ADVERTISEMENT

ഈ കോവിഡ്കാലത്ത്, ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും പുറമേ മറ്റൊരു വിഭാഗം ആളുകൾ ജനങ്ങളെ സദാസമയം സേവിച്ചു വരുന്നു: വീടുകളിൽ ഭക്ഷണം എത്തിക്കുന്നവർ, കടകളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു തരുന്നവർ... പല തുറകളിലായി പ്രവർത്തിക്കുന്ന ഇവരെ വിളിക്കുന്നതു ‘ഗിഗ്’ തൊഴിലാളികൾ എന്നാണ്. ഗിഗ് എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥം ഒരു നിശ്ചിതസമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലി ചെയ്യുക എന്നതാണ്. ജോലി ചെയ്യിപ്പിക്കുന്ന ആളും ജോലി ചെയ്യുന്ന ആളും തമ്മിൽ മുതലാളി-തൊഴിലാളി ബന്ധമില്ല. ഇപ്പോൾ മിക്കവാറും കാര്യങ്ങൾ നടക്കുന്നത് ഏതാണ്ട് ഇതു പോലെയാണ്; നാം ജീവിക്കുന്നത് ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ കാലത്താണ്.

സൊമാറ്റൊ, സ്വിഗി തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകളും ഊബർ, ഒല തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട ആപ്പുകളുമെല്ലാം പ്രവർത്തിക്കുന്നതു ഗിഗ് തൊഴിലാളികളെ ഉപയോഗിച്ചു മാത്രമാണ്. കോവിഡിനെത്തുടർന്നുണ്ടായ തൊഴിൽനഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നൂറുകണക്കിന് അഭ്യസ്തവിദ്യരെ ഗിഗ് തൊഴിലാളികളാക്കി. നിന്നു പിഴയ്ക്കാൻ ഒരു പിടിവള്ളി. ആദ്യം ഈ കമ്പനികൾ ജോലിക്കാർക്കു നല്ല കൂലിയും ഇൻസെന്റീവുകളും കൊടുത്തിരുന്നു. ജോലിക്കാരെ ധാരാളം കിട്ടിത്തുടങ്ങിയപ്പോൾ പ്രതിഫലം കുറയ്ക്കാൻ തുടങ്ങി. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ ധാരാളമുള്ള ഒരു രാജ്യത്ത് എന്തിന് അധികം പ്രതിഫലം? 

സൊമാറ്റൊയും സ്വിഗിയും ഒരു ഗിഗ് തൊഴിലാളിക്കു നൽകുന്ന പ്രതിഫലം ഏതാണ്ട് ഇപ്രകാരമാണ്: റസ്റ്ററന്റിൽ നിന്ന് ഉപഭോക്താവിന്റെ വീട്ടിലേക്ക് ആദ്യത്തെ 5- 6 കിലോമീറ്റർ വരെ 25 രൂപ, അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5- 6 രൂപ. റസ്റ്ററന്റ് വരെ എത്തുന്നതിനു ഗിഗ് തൊഴിലാളിക്ക് ഒന്നും കിട്ടുന്നില്ല. ഈ നിരക്കുകൾവച്ച് തൊഴിലാളികളെ ആകർഷിക്കുക ബുദ്ധിമുട്ടാണെന്ന് അറിയാവുന്ന കമ്പനികൾ തൊഴിലാളികളെ ആകർഷിക്കാനും അവരെക്കൊണ്ടു കൂടുതൽനേരം പണിയെടുപ്പിക്കാനും ഇൻസെന്റീവ്സ് എന്ന പേരിൽ കൂടുതൽ പ്രതിഫലം കൊടുക്കുന്നു. 

ns-madhavan

ദിവസം 300 രൂപയുടെ ട്രിപ്പുകൾ നടത്തുന്ന തൊഴിലാളിക്കു സ്വിഗി 100 രൂപ ഇൻസെന്റീവായി നൽകുന്നു; ഏകദേശം 6 മണിക്കൂർ പണിയെടുത്താലേ അത്രയും തികയ്ക്കാനാവൂ. ദിവസവും 575 രൂപയുടെ ട്രിപ്പുകൾ നടത്തുന്നയാൾക്കു സ്വിഗി നൽകുന്ന പ്രതിദിന ഇൻസെന്റീവ് 200 രൂപയാണ്.  അതു തികയ്ക്കാൻ ദിവസവും 12 മണിക്കൂർ ജോലി ചെയ്യണം. അങ്ങനെ ഒരു മാസം മുഴുവൻ പണിയെടുത്താൽ ലഭിക്കുന്ന മൊത്തം വരുമാനം ശരാശരി 23,500 രൂപയാണ്. അതിൽനിന്നു പെട്രോളിന്റെയും വാഹന അറ്റകുറ്റപ്പണിയുടെയും ചെലവ് കഴിഞ്ഞ് ബാക്കി ശരാശരി 17,500 രൂപ മാത്രം. (സ്വന്തമായി ഇരുചക്ര വാഹനമുണ്ടെങ്കിലേ സ്വിഗിയിലോ സൊമാറ്റൊയിലോ പണി കിട്ടുകയുള്ളൂ.) 

