ല ഇതിൽ നല്ലൊരുപങ്കും. സർക്കാർ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ‌ എന്ന് വീമ്പിളക്കുമ്പോഴും സർക്കാരിനു നൽകേണ്ട ഫീസുകൾപോലും വാങ്ങാൻ മിക്ക വകുപ്പുകളിലും സൗകര്യമില്ല

‘‘ഒരു മാസത്തിനകം കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകും. ഡിജിറ്റൽ സംസ്‌ഥാനമായി മാറാൻ രണ്ടരവർഷമാണു കേന്ദ്രം അനുവദിച്ചത്. എന്നാൽ, ഒരു വർഷംകൊണ്ടു ഡിജിറ്റൽ സംസ്‌ഥാനമെന്ന നേട്ടം നമ്മൾ കൈവരിക്കുകയാണ്’’

2013 ഫെബ്രുവരി 24ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചിയിൽ നടത്തിയ പ്രഖ്യാപനമാണിത്. 

പിന്നീടെന്ത് സംഭവിച്ചു 

2016 ഫെബ്രുവരി 26

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന പദവി കോഴിക്കോട്ടെ ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കേരളത്തിനു സമ്മാനിച്ചു. 

കഴിഞ്ഞ ഓഗസ്റ്റ് 9നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുകൂടി കേൾക്കൂ: ‘‘പൊതുജനങ്ങൾക്കു സർക്കാർ ഓഫിസിലെത്താതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാൻ പരമാവധി ഓൺലൈൻ സേവനങ്ങൾ ഒരുക്കും. ഇതിന്റെ നയരേഖ ഒക്ടോബർ 2നു പ്രഖ്യാപിക്കും’’.

2 മുഖ്യമന്ത്രിമാർ‌ നടത്തിയ പ്രഖ്യാപനങ്ങൾ തമ്മിലെ അകലം നീണ്ട 8 വർഷമാണ്. ഇതിനിടെ 2 പ്രളയങ്ങൾ വന്നു. പതിനായിരക്കണക്കിനു ജനങ്ങളുടെ വിലപ്പെട്ട രേഖകൾ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടു നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തു. രേഖകൾ ഡിജിറ്റലായി വിതരണം ചെയ്യേണ്ടതിന്റെയും സൂക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം കേരളം ആദ്യമായി അറിഞ്ഞത് അപ്പോഴാണ്. എന്നിട്ടും പഠിച്ചില്ല. 

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കേരളത്തിൽ കോവിഡ് വ്യാപനം ആരംഭിച്ചു. മാസങ്ങളോളം സർക്കാർ ഓഫിസുകൾ അടച്ചിട്ടു. പിന്നീടു തുറന്നെങ്കിലും പഴയപോലെയായില്ല കാര്യങ്ങൾ. പല ഓഫിസുകളിലും ഇപ്പോഴുമുണ്ടു പൊതുജനങ്ങൾക്കു വിലക്ക്. എന്നിട്ടും വിരൽത്തുമ്പിൽ സേവനങ്ങൾ എത്തിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനങ്ങൾ  ജലരേഖയായി തുടരുന്നു.  നൂറിലേറെ മൊബൈൽ ആപ്ലിക്കേഷനുകൾ. മുന്നൂറോളം വെബ്സൈറ്റുകൾ. വിവിധ വകുപ്പുകൾക്ക് ഇൗ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ട് എന്തു കാര്യം? ഭൂമിയുടെ കരമടയ്ക്കാനും വിവരാവകാശ അപേക്ഷ നൽകാനുമൊക്കെ ജനം ഇപ്പോഴും  സർക്കാർ ഓഫിസുകളിൽ നേരിട്ടു ചെല്ലണം. എല്ലാമുണ്ട്, എന്നാൽ ഒന്നുമില്ല എന്നതാണ് ആദ്യ ഡിജിറ്റൽ സംസ്ഥാനത്തിന്റെ അവസ്ഥ. പല ആപ്പുകളും പ്രവർത്തനരഹിതം. അല്ലെങ്കിൽ അടിക്കടി അവ പണിമുടക്കും. ഭൂരേഖകൾ പൂർണമായി ഇനിയും ഡിജിറ്റൈസ് ചെയ്യാത്തതിനാൽ ഭൂമിസംബന്ധമായ ഇടപാടുകളിൽ ഓൺലൈൻ ഇടപാടു ഭാഗികം മാത്രം. വീട്ടിലിരുന്നു പാലും പഴവും പച്ചക്കറിയും ഭക്ഷണവും ഒക്കെ ഓർഡർ ചെയ്യാനുള്ള സൗകര്യം അതിവേഗം വന്നിട്ടും അതിനെക്കാൾ ഒരു പതിറ്റാണ്ടു മുൻപു വിരൽത്തുമ്പിൽ സേവനം എത്തിക്കാൻ ശ്രമം തുടങ്ങിയ സർക്കാർ ഇപ്പോഴും പാതിവഴിയിലാണ്. 

