പ്രധാനമന്ത്രിയുടെ വീട് വിൽപനയ്ക്ക്! പാർലമെന്റ് മന്ദിരവും താജ് മഹലും വിറ്റോ?

HIGHLIGHTS
  • ജയിൽ ചാടാൻ കൈക്കൂലി കടലാസുകെട്ട്; രാഷ്ട്രപതിയുടെ ഒപ്പിട്ടും തട്ടിപ്പ്!
ramar-petrol
SHARE

പത്തുപന്ത്രണ്ടുകൊല്ലം മുൻപു സംഭവിച്ചതാണ്: ഒരു തണുത്ത വെളുപ്പാൻകാലത്തു ഡൽഹിയിൽ വിമാനമിറങ്ങിയ രണ്ടു വിദേശികൾ ആഡംബര ടാക്സി വിളിച്ചശേഷം 4 റേസ് കോഴ്സ് റോഡ് എന്ന വിലാസത്തിലെത്തിക്കാനാവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ തോക്കുധാരികളും അല്ലാത്തവരുമായ സുരക്ഷാജീവനക്കാർ കാർ തടഞ്ഞു. തങ്ങൾ ഈ കെട്ടിടം വാങ്ങാനെത്തിയവരാണെന്നും റിയൽ എസ്റ്റേറ്റ് ഏജന്റ് അകത്തുണ്ടെന്നും വിദേശികൾ പറഞ്ഞതുകേട്ടു സുരക്ഷാജീവനക്കാർ പൊട്ടിച്ചിരിച്ചു. പ്രധാനമന്ത്രിയുടെ വസതിസമുച്ചയമായിരുന്നു അത്. 

പ്രധാനമന്ത്രി 7 റേസ് കോഴ്സിലല്ലേ? അക്കാര്യം ഏജന്റ് പറഞ്ഞിരുന്നു. അതിനടുത്തുള്ള 4–ാം നമ്പർ ബംഗ്ലാവാണു തങ്ങൾ വാങ്ങുന്നതെന്നായി വിദേശികൾ. റിയൽ എസ്റ്റേറ്റ് ഏജന്റ് ഇ മെയിലിൽ അയച്ചുകൊടുത്ത ചിത്രങ്ങളും ഗൂഗിൾമാപ്പ് ചിത്രങ്ങളും അവർ എടുത്തുകാട്ടി. റേസ് കോഴ്സിലെ ഒന്നു മുതൽ 7 വരെയുള്ള ബംഗ്ലാവുകളെല്ലാം പ്രധാനമന്ത്രിയുടെ വാസസ്ഥലസമുച്ചയമാണെന്നു പറഞ്ഞു സുരക്ഷാജീവനക്കാർ അവരെ തിരിച്ചയച്ചു. കൂടുതൽ മാനക്കേടുണ്ടാകാതിരിക്കാൻ പരാതി നൽകാതെ അവർ  മടങ്ങി. 

ഈ വിദേശികളെ കബളിപ്പിച്ചത് ആരെന്നറിയില്ല. ഇങ്ങനെ പേരറിയാത്ത വിരുതന്മാർക്ക് ഉത്തരേന്ത്യക്കാർ നൽകുന്ന പേരുണ്ട്: നട്‍വർലാൽ. 1979ൽ ഇറങ്ങിയ മിസ്റ്റർ നട്‍വർലാൽ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിൽനിന്നാണ് ഈ പേരു വന്നതെന്ന വാദം ശരിയല്ല. അതിനുമുൻപും തട്ടിപ്പുകാരെ ഉത്തരേന്ത്യയിൽ നട്‍വർലാലെന്നു വിളിച്ചിരുന്നു. നമ്മുടെ വിരുതൻ ശങ്കുവിനു തുല്യം. (1912ൽ കാരാട്ട് അച്യുതമേനോൻ പ്രസിദ്ധീകരിച്ച നോവലിൽ, തന്റെ തറവാട്ടുസ്വത്തു തട്ടിയെടുത്ത ചേട്ടനെയും മറ്റു പകൽമാന്യന്മാരെയും പലരീതിയിൽ പറ്റിച്ചു പാഠം പഠിപ്പിക്കുന്നയാളാണു വിരുതൻ ശങ്കു. 1968 ൽ അടൂർ ഭാസിയെ നായകനാക്കി സിനിമയായി. വിരുതൻ ശങ്കുവിന്റെ കഥയിൽനിന്നു പ്രചോദനമുൾക്കൊണ്ടു നിർമിച്ചതാണു ഹിന്ദിചിത്രമെന്നും പറയുന്നവരുണ്ട്.) 

