നാടിന്റെ നന്മയ്ക്ക് ഏമാന്റെ നല്ലമനസ്സ്

weekly-notes
SHARE

ആദ്യതവണ ഭരണമേറ്റ അന്നുതന്നെ അവതാരങ്ങളെ അടുപ്പിക്കരുതെന്നു വിജയേട്ടൻ ഉത്തരവിട്ടതാണ്. അവതാരങ്ങൾ അകത്തേക്കു വരരുത് എന്ന ബോർഡും സെക്രട്ടേറിയറ്റിനു മുന്നിൽ തൂക്കി. നടന്നില്ല. അവതാരങ്ങളെയും അവതാര ലക്ഷ്യങ്ങളെയും ആർക്കും അങ്ങനെ തടുക്കാൻ കഴിയില്ല. കാലക്രമത്തിൽ അവതാരങ്ങൾ അവതരിച്ചിരിക്കും. പിന്നെ, ലക്ഷ്യം പൂർത്തീകരിച്ചിട്ടേ കളംവിടൂ. 

ഉമ്മൻജിയുടെ കാലം മുതൽ അവതാരങ്ങൾ ആകാശത്തുനിന്നു നേരെ വന്നിറങ്ങുന്നതു സെക്രട്ടേറിയറ്റിലേക്കാണ്. എന്നാൽ, ഇത്തവണ സംഗതി  വെറൈറ്റിയാണ്. പുതിയ ആന്റിക് അവതാരം മോശയുടെ അംശവടിയുമായി വന്നിറങ്ങിയത് തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത്. കൃത്യമായി പറഞ്ഞാൽ പൊലീസ് മേധാവിയുടെ മുറിയിൽതന്നെ. ടിപ്പു സുൽത്താന്റെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു ലോഞ്ചിങ്. ബെഹ്റ സാർ അപ്പോൾതന്നെ അറ്റൻഷനിൽ നിവർന്നു നിന്ന് ആഞ്ഞുചവിട്ടിയൊരു സല്യൂട്ടും കൊടുത്തു. അവതാരം ഡബിൾ ഹാപ്പി! 

കാൾ മാർക്സിന്റെ താടി, ഗാന്ധിജിയുടെ ഉൗന്നുവടി, അയ്യപ്പസ്വാമി പുലിപ്പാൽ തേടിപ്പോയപ്പോൾ അണിഞ്ഞ മണി, ഐസക് ന്യൂട്ടന്റെ തലയിൽ വീണ ആപ്പിൾ, ദിനോസറിന്റെ മുട്ട, ഹിറ്റ്ലറിന്റെ മീശ... അവതാരം തന്റെ പുരാവസ്തുക്കളുടെ കലവറ നിരത്തിവച്ചു. അല്ലെങ്കിലും ബെഹ്റ സാർ പാവമാണ്. ആര് എന്തു പറഞ്ഞാലും വിശ്വസിക്കും. അങ്ങനെ ഇതും വിശ്വസിച്ചു. ഡൽഹിയിൽ രണ്ടരലക്ഷം കോടി വന്നു കിടക്കുന്നുണ്ടെന്നും അതു റീലീസായാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നും അവതാരം അവതരിപ്പിച്ചപ്പോൾ അതു സംശയിക്കാൻ അദ്ദേഹത്തിന്റെ നന്മമനസ്സ് അനുവദിച്ചില്ല. 

നോക്കിയപ്പോൾ കേരളത്തിന്റെ ആകെ കടം മൂന്നു ലക്ഷം കോടിയാണ്. മോൻസന്റെ രണ്ടരലക്ഷം കോടി റിലീസായാൽ അതിന്റെ പകുതി ചോദിക്കാം. അങ്ങനെ കേരളത്തിന്റെ കടത്തിന്റെ കുറച്ചെങ്കിലും കൊടുത്തുതീർക്കാം. കൊച്ചി മെട്രോയുടെ വായ്പയും അടച്ചുതീർക്കാം. അത്രയേ ബെഹ്റ സാർ ആലോചിച്ചുള്ളൂ. ഉടൻ കൊച്ചിയിലെ കമ്മിഷണറെ വിളിച്ചു മോൻസന്റെ വീടിനു പാറാവുനിൽക്കാൻ പൊലീസിനെ ഏർപ്പാടാക്കി. മോൻസന്റെ പുരാവസ്തു സംരക്ഷണത്തിന് എഡിജിപി (ആന്റിക്സ്) എന്നൊരു എക്സ് കേഡർ തസ്തികയും സൃഷ്ടിച്ചു. അദ്ദേഹം നാടിന്റെ നന്മയ്ക്കായി ഇത്രയേ ചെയ്തുള്ളൂ. അതിനാണ് എല്ലാവരുംകൂടി ഇങ്ങനെ ബഹളമുണ്ടാക്കുന്നത്. 