home-2-

വില്ലേജുകളെല്ലാം ഓൺലൈനിൽ;  എന്റെ ഭൂമി ഒഴികെ! 

സംസ്ഥാനത്തെ 1666 വില്ലേജുകളിലെയും ഭൂനികുതി ഓൺലൈനായി അടയ്ക്കാനാകുമെന്നാണു റവന്യു വകുപ്പിന്റെ അവകാശവാദം. ഭൂനികുതി അടയ്ക്കുന്നതുൾപ്പെടെ വിവിധ സേവനങ്ങൾ നൽകുന്ന revenue.kerala.gov.in എന്ന പോർട്ടൽ ഈയിടെ പരിഷ്കരിക്കുകയും ഇതിന്റെ ഉദ്ഘാടനം കെങ്കേമമായി നടത്തുകയും ചെയ്തു. പക്ഷേ, നികുതി അടയ്ക്കാൻ ഭൂമി വിവരങ്ങൾ പരിശോധിക്കുമ്പോൾ സ്വന്തം ഭൂമിയുടെ വിവരങ്ങൾ പലർക്കും കാണാനാകില്ല. അതിനു റവന്യു അധികൃതർ ഭൂമി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. അതു കൃത്യമായി ചെയ്തിട്ടില്ലാത്തതിനാൽ കരം അടയ്ക്കാൻ ഇപ്പോഴും വില്ലേജ് ഓഫിസിലേക്കു പോകേണ്ട അവസ്ഥയിലാണു ഭൂവുടമകൾ. 

ജില്ല, താലൂക്ക്, വില്ലേജ്, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, തണ്ടപ്പേര് നമ്പർ എന്നിവ പോർട്ടലിൽ നൽകി, അതുവഴി സ്വന്തം ഭൂമി കണ്ടെത്തി നികുതി അടയ്ക്കാമെന്നാണു വയ്പ്. എന്നാൽ, പലവട്ടം ശ്രമിച്ചാലും സ്വന്തം ഭൂമിയുടെ കരം എത്രയെന്നു പോർട്ടൽ‌ കാട്ടിത്തരാറില്ല. പിന്നെ വില്ലേജ് ഓഫിസിലേക്കു വിളിക്കുകയോ നേരിട്ടു ചെല്ലുകയോ ആണു വഴി. അവിടെച്ചെല്ലുമ്പോൾ വസ്തുവിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നു മറുപടി ലഭിക്കും. പിന്നെ വരൂ എന്ന നിർദേശവും. പോർട്ടലിൽ ഭൂമിയുടെ വിവരങ്ങൾ രേഖപ്പെടുത്തിക്കിട്ടാൻ ഒന്നുകിൽ വില്ലേജ് ഓഫിസിൽ സ്വാധീനം വേണം. അല്ലെങ്കിൽ നിരന്തരം വില്ലേജ് ഓഫിസറെ വിളിച്ച് അഭ്യർഥിക്കണം. 

