ADVERTISEMENT

‘ജയ് ഭീം’ എന്ന പുതിയ തമിഴ്ചിത്രം ജാതിവെറി വീണ്ടും ചർച്ചയിലെത്തിച്ചിരിക്കുന്നു. തമിഴ്നാട്ടിലെപ്പോലെ ക്രൂരമായ  ജാതിപ്പോര് കേരളത്തിലില്ല എന്ന വാദവും സമൂഹമാധ്യമ ചർച്ചകളിലുയരുന്നു. എന്നാൽ, ജാതിയുടെ പേരിലുള്ള അക്രമങ്ങൾ തമിഴ്നാട്ടിൽ കുറയുമ്പോൾ കേരളത്തിലത് ദേശീയ ശരാശരിയിലും മുകളിലാണ് എന്നതാണു സത്യം

ഒടിടിയിൽ അടുത്തിടെ റിലീസ് ചെയ്ത ‘ജയ് ഭീം’ തമിഴ്നാട്ടിൽ 1990കളിൽ നിലവിലുണ്ടായിരുന്ന (ഇപ്പോഴും ശമിക്കാത്ത) ജാതിവെറിയുടെ നേർച്ചിത്രമാണു കാഴ്ചവച്ചത്. പട്ടികവർഗക്കാരായ ഇരുളരിൽപെട്ട നിരപരാധിയായ ഒരാളെ മോഷ്ടാവാണെന്നു പൊലീസ് മുദ്രകുത്തുകയും പൊലീസ് മർദനത്തിൽ അയാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. അയാൾ ജയിൽചാടി ഒളിവിൽപോയി എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ, സമർഥനായ വക്കീൽ ചന്ദ്രു (സൂര്യയുടെ കഥാപാത്രം) മദ്രാസ് ഹൈക്കോടതിയിൽ സത്യം പുറത്തുകൊണ്ടുവരുന്നു. കൂടല്ലൂർ ജില്ലയിൽ 1990കളിൽ നടന്ന സംഭവത്തെ ആധാരമാക്കി നിർമിച്ച ഈ ചിത്രത്തിന്  ‘രാജൻ കേസു'മായി സാദൃശ്യമുണ്ട്. ഹൈക്കോടതിയിൽ സാക്ഷികളെ വിചാരണ ചെയ്യുക എന്ന അത്യപൂർവമായ നടപടിക്കു രാജൻ കേസിന്റെ വിധിയാണു ചന്ദ്രു ഉദാഹരണമായി കോടതിയുടെ മുൻപിൽ വച്ചത്. 

ഒടിടിയിൽ വലിയ വിജയമായ ചിത്രം സമൂഹമാധ്യമങ്ങളിൽ തിരികൊളുത്തിവിട്ട ചർച്ചകളിലൊന്ന് തമിഴ്നാടിനെപ്പോലെ ക്രൂരമായ ജാതിപ്പോര് കേരളത്തിലില്ല എന്നതായിരുന്നു. ഒറ്റനോട്ടത്തിൽ ഇതു സത്യമാണെന്നു തോന്നാം. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലെ വിവിധ ജാതികൾക്കിടയിലുണ്ടായിരുന്ന നവീകരണശ്രമങ്ങളും സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയിലെ ഏറ്റവും കർക്കശമായ ജാതിവ്യവസ്ഥ നിലനിന്നിരുന്ന കേരളത്തെ മാറ്റിയെടുത്തത്. നവോത്ഥാനം എന്ന പേരിലാണ് ഈ സാമൂഹികപരിഷ്കരണ മുന്നേറ്റം ഇപ്പോൾ അറിയപ്പെടുന്നത്. 

എന്നാൽ കേരളത്തിൽ ജാതി ഇല്ലാതായിട്ടില്ല. നവോത്ഥാനപ്രസ്ഥാനം മറവിയിലേക്കു മറയുമ്പോൾ കേരളത്തിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങൾ കൂടിയെന്നാണു കണക്കുകൾ കാണിക്കുന്നത്. 

