ADVERTISEMENT

ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവ. എതിർകക്ഷിയിൽനിന്ന് ആളെ ‘ചൂണ്ടി’യെടുത്തു ഭൂരിപക്ഷമുണ്ടാക്കുന്ന ‘ഓപ്പറേഷൻ കമലി’നു ബിജെപി ഔപചാരിക തുടക്കമിട്ട സംസ്ഥാനങ്ങളാണു മണിപ്പുരും ഗോവയും. കോൺഗ്രസ് ഇളകിയാടി നിൽപാണെങ്കിലും ഇപ്പോഴും മൂന്നിടത്തും നേർക്കുനേർ പോരാട്ടം അവരും ബിജെപിയും തമ്മിലാണ്.

ഉത്തരാഖണ്ഡിൽ
ഉത്തരം മുട്ടുമോ?

ഒന്നെടുത്താൽ രണ്ടെണ്ണം സൗജന്യമെന്ന മട്ടിലാണ് അധികാരത്തിൽ വന്ന 2007ലും 2017ലും ബിജെപിക്കു മുഖ്യമന്ത്രിമാരുണ്ടായത്. 2007ൽ ബി.സി.ഖണ്ഡൂരിക്കു പകരം രമേഷ് പൊക്രിയാൽ നിഷാങ്കിനെയും പിന്നീട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും ഖണ്ഡൂരിയെയും കൊണ്ടുവന്നു. അടുത്ത തിരഞ്ഞെടുപ്പിൽ വൻ തോൽവി. 2017ൽ ത്രിവേന്ദ്ര സിങ് റാവത്തിനെക്കൊണ്ടുവന്ന ബിജെപി ഇക്കൊല്ലം 2 തവണ മുഖ്യമന്ത്രിമാരെ മാറ്റി. മാർച്ചിൽ വന്ന തീരഥ് സിങ് റാവത്ത് നാലുമാസത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം പുഷ്കർ സിങ് ധാമിക്ക് ഒഴിഞ്ഞുകൊടുത്തു. കോൺഗ്രസ് വിട്ടുവന്ന വരിൽ പലരും പാർട്ടിയിലെ പടലപിണക്കങ്ങളും ജാതി സമവാക്യങ്ങളും മൂലം കയ്യാലപ്പുറത്തു നിൽക്കുന്ന അവസ്ഥയിലാണെന്നു പറയപ്പെടുന്നു.

pushkar-dhami
പുഷ്കർ സിങ് ധാമി (PTI Photo)

കോവിഡ് രണ്ടാംവരവു കൈകാര്യം ചെയ്തതിലെ പാളിച്ചയാണു സർക്കാർ നേരിടുന്ന വലിയ വെല്ലുവിളി. കുംഭമേളയുടെ നടത്തിപ്പിൽ കാര്യങ്ങൾ കൈവിട്ടുപോയതു രാജ്യവ്യാപകമായി ബിജെപിക്കു ബുദ്ധിമുട്ടുണ്ടാക്കി. അഭിപ്രായ സർവേകൾ അനുകൂലമാണ്. ദലിത് ഒബിസി വോട്ടുകളിലൂന്നിയുള്ള പ്രചാരണമുണ്ട്.

∙ കോൺഗ്രസിൽ അകത്ത് അടി; പുറത്ത് ഐക്യം

നേതാക്കൾ തമ്മിലുള്ള പോര് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. പിസിസി പ്രസിഡന്റായി ഗണേഷ് ഗൊദിയാൽ കഴിഞ്ഞ ജൂലൈ 22നു ചുമതലയേറ്റ ചടങ്ങിലുയർന്ന മുദ്രാവാക്യം വിളികളുടെ ആഘാതം ഇപ്പോഴും കോൺഗ്രസിനെ വേട്ടയാടുന്നുണ്ട്. സംസ്ഥാനത്തെ പ്രബല നേതാക്കളായ ഹരീഷ് റാവത്തിനും പ്രീതം സിങ്ങിനും അനുകൂലമായി പ്രവർത്തകർ അന്നു ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചു. പാർട്ടിയിൽ തന്റെ എതിരാളിയായ പ്രീതം സിങ്ങിനെ മാറ്റി പിസിസി പ്രസിഡന്റായി ഗൊദിയാലിനെ റാവത്ത് പ്രതിഷ്ഠിച്ചതാണു കാരണം. പ്രതിപക്ഷ നേതാവായി അന്നു തന്നെ പ്രീതം സിങ് നിയമിതനായി. അതിൽ പരിഭവം പറഞ്ഞ റാവത്തിനെ തിരഞ്ഞെടുപ്പുസമിതിയുടെ ചെയർമാനാക്കി ഹൈക്കമാൻഡ് താൽക്കാലിക പരിഹാരം ഉറപ്പാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ചേരിപ്പോരു പുറത്തുകാട്ടാതെ ഐക്യസന്ദേശം നൽകാൻ കിണഞ്ഞു ശ്രമിക്കുകയാണു കോൺഗ്രസ്. ദലിത് വോട്ടർമാരെ ഒപ്പം നിർത്താനുള്ള നീക്കവും നടത്തുന്നു.