റീസർവേ നടന്ന പ്രദേശത്തുപോലും സ്വന്തം ഭൂമി അയൽക്കാരുടെ പേരിലായിരിക്കാം. വിലാസത്തിലും മറ്റുമുള്ള പിശകുകളും ഒട്ടേറെ. കരാർ നൽകി വിവിധ ഏജൻസികളെ ഉപയോഗിച്ചാണു തണ്ടപ്പേർ റജിസ്റ്ററിലെ വിവരങ്ങൾ മുൻപ് ഓൺലൈനാക്കിയത്. സേവനങ്ങൾ ഓൺലൈനാക്കി എന്നു പ്രഖ്യാപിക്കും മുൻപ് ഇതൊക്കെ കുറ്റമറ്റതാണോ എന്നു പരിശോധിക്കാൻ ആരും മിനക്കെട്ടില്ല. കോവിഡ്കാലത്ത് ഇതൊക്കെ ഒത്തുനോക്കാൻ ധാരാളം സമയം ഉണ്ടായിരുന്നെങ്കിലും അതിനു ശ്രമമുണ്ടായില്ല. 

ഭൂമി ഓൺലൈനിൽ ഉണ്ടോ? കാര്യമില്ല! 

ഭൂമി വിവരങ്ങൾ പോർട്ടലിൽ കണ്ടെത്താൻ കഴിഞ്ഞാലും നികുതി അടയ്ക്കുക എളുപ്പമല്ല. അതിനു വില്ലേജ് ഓഫിസർ അംഗീകാരം നൽകണം. ഇതിനു കുറഞ്ഞത് ഒരു ദിവസം കാത്തിരുന്നാൽ മതിയെന്നാണു പറയുന്നതെങ്കിലും ആഴ്ചകളായി കാത്തിരിക്കുന്നവർ ഇപ്പോഴുമുണ്ട്. ഒറ്റത്തവണ റജിസ്റ്റർ ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡ‍ും ലഭിച്ചാൽ മാത്രമേ റവന്യു വകുപ്പിന്റെ പോർട്ടൽ ലോഗിൻ ചെയ്തു നികുതി അടയ്ക്കാനാകൂ. ക്വിക് പേ സംവിധാനവും ഒരു തവണ റജിസ്റ്റർ ചെയ്തവർക്കാണ്.  E-revenue മൊബൈൽ ആപ് സജ്ജമായതായി റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതു ഗൂഗിളിന്റെ പരിശോധന (വെരിഫിക്കേഷൻ) പൂർത്തിയാകാത്തതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. തൽക്കാലം പോർട്ടലിൽനിന്നു ഡൗൺലോഡ് ചെയ്യുകയേ മാർഗമുള്ളൂ. 

ഓൺലൈനായി നികുതി അടയ്ക്കും മുൻപു കൊടുത്തിരിക്കുന്ന ഭൂമിവിവരങ്ങൾ ശരിയാണോയെന്നു പരിശോധിക്കാൻ verify land എന്ന ഭാഗത്തു ക്ലിക്ക് ചെയ്യണം. ഭൂമിയുടെ വിസ്തീർണം, തണ്ടപ്പേര് നമ്പർ, സർവേ നമ്പർ എന്നിവ പരിശോധിക്കണം. 

പ്രമാണങ്ങളിൽ സെന്റ്, ഏക്കർ എന്നിങ്ങനെയാണു വിവരങ്ങൾ നൽകിയിട്ടുണ്ടാവുക. എന്നാൽ, റവന്യു രേഖകളിൽ ആർ, ഹെക്ടർ എന്ന തരത്തിലാണു വിസ്തീർണം രേഖപ്പെടുത്തിയിരിക്കുന്നത്. ചെറിയ അളവുകൾ ചതുരശ്ര മീറ്റർ എന്നും കാണും. (2.47 സെന്റ് ആണ് ഒരു ആർ. 100 ആർ ആണ് ഒരു ഹെക്ടർ). ഈ സാങ്കേതികവിവരങ്ങളൊക്കെ മനസ്സിലാക്കി വേണം നികുതി അടയ്ക്കാൻ. ഇതൊക്കെ അറിയാത്തവർ പെട്ടതുതന്നെ!

വിദേശത്തുള്ള ആൾക്കും നാട്ടിലെ ഭൂമിയുടെ നികുതി അടയ്ക്കാൻ സൗകര്യം ഉണ്ടാകുമെന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, പ്രവാസികൾ ഭൂനികുതി അടയ്ക്കാൻ നാട്ടിൽ വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും!

car

അടച്ച റോഡ് നികുതിയെവിടെ? ആ... ആർക്കറിയാം? 