പട്ടികജാതിക്കാർക്കു നേരെ നടന്ന അക്രമങ്ങളുടെ കാര്യത്തിൽ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. 2018-2020 കാലയളവിലെ കേസുകളുടെ കണക്കനുസരിച്ച് കേരളത്തിൽ ഒരു ലക്ഷം പട്ടികജാതിക്കാരിൽ ശരാശരി 27.8 പേർക്കുനേരെയാണ് അക്രമം നടന്നത്. തമിഴ്നാട്ടിൽ ഈ നിരക്ക് 8.8 മാത്രമാണ്. ദേശീയ ശരാശരിയെക്കാൾ (25.5) കൂടുതലാണു കേരളത്തിലെ നിരക്ക്. 

ns-madhavan
എൻ.എസ്.മാധവൻ

രാജ്യത്ത് പട്ടികജാതിക്കാർ ഏറ്റവും അരക്ഷിതരായ സ്ഥലങ്ങളിൽ ഒന്നാണ് കേരളം  എന്നാണ് ഇതു വ്യക്തമാക്കുന്നത്. കേരളത്തിൽ പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ കൂടി വരികയാണ് എന്നതാണ് ഇതിലും ആശങ്കാജനകമായ കാര്യം. തമിഴ്നാട്ടിൽ പക്ഷേ, ഇതു കുറയുകയാണ്. 2015ൽ കേരളത്തിലെ പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ലക്ഷത്തിൽ 24.7 ആയിരുന്നെങ്കിൽ തമിഴ്നാട്ടിലത് 12.3 ആയിരുന്നു. കേസുകൾ കുറച്ചുകൊണ്ടുവന്ന് 8.8ൽ എത്തിച്ച തമിഴർക്കാണു മലയാളികളെക്കാൾ ഏറെ അഭിമാനിക്കാനുള്ളത്. 

‘ജയ് ഭീം’, ‘പരിയേറും പെരുമാൾ’ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ അനാവൃതമായ ക്രൂരമായ ജാതിവൈരാഗ്യം കേരളത്തിൽ പ്രകടമായി കാണാത്തതു ജാതി ഇല്ലാതിരുന്നിട്ടല്ല, പട്ടികജാതികൾ ഉയരാതിരിക്കാൻ ഉച്ചജാതികൾ സമർഥമായി അവരുടെ തലയ്ക്കുമേൽ അദൃശ്യമായ പളുങ്കുവിതാനങ്ങൾ നിർമിച്ചതിനാലാണ്. വർണവിവേചനത്തിൽനിന്നു നിയമപരമായി മോചിതരായ യുഎസിലെ കറുത്ത വർഗക്കാരും ഉന്നതവിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങിയ മേഖലകളിൽ  ഇത്തരം പളുങ്കുവിതാനങ്ങൾ നേരിടുന്നു. എംജി സർവകലാശാലയിൽ ഗവേഷണം തുടരുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ട ദീപ മോഹനൻ എന്ന ദലിത് ഗവേഷക വിദ്യാർഥിനി, കേരളത്തിലെ വളരുന്ന ജാതിവിവേചനത്തിന്റെ മറ്റൊരു സമീപകാല ഉദാഹരണമാണ്. 

letters

ലോകം മാറിയില്ല; പക്ഷേ, മലയാളം മാറി

പാഠപുസ്തകങ്ങളിൽനിന്നു മലയാള അക്ഷരമാല അപ്രത്യക്ഷമായി എന്നതു സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. കേരളത്തിലെ പ്രമുഖരായ ഭാഷാപണ്ഡിതർ എതാണ്ട് ഒറ്റക്കെട്ടായി ഈ നീക്കത്തെ എതിർത്തിട്ടുണ്ട്. എന്തുകൊണ്ട് ഒന്നാംക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് അക്ഷരമാല മാറ്റിനിർത്തി എന്ന ചോദ്യത്തിന് അധികൃതർക്കു പറയാനുള്ളത് ആധുനിക ഭാഷാപഠനം അങ്ങനെ ആണെന്നതാണ്. അക്ഷരമാലയിൽനിന്നു ഭാഷ പഠിക്കാൻ തുടങ്ങുക എന്ന ക്രമത്തെ തിരിച്ചിടുക എന്നതാണു കൂടുതൽ ശാസ്ത്രീയം എന്ന് അവർ പറയുന്നു. വാക്കുകളും വാക്യങ്ങളും പ്രയോഗിക്കുന്നതു പഠിക്കുമ്പോൾ കുട്ടികൾ ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടും; പിന്നെ തന്നത്താൻ അവർ അക്ഷരമാല കണ്ടെത്തി പഠിച്ചോളും എന്നാണു വാദം. വാദം മാത്രമല്ല, ഈ പരിഷ്കാരം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു.