poster

പാർലമെന്റ് മന്ദിരവും താജ് മഹലും വിറ്റോ? 

1915ൽ വടക്കൻ ബിഹാറിൽ ജനിച്ചതായി കരുതുന്ന മിഥിലേഷ് കുമാർ ശ്രീവാസ്തവയാണു പിന്നീട് നട്‍വർലാൽ എന്നറിയപ്പെട്ടത്. ചെറുപ്പത്തിൽ ബാങ്കിൽ നിക്ഷേപിക്കാൻ അയൽവാസി കൊടുത്ത ചെക്കിലെ ഒപ്പ് അനുകരിച്ചു പണം തട്ടിയാണ് ഇയാൾ കബളിപ്പിക്കലിന്റെ ലോകത്തെത്തിയതെന്നാണു പറയപ്പെടുന്നത്. വൻ ബിസിനസുകാരനായി നടിച്ചു കൊൽക്കത്തയിൽ റെയിൽവേ ഉദ്യോഗസ്ഥരെയും പഞ്ചാബ് നാഷനൽ ബാങ്കിനെയും കബളിപ്പിച്ചു മുങ്ങി. 

തുടർന്നു മുംബൈയിൽ ടെക്സ്റ്റൈൽ കമ്മിഷണറുടെ ഓഫിസിൽ ജോലിചെയ്യവേ, നട്‍വർലാൽ എന്ന ഗുജറാത്തിയുമായി ചേർന്നു പരുത്തിനൂൽ ഇടപാടുകളിൽ തട്ടിപ്പുനടത്തിയത്രേ. ഇതിൽ നട്‍വർലാൽ രക്ഷപ്പെട്ടു. കൂട്ടുപ്രതിയായ മിഥിലേഷിന്റെ പേര് നട്‍വർലാൽ എന്നു പൊലീസ് തെറ്റായി രേഖപ്പെടുത്തിയതിൽനിന്നാണു തട്ടിപ്പുകാർക്ക് ഈ പേരു വന്നതെന്നു പറയപ്പെടുന്നു. 

ഉത്തരേന്ത്യയിൽ ഒട്ടേറെ തട്ടിപ്പുകൾ നട്‍വർലാൽ നടത്തിയിട്ടുണ്ട്. അവയിൽ രേഖപ്പെടുത്തപ്പെട്ട ഒന്നുരണ്ടെണ്ണം ഇവിടെ പറയാം. ഡൽഹിയിലെ കൊണാട് പ്ലേസിലെ വൻ വാച്ച് ഷോറൂമിൽ ചെന്ന്, അന്നത്തെ ധനകാര്യ മന്ത്രി എൻ.ഡി.തിവാരിയുടെ സെക്രട്ടറി ഡി.എൻ. തിവാരി എന്നു പരിചയപ്പെടുത്തിയശേഷം കോൺഫറൻസിൽ സംബന്ധിക്കാനെത്തുന്ന പ്രതിനിധികൾക്കു നൽകാൻ 90 വാച്ചുകൾ ആവശ്യപ്പെട്ടു. ഷോറൂമിലെ ജീവനക്കാരനെക്കൊണ്ടുതന്നെ അവ എടുപ്പിച്ചു നോർത്ത് ബ്ലോക്കിലെ ധനകാര്യവകുപ്പിന്റെ ഓഫിസ് വരെ എത്തിച്ചു. പിന്നീട് അകത്തുപോയി 32,829 രൂപയ്ക്കുള്ള ചെക്ക് എഴുതിക്കൊണ്ടുവന്നു ജീവനക്കാരനു നൽകി. ചെക്ക് വ്യാജമായിരുന്നു.

വി.പി.സിങ് ധനകാര്യമന്ത്രിയായിരിക്കെ ഇതേരീതിയിൽ അദ്ദേഹത്തിന്റെ പിഎ ആയി ചമഞ്ഞു ഡൽഹിയിലെ രാജാ ജ്വല്ലറിയിൽ 82,000 രൂപയുടെ കള്ളച്ചെക്ക് നൽകി സ്വർണവുമായി കടന്നിട്ടുമുണ്ട്. മറ്റുപലയിടങ്ങളിലും ഇയാൾ ഇതേശൈലിയിൽ വാച്ചുകടക്കാരെ കബളിപ്പിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറുകണക്കിനു കേസുകളുണ്ടായിരുന്നു. 

പല തവണ ജയിലിലടയ്ക്കപ്പെട്ടെങ്കിലും പലപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ചു കടന്നു. ഒരിക്കൽ, സഹായിച്ച ജയിലധികൃതർക്കു കൈക്കൂലിപ്പണമെന്ന മട്ടിൽ ബാഗിൽ നൽകിയതു പത്രക്കടലാസായിരുന്നു.

natwarlal
നട്‍വർലാൽ.

കഴിഞ്ഞ ദിവസങ്ങളിൽ ഈ പരമ്പരയിൽ പറഞ്ഞ കഥകളിലെ ആർതർ ഫർഗൂസണിന്റെയും മറ്റും ശൈലിയിൽ താജ് മഹലും പാർലമെന്റ് മന്ദിരവും  രാഷ്ട്രപതിഭവനും നട്‍വർലാൽ വിദേശികൾക്കു വിറ്റിട്ടുണ്ടെന്നു കഥകളുണ്ട്. എന്നാൽ ഇവയ്ക്കൊന്നും വിശ്വാസയോഗ്യമായ രേഖകളില്ല. 1950കളിൽ, രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ ലെറ്റർഹെഡും ഒപ്പും സീലും വ്യാജമായുണ്ടാക്കി ഇയാൾ ചില തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നതു സത്യമാണ്. എന്നാൽ അതു സ്മാരകങ്ങളോ പുരാവസ്തുക്കളോ ‘വിൽക്കുന്നതിന്’ വേണ്ടിയാണോയെന്നു വ്യക്തമല്ല. രാജേന്ദ്രപ്രസാദിന്റെ ജന്മഗ്രാമത്തിനടുത്തായിരുന്നു നട്‌വർലാലിന്റെ ഗ്രാമമെന്നതും ആരുടെയും ഒപ്പ് അനുകരിക്കാൻ അയാൾക്കു കഴിഞ്ഞിരുന്നു എന്നതും സത്യം. 

നട്‌വർലാലിന്റെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ട്. 2009 ജൂലൈ 25നു മരിച്ചെന്നും അതിനാൽ കേസുകൾ അവസാനിപ്പിക്കണമെന്നും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ, നട്‌വർലാൽ 1996ൽ തന്നെ മരണമടഞ്ഞിരുന്നെന്നും താനാണു മരണാനന്തരക്രിയകൾ ചെയ്തതെന്നും അന്വേഷണത്തിനെത്തിയ പൊലീസിനു സഹോദരൻ മൊഴിനൽകി.

രാമറുണ്ടാക്കിയ പെട്രോളും സ്വപ്നത്തിലെ സ്വർണവും

തമിഴ്നാട്ടിലെ രാമർ പെട്രോളും ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ സ്വർണവേട്ടയുമാണ് ഇന്ത്യയിൽ അടുത്തിടെ നാണക്കേടുണ്ടാക്കിയ തട്ടിപ്പുശ്രമങ്ങൾ. 1996ൽ ആണ് ഒരു ചെടിയുടെ ഇലയിൽനിന്നു വാഹന ഇന്ധനം നിർമിക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടു രാമർ പിള്ള രംഗത്തെത്തിയത്. ഇതു ജൈവഇന്ധനം ആയിരിക്കാമെന്നു ഡൽഹി ഐഐടിയിലെ പ്രഫസർ പറഞ്ഞതോടെ വിശ്വാസ്യത വർധിച്ചു. രാമർ നൽകിയ ഇന്ധനം ഉപയോഗിച്ച് ഇരുചക്രവാഹനങ്ങൾ ഓടിച്ചവരും സാക്ഷ്യം നൽകാനെത്തി.

ഇതോടെ മാധ്യമങ്ങളും തമിഴ്നാട്ടിലെ രാഷ്ടീയനേതൃത്വവും രാമറെ പുകഴ്ത്തിത്തുടങ്ങി. മദ്രാസ് ഐഐടിയിൽ ജൈവഇന്ധനം നിർമിച്ചുകാട്ടുന്നതിനിടെ തട്ടിപ്പുനടത്തിയതായി അധികൃതർ റിപ്പോർട്ട് ചെയ്തെങ്കിലും രാഷ്ട്രീയക്കാർ വിട്ടില്ല. കേന്ദ്ര ശാസ്ത്ര–സാങ്കേതികവകുപ്പിനോട് ഇതു പരീക്ഷിച്ചുനോക്കാൻ മുറവിളിയായി. ഒടുവിൽ പാർലമെന്റ് സമിതിയുടെ മുൻപാകെ ജൈവഇന്ധനം നിർമിച്ചുകാട്ടാൻ രാമറോടു ശാസ്ത്ര–സാങ്കേതികവകുപ്പ് ആവശ്യപ്പെട്ടു. ചേരുവകൾ ചേർത്തിളക്കുന്ന സ്റ്റീൽ സ്പൂണുകളിൽ കർപ്പൂരവും മറ്റുചില കെമിക്കലുകളും ഒളിപ്പിച്ചിരുന്നതു കണ്ടുപിടിക്കപ്പെട്ടു. രാഷ്ടീയസമ്മർദമാണ് ഈ നാണക്കേടിനു വഴിയൊരുക്കിയതെന്ന് അന്നത്തെ ശാസ്ത്ര–സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രാമമൂർത്തി ഈ ലേഖകനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ramar-pillai
രാമർ പിള്ള

ഇതിലും വലിയ നാണക്കേടാണു പുരാവസ്തുവകുപ്പിനുണ്ടായത്. 2013ൽ ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ ശോഭൻ സർക്കാർ എന്നൊരു സന്യാസി ധോണ്ഡിയ ഖേഡ എന്ന സ്ഥലത്തെ ക്ഷേത്രത്തോടു ചേർന്ന സ്ഥലത്ത് മണ്ണിനടിയിൽ 1000 ടൺ സ്വർണമുള്ളതായി സ്വപ്നം കണ്ടെന്നു പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ചരൺ ദാസ് മഹന്തിന്റെ സമ്മർദത്തെത്തുടർന്നു ജിയോളജി വകുപ്പ് സ്ഥലത്തു നടത്തിയ പരിശോധനയിൽ ലോഹമോ ധാതുവോ പോലൊന്നു ഭൂഗർഭത്തിലുണ്ടെന്നു കണ്ടെത്തി. പുരാവസ്തുസർവേക്കാരെക്കൊണ്ട് ഉദ്ഖനനം നടത്തണമെന്നായി ആവശ്യം. സ്വർണഖനനം നടത്തുന്നതു തങ്ങളുടെ പണിയല്ലെന്നായി സർവേക്കാർ. എങ്കിൽ, അവിടെ പൗരാണികകാലത്തുണ്ടായിരുന്ന ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കുഴിക്കാനായി നിർദേശം. അതിനൊപ്പം, 19–ാം നൂറ്റാണ്ടിൽ നിർമിച്ച കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും 1857ലെ വിപ്ലവകാലത്ത് ഉപേക്ഷിച്ചിരുന്നതായി പറയപ്പെടുന്ന ആയുധങ്ങളും തപ്പിയെടുത്തുകൊള്ളൂ എന്നും ഉപദേശം. സർവേക്കാർ 11 ദിവസം കുഴിച്ചശേഷം വെറുംകയ്യോടെ സ്ഥലംവിട്ടു.

തട്ടിപ്പ് ‘മോഡേണായി’; ഇന്റർനെറ്റ് വഴിയായി

പുരാവസ്തുക്കളോ സ്മാരകങ്ങളോ അല്ല ഇന്ന് ഇന്ത്യയിൽ ആളുകളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. അത് ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകളാണ്. 

ഉൽപന്ന നിർമാതാക്കളുടെയും കച്ചവടക്കാരുടെയും സേവനദാതാക്കളുടെയും തട്ടിപ്പുകൾക്കെതിരെ പൊതുജനാവബോധം ഉണ്ടാക്കുകയും അവയ്ക്കുവേണ്ടി നിയമയുദ്ധം നടത്തുകയും ചെയ്ത, ഇന്ത്യയിലെ ഉപഭോക്താവകാശപ്രസ്ഥാനത്തിന്റെ (കൺസ്യൂമർ റൈറ്റ്സ് മൂവ്മെന്റ്) തലതൊട്ടപ്പന്മാരിൽ ഒരാൾതന്നെ ഇ മെയിൽ തട്ടിപ്പിൽ വീണു പണവും മാനവും നഷ്ടപ്പെടുത്തിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?  

അഹമ്മദാബാദിലെ കൺസ്യൂമർ എജ്യുക്കേഷൻ ആൻഡ് റിസർച് സെന്ററിനെ(സിഇആർസി)ക്കുറിച്ചു കേട്ടിട്ടില്ലാത്ത ഉപഭോക്താവകാശ പ്രസ്ഥാനക്കാരുണ്ടാവില്ല. ഇന്ത്യയിൽ ഉപഭോക്താവകാശ നിയമങ്ങൾ കൊണ്ടുവരുന്നതിനു പിന്നിൽ പ്രവർത്തിച്ച പ്രധാനവ്യക്തിയായിരുന്നു സിഇആർസി സ്ഥാപകൻ മനുഭായ് ഷാ. വൻ കമ്പനികളുടെ ചെറിയ തട്ടിപ്പുകൾപോലും കണ്ടെത്തി പൊതുജനത്തെ അറിയിക്കുകയും കമ്പനികൾക്കെതിരെ നിയമയുദ്ധം നടത്തുകയും ചെയ്ത മഹദ്‍വ്യക്തി.

2006ൽ ആയിരുന്നു സംഭവം. ഏതോ ആഫ്രിക്കൻ കോടീശ്വരന്റെ അനന്തരാവകാശിയാണു താനെന്നും 140 ലക്ഷം ഡോളർ നിക്ഷേപിക്കാൻ സഹായിച്ചാൽ കോടികൾ നൽകാമെന്നും പറഞ്ഞ് അദ്ദേഹത്തിനൊരു ഇ മെയിൽ ലഭിച്ചു. അയാൾ പറഞ്ഞതനുസരിച്ചു സ്വന്തം അക്കൗണ്ടിൽ നിന്നും സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്നുമായി 32 ലക്ഷം രൂപ ഷാ അയച്ചുകൊടുത്തു. 

പണത്തിനെന്തു സംഭവിച്ചെന്നു പറയേണ്ടതില്ലല്ലോ. സ്ഥാപനത്തിന്റെ സാമ്പത്തികഭദ്രത ഉദ്ദേശിച്ചാണു താനതു ചെയ്തതെന്നായിരുന്നു ആ വന്ദ്യവയോധികന്റെ വാദം. പക്ഷേ, സ്ഥാപനത്തിന്റെ ട്രസ്റ്റിമാർക്ക് അതു സ്വീകാര്യമായില്ല. പൊതുജനാവകാശപ്രസ്ഥാനത്തിന്റെ ആരാധ്യനായ നായകന്റെ വീഴ്ചയായിരുന്നു അത്.

(പരമ്പര അവസാനിച്ചു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA