ADVERTISEMENT

എന്തെങ്കിലും ഫ്രീ ആയി കിട്ടുന്നതു നമ്മളിൽ മിക്കവർക്കും സന്തോഷമുള്ള കാര്യമാണ്. എന്നാൽ, അങ്ങനെ ഒന്നും ഫ്രീയായി ആർക്കും കിട്ടില്ലെന്നതാണു സങ്കടകരമായ വസ്തുത! വാട്സാപ്പിലും എസ്എംഎസിലുമായി എന്തെല്ലാം തരം ഫ്രീ ഓഫറുകളാണ് ഈ ദിവസങ്ങളിൽ നമുക്കു വരുന്നത്!

ഏറ്റവുമൊടുവിൽ എത്തിയത്, പ്രമുഖ ഇന്ത്യൻ കാർ നിർമാണക്കമ്പനിയുടെ 150 –ാം വാർഷികത്തോടനുബന്ധിച്ചു കാറുകൾ സൗജന്യമായി കിട്ടാനുള്ള അവസരം എന്ന സന്ദേശമാണ്. ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു വെബ്സൈറ്റിലെത്തും. അവിടെയുള്ള സർവേ ചോദ്യങ്ങൾ പൂരിപ്പിക്കുകയും തുടർന്നുള്ള നിർദേശങ്ങൾ പാലിക്കുകയുമൊക്കെ ചെയ്താലാണു കാർ കിട്ടുക! ഈ സർവേയും തുടർന്നുള്ള നടപടികളുമൊക്കെ തട്ടിപ്പാണ്. കാർ കിട്ടില്ലെന്നു മാത്രമല്ല, നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ഐപി വിലാസമടക്കം എല്ലാ വിവരങ്ങളും അവർ ചോർത്തിക്കൊണ്ടുപോവുകയും ചെയ്യും. ഈ വിവരങ്ങൾ തട്ടിപ്പുകാർ പല രീതിയിൽ ഉപയോഗിച്ചേക്കും; മാർക്കറ്റിങ്ങിനു മുതൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനും പണം ചോർത്താനും വരെ.

ഇത്തരം വ്യാജ സന്ദേശങ്ങൾ കിട്ടിയാൽ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

∙ ഒരു സ്ഥാപനവും സൗജന്യമായി ഒന്നും കൊടുക്കാൻ ഇടയില്ല.

∙ സന്ദേശത്തിൽ നിറയെ ഇമോജികളും ചിഹ്നങ്ങളുമൊക്കെ ഉണ്ടെങ്കിൽ സംശയിക്കുക. നല്ല കമ്പനികൾ അയയ്ക്കുന്ന സന്ദേശങ്ങളിൽ ഇത്തരം ‘കളികൾ’ ഉണ്ടാവില്ല.

∙ സന്ദേശത്തിലുള്ള ലിങ്ക് പ്രത്യേകം നോക്കുക: അക്ഷരങ്ങളും ചിഹ്നങ്ങളും അക്കങ്ങളുമെല്ലാം ചേർത്തുണ്ടാക്കിയതാകും ലിങ്ക്. അതോടൊപ്പം കമ്പനിയുടെ പേരിലെ ചില അക്ഷരങ്ങളോ വാക്കുകളോ ഭാഗികമായി ഉണ്ടായെന്നും വരാം. എന്നാൽ, നല്ല കമ്പനികളുടെ വെബ്സൈറ്റ് വിലാസത്തിൽ കമ്പനിയുടെ പേരല്ലാതെയുള്ള ‘ജങ്ക്’ ഒന്നും ഉണ്ടാവില്ല. 

∙ ഇനി, ചില കമ്പനികൾ പ്രത്യേക സമയങ്ങളിൽ ഓഫറുകളും മറ്റും പ്രഖ്യാപിക്കാറുണ്ടെന്നു നമുക്കറിയാം. അവർ മിക്കപ്പോഴും അച്ചടിമാധ്യമങ്ങൾ അടക്കം വിശ്വാസ്യതയുള്ള മാധ്യമങ്ങളിലൂടെ അക്കാര്യം പരസ്യപ്പെടുത്തും. അല്ലെങ്കിൽ, ആ കമ്പനിയുടെ യഥാർഥ വെബ്സൈറ്റിൽ വിവരങ്ങളുണ്ടാകും.

ഇതിനു സമാനമായ മറ്റൊരു തന്ത്രമാണു ബാങ്കുകളുടെ പേരിലുള്ള സന്ദേശങ്ങൾ. ബാങ്ക് അക്കൗണ്ടുകൾക്കു കെവൈസി (Know Your Customer) വിവരങ്ങൾ നൽകണമെന്നു നമുക്കറിയാം. നമ്മുടെ അക്കൗണ്ടുകളും നിക്ഷേപവും മറ്റും സുരക്ഷിതമാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുമുള്ള മാർഗമെന്ന നിലയിൽക്കൂടിയാണ് ബാങ്കുകളും മറ്റും ഇടപാടുകാരുടെ വിവരങ്ങൾ  ശേഖരിക്കുന്നത്. 

സുരക്ഷയ്ക്കു വേണ്ടിയുള്ള ഈ സംവിധാനത്തിന്റെ പേരിൽ തട്ടിപ്പു നടത്താൻ ശ്രമിക്കുന്ന സംഘങ്ങൾ സജീവമാണ്. ഇടയ്ക്കു നമ്മുടെയെല്ലാം ഫോണിൽ വരുന്ന മെസേജുണ്ട്: ‘‘നിങ്ങളുടെ കെവൈസി വിവരങ്ങൾ ഉടൻ ഈ ലിങ്കിൽ പോയി അപ്ഡേറ്റ് ചെയ്യുക. അല്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും’’ എന്നോ മറ്റുമായിരിക്കും ഇംഗ്ലിഷിലുള്ള സന്ദേശം. വിശ്വസിക്കരുത്. ലിങ്കിൽ പോയി വിവരങ്ങൾ കൊടുത്താൽ ആ വിവരമെല്ലാം കള്ളന്മാർ കൊണ്ടുപോകും; ഒത്തുവന്നാൽ അക്കൗണ്ടിലെ പണവും!

എസ്എംഎസ് ലിങ്കിലൂടെ കെവൈസി അപ്ഡേറ്റ് ചെയ്യാൻ ബാങ്കുകൾ ആവശ്യപ്പെടാറില്ല. ബാങ്കുകൾതന്നെ പലവട്ടം ഇതെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ഇനിയും ഇത്തരം എസ്എംഎസുകൾ നമ്മുടെ ഫോണിലെത്തും; അതിൽ വീണു പോകാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്!

English summary: Win free car offer fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com