പ്രാഥമിക പാഠപുസ്തകത്തിലൂടെ (കേരളത്തിൽ ഒന്നാംക്ലാസിലെ പാഠപുസ്തകം) എല്ലായിടത്തും എപ്പോഴും അക്ഷരമാല പഠിപ്പിച്ചിരുന്നു. ആദ്യത്തെ പ്രാഥമികപാഠപുസ്തകമായി കണക്കാക്കുന്നതു പതിനഞ്ചാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ലത്തീൻ ഭാഷയിലുള്ള ‘എൻഷെഡെ എബിസിഡെറിയം’ ആണ്. 1680കളിൽ ഇംഗ്ലിഷ് ഭാഷയിൽ ‘ദ് ന്യൂ ഇംഗ്ലണ്ട് പ്രൈമർ’ പുറത്തിറങ്ങി. തുടർന്നു പല ഭാഷകളിലും പ്രാഥമിക പുസ്തകങ്ങൾ പുറത്തുവന്നു. ഇവയുടെയെല്ലാം ലക്ഷ്യം അക്ഷരമാല പഠിപ്പിക്കുക എന്നതായിരുന്നു. ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇപ്പോഴും ആ പതിവ് തുടരുന്നു. 

1970കൾ മുതൽ ഇംഗ്ലിഷ് ഭാഷയെ ചുറ്റിപ്പറ്റി ഒരു വാദം കടന്നുവന്നു: അക്ഷരങ്ങളുടെ പേരുകൾ (അക്ഷരമാല) പഠിപ്പിക്കണോ അതോ അക്ഷരങ്ങളുടെ ശബ്ദങ്ങൾ പഠിപ്പിക്കണോ? ഇംഗ്ലിഷിൽ സാംഗത്യമുള്ള ഒരു പ്രശ്നമാണിത്. ഉദാഹരണത്തിനു ‘ഡബ്ല്യു’ തുടങ്ങിയ അക്ഷരങ്ങളുടെ പേരും അവയുടെ ഉച്ചാരണവും കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമായിരുന്നു. എ, ഇ, ഐ, ഒ, യു, സി, ജി തുടങ്ങിയ അക്ഷരങ്ങളുടെ പേരുകളും അവയുടെ ഉച്ചാരണവുമായി പലപ്പോഴും ബന്ധമുണ്ടാകാറില്ല. അതുകൊണ്ട് ഇംഗ്ലിഷിൽ അക്ഷരമാലയ്ക്കു പകരം അവയുടെ ശബ്ദങ്ങൾ പഠിപ്പിക്കുകയാണു നല്ലതെന്ന് ഒരു കൂട്ടർ വാദിച്ചു. ഈ വിഷയത്തിൽ പല പ്രബന്ധങ്ങളും എഴുതപ്പെട്ടു; വിഷയത്തെ കൂലങ്കഷമായി പഠിച്ച് അവതരിപ്പിച്ച പ്രബന്ധം 2005ൽ ജീൻ ഫൂൽ പുറത്തിറക്കിയതാണ്. അദ്ദേഹം കുട്ടികളെ അക്ഷരമാലയും അക്ഷരങ്ങളുമായി ബന്ധപ്പെട്ട ശബ്ദങ്ങളും പഠിപ്പിക്കണമെന്നും ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പറഞ്ഞു. 

അതായത്, വിദഗ്ധർ ഇപ്പോഴും ഒരു യോജിപ്പിൽ എത്താത്ത വിഷയമാണിത്. അപ്പോഴാണ് എടുപിടിയെന്ന മട്ടിൽ കേരളത്തിൽ അതു നടപ്പിലാക്കിയത്. ഈ വിഷയത്തിൽ നമുക്കു പ്രാപ്യമായ എല്ലാ പഠനങ്ങളും ഇംഗ്ലിഷ് ഭാഷയെക്കുറിച്ചുള്ളതാണ് എന്നതാണു മറ്റൊരു പ്രധാനകാര്യം. ഇംഗ്ലിഷ് പോലെയല്ല മലയാളമെന്നു പറയേണ്ടതില്ലല്ലോ. മലയാളത്തിലെ മിക്കവാറും എല്ലാ അക്ഷരങ്ങളും എഴുതുന്നതുപോലെ തന്നെയാണു വായിക്കുന്നതും. അതായത് അക്ഷരങ്ങളുടെ പേരുകൾ പോലെ തന്നെയാണ് അവയുടെ ശബ്ദങ്ങളും. പിഞ്ചുപൈതങ്ങളെ പാതിവെന്ത സിദ്ധാന്തങ്ങൾ പരീക്ഷിക്കാനുള്ള ഗിനിപ്പന്നികളാക്കാതെ അക്ഷരമാല ഉടൻ പ്രാഥമികപാഠപുസ്തകത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്. 

സ്കോർപിയൺ കിക്ക്

ബേബി ഡാമിലെ മരംമുറി സംബന്ധിച്ചു ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തു.

അങ്ങനെ ബലിയാട് വൈൽഡ്‌ലൈഫ്  ആയി.

English Summary: Jai Bhim movie and religious discrimination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com