‘ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്, കെട്ടിയ വേഷങ്ങൾ അഴിച്ചു കളഞ്ഞാൽ മതി’

kalpatta-narayanan-anand-neelakantan
കൽപറ്റ നാരായണനും ആനന്ദ് നീലകണ്ഠനും സംഭാഷണത്തിനിടെ. ചിത്രം: മനോരമ
SHARE

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിലാണ് രാജ്യം ഇന്ന് മഹാത്മാഗാന്ധിയുടെ ജന്മദിനം കൊണ്ടാടുന്നത്. ഒരിക്കലും കെടാത്ത വഴിവിളക്കു പോലെ, ഒരുനാളും ഒളിമങ്ങാത്ത ഒറ്റനക്ഷത്രംപോലെ, കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടു കാലവും ആ മഹാത്മാവ് നമ്മോടൊപ്പമുണ്ട് – എല്ലാ വെളിച്ചങ്ങളും ഇരുണ്ടുപോകുമ്പോൾ, എല്ലാ വഴികളും അടഞ്ഞുപോകുമ്പോൾ, വഴികാണിക്കാൻ വിളക്കായും വെളിച്ചമായും. എന്തുകൊണ്ടാണു ഗാന്ധിജിയെ നമ്മൾ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്? സ്വതന്ത്ര ഇന്ത്യയിലെ മലയാളി എഴുത്തുകാരുടെ രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന കൽപറ്റ നാരായണനും ആനന്ദ് നീലകണ്ഠനും സംഭാഷണത്തിൽ

ഒറ്റയ്ക്കൊരു സൈന്യം പോലെ ഗാന്ധിജി

കൽപറ്റ: ഗാന്ധിജിയെപ്പറ്റി ഞാനെഴുതിയ നാലുവരിക്കവിതയിൽ തുടങ്ങാം.
     'ഗാന്ധിയെ വരയ്ക്കാനെളുപ്പമാണ്,
     രണ്ടോ നാലോ രേഖകൾ മതി.
     ഗാന്ധിയായി വേഷം കെട്ടാനെളുപ്പമാണ്,
     കെട്ടിയ വേഷങ്ങൾ അഴിച്ചുകളഞ്ഞാൽ മതി'.

ഗാന്ധിജി വളരെ ലളിതമായി സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ആശയങ്ങൾ പ്രകാശിപ്പിക്കുകയും ചെയ്തു. താൻ ചെയ്യുന്നത്, താൻ പറയുന്നത്, ഏറ്റവും പാവപ്പെട്ട മനുഷ്യന് അനിഷ്ടമാവുമോ എന്ന ഭയത്തോടെയാണു ഗാന്ധിജി എപ്പോഴും പ്രവർത്തിച്ചത്. അതിലാണ് എനിക്ക് അദ്ദേഹത്തോടു വലിയ മമത.

ആനന്ദ്: ഡൊമിനിക് ലാപ്പിയറും ലാറി കോളിൻസും ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിലെ രംഗം ഓർക്കുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരെല്ലാം പ്രച്ഛന്നവേഷ മത്സരത്തിലെന്നപോലെ ആഭരണങ്ങളണിഞ്ഞു വൈസ്രോയിയുടെ കൊട്ടാരത്തിനു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുമ്പോൾ ഈ മനുഷ്യൻ തോർത്തുമുണ്ടു മാത്രമുടുത്ത് ആ വലിയ പടവുകൾ കയറിപ്പോവുകയാണ്. അതിലും വലിയൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ലോകത്ത് ഒരു രാഷ്ട്രീയക്കാരനും നടത്തിയിട്ടില്ല. ‘ഗാന്ധി’ സിനിമയിലെ ഒരു സീനിലാണ് ഞാൻ ഗാന്ധിജിയെ ഏറ്റവും നന്നായി അറിഞ്ഞത്.

