ADVERTISEMENT

പ്രഫ. താണു പത്മനാഭന്റെ വെബ് സൈറ്റ് സന്ദർശിച്ചാൽ ഹോംപേജിൽ തന്നെ ഈ വാചകം കാണാം. ‘ബീം മി അപ് സ്കോട്ടി, ദേർ ഈസ് നോ ഇന്റലിജന്റ് ലൈഫ് ഔട്ട് ഹിയർ’. സ്റ്റാർട്രെക് പരമ്പരയിൽ ക്യാപ്റ്റൻ കിർക് തന്റെ ചീഫ് എൻജിനീയർ സ്കോട്ടിയോടു പറയുന്ന വാചകം. മറ്റിടങ്ങളിലേക്കു പോകാനും എല്ലാമറിയാനുമുള്ള ത്വരയെ അടയാളപ്പെടുത്തുന്ന വാചകമായി ഇതു പിന്നീടു മാറി. ഇപ്പോൾ താണു പത്മനാഭനും പോയിരിക്കുന്നു, എന്നന്നേക്കുമായി. തികച്ചും ആകസ്മിക വിയോഗം. 

അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയൊരു ഓർമക്കുറിപ്പ് എഴുതേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. ‘പാഡി’ എന്നു സ്നേഹപൂർവം എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം ഗുരുത്വാകർഷണ പഠനത്തിലെ ഏറ്റവും തലപ്പൊക്കമുള്ള, ചിന്താസമ്പന്നരായ ശാസ്ത്രജ്ഞരിൽ ഒരാളാണ്. ന്യൂട്ടൻ സ്ഥിരാങ്കത്തിന്റെ മൂല്യം പൂജ്യമല്ലാത്തിടമെല്ലാം (ഗുരുത്വാകർഷണം ഇല്ലാത്തിടത്താണ് ഇതു പൂജ്യമാകുന്നത്) തനിക്കു താൽപര്യമുള്ള മേഖലകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സി(അയുക)ൽ, പാഡിയുടെ കീഴിൽ പിഎച്ച്ഡി വിദ്യാർഥിയായി ചേർന്ന ദിനം ഇന്നുമോർക്കുന്നു. സൈദ്ധാന്തിക അസ്ട്രോഫിസിക്സിനെപ്പറ്റി മൂന്നു വാല്യങ്ങളുള്ള പുസ്തകപരമ്പര അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന കാലമാണത്. 3 വർഷം കൊണ്ട് മൂന്നു വാല്യങ്ങളും പൂർത്തിയാക്കി. ഇതെങ്ങനെ സാധിച്ചെന്നുള്ള ചോദ്യത്തിനു പാഡി ഉടൻ മറുപടി നൽകി: ദിവസവും 10 പേജ് എഴുതും. ഇതിൽ 3 പേജാകും പുസ്തകത്തിനായി തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ 150 ദിവസങ്ങൾ കൊണ്ട് 450 പേജുള്ള പുസ്തകം റെഡി!

ഏതു വലിയ ജോലിയേയും ചെറിയ ദൗത്യങ്ങളാക്കി വിഭജിക്കാനുള്ള പാഡിയുടെ കഴിവ് വിസ്മയകരമായിരുന്നു. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിജയവും. നീണ്ട കരിയറിൽ, തിരക്കു പിടിച്ച ഗവേഷണജീവിതത്തിനിടെ 13 പുസ്തകങ്ങളും 295 ഗവേഷണ പ്രബന്ധങ്ങളും 50 ശാസ്ത്രലേഖനങ്ങളും എഴുതിയ അദ്ദേഹം 16 പിഎച്ച്ഡി വിദ്യാർഥികളെയും ഒരുക്കിവിട്ടു.

sankaranarayanan
ഡോ.എസ്.ശങ്കരനാരായണൻ

പാഡിയുടെ ശാസ്ത്ര കരിയറിനെ നാലു ഘട്ടങ്ങളായി തിരിക്കാമെന്നു തോന്നുന്നു. 1979 മുതൽ 1990 വരെ ഗുരുത്വാകർഷണം, ക്വാണ്ടം സിദ്ധാന്തം എന്നിവയെ കൂട്ടിയിണക്കിയുള്ള പഠനങ്ങളായിരുന്നു. ബിഗ് ബാങ് വിസ്ഫോടനത്തിനു ശേഷം ബാലാവസ്ഥയിലുള്ള പ്രപഞ്ചത്തെക്കുറിച്ചായിരുന്നു ഈ പഠനം. 1990 മുതൽ 2000 വരെയുള്ള രണ്ടാമത്തെ ഘട്ടത്തിൽ അദ്ദേഹം നക്ഷത്രസമൂഹങ്ങൾ രൂപപ്പെട്ടതിനെക്കുറിച്ചു പഠിച്ചു. അസ്ട്രോഫിസിക്സ്, കോസ്മോളജി എന്നിവയിലുള്ള പ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതും ഇക്കാലത്താണ്.