ഈ രംഗത്തുള്ള എല്ലാ കമ്പനികളും അവകാശപ്പെടുന്നതു ഗിഗ് തൊഴിലാളികൾ അവരുടെ ജീവനക്കാരല്ലെന്നാണ്. അവരെ സ്വിഗിയും സൊമാറ്റൊയും വിളിക്കുന്നതു തന്നെ ‘ഡെലിവറി പാർട്നേഴ്സ്’ എന്നാണ്. പങ്കാളിയായാൽ പിന്നെ നിയമം അനുശാസിക്കുന്ന പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലല്ലോ. 

ഭക്ഷണ വിതരണരംഗത്തോ ഗതാഗതരംഗത്തോ മാത്രമല്ല ഗിഗ് തൊഴിലാളികളുള്ളത്. സോഫ്റ്റ്‌വെയർ തയാറാക്കിക്കൊടുക്കുന്നവർ, പാർട്‌ടൈം അധ്യാപകർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ വലിയൊരുവിഭാഗം ആളുകൾ ഈ നിലയിൽ പ്രവർത്തിക്കുന്നു. ഇവർക്കാർക്കും നിയമപരമായ പരിരക്ഷയില്ല. ഇന്ത്യയിൽ അടുത്തിടെ കൊണ്ടുവന്ന തൊഴിൽ നിയമങ്ങളിലൊന്നായ ‘സോഷ്യൽ സെക്യൂരിറ്റി കോഡ് 2020’ വഴി ആദ്യമായി ഗിഗ് തൊഴിലാളികൾക്കു നിയമപരിരക്ഷയ്ക്കു വഴിതെളിഞ്ഞു. അവരുടെ ക്ഷേമനിധിയെക്കുറിച്ചും മറ്റും പരാമർശിക്കുന്ന ഈ നിയമം പക്ഷേ, അവരുടെ വേതനവ്യവസ്ഥകളെക്കുറിച്ച് മൗനം പാലിക്കുന്നു. ഈ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.

ലോകമെമ്പാടും എരിയുന്ന പ്രശ്നമാണു ഗിഗ് തൊഴിൽ. യൂറോപ്യൻ യൂണിയൻ ഈ മേഖലയ്ക്കായി സമഗ്രമായ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. അതിൽ പ്രധാനമായ ഒരു കാര്യം തൊഴിൽസമയത്തെക്കുറിച്ചാണ്. ചൈനയിൽ നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. ഇന്ത്യയിൽ ഈ രംഗത്ത് ആശാവഹമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടയാക്കാവുന്ന ഒരു കേസ് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ‘ദി ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ്’ എന്ന ഗിഗ് തൊഴിലാളി സംഘടന സമർപ്പിച്ച ഹർജിയിലെ മുഖ്യ ആവശ്യം അവരെ അസംഘടിത തൊഴിലാളികളായി പ്രഖ്യാപിച്ചു നിയമാനുസൃത ആനുകൂല്യങ്ങൾ നൽകണമെന്നാണ്.   

കഥ പറഞ്ഞുപറഞ്ഞ് കാശ് തട്ടിച്ച്...

കഥകളിൽ നിന്നാണ് എല്ലാ തട്ടിപ്പുകളുമുണ്ടാകുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ചില്ലറ വ്യത്യാസങ്ങളേയുള്ളൂ; അതിലൊന്നു കഥ കേൾക്കാനും കേൾപ്പിക്കാനുമുള്ള മനുഷ്യന്റെ കഴിവാണെന്നാണ് ഇസ്രയേൽ ഗ്രന്ഥകർത്താവായ യുവാൽ നോഹ ഹരാരി പറഞ്ഞിട്ടുള്ളത്. മലയാളിക്കാകട്ടെ കഥയോടുള്ള അഭിനിവേശം കുറെ കൂടുതലാണെന്നു തോന്നുന്നു. തേക്ക്, മാഞ്ചിയം ആട് തുടങ്ങിയ പെട്ടെന്നു കാശുണ്ടാക്കാവുന്ന കഥകളിൽ മലയാളി പതിറ്റാണ്ടുകൾക്കു മുൻപുതന്നെ കുടുങ്ങിയിട്ടുണ്ട്. ടെലിമാർക്കറ്റിങ് വഴി വിൽക്കുന്ന കുബേർകുഞ്ചി, ലക്ഷ്മിയന്ത്രം, ധനാകർഷകയന്ത്രം, ഏഴുമുഖമുള്ള രുദ്രാക്ഷം തുടങ്ങി പെട്ടെന്നു ധനം കൊണ്ടുവരുന്ന ദിവ്യസാമഗ്രികളിലായി പിന്നീടു താൽപര്യം. 