ബ്രിട്ടിഷ് പൊലീസിന്റെ അടി ഏറ്റുവാങ്ങാൻ ആയിരക്കണക്കിനു മനുഷ്യർ വരിനിൽക്കുകയാണ്. ഓരോരുത്തരായി നടന്നുചെന്ന് അടിവാങ്ങുന്നു. ഒരാളും പ്രതിഷേധിക്കുന്നില്ല, മുദ്രാവാക്യം വിളിക്കുന്നില്ല, പൊലീസിനോടു വെറുപ്പു കാണിക്കുന്നില്ല, അക്രമം നടത്തുന്നില്ല. ഗാന്ധിജി ഇല്ലാത്ത ആ സീനിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യം, രാഷ്ട്രീയം നമുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
ഹൃദയസ്പർശിയായ മറ്റൊരു രംഗവും ഓർക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം. നെഹ്റുവും പട്ടേലുമെല്ലാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ആ സമയത്തു കൊൽക്കത്തയിലെയും നവഖലിയിലെയും തെരുവുകളിൽക്കൂടി നടക്കുകയാണു ഗാന്ധിജി. ലോകത്ത് ഒരു നേതാവും ഒരു സ്വാതന്ത്ര്യസമരത്തിനോ വിപ്ലവത്തിനോ നേതൃത്വം കൊടുത്തശേഷം അതിന്റെ ഭരണാധികാരിയാകാതെ ഇരുന്നിട്ടില്ല. പക്ഷേ, ഗാന്ധിജി അന്നു തെരുവിൽ ജനങ്ങളുടെ കൂടെയായിരുന്നു.

കൽപറ്റ: അതിനെക്കുറിച്ചു മൗണ്ട് ബാറ്റൺ പ്രഭു പറയുന്നുണ്ട്: വിഭജനസമയത്ത് പഞ്ചാബിൽ വർഗീയലഹള ഒതുക്കാൻ ഞാൻ 59,000 ആളുകളെ വിന്യസിച്ചു. പക്ഷേ, ബംഗാളിൽ ഗാന്ധി ഒറ്റയ്ക്കു പ്രവർത്തിച്ച് ഈ 59,000 പട്ടാളക്കാരേക്കാൾ വിജയിച്ചു.

ഇടതുപക്ഷത്തിന്റെ ചുമരിലില്ലാത്ത ഗാന്ധിജി

ആനന്ദ്: മഹാരഥന്മാരായ ലോകനേതാക്കളുടെ കാലമായിരുന്നു അത്. പക്ഷേ, അവരുടെയെല്ലാം കൈകളിൽ ചോര പുരണ്ടു. ഹിറ്റ്ലർ മുപ്പതു ലക്ഷം പേരെ ചുട്ടുകൊന്നപോലെതന്നെ വിൻസ്റ്റൺ ചർച്ചിൽ ബംഗാളിൽ 35 ലക്ഷം പേരെ പട്ടിണിക്കിട്ടു കൊന്നിട്ടുണ്ട്. അത്രയും തന്നെ ആളുകളെ സ്റ്റാലിനും മാവോയുമൊക്കെ കൊന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ചോരപ്പുഴ ഒഴുക്കാത്ത, ചോര ഒഴുകുന്നതു സ്വന്തം ജീവിതംകൊണ്ടു തടഞ്ഞ ഒരാൾ ഗാന്ധിജി മാത്രമാണ്.

കൽപറ്റ: ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ ഒക്കെ വലിയ പ്രഭാഷകരായിരുന്നു. വലിയ ഉച്ചത്തിൽ, ആക്രോശംപോലെ പ്രസംഗിക്കുന്നവർ. അടുത്തു നിൽക്കുന്നവർക്കു മാത്രം കേൾക്കാവുന്നത്ര പതിഞ്ഞ ശബ്ദത്തിലേ ഗാന്ധിജി സംസാരിക്കൂ. എന്നിട്ടും വളരെദൂരം ആ പതിഞ്ഞ ശബ്ദം കേട്ടു. ഗാന്ധിക്കു ലക്ഷ്യമായിരുന്നില്ല, മാർഗമായിരുന്നു പ്രധാനം. സ്റ്റാലിനാവട്ടെ, ഹിറ്റ്ലറാവട്ടെ, ലക്ഷ്യത്തിലെത്താൻ എന്ത് അക്രമവും ചെയ്യാൻ മടിച്ചില്ല. പക്ഷേ, സ്വന്തം മനസ്സാക്ഷി പറയുന്ന വഴി മാത്രമാണു ഗാന്ധിജി സ്വീകരിച്ചത്.
ഇന്ത്യയിൽ ഇടതുപക്ഷത്തെ എല്ലാ അർഥത്തിലും പ്രതിനിധാനം ചെയ്യുന്നതു ഗാന്ധിയും അംബേദ്കറുമാണ്. പക്ഷേ, കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇരുവരും ഇടതുപക്ഷമല്ല. വർഗസമരത്തെ ഉൾക്കൊള്ളുന്നവരും അതു പ്രാവർത്തികമാക്കുന്നവരും മാത്രമാണ് അവർക്ക് ഇടതുപക്ഷം. അതുകൊണ്ട് അവരുടെ ചുമരിൽ സ്റ്റാലിനുണ്ട്, മാവോ ഉണ്ട്. ഗാന്ധിയില്ല, അംബേദ്കറില്ല.

gandhiji..
ജവാഹർലാൽ നെഹ്റുവിനും സർദാർ വല്ലഭ്ഭായ് പട്ടേലിനുമൊപ്പം മഹാത്മാഗാന്ധി.

ഹിറ്റ്ലറുടെ മനസ്സുമാറ്റാമെന്ന് വിശ്വസിച്ച ഗാന്ധി

ആനന്ദ്: പാർലമെന്ററി ജനാധിപത്യവും സ്വതന്ത്ര മാധ്യമപ്രവർത്തനവുമുള്ള ബ്രിട്ടൻ എന്ന സാമ്രാജ്യത്തെയാണു ഗാന്ധിജി നേരിട്ടത്. അതുകൊണ്ടാണ് ഒരുപരിധിവരെ അദ്ദേഹത്തിന്റെ സഹനസമരം വിജയിച്ചത്. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിൽ, അല്ലെങ്കിൽ മാവോയുടെ ചൈനയിൽ, എന്തിന് ഇന്ത്യയിലെ ഒരു ഫ്യൂഡൽ വ്യവസ്ഥയിൽ സഹനസമരം വിജയിക്കുമോ? അവരുടെ മനസ്സുമാറുമോ? മറുവശത്ത് ഹിറ്റ്ലറോ സ്റ്റാലിനോ താലിബാനോ ഇന്നത്തെ മറ്റേതെങ്കിലും ഭരണകൂടമോ ആയിരുന്നെങ്കിൽ, ഗാന്ധിജി എന്നൊരു വ്യക്തി വളർന്നു വരുമോ? ഗോഡ്സേ വരെ എത്തുമായിരുന്നോ? അതിനു മുൻപേ..

കൽപറ്റ: തീർച്ചയായും ബ്രിട്ടിഷുകാരന്റെ ഭാവുകത്വത്തിന്റെ പശ്ചാത്തലത്തിലാണ് അന്നു ഗാന്ധിജി അതിജീവിച്ചത്. എങ്കിലും, ഏതു ശക്തിയെയും ആ വിധത്തിൽ നേരിടാൻ അദ്ദേഹത്തിനു സാധ്യമായിരുന്നു. ഹിറ്റ്ലറുടെ ജർമനിയിൽ ജൂതന്മാർക്കു രക്ഷപ്പെടാൻ എന്താണുവഴി എന്ന ചോദ്യത്തിന്, എല്ലാവരും കൂട്ടത്തോടെ ആത്മഹത്യചെയ്തു ലോകമനസ്സാക്ഷിയെ ഉണർത്താനാണു ഗാന്ധി ആവശ്യപ്പെട്ടത്. അതുപോലൊരു ത്യാഗം കൊണ്ട് ഹിറ്റ്ലറെപ്പോലും മാറ്റാൻ കഴിയും എന്നദ്ദേഹം വിശ്വസിച്ചു. മറ്റൊരു മനുഷ്യനെ ഉപദ്രവിക്കുന്നതു തെറ്റാണെന്നു മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് ആളുകൾ അടികൊള്ളാൻ ക്യൂ നിൽക്കുന്നത്.