മുൻ മുഖ്യമന്ത്രിയായ റാവത്തിനെ ഇക്കുറിയും കോൺഗ്രസ് ഉയർത്തിക്കാട്ടുമെന്ന സൂചനകൾക്കിടെ, താൻ മത്സരിക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് അദ്ദേഹം പാർട്ടിയെ ഞെട്ടിച്ചു.

harish-rawat
ഹരീഷ് റാവത്ത്. ചിത്രം: സഞ്ജയ് അഹ്‌ലാവത്ത്

ഉത്തരാഖണ്ഡ് – ഒറ്റനോട്ടം
∙ മുഖ്യമന്ത്രിമാരെ മാറ്റിമാറ്റി ബിജെപി പരീക്ഷണം നടത്തുന്ന സംസ്ഥാനം.
∙ 56 എംഎൽഎമാരിൽ 14 പേർ കോൺഗ്രസ് വിട്ടു വന്നവർ.
∙ കോവിഡ് കൈകാര്യം ചെയ്ത രീതിയോട് പാർട്ടിക്കുള്ളിലും പ്രതിഷേധം
∙ കോൺഗ്രസിനുള്ളിൽ ചേരിപ്പോര് ഏറ്റവും രൂക്ഷമായ സംസ്ഥാനം
∙ മുതിർന്ന നേതാക്കൾക്കു പദവി ഉറപ്പാക്കി ഹൈക്കമാൻഡ് പരിഹാരശ്രമം.
∙ ഭരണവിരുദ്ധവികാരം ഗുണം ചെയ്യുമെന്നും അധികാരം പിടിക്കാമെന്നും പ്രതീക്ഷ

മണിപ്പുരിൽ കേൾക്കുന്നത്
തുടർഭരണത്തിന്റെ മണികിലുക്കമോ?

2020ൽ വീഴ്ചയുടെ വക്കിലെത്തിയ മണിപ്പുരിലെ ബിരേൻ സിങ് സർക്കാരിനെ കോൺഗ്രസിൽനിന്നു കുറെ എംഎൽഎമാരെ എത്തിച്ചാണു ബിജെപി സംരക്ഷിച്ചത്. ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയായിരുന്നു സൂത്രധാരൻ.തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാർട്ടിക്ക് അവിടെ വെല്ലുവിളി ഇല്ലെന്നു ചുമതലക്കാരനായ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പിച്ചു പറയുന്നു. സഖ്യകക്ഷികളായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ടും(എൻപിഎഫ്) നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുമില്ലെങ്കിലും ഭരണം നിലനിർത്താനാകുമെന്നാണു ബിജെപിയുടെ ആത്മവിശ്വാസം.

biren-singh
ബിരേൻ സിങ്. (PTI Photo by Subhav Shukla)

കഴിഞ്ഞ തവണ 21 സീറ്റ് ബിജെപിക്കും 28 സീറ്റ് കോൺഗ്രസിനുമായിരുന്നു. കോൺഗ്രസിനിപ്പോൾ 16 പേരാണുള്ളത്. പലരും എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. ബിജെപിയിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു കോൺഗ്രസിലും ചേർന്നിരുന്നു. 2 തവണ എൻപിപിയും ഒരുവട്ടം എൻപിഎഫും ഇടഞ്ഞതു പ്രതിസന്ധിക്കിടയാക്കിയിരുന്നു. കോൺഗ്രസിൽനിന്നു കൂറുമാറി വന്നവരാണു രക്ഷിച്ചത്. ഇവരിൽ പലരുടെയും കേസ് കോടതിയിലായതിനാൽ ഇത്തവണ അവർക്കൊന്നും സീറ്റ് കൊടുക്കേണ്ടി വരില്ലെന്ന ആശ്വാസവുമുണ്ട്. ഇത്തവണ 40 സീറ്റുകളിലേറെ നേടി ഭരണം നിലനിർത്തുമെന്നു ഭൂപേന്ദർ യാദവ് പറയുന്നു.

∙ ക്യാപ്റ്റൻ എതിർ ടീമിൽ; ഞെട്ടൽ മാറാതെ കോൺഗ്രസ്

മത്സരം തുടങ്ങുന്നതിനു മുൻപു സ്വന്തം ക്യാപ്റ്റൻ എതിരാളിയുടെ ജഴ്സിയണിയുന്നതു കണ്ടു ഞെട്ടിയ ടീമിന്റെ അവസ്ഥയിലാണു മണിപ്പുരിലെ കോൺഗ്രസ്. പിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദാസ് കൊന്തൗജം ബിജെപിയിൽ ചേർന്നു. തുടർച്ചയായി 6 തവണ എംഎൽഎ ആയ നേതാവാണ്. കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കുള്ള അണമുറിയാത്ത പ്രവാഹത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണി. 12 എംഎൽഎമാരാണു കോൺഗ്രസ് വിട്ടത്. 2017ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മറുവശത്ത് ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി സർക്കാരുണ്ടാക്കുന്നതു കോൺഗ്രസിനു നോക്കിനിൽക്കേണ്ടി വന്നു. ജനാധിപത്യത്തെ ബിജെപി അട്ടിമറിച്ചെന്ന പ്രചാരണവുമായാണു കോൺഗ്രസ് ഇക്കുറി കളത്തിലിറങ്ങുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെ മുന്നിൽ നിർത്തിയാണു പോരാട്ടം.. 75 വയസ്സുള്ള അദ്ദേഹമല്ലാതെ സംസ്ഥാനത്തുടനീളം പ്രതിച്ഛായയുള്ള മറ്റൊരു നേതാവ് കോൺഗ്രസിനില്ല.

okarm-ibobi-singh
ഒക്രാം ഇബോബി സിങ്. (PTI Photo by Manvender Vashist)

മണിപ്പുർ – ഒറ്റനോട്ടം
∙ തുടർഭരണം ഉറപ്പെന്നു ബിജെപി നേതാക്കൾ.
∙ സഖ്യകക്ഷികളെ ഒഴിവാക്കി; 60 സീറ്റിലും തനിച്ചു മത്സരിക്കും.
∙ പിസിസി പ്രസിഡന്റ് പാർട്ടി വിട്ട് ബിജെപിയിൽ.
∙ കഴിഞ്ഞതവണ ജനവിധി ബിജെപി അട്ടിമറിച്ചെന്നു കോൺഗ്രസ് പ്രചാരണം

ഗോവയിൽ കളി
‘ചാക്കി’ല്ലാത്ത ഭൂരിപക്ഷത്തിന്

40 അംഗ സഭയിൽ 13 സീറ്റുണ്ടായിരുന്ന ബിജെപി കോൺഗ്രസിനെ മാത്രമല്ല സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയെയും(ജിഎഫ്പി) മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെയും(എംജിപി) വരെ കാലുവാരിയാണു ഭൂരിപക്ഷമുണ്ടാക്കിയത്. 2017ൽ സർക്കാരുണ്ടാക്കാൻ അന്നു കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കറിനെ കൊണ്ടുവന്നു. 2019ൽ പരീക്കർ അന്തരിച്ചപ്പോൾ പ്രമോദ് സാവന്ത് സർക്കാരിനെയും ജിഎഫ്പിയും എംജിപിയും പിന്തുണച്ചു. പിന്നീട് ഇരുപാർട്ടികളെയും പിളർത്തിയും 10 കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടാക്കുകയായിരുന്നു.