ഏറ്റ തള്ളുകളും തലയിലെ തഴമ്പും

അന്തംവിട്ടൊരു സ്ഫോടനത്തിലാണ് ഇക്കണ്ട പ്രപഞ്ചം പിറന്നതെന്നാണല്ലോ കണ്ടെത്തൽ. 1300 കോടി വർഷങ്ങൾക്കു മുൻപു സംഭവിച്ച പ്രതിഭാസത്തെ സായ്പ് ബിഗ് ബാങ് എന്നു വിളിക്കുമ്പോൾ നമ്മളുടെ പരിഭാഷ മഹാവിസ്ഫോടനം. കൂട്ടിയിടിയുടെ കാരണാന്വേഷണത്തിന് ഇനിയും അവസാനമായിട്ടില്ല. പക്ഷേ, ഒരാൾ വിചാരിച്ചാൽ ഗവേഷണത്തിന്റെ വേഗം ഇരട്ടിയായേനെ. അതാണു മോൻസൻ. കാരണം വിസ്ഫോടനത്തിന്റെ സ്വിച്ച് അദ്ദേഹത്തിന്റെ കൈവശം ഉണ്ട്. ഇതുവരെ ഒന്നോ രണ്ടോ ഐപിഎസുകാരെയും വേണ്ടപ്പെട്ട ഐഎഎസുകാരെയും മാത്രമേ കാണിച്ചിട്ടുള്ളൂ. അവർക്കാർക്കും സംശയമില്ല. മോൻസന്റെ തള്ളു കേട്ടുകൊണ്ടുനിന്ന തൂപ്പുജോലിക്കാരനു സംശയം, ‘സാറേ പ്ര‍പഞ്ചം ഉണ്ടായ ശേഷമല്ലേ മനുഷ്യർ? പിന്നെങ്ങനെ സ്വിച്ച്?’ മോൻസൻ അവനെ ഓടിച്ചുവിട്ടു. സിവിൽ സർവീസ് സിംഹങ്ങളോടു മോൻസൻ പറഞ്ഞു, ‘ഇതാ കാര്യവിവരമില്ലാത്തവരെ ജോലിക്കെടുത്താലുള്ള പ്രശ്നങ്ങൾ’. തലയാട്ടി സമ്മതിച്ച ഉദ്യോഗസ്ഥരിൽ 3 പേർ സ്വിച്ചിന്റെ പടവും എടുത്താണു മടങ്ങിയത്. പഠിക്കുന്ന മക്കളെ കാണിക്കാൻ!

സർട്ടിഫിക്കറ്റിലേ സാക്ഷരതയുള്ളൂ. മസ്തിഷ്ക പ്രയോഗത്തിൽ നിരക്ഷരകുക്ഷികളാണു മലയാളികൾ. ആണ്ടുതോറും എഴുന്നള്ളുന്നത് എത്രയെത്ര തട്ടിപ്പുകഥകൾ! ആട്, മാഞ്ചിയം, മണിചെയിൻ, റൈസ് പുള്ളർ, ടോട്ടൽ ഫോർ യു, ലാ ബെല്ല .....അന്യനാട്ടിൽ ജനിച്ചും പഠിച്ചും പദവികൾ നേടിയവർ ഇവിടെ വരുമ്പോൾ തട്ടിപ്പുകൾക്കു മുന്നിൽ സാഷ്ടാംഗം വീഴും. അതാണു മലയാളമണ്ണിന്റെ ഗുണം. പുരയിൽ നാലു പുരാവസ്തുക്കൾ ഇല്ലെങ്കിൽ അതൊരു കുറവായി കാണുന്നവരാണല്ലോ ഏറെയും. ആ മാർക്കറ്റിൽ മലർന്നും കമിഴ്ന്നും വീഴാൻ ആളുണ്ട്. ആ വഴിയേ നടന്ന മോൻസനാരാ മോൻ. ഡോക്ടർ ആണോയെന്നു ക്രൈംബ്രാഞ്ചുകാർ ചോദിച്ചപ്പോൾ മോൻസൻ പുഞ്ചിരിച്ചുകൊണ്ട്: ‘എല്ലാവരും അങ്ങനെ വിളിച്ചാൽ ഞാനെന്തിനു തടയണം സാർ?’ ന്യായമായ മറുപടി. ‘ആളുകളെ ഓരോന്നു പറഞ്ഞു വഞ്ചിച്ചതോ?’ നിസ്സാരമായായിരുന്നു മറുപടി, ‘തള്ളാ സാറേ. 

വസുദേവർക്കും യശോദയ്ക്കും കംസൻ നൽകിയ സമൻസ്, മഷി തീർന്ന 2 റീഫിൽ ഉൾപ്പെടെ വ്യാസന്റെ പേനകൾ എന്നിവയൊക്കെ ചില ഉദ്യോഗസ്ഥരെ കാണിക്കാനായി റെഡിയായപ്പോഴാണു നിരനിരയായി കേസുകൾ. വീടിനു സെക്യൂരിറ്റിയെ നിർത്തിയാൽ എല്ലാവരും ഇങ്ങോട്ടു ശ്രദ്ധിച്ചോളുമെന്ന മോൻസന്റെ ഫോർമുല വിജയിച്ചു. ഇറ്റലിയിയിൽ നിന്നൊരു സഹായികൂടി എത്തിയതോടെ വിഐപികളുടെ ഒഴുക്കായിരുന്നു പിന്നീട്. ചാനൽ ചർച്ചയിൽ അവരുടെ വിശദീകരണം കേട്ടു വായും പൊളിച്ചിരിക്കുകയാണു മലയാളികൾ. പൊലീസ് ആസ്ഥാനത്തെ സ്ഥിരം സന്ദർശകയാണത്രേ അവർ. ആളുകളുടെ പരാതികൾ മൂത്തവരിൽ മൂത്ത ഏമാനെ കണ്ടു പരിഹരിച്ചുകളയും. അദ്ദേഹം മാഡം എന്നേ വിളിക്കാറുള്ളൂ. ആഭ്യന്തരം ഭരിക്കുന്ന പിണറായി വിജയന്റെയും ചെ ഗവാരയുടെയും ഫോട്ടോ വച്ച് ആരാധിച്ചിരുന്ന എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയെ മലയാളികൾ മറന്നിട്ടില്ല. ജിഷ്ണുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തു സമരം ചെയ്ത അമ്മ മഹിജയെയും സുഹൃത്തുക്കളെയും ജയിലിലാക്കിയ ഏമാന്മാരാണ് ഇറ്റലിക്കാരിയെ പൂച്ചെണ്ടു നൽകി സ്വീകരിച്ചത്. 

കോടതിയിൽ ഹാജരാക്കുന്നതിനു മുൻപു നടത്തിയ പരിശോധനയ്ക്കിടെ മോൻസന്റെ തലയിൽ തഴമ്പുകൾ കണ്ടു. ഡോക്ടർ സംശയിച്ചപ്പോൾ മോൻസൻ പറഞ്ഞത്രേ, ‘ഡോക്ടറേ, അതൊന്നും മുറിവല്ല. ബുദ്ധിമാന്മാരെന്നു സമൂഹം വിശ്വസിക്കുന്നവർ എന്റെ തള്ളുകളിൽ വീണത് ആലോചിച്ചു ചിരിച്ചുചിരിച്ചു ചുമരിൽ തലയിടിച്ചപ്പോൾ ഉണ്ടായ തഴമ്പുകളാ!’

പദവി വലിച്ചെറിഞ്ഞ് വീണ്ടും മാതൃകയായി

ഉയർച്ചയും സ്ഥാനങ്ങളും മാനങ്ങളും മാത്രം ആഗ്രഹിക്കുന്ന സ്വാർഥരാണു കോൺഗ്രസുകാരെന്ന ആരോപണവും ആക്ഷേപവും പണ്ടേയുള്ളതാണ്. എന്നാൽ, ഇനി കോൺഗ്രസുകാർക്കെതിരെ അങ്ങനെ ഒരു ആരോപണത്തിനു കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ വലിയ സ്കോപ്പില്ല. ത്യജിക്കുന്നവരാണു കോൺഗ്രസുകാരെന്നു ജനം ഒടുവിൽ തിരിച്ചറിഞ്ഞിരിക്കുകയാണ്. 

cartoon

ഒരാഴ്ചയ്ക്കിടെ ഒന്നിനു പിറകെ ഒന്നായി രണ്ടു സ്ഥാനങ്ങൾ വലിച്ചെറിയുന്ന നേതാക്കളെ കേരളത്തിൽ മുൻപു കണ്ടിട്ടുണ്ടോ? ഇല്ലല്ലോ? എങ്കിൽ കണ്ടോളൂ. അദ്ദേഹമാണു സുധീരൻ. ആദ്യം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗത്വം അദ്ദേഹം നിഷ്പ്രയാസം വലിച്ചെറിഞ്ഞു. സമിതി യോഗങ്ങളിൽ സുധീരൻ പങ്കെടുക്കുമായിരുന്നോ എന്ന ചീളുചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. അനുനയിപ്പിക്കാൻ സതീശൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ അദ്ദേഹം സ്ഥാനം തിരിച്ചെടുക്കുമെന്നു കരുതിയവർക്കു തെറ്റി. ഉടൻ എഐസിസി അംഗത്വം കൂടി വലിച്ചെറിഞ്ഞു സുധീരൻ പിന്നെയും ധീരനായി. 

പ്രതിപക്ഷ നേതൃസ്ഥാനംതന്നെ വേണ്ടെന്നുവച്ച് ഇൗ മാതൃകകാട്ടൽ യജ്ഞത്തിൽ ആദ്യം പങ്കാളിയായ ആളാണു ചെന്നിത്തല. തീർന്നില്ല, ജയ്ഹിന്ദ് ചാനലിൽ നിന്നടക്കം വിലപ്പെട്ട 3 സ്ഥാനങ്ങൾകൂടി ചെന്നിത്തല വലിച്ചെറിഞ്ഞതും പാർട്ടി വൈകിയാണു തിരിച്ചറിഞ്ഞത്. സിപിഎമ്മിൽ നിന്ന് ഇതുപോലെ ആരെങ്കിലും സ്ഥാനത്യാഗത്തിനു തയാറാകുന്നുണ്ടോ എന്നുകൂടി ആലോചിച്ചാലേ കോൺഗ്രസുകാരുടെ മഹത്വം ബോധ്യമാകൂ. 

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി തന്നെ എത്ര നിസ്സാരമായാണു രാജിയെഴുതി ഹൈക്കമാൻഡിനു കൊടുത്തത്. അതുകൊണ്ടും തീർ‌ന്നില്ല. പിന്നാലെ പിസിസി പ്രസിഡന്റ് സിദ്ദുവും രാജിവച്ചു മാതൃക കാട്ടി. ഹൈക്കമാൻഡ് വല്ലാതെയങ്ങു നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് അതു പിൻവലിക്കാൻ അദ്ദേഹം തയാറായത്. വേണമെങ്കിൽ അദ്ദേഹം ഇനിയും രാജിവച്ച് ഒരിക്കൽകൂടി മാതൃക കാട്ടാൻ തയാറുമാണ്. കോൺഗ്രസിൽ ഇതുപോലെ സ്ഥാനമാനങ്ങൾ രാജിവച്ചു മാതൃകയാകാൻ കാത്തുനിൽക്കുന്നവരുടെ പട തന്നെയുണ്ടെന്നാണു കേൾവി. രാജികൾ തുടരട്ടെ. അണികളാകാനും ആളു വേണമല്ലോ.

സ്റ്റോപ് പ്രസ്: 

മുഖ്യമന്ത്രിയാകാൻ‌ ശ്രമം തുടരുമെന്ന്പറഞ്ഞത് ഫലിതമെന്ന് രമേശ് ചെന്നിത്തല

ഫലിതം ചിലനേരം ഫലിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA