ADVERTISEMENT

കേരളത്തിൽ ഈയിടെയുണ്ടായ വൻമഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന കുടിലിന്റെ കാര്യം എല്ലാവരുടെയും ശ്രദ്ധയിൽപെട്ടതാണല്ലോ. അതെക്കുറിച്ച് ഒരു ‘ചരിത്രകഥ’യും മിക്കവാറും എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും പ്രചരിച്ചു. 1859ൽ ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് സൈനിക ഓഫിസർ വില്യം കോർബി തന്റെ നവവധുവിനൊപ്പം താമസിക്കാൻ പണി കഴിപ്പിച്ചതാണു വെള്ളത്തിനു നടുവിലെ ആ കുടിൽ എന്നായിരുന്നു കഥ. കോർബിയും ഭാര്യയും കുടിലിനു മുന്നിൽ നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇപ്പോഴും ബ്രിട്ടിഷ് പാ‍ർലമെന്റിൽ സൂക്ഷിച്ചിട്ടുണ്ടെന്നു വരെ കഥയിലുണ്ട്. ആരും പെട്ടെന്നു വിശ്വസിച്ചു പോകുന്ന മട്ടിൽ വളരെ ആധികാരികമായാണ് ഇത് എഴുതിയത്.

ഇക്കഥ സത്യമല്ലെന്ന് ഇപ്പോൾ നമ്മളിൽ മിക്കവർക്കും അറിയാം. അതിരപ്പിള്ളിയിലെ ആ കുടിലിന് ഇപ്പറഞ്ഞ പഴക്കമില്ലെന്നും സിനിമാ ഷൂട്ടിങ്ങിനു വേണ്ടി ഏതാനും വർഷം മുൻപു നിർമിച്ചതാണെന്നും വാർത്തകൾ വന്നു. അപ്പോൾ, നമ്മളിൽ പലരും വിശ്വസിച്ചുപോയ ആ ചരിത്രകഥ എങ്ങനെയുണ്ടായി? ആ കുറിപ്പിലെ കുറച്ചു വാക്കുകൾ ഇന്റർനെറ്റിൽ സേർച് ചെയ്താൽ അതിന്റെ പ്രഭവസ്ഥാനം കണ്ടെത്താൻ കഴിയും. ഫെയ്സ്ബുക്കിൽ ജോസി ജയിംസ് എന്നയാൾ പോസ്റ്റു ചെയ്ത ആക്ഷേപഹാസ്യ കുറിപ്പാണിത്. ഫെയ്സ്ബുക്കിൽനിന്നു പുറത്തുവന്ന ആ തമാശ പോസ്റ്റ് പക്ഷേ, ആധികാരിക ചരിത്രമായി ഇപ്പോഴും വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്!

ആക്ഷേപഹാസ്യം ഒരു തെറ്റല്ല. ആളുകളെ ചിരിപ്പിച്ചുകൊണ്ടു ചിന്തിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പക്ഷേ, ആക്ഷേപഹാസ്യ രചനയുടെ പശ്ചാത്തലം മനസ്സിലാകാതെ ആളുകൾ അവ ആധികാരിക വിവരമോ വസ്തുതയോ ആയി തെറ്റിദ്ധരിക്കൻ സാധ്യതയേറെയാണ് എന്നതാണു സത്യം. അതുകൊണ്ടുതന്നെ ആക്ഷേപഹാസ്യത്തെ (Satire) വ്യാജവാർത്തകളിലെ ഒരു വിഭാഗമായി ഇപ്പോൾ കണക്കാക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങൾ വരുന്നതിനുമുൻപും ഇതു സംഭവിച്ചിട്ടുണ്ട്. പ്രശസ്ത അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ആലിസ് കൂപ്പറിന്റെ 1973ലെ ഒരു സംഗീതപരിപാടിയെക്കുറിച്ച് ‘മെലഡി മേക്കർ’ എന്ന പ്രസിദ്ധീകരണം കൊടുത്ത നിരൂപണം വ്യത്യസ്തമായിരുന്നു – ചരമക്കുറിപ്പിന്റെ രൂപത്തിൽ! ‘ആലിസ്: ഒരു ചരമക്കുറിപ്പ്’ എന്നായിരുന്നു ആ നിരൂപണത്തിന്റെ തലക്കെട്ടുതന്നെ! ഇതു വായിച്ച്, ആലിസ് കൂപ്പർ ശരിക്കും മരിച്ചെന്ന് ആരാധകർ കരുതി. ഒടുവിൽ ‘ഞാൻ ജീവിച്ചിരിക്കുന്നു, പതിവു പോലെ മദ്യപിക്കുന്നു’ എന്ന് കൂപ്പർ പത്രപ്രസ്താവനയിറക്കി. ആലിസ് കൂപ്പർ ഇപ്പോഴും ജീവിച്ചിരിക്കുന്നു!

ഇന്ന്, സാങ്കൽപികമായ ആക്ഷേപഹാസ്യ, പാരഡി വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്ന നൂറുകണക്കിന് ഓൺലൈൻ വെബ്സൈറ്റുകളുണ്ട് ലോകത്തെ മിക്ക ഭാഷകളിലും. അവയിൽ പലതും വളരെ ജനപ്രിയവുമാണ്. ഇവയിൽ പ്രസിദ്ധീകരിക്കുന്ന പല വാർത്തകളും യഥാർഥമാണെന്നു തെറ്റിദ്ധരിച്ച് മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച സംഭവങ്ങളുമുണ്ട്. സൗദി അറേബ്യയിലെ ഒരു ശതകോടീശ്വരൻ തന്റെ മകന്റെ പിറന്നാളിനു കളിവിമാനം വാങ്ങാൻ കൊടുത്ത ഓർഡർ അബദ്ധത്തിൽ യഥാർഥ വിമാനങ്ങളുടേതായിപ്പോയി എന്നതാണു സമീപകാലത്ത് ലോകമാകെ പല മാധ്യമങ്ങളും വീണുപോയ ഒരു പാരഡി വാർത്ത. എയർബസ് വിമാനക്കമ്പനിയോടു കോടീശ്വരൻ അവരുടെ യഥാർഥ വിമാനങ്ങളുടെ മാതൃകയിലുള്ള രണ്ടു ചെറിയ കളിവിമാനം ഉണ്ടാക്കിക്കൊടുക്കാൻ ഫോണിൽ ആവശ്യപ്പെട്ടു.

ഭാഷാപ്രശ്നം കാരണം കമ്പനിക്കാർ കരുതിയത് ഓ‍ർഡർ യഥാർഥ വിമാനങ്ങൾക്കാണെന്നാണ്. അതിധനികനായതുകൊണ്ട് ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊടുത്ത പണമെത്രയെന്നൊന്നും സൗദിയിലെ പിതാവു നോക്കിയില്ല. 2 മാസം കഴിഞ്ഞ് ‘വിമാനങ്ങൾ റെഡിയാണ്, പൈലറ്റുമാരുമായി വന്നു കൊണ്ടുപോകണം’ എന്ന് എയർബസ് കമ്പനിയിൽനിന്നു വിളിച്ചുപറഞ്ഞപ്പോഴാണ് സൗദി കോടീശ്വരന് അബദ്ധം മനസ്സിലായത്! – ഇതാണ് വാർത്ത.

ഇതു പല പ്രമുഖ വാർത്താ സൈറ്റുകളിലും പ്രസിദ്ധീകരിച്ചു വന്നു. എന്നാൽ, യാഥാർഥ്യം പിന്നാലെയാണു പുറത്തുവന്നത്. Thin Air Today എന്ന പാരഡി വാർത്താ സൈറ്റിൽ വന്ന തമാശ വാർത്തയായിരുന്നു സംഗതി! പ്രഭവകേന്ദ്രം ഏതാണെന്നു പരിശോധിക്കാതെ വാർത്ത കൊടുത്ത എല്ലാവരും വെട്ടിലായി. എങ്ങനെയാണ് ഇത്തരം വാർത്തകൾ തിരിച്ചറിയാൻ കഴിയുക?

ഒറ്റവായനയിൽത്തന്നെ വിശ്വസനീയമാണോ എന്നു ശ്രദ്ധിക്കുക. സൗദി കോടീശ്വരന്റെ കാര്യം വായിക്കുമ്പോൾത്തന്നെ നമുക്കൊരു പന്തികേടു തോന്നുമല്ലോ. സംശയം തുടരുകയാണെങ്കിൽ, കഥയിൽ പറയുന്ന ആളുകളും സന്ദർഭങ്ങളുമൊക്കെ യഥാർഥമാണോ എന്നു പരിശോധിക്കുക. ഉദാഹരണത്തിന് അതിരപ്പിള്ളി കഥയിലെ വില്യം കോർബിയെക്കുറിച്ചു സേർച് ചെയ്തു നോക്കാവുന്നതേയുള്ളൂ. അപ്പോൾ എളുപ്പത്തിൽ യാഥാർഥ്യം പിടികിട്ടും. ചിലതൊക്കെ ചിരിച്ചു തള്ളേണ്ടതാണ്; അതു നമ്മൾ തിരിച്ചറിയണം.

Content Highlights: Vireal, Athirappilly Water Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com