3 മാസം ശ്രമിച്ചിട്ടും വാഹനത്തിന്റെ വിലാസം മാറ്റാനാകുന്നില്ല!

കോഴിക്കോട്ടു താമസിക്കുമ്പോൾ വാങ്ങിയ ഒരു കാറും ബൈക്കും ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ മേൽവിലാസത്തിലേക്കു മാറ്റാനാണ് മോട്ടർ‌ വാഹന വകുപ്പിന്റെ വാഹൻ വെബ്സൈറ്റിൽ ലേഖകൻ അപേക്ഷ നൽകാൻ ശ്രമിച്ചത്. ജൂൺ 17ന് ആരംഭിച്ച ആ ശ്രമം ഇന്നു വരെ വിജയം കണ്ടിട്ടില്ല.

വാഹൻ വെബ്സൈറ്റിൽ വാഹന ഉടമ എന്ത് അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് മൊബൈൽ നമ്പർ അപ്ഡേറ്റ് െചയ്യണം. അതു ചെയ്തു. പിന്നീട് വാഹനങ്ങളുടെ നമ്പർ പ്രൊഫൈലിൽ ചേർത്തു. പക്ഷേ, വിലാസം മാറ്റാൻ ശ്രമിച്ചപ്പോൾ സന്ദേശമെത്തി ‘നിങ്ങൾ റോഡ് നികുതി അടച്ചതായി കാണുന്നില്ല. 9 വർഷം മുൻപ് അടച്ച നികുതി മോട്ടർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലില്ല. അതാണു തടസ്സം. സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ ഡേറ്റാബേസിലെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വാഹൻ ഡേറ്റാബേസിലേക്കു മാറ്റിയപ്പോൾ ഇത്തരത്തിൽ ഒട്ടേറെ വിവരങ്ങൾ തള്ളിപ്പോയി. 

പതിനായിരക്കണക്കിനു വാഹന ഉടമകൾ റോഡ് നികുതി അടച്ചിട്ടില്ലെന്നാണു വാഹൻ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നെന്തു വഴിയെന്നു തിരക്കിയപ്പോൾ ആർ‌ടിഒയ്ക്ക് അപേക്ഷ ഇ–മെയിലിൽ അയയ്ക്കാൻ നിർദേശം ലഭിച്ചു. അപേക്ഷ അയച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടിയില്ല. നേരിട്ടു വിളിച്ചപ്പോൾ ഉടൻ നികുതിവിവരം അപ്ഡേറ്റ് ചെയ്യാമെന്നായി ആർടിഒ. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ആർടി ഓഫിസിലെ മറ്റൊരു സ്റ്റാഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരെ ബന്ധപ്പെടാനും അറിയിപ്പു ലഭിച്ചു. അവർ ശ്രമിച്ചിട്ടും പരിഹാരമുണ്ടായില്ല. 

ഒടുവിൽ‌ ലഭിച്ച മറുപടി ഇതാണ്. ‘‘കൊച്ചിയിലെ ഓഫിസിൽ ഒരാളുണ്ട്. ഇക്കാര്യത്തിൽ സാങ്കേതിക അറിവുള്ളത് അദ്ദേഹത്തിനാണ്. അദ്ദേഹത്തോടു പറഞ്ഞു ശരിയാക്കാം.’’ ഇപ്പോൾ 3 മാസം കഴിഞ്ഞു. ആരും ഇടപെട്ടില്ല. നികുതി അപ്ഡേറ്റ് ചെയ്യാത്തതിനാൽ അപേക്ഷ സമർപ്പിക്കാൻ കഴിയുന്നുമില്ല. മോട്ടർ വാഹന വകുപ്പിന്റെ മറ്റൊരു വിചിത്രനിർദേശം കൂടിയുണ്ട്: ഓൺലൈനായി അപേക്ഷിക്കുന്നവർ ആ രേഖകൾ ആർടി ഓഫിസിൽ നേരിട്ടെത്തിക്കുകയും വേണം. ജനങ്ങളെ ഓഫിസിൽ എത്തിക്കുന്നത് ഒഴിവാക്കാൻ നടപ്പാക്കിയ പരിഷ്കാരം എങ്ങനെയുണ്ട്? 

എവിടെ എം–കേരളം 

സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റലായി ലഭ്യമാക്കാൻ 3 വർഷം മുൻപു സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന എം–കേരളം മൊബൈൽ ആപ്ലിക്കേഷൻ അപ്രത്യക്ഷമായി! പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും തിരഞ്ഞാൽ ഇങ്ങനെയൊരു ആപ് കാണാനാകില്ല. 

2018 മാർച്ചിൽ ഫ്യൂച്ചർ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് എംകേരളം ആപ് പുറത്തിറക്കിയത്. ഐടി മിഷൻ വികസിപ്പിച്ച ആപ്പിൽ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങളാണു തുടക്കത്തിലുണ്ടായിരുന്നത്. വിവിധ സൈറ്റുകൾ വഴി പ്രത്യേകം റജിസ്റ്റർ ചെയ്തു സേവനങ്ങൾ ഉപയോഗിക്കുന്നതിനു പകരം ഒറ്റ ലോഗ്ഇന്നിലൂടെ 100 സേവനങ്ങളും ഉപയോഗിക്കാമെന്നതായിരുന്നു നേട്ടം. രണ്ടാം ഘട്ടമായി 40 സേവനങ്ങൾകൂടി ലഭ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എസ്ബിഐ മോപ്സ് (MOPS) പേയ്മെന്റ് രീതി (ഗേറ്റ്‍വേ) വഴി ഇതിനു കീഴിലുള്ള 62 ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനം ഉപയോഗിച്ചാൽ പണമിടപാടിനുള്ള അധിക ചാർജ് ഈടാക്കില്ലെന്നതും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, വിവിധ വോലറ്റുകൾ‌ എന്നിവയിലൂടെ പണമടയ്ക്കാനുള്ള സൗകര്യമുള്ളതും ആപ്പിന്റെ പ്രത്യേകതകളായി അവതരിപ്പിച്ചു. 

2019ൽ കേന്ദ്ര സർക്കാരിന്റെ സേവനങ്ങൾകൂടി ഉൾപ്പെടുത്തി ആപ് പരിഷ്കരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കൽ, പരാതി അറിയിക്കൽ, അടിയന്തര സാഹചര്യത്തിൽ സഹായം ആവശ്യപ്പെടൽ തുടങ്ങി 57 സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. ഇതെല്ലാമുള്ള ആപ് പിൻവലിക്കാനുള്ള കാരണം തിരക്കുമ്പോൾ കൈമലർത്തുകയാണു സർക്കാർ വകുപ്പുകൾ.

ration-shop-1

റേഷൻ വിതരണത്തിലും തടസ്സം 

റേഷൻ വിതരണം സുഗമവും സുതാര്യവും ആക്കാനായിരുന്നു ഇ–പോസ് സൗകര്യം നടപ്പാക്കിയത്. എന്നാൽ, നെറ്റ്‌വർക്കിലെ തകരാറുകൾ കാരണം റേഷൻ വിതരണത്തിലെ ഏറ്റവും വലിയ കല്ലുകടിയായി ഇ–പോസ് മാറി. റേഷൻ സാധനങ്ങൾ ബയോ മെട്രിക് വിവരങ്ങൾ രേഖപ്പെടുത്താതെ നൽകാൻ പാടില്ലെന്നാണു വ്യവസ്ഥ. മറ്റൊരു മാർഗം റേഷൻ കാർഡ് അംഗത്തിന്റെ റജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്കു എസ്എംഎസ് ആയി നാലക്ക ഒടിപി വരുന്നത് ഇ–പോസ് യന്ത്രത്തിൽ രേഖപ്പെടുത്തി റേഷൻ നൽകാമെന്നതാണ്. ഇതും ചിലപ്പോൾ മുടങ്ങും. 

ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിക്കുമ്പോൾ 3 സെർവറുകൾ ഏതാനും നിമിഷങ്ങൾകൊണ്ടു പ്രവർത്തിച്ചാണ് ഒതന്റിക്കേഷൻ എന്ന പ്രക്രിയ പൂർത്തിയാക്കുന്നത്. റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ സെർവറിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇതിൽനിന്നു സംസ്ഥാന ഐടി മിഷന്റെ സെർവറിലും അവിടെനിന്ന് ആധാർ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ സെർവറിലും എത്തിവേണം ഉപഭോക്താവിനെ തിരിച്ചറിയാൻ. ഇതിൽ ഏതെങ്കിലും സെർവറിൽ പോരായ്മ ഉണ്ടായാൽ സേവനങ്ങൾ തടസ്സപ്പെടും. ഇതു നിരന്തരം സംഭവിക്കാറുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

KSEB

#കണ്ടുപഠിക്കൂ; 65% വൈദ്യുതി ബിൽ ഓൺലൈൻ

കേരളത്തിൽ ഏറ്റവും മികച്ച ഡിജിറ്റൽ സേവനം നൽകുന്ന വകുപ്പ് കെഎസ്ഇബിയാണ്. വൈദ്യുതി ബിൽ അടയ്ക്കൽ പണ്ട് ഒരു ദിവസം നീളുന്ന കഠിനപ്രയത്നമായിരുന്നു. ഇപ്പോൾ ഒരു നിമിഷം മതി.  ജനങ്ങൾ ഉപയോഗിക്കുന്ന പേയ്മെന്റ് ഗേറ്റ്‌വേകളെല്ലാം കൂട്ടിച്ചേർത്താണു കെഎസ്ഇബി സ്മാർട്ടായത്. 5 വർഷംമുൻപു തന്നെ കെഎസ്ഇബി ഓൺലൈൻ പേയ്മെന്റ് സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിലും ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരുന്നു. 2018ൽ ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ലളിതമാക്കി. കെഎസ്ഇബിയുടെ സ്വന്തം ഐടി വിഭാഗം തന്നെയാണ് ‘ഒരുമ’ എന്ന പേരിലുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ഇതോടെ ഏതാണ്ടു നാലിലൊന്നു പേർ പണമടയ്ക്കാൻ ഓൺലൈൻ സൗകര്യം സ്വീകരിച്ചു. കൺസ്യൂമർ നമ്പർ ഒരിക്കൽ റജിസ്റ്റർ ചെയ്താൽ പിന്നീട് ആപ് തന്നെ ബില്ലുകൾ അപ്ഡേറ്റ് ചെയ്ത് അറിയിക്കും. ഒരു ക്ലിക്കിൽ ബില്ലടയ്ക്കാൻ കഴിയും.  

കഴിഞ്ഞ വർഷം  ലോക്ഡൗൺ വന്നതോടെയാണു കെഎസ്ഇബി മറ്റു വഴികൾ തേടിയത്. ഭീം ആപ്പും ഗൂഗിൾ പേയും പേയ്ടിഎമ്മും ഉൾപ്പെടെ പ്രധാനപ്പെട്ട പേയ്മെന്റ് ഗേറ്റ്‌വേകളുമായി ബില്ലടയ്ക്കാൻ കരാറുണ്ടാക്കി. ഇതോടെ ഓൺലൈൻ വഴി ബില്ലടയ്ക്കുന്നവർ 65% ആയി ഉയർന്നു. തിരുവനന്തപുരത്തെ കുളത്തൂർ, എറണാകുളത്തെ തൃക്കാക്കര, കാക്കനാട്, കോഴിക്കോട്ടെ വെസ്റ്റ്ഹിൽ ഉൾപ്പെടെയുള്ള പല സെക്‌ഷനുകളിലും ഇതു 100 ശതമാനത്തോളമായി ഉയർന്നു. ഓൺലൈൻ സേവനങ്ങളിലെ മികവ് പവർ ഫിനാൻസ് കോർപറേഷന്റെ റാങ്കിങ്ങിൽ എ ഗ്രേഡ് ലഭിക്കാനും കെഎസ്ഇബിയെ സഹായിച്ചു. 

നാളെ: ചോദിച്ചാൽ  വിവരമറിയും

തയാറാക്കിയത്: ഷില്ലർ സ്റ്റീഫൻ, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, ജിക്കു വർഗീസ് ജേക്കബ്

English Summary: Kerala Government E-Governance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com