ADVERTISEMENT

കോഴിക്കോട്  മാവൂർ റോഡിലെ കെഎസ് ആർടിസി വാണിജ്യ സമുച്ചയം ഇന്നു കേരളത്തിനുമുന്നിലുള്ള വലിയൊരു ചോദ്യചിഹ്നമാണ്. ഭൂനിരപ്പിനു താഴെയുള്ള രണ്ടു നിലകൾ ഉൾപ്പെടെ ആകെ 13 നിലകളിലായി 74.79 കോടി രൂപ ചെലവിൽ നിർമിക്കുകയും 30.44 ലക്ഷം രൂപ മുടക്കി ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുകയും ചെയ്ത കെട്ടിടം ദുരൂഹതകൾ നിറഞ്ഞതായി മാറിയതു കേരളത്തെ അമ്പരപ്പിക്കുന്നു. നാൾക്കുനാൾ നിർമാണച്ചെലവു കൂട്ടിയും നിലവാരം കുറച്ചും കെട്ടിപ്പൊക്കിയ വാണിജ്യസമുച്ചയം നിരുത്തരവാദിത്തത്തിന്റെയും ക്രമക്കേടിന്റെയും കൂടി പ്രതീകമാണിപ്പോൾ.  

കെട്ടിടത്തിന്റെ ഏറ്റവും അടിയിലുള്ള 9 തൂണുകൾക്കു ഗുരുതര വിള്ളലുകളും ശേഷിക്കുന്ന നൂറോളം തൂണുകൾക്കു ചെറിയ പ്രശ്നങ്ങളും ഉണ്ടെന്ന മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട് പുറത്തുവന്നതോടെയാണു സംശയങ്ങൾ ഉയർന്നത്. റിപ്പോർട്ട് വരുന്നതിന് ഒരു മാസം മുൻപ്, ഓഗസ്റ്റ് 26നാണ് കെട്ടിടത്തിന്റെ നടത്തിപ്പുചുമതല ഒരു സ്ഥാപനത്തെ ഏൽപിക്കുന്ന ചടങ്ങ് രണ്ടു മന്ത്രിമാർ ചേർന്ന് ആഘോഷമായി നടത്തിയത്. 17 കോടി രൂപ തിരിച്ചുനൽകാത്ത നിക്ഷേപവും 43 ലക്ഷം രൂപ പ്രതിമാസ വാടകയും നിശ്ചയിച്ചാണ് ഇവർക്കു 30 വർഷത്തേക്കു കെട്ടിടം നൽകാൻ തീരുമാനിച്ചത്. നഗരത്തിൽ സാധാരണ കെട്ടിടത്തിനുപോലും ചതുരശ്ര അടിക്ക് 175 രൂപ വാടക ഈടാക്കുമ്പോൾ ഇവിടെ വെറും 13 രൂപ മതിയെന്നു തീരുമാനിച്ചതും വിവാദമായിരുന്നു

കോഴിക്കോട്ടെ ടെർമിനൽ 2009ൽ നിർമാണം തുടങ്ങി 2015ലാണു പൂർത്തിയാക്കിയത്. 2018ൽ ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയതായി അധികൃതർ പറയുന്നു. കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ആൻഡ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) പരാതിയിലാണു വിജിലൻസ് അന്വേഷണവും മദ്രാസ് ഐഐടിയുടെ പരിശോധനയും ആരംഭിച്ചത്. കെട്ടിടത്തിന്റെ ബലക്ഷയം തീർക്കാൻ ഇനി 20 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നാണു കണക്ക്. അതായത്, 19 കോടി എസ്റ്റിമേറ്റോടെ തുടങ്ങി 54 കോടിയിലേക്കും 74.79 കോടിയിലേക്കും ഉയർന്ന നിർമാണച്ചെലവ്, ഇനി അറ്റകുറ്റപ്പണികൾ കൂടിയാകുമ്പോൾ 95 കോടിയാകുമെന്നു ചുരുക്കം. 

കെഎസ്ആർടിസിയുടെ കൈവശമുള്ള കണ്ണായ ഭൂമികളിൽ വാണിജ്യ സമുച്ചയങ്ങൾ പണിതു വാടകയ്ക്കു നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതി വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്, മാത്യു ടി.തോമസ് ഗതാഗതമന്ത്രി ആയിരിക്കെയാണ് ആരംഭിക്കുന്നത്. കെടിഡിഎഫ്സിയെ പദ്ധതി ഏൽപിച്ചു. കെഎസ്ആർടിസിക്കു സാമ്പത്തിക സഹായം നൽകാനും ബിഒടി (ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ) പ്രോജക്ടുകൾ നടപ്പാക്കി ലാഭം നേടിക്കൊടുക്കാനുമുള്ള സ്ഥാപനമാണ് കെടിഡിഎഫ്സി. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലാണു ബസ് സ്റ്റേഷനുകളോടു ചേർന്നു വാണിജ്യ സമുച്ചയങ്ങൾ നിർമിച്ചത്. ആകെ 244.80 കോടി രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. 2011ൽ ഉദ്ഘാടനം ചെയ്ത അങ്കമാലി വാണിജ്യ സമുച്ചയത്തിൽനിന്നു ലഭിച്ച 3.01 കോടി രൂപ മാത്രമാണു കെഎസ്ആർടിസിക്ക് ഈ സമുച്ചയങ്ങളിൽനിന്ന് ആകെ ലഭിച്ച വിഹിതം. 

സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന ഒരു സൗകര്യവും കോഴിക്കോട് ടെർമിനലിൽ വിഭാവനം ചെയ്തിട്ടില്ലെന്നും ബസുകളെയും യാത്രക്കാരെയും പരമാവധി ഇവിടെനിന്ന് അകറ്റിനിർത്തുന്ന തരത്തിലാണു നിർമാണമെന്നും ആരോപിക്കുന്നവരുണ്ട്. ബസ് സ്റ്റാൻഡ് നഗരത്തിൽനിന്നു പിഴുതെറിഞ്ഞ്, കൂറ്റൻ കെട്ടിടം പൂർണമായും ഷോപ്പിങ് സമുച്ചയം ആക്കി മാറ്റാനുള്ള നീക്കം നടക്കുന്നുവെന്നും ആരോപണമുണ്ട്. അതെന്തായാലും, ഇത്തരം കെട്ടിടങ്ങൾ യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിലാവണമെന്നതു മറന്നുകൂടാ. പതിമൂന്നു നിലയുള്ള കെട്ടിടം പണി പൂർത്തിയായി അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് 6 വർഷം കഴിഞ്ഞു. ഇതിനിടെയാണു നിർമാണത്തിലെ ഗുരുതര പിഴവുകളും പുറത്തുവന്നിരിക്കുന്നത്. 

ഒന്നു വ്യക്തമാണ്. സർക്കാർ സ്ഥാപനമായ കെടിഡിഎഫ്സിയുടെ 244.80 കോടി രൂപ ഉപയോഗിച്ച് കേരളത്തിൽ നാലിടത്തായി നിർമിച്ച കൂറ്റൻ കെട്ടിടങ്ങൾ വെള്ളാനകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഫലപ്രദമായി ഈ കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി, പൊതുജനത്തിന്റെ  നികുതിപ്പണം അൽപമെങ്കിലും തിരിച്ചുപിടിക്കാൻ സർക്കാർ ഇനിയും വൈകിക്കൂടാ.

English Summary: Questions about KSRTC bus terminal Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com