2001 മുതൽ 2009 വരെയുള്ള മൂന്നാംഘട്ടത്തിൽ ഡാർക്ക് എനർജിയെപ്പറ്റിയും പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ ചലനത്തെപ്പറ്റിയുമായിരുന്നു പഠനം. 2010 മുതൽ ഭൂഗുരുത്വബലത്തെ ഉരുത്തിരിഞ്ഞുണ്ടാകുന്ന പ്രതിഭാസമെന്ന നിലയിൽ അദ്ദേഹം സമീപിക്കാൻ തുടങ്ങിയിരുന്നു. പാഡിയുടെ ഗവേഷണജീവിതത്തിന്റെ അവസാന രണ്ടുഘട്ടങ്ങൾക്കു സാക്ഷിയാകാൻ എനിക്ക് അവസരം ലഭിച്ചു. 

ആത്മാർഥതയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഒരിക്കൽ പാഡി, ഞാൻ പ്രഫസറായിട്ടുള്ള ബോംബെ ഐഐടി സന്ദർശിച്ചു. എന്റെ ഒരു വിദ്യാർഥിയുടെ ഗവേഷണ അവതരണം നടക്കുകയായിരുന്നു. ഇതിനു ശേഷം പാഡി എന്നോടും ആ വിദ്യാർഥിയോടുമായി പറഞ്ഞു. ‘നോക്കൂ, ഇതു തികച്ചും തെറ്റായ രീതിയാണ്, ശരിയായി ചെയ്യാൻ ശ്രമിക്കൂ’. അദ്ദേഹത്തിനു മനസ്സിൽ തോന്നിയതു തുറന്നുപറയാൻ ഒരു മടിയുമുണ്ടായിരുന്നില്ല. 

ഇക്കാര്യം ‍ഞങ്ങൾ മനസ്സിൽ വയ്ക്കുകയും അതുപ്രകാരം മുന്നോട്ടു പോകുകയും ചെയ്തു. പിന്നീട് പരിഷ്കരിച്ച പ്രബന്ധത്തിന്റെ കരടുരൂപം പാഡിക്ക് അയച്ചുകൊടുത്തപ്പോൾ ഇഷ്ടപ്പെട്ടെന്നു പറഞ്ഞു. ഇതുപോലെ തന്നെ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള എന്റെ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഏതെങ്കിലും വലിയ ജേണലിൽ പ്രസിദ്ധീകരിച്ചു പേരു നേടുക എന്നതു മാത്രം ലക്ഷ്യമാക്കാതെ കഴിയാവുന്ന എല്ലാ വിവരങ്ങളും സംഘടിപ്പിച്ച് അതൊരു മികച്ച പ്രബന്ധമാക്കൂ എന്നായിരുന്നു ഉപദേശം. പാഡിയുടെ ഈ സത്യസന്ധത എന്നെ തോമസ് ജെഫേഴ്സന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു..‘സത്യസന്ധതയാണ് പ്രബുദ്ധതയുടെ പുസ്തകത്തിലെ ആദ്യ അധ്യായം’.

ഗവേഷണത്തിലെ ഈ വിട്ടുവീഴ്ചയില്ലായ്മ പോലെ തന്നെയായിരുന്നു അധ്യാപനത്തിന് അദ്ദേഹം കൊടുത്ത പ്രാധാന്യവും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലും അയുകയിലുമുള്ള പിഎച്ച്ഡി പ്രോഗ്രാമുകളിൽ ഫിസിക്സിന്റെയും അസ്ട്രോഫിസിക്സിന്റെയും സങ്കീർണലോകത്തെ സൂക്ഷ്മമായും ലളിതമായും അദ്ദേഹം വിദ്യാർഥികളോടു വിശദീകരിച്ചു. ഭാവനാപൂർണമായ ശൈലിയാണ് അദ്ദേഹം അധ്യാപനത്തിൽ അവലംബിച്ചത്. അക്കാലത്ത് ഞാനുൾപ്പെടെയുള്ള വിദ്യാർഥികൾ, ഇതിത്രയേയുള്ളോ എന്നു ചിന്തിച്ചുപോയി. എന്നാൽ അതിസങ്കീർണമായ കാര്യങ്ങൾ അദ്ദേഹം ഞങ്ങൾക്കു ലളിതമാക്കി തരികയായിരുന്നു. ചോക്ക് കയ്യിലെടുത്താൽ അദ്ദേഹമൊരു മാന്ത്രികനായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി, തിരുവനന്തപുരം ഐസർ ഉൾപ്പെടെ 5 സ്ഥാപനങ്ങൾക്കായി 150 മണിക്കൂറുകളുള്ള സൈദ്ധാന്തിക ഫിസിക്സ് കോഴ്സ് അദ്ദേഹം പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ട കോഴ്സായിരുന്നു ഇത്. അതിനായി തയാറാക്കിയ കുറിപ്പുകൾ ഒരു പുസ്തകമാക്കി പുറത്തിറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

സമവാക്യങ്ങളിൽ മുന്നോട്ടുപോകുന്ന ഗവേഷണജീവിതം മാത്രമായിരുന്നില്ല പാഡി. അദ്ദേഹം, വിദ്യാർഥികൾക്ക് മികച്ച ഒരു ഗുരുവായിരുന്നു. ഗവേഷണപരമായോ വ്യക്തിപരമായോ എന്തെങ്കിലും ആവശ്യങ്ങളോ ഉപദേശങ്ങളോ ഉള്ളപ്പോൾ എല്ലാവരും ആദ്യം സമീപിക്കുന്ന ഗുരു. എന്റെ പിതാവ് രോഗഗ്രസ്തനാകുകയും അദ്ദേഹത്തിന്റെ നില വഷളാകുകയും ചെയ്തപ്പോൾ ഞാനാദ്യം വിളിച്ചത് പാഡിയെയായിരുന്നു. പാതിരാത്രി പിന്നിട്ടിരുന്നു അപ്പോൾ. എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് ആധികാരികതയോടെ അദ്ദേഹം പറഞ്ഞുതന്നു. ഏതുകാര്യത്തിലും ഇങ്ങനെ ഇടപെടാൻ വിശ്വശാസ്ത്രമേഖലയിൽ അദ്ദേഹം വഹിക്കുന്ന ഉന്നതസ്ഥാനം ഒരിക്കലും തടസ്സമായിരുന്നില്ല.

(ബോംബെ ഐഐടിയിൽ ഫിസിക്സ് വിഭാഗം പ്രഫസറാണു ലേഖകൻ)

k-sivan-isro
കെ. ശിവൻ

ബഹിരാകാശ മേഖലയ്ക്കും വഴികാട്ടി: ഡോ.കെ.ശിവൻ (ചെയർമാൻ, ഐഎസ്ആർഒ)

സമകാലിക ശാസ്ത്രലോകത്തെ ഏറ്റവും വലിയ പ്രതിഭകളിലൊരാളായിരുന്നു പ്രഫ. താണു പത്മനാഭൻ. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ മഹത്തരമാണ്. പ്രപ​​ഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ചും ഗുരുത്വാകർഷണത്തെക്കുറിച്ചും ക്വാണ്ടം തിയറിയെക്കുറിച്ചുമുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ബഹിരാകാശ മേഖലയിലും വഴികാട്ടികളായിരുന്നു. 

ഞാൻ പഠനം കഴിഞ്ഞ് ഐഎസ്ആർഒയിൽ ജോലി നേടി തിരുവനന്തപുരത്തെത്തിയപ്പോഴേക്കും അദ്ദേഹം തിരുവനന്തപുരം വിട്ടിരുന്നു. അദ്ദേഹം വളർന്ന കരമനയിലെ വീടിനു തൊട്ടടുത്തായിരുന്നു എന്റെ വീട്. പക്ഷേ, അദ്ദേഹത്തെ നേരിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതു സ്വകാര്യ നഷ്ടമായിത്തന്നെ കാണുന്നു. 

   ഗഹനമായ ശാസ്ത്ര വിഷയങ്ങൾ സാധാരണക്കാരിലെത്തിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകളാണ് ശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മഹത്വം വർധിപ്പിക്കുന്നത്.  അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും അതിന്റെ മികച്ച ഉദാഹരണങ്ങളായിരുന്നു. 

പ്രായമേറുമ്പോഴും ഗവേഷണങ്ങളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം വർധിച്ചതേയുള്ളൂ. താണു പത്മനാഭന്റെ അപ്രതീക്ഷിത വിയോഗം ശാസ്ത്രലോകത്തിനാകെ കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

English Summary: Tribute to Dr Thanu Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com