ADVERTISEMENT

വിദേശ നിക്ഷേപകരെത്തേടി ലോകത്തിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന കേന്ദ്രമന്ത്രിമാരിൽ പ്രമുഖർ ധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമാണ്. ആറു ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ പദ്ധതിയാണു നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

വ്യാവസായിക രാഷ്ട്രങ്ങളിൽനിന്ന് ഏറ്റവും വേഗത്തിൽ നിക്ഷേപകരെ ആകർഷിക്കാനുള്ള ദൗത്യത്തിലാണു ബിജെപി സർക്കാർ. ഈ ലക്ഷ്യം മുൻനിർത്തി നിർമല  യുഎസിൽ ചെലവഴിച്ചത് ഒരാഴ്ചയാണ്. അവർ ലോക ബാങ്ക്-രാജ്യാന്തര നാണയനിധി യോഗങ്ങളിൽ പങ്കെടുക്കുക മാത്രമല്ല, ഒട്ടേറെ യുഎസ് നിക്ഷേപകരുമായി വ്യാപാരചർച്ചകളും നടത്തി. മുൻകാലപ്രാബല്യ നികുതി ഒഴിവാക്കിയത്, ടെലികോം മേഖലയിലെ ഇളവുകൾ, എയർ ഇന്ത്യയുടെ വിൽപന എന്നിവയടക്കം വിദേശനിക്ഷേപം സുഗമമാക്കാൻ ഇന്ത്യ സമീപകാലത്തു സ്വീകരിച്ച നടപടികൾ ധനമന്ത്രി വിശദീകരിച്ചു. 

വാഷിങ്ടണിലും ബോസ്റ്റണിലും നിർമല സീതാരാമൻ നടത്തിയ കൂടിക്കാഴ്ചകൾക്കു പിന്നാലെ  എസ്.ജയശങ്കർ നടത്തിയ ഇസ്രയേൽ സന്ദർശനത്തിനു ബഹുമുഖ ലക്ഷ്യങ്ങളാണുള്ളത്. ഇസ്രയേൽ നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കു പുറമേ, യുഎഇയും ബഹ്റൈനുമായി കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രയേൽ ഒപ്പിട്ട വ്യാപാരക്കരാറിലെ പങ്കാളികളുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ദേശീയപാതകൾ, തുറമുഖങ്ങൾ, ടെലികോം സേവനങ്ങൾ, പെട്രോളിയം വിതരണം എന്നീ മേഖലകൾ ദീർഘകാല പാട്ടത്തിനു നൽകുന്ന അടിസ്ഥാനസൗകര്യപദ്ധതി സംബന്ധിച്ചാണ് അദ്ദേഹം പ്രമുഖ വ്യവസായികളുമായി ചർച്ച നടത്തിയത്. ആഗോള ബിസിനസ് സമൂഹവുമായി ഈ രണ്ടു മുതിർന്ന കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ചകളിലെ പ്രതികരണങ്ങളെ പിന്തുടർന്നാവും സാമ്പത്തികമേഖലാ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഹർദീപ് പുരി (പെട്രോളിയം), അശ്വിനി വൈഷ്ണവ് (റെയിൽവേ), നിതിൻ ഗഡ്കരി (ദേശീയപാത), ആർ.കെ.സിങ് (വൈദ്യുതി), പിയൂഷ് ഗോയൽ (വ്യവസായം) പ്രഹ്ലാദ് ജോഷി (കൽക്കരി, ഖനി) എന്നിവർ വിദേശനിക്ഷേപകരെ ആകർഷിക്കാനിറങ്ങുക. 

യുഎസ്, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ചൈനയുമായുള്ള സംഘർഷം മുതലെടുത്തു ചൈനയിൽനിന്നു നിക്ഷേപകരെ ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള വഴികളും നിർമലയും ജയശങ്കറും തേടുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നാകെ സ്വകാര്യവൽക്കരിക്കുമ്പോൾ ആ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ ആഭ്യന്തര നിക്ഷേപകർ മാത്രം പോരെന്നാണു ബിജെപി സർക്കാരിന്റെ വിലയിരുത്തൽ. പൊതുമേഖലയിൽനിന്നു സർക്കാരിന്റെ വലിയ തോതിലുള്ള പിന്മാറ്റം മോദി സർക്കാരിന് ആശയപരമായും സുപ്രധാനമാണ്. ജവാഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിൽനിന്നുള്ള വേർപിരിയൽ കൂടിയാണത്. അനുദിനം വർധിക്കുന്ന ചെലവുകൾക്ക് എളുപ്പം പണം കണ്ടെത്താൻ പൊതുമേഖലയുടെ വിറ്റഴിക്കൽ സഹായിക്കുമെന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.

എന്നാൽ, ഉദാരവൽക്കരണ നടപടികളുമായി ബന്ധപ്പെട്ടു രാജ്യത്തു രാഷ്ട്രീയ യോജിപ്പ് ഇല്ലാത്തതു സംബന്ധിച്ച അസുഖകരമായ ചോദ്യങ്ങളും വിദേശ നിക്ഷേപകർ നിർമല സീതാരാമനു മുൻപാകെ ഉന്നയിക്കുകയുണ്ടായി. ഉദാരവൽക്കരണ നയങ്ങളിലെ അസ്ഥിരതയാണ് അവരുടെ പ്രശ്നം. രാഷ്ട്രീയമാറ്റം ഉണ്ടായാൽ പുതിയ സർക്കാരിനു പൊതുമേഖലയിലെ ദീർഘകാലകരാറുകൾ റദ്ദാക്കാവുന്നതേയുള്ളൂ. ഇതു മാത്രമല്ല, ആർഎസ്എസിന്റെ ഭാഗമായ തൊഴിലാളി സംഘടന ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ എതിർപ്പാണുന്നയിക്കുന്നത്.  

രാജ്യാന്തര കുത്തകകളായ ആമസോൺ, വാൾമാർട്ട് എന്നിവരെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചില്ലറ വിൽപനമേഖലയിലെ മാർഗനിർദേശങ്ങളും അമേരിക്കൻ നിക്ഷേപകർക്കു രസിച്ചിട്ടില്ല. മറ്റൊന്നു ട്വിറ്ററിനെ ലക്ഷ്യമിട്ടു സർക്കാർ കൊണ്ടുവന്ന കർശന ഐടി നിയമങ്ങളാണ്. ഈ മൂന്നു കമ്പനികളും അമേരിക്ക ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്. നിക്ഷേപകരാറുകൾക്കു സർക്കാരിന്റെ ‘സോവ്റിൻ ഗാരന്റി’ ഉണ്ടാകുമെന്നു നിർമല സീതാരാമൻ പ്രതികരിച്ചു. വരുന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷവും തങ്ങൾ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി മുന്നോട്ടുപോകുന്നത്.

അടുത്ത വർഷം അവസാനത്തോടെ 6 പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ ഊർജിതമായി വിറ്റഴിക്കാനാണു കേന്ദ്ര സർക്കാർ തീരുമാനം. രണ്ടു ബാങ്കുകൾ, പെട്രോളിയം കമ്പനി, ജനറൽ ഇൻഷുറൻസ് കമ്പനി, വൈദ്യുതി കമ്പനി, ഖനി യൂണിറ്റ് എന്നിവയാണത്. 

യുഎസിൽ വിവിധ കോൺഫറൻസ് റൂമുകളിലും ഓഫിസുകളിലുമായി നടന്ന തുടർച്ചയായ ചർച്ചകൾക്കൊടുവിൽ നിർമല സീതാരാമൻ, ഇന്ത്യയുടെ യുഎസ് അംബാസഡർ തരൺജിത് സിങ് സന്ധുവിനൊപ്പം വാഷിങ്ടൻ തെരുവുകളിലൂടെ നടക്കാൻ പോയി. തെരുവോരത്തെ കഫേയിലിരുന്ന് കാപ്പിയും കുടിച്ചു. സർക്കാരിന്റെ വിറ്റഴിക്കൽ ദൗത്യവും ഈ സവാരിപോലെ അനായാസമാകുമെന്നാണു ധനമന്ത്രിയുടെ പ്രതീക്ഷ.

English summary: Nirmala Sitharaman's foreign visit to invite foreign investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com