ആനന്ദ്: ഈ അഹിംസയുടെ പിന്നിൽ, വലിയൊരു ഹിംസയുടെ സാധ്യത ബ്രിട്ടിഷുകാർ മനസ്സിലാക്കിയിരുന്നു. ഗാന്ധിജിയെ തൊട്ടാൽ 40 കോടി ജനം ഇളകുമെന്ന് അവർ ഭയന്നു. ബ്രിട്ടിഷുകാർ ഗാന്ധിജിയോടു കാണിച്ച ബഹുമാനം, ബംഗാളിൽ പട്ടിണികിടന്നു മരിച്ച 35 ലക്ഷം സാധാരണക്കാരോടു കാണിച്ചില്ല. താഴ്ന്ന ജാതിക്കാരെന്നു വിളിക്കപ്പെടുന്നവർ എത്രയോ അധികം സഹനങ്ങൾ അനുഭവിച്ചിട്ടുണ്ട്. ആ സഹനം കണ്ടിട്ടോ അവരുടെ പട്ടിണി കണ്ടിട്ടോ ആരുടെയും മനസ്സ് മാറിയിട്ടില്ല.

നഗരങ്ങളെ നിയന്ത്രിക്കുന്ന ഗാന്ധിഗ്രാമം

ആനന്ദ്: ഗ്രാമസ്വരാജ് പോലുള്ള ഗാന്ധിയൻ ആശയങ്ങൾ ഇന്നു പ്രാവർത്തികമാക്കാൻ പറ്റുമോ?

കൽപറ്റ: ഗാന്ധിജി പറഞ്ഞതും ചെയ്തതുമെല്ലാം പ്രതീകാത്മകമായാണ്. അവയെ അക്ഷരാർഥത്തിൽ മാത്രം എടുക്കരുത്. ഭഗവത്ഗീതയിൽ കൃഷ്ണൻ അർജുനനോട് ആയുധം എടുക്കാൻ പറയുകയാണു ചെയ്യുന്നത്. പക്ഷേ, നിരായുധ സമരത്തിന്റെ ആയുധമായാണു ഗാന്ധിജി അതേ ഗീതയെ ഉപയോഗിച്ചത്. ആസക്തിയോടെ പ്രവർത്തിക്കരുത് എന്ന അർഥത്തിലാണു ഗാന്ധിജി ഗീതയെ കണ്ടത്. അതുപോലെ ഗാന്ധിയൻ ആദർശങ്ങളെയും പ്രതീകാത്മകമായി ഉപയോഗിക്കുകയാണു വേണ്ടത്, അന്നത്തെ നിലപാടുകളെ അക്ഷരാർഥത്തിൽ സ്വീകരിക്കുകയല്ല. ഗാന്ധിയെ പകർത്തുക എളുപ്പമല്ല. ഗാന്ധിപോയ വഴികളെയൊക്കെ വളരെ പ്രതീകാത്മകമായല്ലാതെ അക്ഷരാർഥത്തിൽ സ്വീകരിക്കാൻ പാടില്ല. ഇങ്ങനെ ചെയ്തതുകൊണ്ടാണു ചില ഗാന്ധിയന്മാർ പരിഹാസപാത്രങ്ങളായിത്തീർന്നത്. യന്ത്രവത്കൃതലോകത്തോടു ഗാന്ധിജിക്കു വലിയ വിരോധം ഉണ്ടായിരുന്നു. പക്ഷേ, ആ വിരോധത്തിനു കാരണം യന്ത്രവൽക്കരണം ഇന്ത്യയിലെ ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയായിരുന്നു.

ആനന്ദ്: ഗ്രാമങ്ങളെ വല്ലാതെ കാൽപനികവൽക്കരിക്കുന്നുണ്ട് ഗാന്ധി. സിന്ധുനദീതട സംസ്‌കാരങ്ങളുടെ കാലം മുതൽ വൻനഗരങ്ങളുടെ സംസ്‌കാരമാണ് ഇന്ത്യ. ബ്രിട്ടിഷുകാർ വന്ന് ഇവിടത്തെ വ്യവസായങ്ങളെ ഇല്ലാതാക്കിയ ശേഷമാണ് ഇന്ത്യ ഗ്രാമവൽക്കരിക്കപ്പെട്ടത്. അതായത്, ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ ലക്ഷണമായിരുന്നു ഗ്രാമങ്ങൾ. അതാണു ഗാന്ധിജി ഗ്ലോറിഫൈ ചെയ്തത്. പക്ഷേ, അംബേദ്കർ പറയുന്നൊരു കാര്യമുണ്ട്. ഈ പറയുന്ന നിങ്ങളുടെ ഗ്രാമമല്ല ഞങ്ങളുടെ ഗ്രാമം. വഴിനടക്കാൻപോലും അവകാശമില്ലാത്തവന് എന്താണു ഗ്രാമം...റെയിൽവേ വന്നാൽ ഗ്രാമങ്ങളുടെ സ്വച്ഛത നശിക്കുമെന്നു ഗാന്ധി പറഞ്ഞു. പക്ഷേ, ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് ഏറ്റ വലിയ അടി ആയിരുന്നു റെയിൽവേ. വലിയ സാംസ്‌കാരിക നായകരും സാമൂഹിക പരിഷ്‌കർത്താക്കളും ഘോരഘോരം പ്രസംഗിക്കുന്നതിനെക്കാൾ വലിയ വിപ്ലവമാണ് ഒരു ട്രെയിൻ അതുവഴിപോയിട്ട് അതിൽ ആളുകൾ ജാതിവ്യത്യാസം നോക്കാതെ ഓടിക്കയറുമ്പോൾ സംഭവിക്കുന്നത്.

കൽപറ്റ: അതെ. നഗരത്തിൽ ഭൗതികമായ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ തമ്മിൽ വ്യത്യാസമുള്ളത്. അതിലുമെത്രയോ ഭീകരമാണ് ഗ്രാമത്തിലെ ജാതിവ്യത്യാസങ്ങളും അന്ധവിശ്വാസങ്ങളും. ഗ്രാമത്തിൽ സ്നേഹം മാത്രമല്ല, സ്പർധകളുമുണ്ട്. അത്ര സൂക്ഷ്മമായാണോ ഗാന്ധിജി ഗ്രാമങ്ങളെ അപഗ്രഥിച്ചത് എന്നു സംശയം തോന്നാം. അതിനെക്കാൾ നന്നായി അപഗ്രഥിച്ചത് അംബേദ്കറാണെന്നും തോന്നാം. ഇന്ത്യയിൽ ഗ്രാമങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഗ്രാമസ്വരാജ് ഇന്നു സാധ്യമല്ല. പക്ഷേ അവിടെ, പ്രായോഗികമായി ഗാന്ധി സാധ്യമല്ലെങ്കിലും ഈ ആദർശാത്മകതയ്ക്കു കൂടുതൽ പ്രാധാന്യം വരികയാണ്. നഗരം എന്നു പറഞ്ഞാൽ അനാവശ്യങ്ങളുടെ പെരുപ്പമാണ്. ആവശ്യങ്ങളുടെ നിയന്ത്രണമാണു ഗ്രാമം എന്നു പറയുന്നത്. ഗ്രാമത്തിനു പൊതുവായ ഓർമകളുണ്ട്. നഗരത്തിന് അതില്ല. ഇങ്ങനെയൊക്കെയുള്ള ഒരു നഗരത്തെ നിയന്ത്രിക്കാനോ ആത്മബോധം കൊടുക്കാനോ ഒരു ഗ്രാമസ്വാധീനം സഹായിക്കും ഇപ്പോൾ.

വാക്കുകളെ വെറുതെ വിടുക, വ്യാഖ്യാനങ്ങളെ അറിയുക

ആനന്ദ്: ഇന്ന് ഒരു സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കുകയാണെങ്കിൽ, വളരെ പുരുഷമേധാവിത്ത വീക്ഷണമായിരുന്നു ഗാന്ധിയുടേത് എന്നു പുതിയ തലമുറയ്ക്കു തോന്നാം. ശാസ്ത്രത്തോടും ഗാന്ധിജിക്കു വിരോധ മനോഭാവം ഉണ്ടായിരുന്നു. അയിത്തം ആചരിക്കുന്നതിനു ദൈവം നൽകിയ ശിക്ഷയായിരുന്നു ബിഹാറിലെ ഭൂമികുലുക്കം എന്ന അദ്ദേഹത്തിന്റെ നിലപാടിനെ നെഹ്‌റുവരെ വിമർശിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ ഗാന്ധിജിയുടെ ചിന്തകൾ നമ്മുടെ കുട്ടികളോടു പറഞ്ഞാൽ അവരിൽ അതു ഞെട്ടലുണ്ടാക്കാം.

കൽപറ്റ: ശുചിമുറി വൃത്തിയാക്കാൻ ഗാന്ധിജി ഭാര്യയോടു പറയുന്നുണ്ട്. പക്ഷേ, കസ്തൂർബ അതിനു വിസമ്മതിക്കുകയാണ്. ജോലിയിലെ വിവേചനം ഇല്ലാതാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനു പിന്നിലെ ആശയം കസ്തൂർബ മനസ്സിലാക്കിയിരുന്നെങ്കിൽ, അത് അവരുടെയും ആശയം ആയിരുന്നുവെങ്കിൽ അത് അപരാധം ആകുമായിരുന്നില്ല. അവർക്ക് അതുൾക്കൊള്ളാൻ പറ്റാത്തിടത്തോളം അത് അടിമത്തമാണ്. പിന്നീട് അവർക്കതു മനസ്സിലായിട്ടുണ്ട്. അവർ അതു സ്വീകരിച്ചിട്ടുമുണ്ട്. ബിഹാർ ഭൂമികുലുക്കം ദൈവശിക്ഷയാണെന്നു ഗാന്ധി പറഞ്ഞപ്പോൾ ടഗോറും മറ്റും കളിയാക്കി. പക്ഷേ ഞാൻ ഗാന്ധിയുടെ പക്ഷത്താണ്. കാരണം, ആ വാക്കുകളെ നമ്മൾ പ്രതീകാത്മകമായാണു കാണേണ്ടത്. ജീവിതം നിരർഥകവും നശ്വരവുമാണെന്നും മരണത്തിനു മുൻപിൽ എല്ലാവരും തുല്യരാണെന്നും ഭൂകമ്പം കാണിച്ചു തന്നു, പിന്നെ എന്തിനാണു നമുക്കിടയിൽ അയിത്തം -അതാണു ഗാന്ധിജി പറഞ്ഞത്. അങ്ങനെയാണതിനെ വ്യാഖ്യാനിക്കേണ്ടത്. വ്യാഖ്യാനശ്രമങ്ങളിലൂടെയല്ലാതെ, അക്ഷരാർഥത്തിൽ ഗാന്ധി നിലനിൽക്കുകയേ ഇല്ല.
എപ്പോഴും പുനരാലോചനയ്ക്കു പ്രേരണയായിത്തീരുന്ന, എപ്പോഴും തർക്കത്തിനു കാരണമായിരിക്കാവുന്നൊരു സാന്നിധ്യമാണു ഗാന്ധി. അദ്ദേഹത്തിനു മനുഷ്യനായിരുന്നില്ല മാനദണ്ഡം, എല്ലാ ചരാചരങ്ങളും പ്രകൃതിയുമായിരുന്നു.

profile

ആനന്ദ്: നെഹ്‌റു വലിയ വ്യവസായങ്ങൾ കൊണ്ടുവന്നില്ലെന്നും നരസിംഹറാവുവിന്റെ കാലത്തെ ഉദാരവൽക്കരണം നടന്നില്ലെന്നും കരുതുക. എന്താകുമായിരുന്നു ഇന്ന് ഇന്ത്യയുടെ സ്ഥിതി? എല്ലാവരും ആയുർവേദം നോക്കിയും യോഗ ചെയ്തും ശുദ്ധമായ വായു ശ്വസിച്ചും നടന്നിരുന്ന കാലത്ത് 32 വയസ്സായിരുന്നു ഇന്ത്യയിലെ ശരാശരി ആയുസ്സ്. മഹാന്മാരായ രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് അത് 25 വയസ്സാണ്. ഈ 70 വർഷംകൊണ്ട് വ്യവസായവൽക്കരണം വന്നു, മലിനീകരണം വന്നു, ഗ്രാമങ്ങൾ പോയി, ആളുകൾ കണ്ണിൽ കണ്ടതൊക്കെ കഴിക്കുന്നു. ഇന്ന് 70 വയസ്സാണു ശരാശരി ആയുസ്സ്– ഇത്രയും പിന്നിൽ കിടക്കുന്ന പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഉണ്ടായിട്ടു പോലും.
25 കോടിയോളം പരമദരിദ്രർ ഈ ഉദാരവൽക്കരണത്തിനുശേഷം ദാരിദ്ര്യരേഖയ്ക്കു മുകളിലേക്കു വന്നു. അവരുടെ ആളോഹരി വരുമാനം കൂടി. രാസവളങ്ങളും ഹരിതവിപ്ലവവും ധവളവിപ്ലവവും വന്നു. ഇന്നു ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണവും പാലും ഉണ്ടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഗാന്ധിജി പറഞ്ഞിടത്തുനിന്നു മാറിപ്പോയിട്ടും ഇത്രയധികം ദരിദ്രരെ നമ്മൾ ഉദ്ധരിച്ചുകൊണ്ടുവന്നു. ഈ വൈരുധ്യത്തെ നമ്മൾ എങ്ങനെയാണു പുതുതലമുറയോടു വിശദീകരിക്കുക?

കൽപറ്റ: അതുകൊണ്ടുതന്നെയാണു പറഞ്ഞത്, ഗാന്ധി നമ്മളെ മുന്നോട്ടുനയിക്കുക മാത്രം ചെയ്യുന്ന ശക്തിയല്ല, ആ അർഥത്തിൽ. മുന്നോട്ടു നയിക്കുന്ന ശക്തികളെ തിരുത്താനുള്ള ശക്തിയാണു ഗാന്ധി. രാസവളമില്ലാത്ത കൃഷിയും നല്ല ഭക്ഷണവും ശുദ്ധവായുവും ആവശ്യമുണ്ടെന്ന അവബോധമാണു ഗാന്ധി. നല്ല വായുവും നല്ല ആഹാരവുമുള്ള ഒരു മറുവശം കൂടിയുണ്ട് ഇന്ത്യയിൽ. ആ മറുവശത്ത്, ഒരു തിരുത്തൽ ശക്തിയായിട്ടാണ് അദ്ദേഹം നിൽക്കുന്നത്. എല്ലാവർക്കും പിന്തുടരാവുന്നൊരു മാർഗമല്ലത്. നമ്മുടെ മനസ്സാക്ഷിക്കു സ്വയം തിരുത്താനുള്ള ഇടം–അതാണു ഗാന്ധിജി.

(സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ)
തയാറാക്കിയത്: മുഹമ്മദ് റഫീക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA