ADVERTISEMENT

സൂക്ഷ്മവും സ്ഥൂലവുമായ ആസൂത്രണത്തിന്റെയും കൃത്യതയുടെയും ചിറകുകളിലാണു വിമാനത്താവളംപോലുള്ള വൻ പദ്ധതികൾ പറന്നുയരേണ്ടത്. സ്വപ്നസമാന പദ്ധതിയായി കേരളം കാണുന്ന ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇതുവരെ അതുണ്ടായോ എന്നു സംശയമുയരുകയാണിപ്പോൾ. വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) റിപ്പോർട്ട് നൽകിയതോടെ താൽക്കാലികമായെങ്കിലും പദ്ധതിക്കു മുന്നോട്ടു പോകാനാകാത്ത സ്ഥിതിയായി. 

വിമാനത്താവളത്തിന്റെ സാധ്യതാപഠന റിപ്പോർട്ടിന് അനുമതിതേടി നോഡൽ ഏജൻസിയായ കേരള വ്യവസായ വികസന കോർപറേഷനാണു വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത്. സാധ്യതാപഠനത്തിനു രാജ്യാന്തര ടെൻഡർ വഴി ലൂയിബ്ഗർ എന്ന സ്ഥാപനത്തിനു കരാർ നൽകിയത് 2017ലാണ്. സാങ്കേതിക–സാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതി ആഘാതപഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായിരുന്നു 4.6 കോടി രൂപയുടെ കരാർ. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണു സർക്കാർ നിർദേശിച്ചിരുന്നതെങ്കിലും ഏറെ വൈകി 2018 നവംബറിലാണു കമ്പനി റിപ്പോർട്ട് കൈമാറിയത്. 

നിയമപ്രശ്നങ്ങൾ‍മൂലം, വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ നേരിട്ടുള്ള വിശദമായ ഭൂമിപരിശോധനപോലും നടത്താതെയാണു റിപ്പോർട്ട് തയാറാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിനു മുൻപു കൺസൽറ്റൻസിയെ നിയോഗിച്ചതും കോടിക്കണക്കിനു രൂപ നൽകിയതും അഴിമതിയാണെന്നു പ്രതിപക്ഷം അന്നേ ആരോപണമുന്നയിച്ചിരുന്നു. നേരത്തേതന്നെ കൺസൽറ്റൻസിയെ നിയോഗിച്ചതു പദ്ധതിയുടെ കാലതാമസം ഒഴിവാക്കാനാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ, സാധ്യതാപഠന റിപ്പോർട്ട് കിട്ടിയിട്ടും 15 മാസത്തോളം സർക്കാർ തുടർനടപടികളൊന്നുമെടുത്തില്ല. 

റിപ്പോർട്ട് പരിശോധിക്കാൻ 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. റിപ്പോർട്ട് സമഗ്രമല്ലെന്നും തുടരനുമതികൾക്കുള്ള  നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി. എന്നിട്ടും, റിപ്പോർട്ട് പുതുക്കാനുള്ള നടപടികളൊന്നുമുണ്ടായില്ലെന്നാണു ഡിജിസിഎയുടെ വിമർശനത്തിൽനിന്നു വ്യക്തമാകുന്നത്. റിപ്പോർട്ട് വിശ്വസനീയമല്ലെന്ന ഡിജിസിഎയുടെ കടുത്ത പരാമർശം നമ്മുടെ കാര്യക്ഷമതയെത്തന്നെ ചോദ്യം ചെയ്യുകയാണ്. റൺവേയുടെ നീളം സംബന്ധിച്ചും സമീപ ഗ്രാമങ്ങളെക്കുറിച്ചും സമീപത്തെ വിമാനത്താവളങ്ങളെക്കുറിച്ചും ഡിജിസിഎ ഉന്നയിക്കുന്ന സംശയങ്ങൾ, അടിസ്ഥാന വിവരങ്ങൾ പോലും അവരെ ബോധ്യപ്പെടുത്തുന്നതിൽ കേരളത്തിനു വീഴ്ചയുണ്ടായി എന്നതിനു തെളിവാണ്.

ഡിജിസിഎയുടെ സംശയങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാനുള്ള ശ്രമം തുടങ്ങിയെന്നാണു സർക്കാർ വിശദീകരണം. വില്ലേജ് എന്ന വാക്കിനെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുമെന്നും റൺവേയുടെ നീളവും വീതിയും സംബന്ധിച്ചു വ്യക്തത വരുത്തുമെന്നും സർക്കാർ പറയുന്നു. ടേബിൾ ടോപ് റൺവേ ആവശ്യമായി വരില്ലെന്നും വിമാനത്താവളങ്ങൾ തമ്മിൽ 150 കിലോമീറ്റർ അകലം എന്ന വ്യവസ്ഥയ്ക്ക് ഇളവു ലഭിക്കുമെന്നും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് സിഗ്നൽ ഇടകലരാതിരിക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നുമുള്ള നിലപാടിലാണു സർക്കാർ. 

ഡിജിസിഎ ഉന്നയിച്ച പോരായ്മകൾക്കു കൃത്യമായ മറുപടി നൽകി പദ്ധതിയുടെ തുടർനടപടികളിലേക്കു വഴിതുറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തേണ്ടത്. സാധ്യതാപഠന റിപ്പോർട്ടിലുണ്ടായതു പോലുള്ള വീഴ്ചകൾ ആവർത്തിക്കുകയുമരുത്.  വ്യോമയാന മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തി റിപ്പോർട്ടിന്റെ പ്രായോഗികത ഉറപ്പു വരുത്തുകയും വേണം. 

പുതിയ സർക്കാർ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ വിമാനത്താവള പദ്ധതിക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പാർലമെന്റിലും കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലമായാണു പ്രതികരിച്ചത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി പ്രാഥമികാനുമതികൾ എത്രയും പെട്ടെന്നു നേടിയെടുക്കാൻ കഴിഞ്ഞാലേ ശബരിമല വിമാനത്താവളത്തിനു നാം ആഗ്രഹിക്കുന്നതുപോലെ വർണച്ചിറകുകൾ മുളയ്ക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com