ആ മുൻ കോൺഗ്രസുകാരാണ് ഇപ്പോൾ ഗോവ ബിജെപിയുടെ വലിയഭാരം. 2017ൽ അവർ തോൽപിച്ച ബിജെപിക്കാർ ഇപ്പോൾ അതതു മണ്ഡലങ്ങളിൽ സീറ്റിന് അവകാശമുന്നയിക്കുന്നു. ദേവേന്ദ്ര ഫഡ്നാവിസാണ് ഗോവയുടെ ചുമതല. മന്ത്രിയും കാലാംഗുട്ടെ എംഎൽഎയുമായ മൈക്കൽ ലോബോ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു ചില കളികൾ കളിക്കുന്നതും തലവേദനയാണ്. കോൺഗ്രസും ആം ആദ്മി പാർട്ടിയും തന്നെ ക്ഷണിച്ചുവെന്നു ലോബോ പറഞ്ഞതിനു പിന്നാലെ ഫഡ്നാവിസ് മുംബൈയിൽനിന്നു പറന്നെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. 7 സീറ്റിലെങ്കിലും സ്വാധീനമുള്ളയാളാണു ലോബോ. കഷ്ടിച്ച് 30,000 വോട്ടർമാർ വീതമുള്ള മണ്ഡലങ്ങളിൽ വ്യക്തികൾക്കുള്ള സ്വാധീനം വലുതാണെന്നതാണു നിർബന്ധങ്ങൾക്കു വഴങ്ങാൻ പാർട്ടികളെ പ്രേരിപ്പിക്കുന്നത്. 38% ന്യൂനപക്ഷ കത്തോലിക്കാ വോട്ടുകൾ നിലനിർത്തുകയെന്നതാണു ബിജെപിയുടെ വലിയ വെല്ലുവിളി. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ജയിച്ചതു ആശ്വാസം നൽകുന്നുണ്ട്.

∙ താഴേത്തട്ടിൽ കരുത്ത് നേടാൻ കോൺഗ്രസ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാത്തതിന്റെ വേദന കോൺഗ്രസിന്റെ മനസ്സിലുണ്ട്. കഴിഞ്ഞ വർഷമവസാനം നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതു കോൺഗ്രസിനെ ആശങ്കയിലാക്കുന്നു. ബൂത്തുതലം മുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണു കോൺഗ്രസിന്റെ മുഖ്യദൗത്യം. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിനാണു മേൽനോട്ടച്ചുമതല.

ദേശീയ പാർട്ടിയെന്ന പ്രതിഛായ കൈവരിക്കുന്നതിന്റെ ഭാഗമായി ബംഗാളിനു പുറത്തേക്കു വളരാൻ ശ്രമിക്കുന്ന തൃണമൂൽ ഗോവയിലെ തിരഞ്ഞെടുപ്പു കളത്തിലിറങ്ങാൻ കച്ചമുറുക്കുകയാണ്. ബംഗാളിൽ തൃണമൂലിന്റെ വിജയത്തിന് ഇന്ധനം പകർന്ന മുദ്രാവാക്യം ‘ഖേലാ ഹോബെ’(ഇനി കളി തുടങ്ങാം) ഗോവയിലും ഉയരുമെന്നു മമത വ്യക്തമാക്കി. ബംഗാളിലെ വിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തൃണമൂലിനായി ഗോവയിൽ അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട്.

ആം ആദ്മി പാർട്ടിയും സംസ്ഥാനത്തുടനീളം മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. തൊഴിലില്ലായ്മാ വേതനം, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണു മുന്നോട്ടു വയ്ക്കുന്നത്.

ഗോവ – ഒറ്റനോട്ടം
∙ കഴിഞ്ഞതവണ മത്സരിച്ച ബിജെപിക്കാരും ചാക്കിട്ടു പിടിച്ച കോൺഗ്രസുകാരും തമ്മിൽ സീറ്റിനായി പിടിവലി.
∙ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറുടെ അഭാവം വെല്ലുവിളി
∙ ദുർബലമായ സംഘടനാ സംവിധാനമാണ് ജില്ലാ പഞ്ചായത്തിലെ തോൽവിക്കു കാരണമെന്നു കോൺഗ്രസ് വിലയിരുത്തൽ.
∙ കഴിഞ്ഞതവണ ചാക്കിട്ടുപിടിത്തം മൂലം നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുമെന്നു നേതാക്കൾ
∙ എല്ലാ സീറ്റിലും മത്സരിക്കാൻ ഒരുങ്ങി ആംആദ്മി പാർട്ടി.

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com