പുരാവസ്തു തട്ടിപ്പുകാരൻ എന്നാരോപിക്കപ്പെടുന്ന മോൻസൻ മാവുങ്കൽ, പുരാവസ്തുക്കളുടെ ക്രയവിക്രയം നടത്തിയതിനു തെളിവുള്ളതായി റിപ്പോർട്ടുകളിലൊന്നിലും കണ്ടില്ല. പുരാവസ്തുകളുടെ കാര്യത്തിൽ അയാൾ ഒരു മാജിക് റിയലിസ്റ്റ് കഥാകാരൻ മാത്രം. അയാളുടെ കൈവശമുള്ള യൂദാസിന്റെ വെള്ളിത്തുട്ടു മുതൽ ടിപ്പുവിന്റെ സിംഹാസനം വരെയുള്ള അദ്ഭുതസാമഗ്രികൾ അടുത്തകാലത്ത് ഉണ്ടാക്കിയവ ആയതിനാൽ പുരാവസ്തു സംബന്ധിച്ച നിയമങ്ങളുടെ പരിധിയിൽ വരുന്നുമില്ല. 

fraud

മോൻസൻ ഈ കപടസാമഗ്രികൾ ഒരു ചൂണ്ടപോലെ ഉപയോഗിച്ചു. ആ ചൂണ്ടയിൽ കൊത്തിയതോ അയാളുടെ മ്യൂസിയം കാണാനെത്തിയ വമ്പൻ സ്രാവുകളും. രാഷ്ട്രീയത്തിലും ഉദ്യോഗതലത്തിലും പ്രഗല്ഭരായ സന്ദർശകരിൽ ചിലർക്കു മോൻസൻ മോതിരം പോലുള്ള സമ്മാനങ്ങൾ നൽകിയപ്പോൾ  മറ്റു പലർക്കും എന്താണു കിട്ടിയതെന്നത് ഇപ്പോഴും രഹസ്യം. 

എല്ലാ പ്രധാനപ്പെട്ട വിരുന്നുകാരിൽനിന്നും മോൻസൻ നിർബന്ധപൂർവം ഒരു കാര്യം തിരികെ വാങ്ങിച്ചിരുന്നു: അവരുടെ സന്ദർശനത്തിന്റെ തെളിവായി ഫോട്ടോ എടുക്കാനുള്ള അവസരം. കെട്ടിച്ചമച്ച രേഖകളും പ്രമുഖവ്യക്തികളുമായുള്ള സാമീപ്യത്തിന്റെ തെളിവുകളും വച്ചാണ് അയാൾ തന്റെ തട്ടിപ്പുസാമ്രാജ്യം കെട്ടിപ്പടുത്തത്.

ആട്, മാഞ്ചിയം കാലത്ത് കേരളത്തിൽ പൊതുജനങ്ങളാണു വ്യാപകമായി പറ്റിക്കപ്പെട്ടതെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തട്ടിപ്പിന്റെ ശൈലി തന്നെ മാറി. ഇപ്പോൾ സർക്കാരിനോ പണക്കാർക്കോ ആണ് ധനനഷ്ടം ഉണ്ടാകുന്നത്. 

സ്വന്തം നിലയ്ക്കും വിലയ്ക്കും ചേരാത്ത വ്യക്തികളുമായി രാഷ്ട്രീയ, ഉദ്യോഗസ്ഥ ഉന്നതർ പുലർത്തിയിരുന്ന ബന്ധങ്ങളാണ് സോളർ, സ്വർണക്കടത്ത് തുടങ്ങി അടുത്ത കാലത്തെ പ്രധാന തട്ടിപ്പുകേസുകൾക്കെല്ലാം പിന്നിൽ. രാഷ്ട്രീയം നോക്കാതെ നീതിനിർവഹണം നടത്തിയാൽ മാത്രമേ ഭരണത്തിന്റെ മേൽത്തട്ടിലെ ഗുരുതരമായ ഈ പ്രതിസന്ധി നേരിടാനാവൂ. 

സ്കോർപിയൺ കിക്ക്: 

കോൺഗ്രസിൽ ചേരുന്നതിനുമുൻപ് കനയ്യകുമാർ പട്നയിലെ സിപിഐ ആസ്ഥാനത്തുനിന്ന് സ്വന്തം എയർ കണ്ടീഷനർ ഊരിക്കൊണ്ടുപോയി. 

കൂടെ കൊണ്ടുപോകാൻ അണികൾ ഇല്ലാത്ത സ്ഥിതിക്ക്, ചെന്നുകയറുമ്പോൾ ഒരു  എസിയെങ്കിലും കയ്യിൽ വേണ്ടേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com