ഇപിഎഫ് പെൻഷനിലെ കേന്ദ്ര നിലപാട് മനുഷ്യാവകാശ ലംഘനം

pension.
SHARE

തൊഴിലെടുത്തു ജീവിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാനാണ് 1952ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമവും 1995ലെ എംപ്ലോയീസ് പെൻഷൻ പദ്ധതിയും രാജ്യത്തു നടപ്പാക്കിയത്. പെൻഷൻ പദ്ധതി അവതരിപ്പിക്കുമ്പോൾ അന്നത്തെ തൊഴിൽ മന്ത്രി ജി.വെങ്കടസ്വാമി പ്രഖ്യാപിച്ചതു പത്തുവർഷം കൂടുമ്പോൾ പദ്ധതി പരിഷ്കരിക്കുമെന്നും കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുമെന്നുമാണ്.

എന്നാൽ, നിയമനിർമാണത്തിന്റെ ലക്ഷ്യങ്ങൾക്കു വിരുദ്ധവും മനുഷ്യത്വരഹിതവുമായ നിലപാടാണ് ഇപിഎഫ് പെൻഷൻകാരോടു കേന്ദ്രസർക്കാരിനുള്ളത്. പാർലമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുക സർക്കാരിന്റെ ചുമതലയാണ്. ഈ വ്യവസ്ഥകൾ ലംഘിക്കുകയാണു സർക്കാർ ചെയ്തത്. ഇതിനെതിരെ തൊഴിലാളികൾ കോടതിയെ സമീപിച്ചു. പെൻഷൻകാരുടെ അവകാശങ്ങൾ കോടതി സ്ഥാപിച്ചു നൽകി. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും തൊഴിലാളികൾക്കും പെൻഷൻകാർക്കും അനുകൂലമായി വിധി പ്രസ്താവിച്ചു. വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നൽകിയ സ്പെഷൽ ലീവ് പെറ്റീഷനും സുപ്രീം കോടതി തള്ളി.

ദീർഘനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ അനുകൂലമായ വിധി കേരള ഹൈക്കോടതിയിൽ നിന്നും തുടർന്ന് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായപ്പോൾ തൊഴിലാളികളും പെൻഷൻകാരും ആശ്വസിച്ചു. എന്നാൽ, നീതി നിഷേധിക്കുന്ന നിലപാടാണു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. തൊഴിലാളികൾക്കും പെൻഷൻകാർക്കുമെതിരെ പരോക്ഷമായ യുദ്ധപ്രഖ്യാപനമാണു സർക്കാർ നടത്തിയത്. 

ഇപിഎഫ്ഒയുടെ അപ്പീൽ തള്ളിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നേരിട്ടു ഹർജി സമർപ്പിച്ചാണ് ഇപ്പോൾ കേസ് നടത്തുന്നത്. പിന്തിരിപ്പൻ സ്വകാര്യ മാനേജ്മെന്റുകളെപ്പോലും ലജ്ജിപ്പിക്കുന്ന നടപടി. കേസ് വാദം കേട്ടു വിധി പ്രഖ്യാപനം ഉണ്ടായാൽ പെൻഷൻകാർക്കു യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകേണ്ടി വരുമെന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. ഇപ്പോൾ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവി പോലുമില്ലാത്ത പരിഹാരമാണ്.

2016 ഒക്ടോബർ നാലിന് ആർ.സി. ഗുപ്തയുടെ കേസിലുണ്ടായ വിധിന്യായത്തിൽ പിശകുള്ളതിനാൽ വിശാല ബെഞ്ചിനു വിടണമെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ഒരു വാദം. ഭരണഘടനാ ബെഞ്ചിനോ വിശാല ബെഞ്ചിനോ വിട്ട് പുനഃപരിശോധന നടത്തേണ്ട ഭരണഘടനാ പ്രശ്നങ്ങളൊന്നും വിധിയിലില്ല. നിലവിലെ നിയമവ്യവസ്ഥകൾ പ്രകാരം യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ എന്ന അവകാശം നിരാകരിക്കാൻ കഴിയില്ല എന്നതു മാത്രമാണു വിധിയുടെ അന്തഃസത്ത. വിശാല ബെഞ്ചിനു വിടണമെന്ന വാദം ഉന്നയിക്കുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. വയോധികരായ പെൻഷൻകാരിൽ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതകാലയളവിൽ സുപ്രീം കോടതിയിൽ നിന്നു വിധിയുണ്ടാകാതെ നടപടികൾ നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രം. ഇത്തരം കുടിലതന്ത്രങ്ങൾ സർക്കാരിനു ഭൂഷണമാണോ? ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ ഭരണകൂടം ചെയ്യാൻ പാടില്ലാത്ത തൊഴിലാളിദ്രോഹ സമീപനമാണിത്.

nk-premachandran-5
എൻ.കെ.പ്രേമചന്ദ്രൻ എംപി

അരലക്ഷം കോടി എന്തിനുവേണ്ടി?

ഉയർന്ന പെൻഷൻ നൽകിയാൽ സർക്കാർ പാപ്പരാകും എന്ന വാദവും അസ്ഥാനത്താണ്. ഒന്നാം മോദി സർക്കാരിന്റെ കാലയളവിലും രണ്ടാം സർക്കാരിന്റെ ഇതുവരെയുള്ള കാലയളവിലും കോർപറേറ്റുകൾക്കു നൽകിയിട്ടുള്ള ഇളവുകളും സൗകര്യങ്ങളും ആനുകൂല്യങ്ങളും സൗജന്യങ്ങളും കണക്കുകൂട്ടണം. തൊഴിലാളികളുടെയും പെൻഷൻകാരുടെയും അവകാശം സ്ഥാപിച്ചു നൽകാൻ കോർപറേറ്റുകൾക്കു നൽകിയ അത്രയും തുക വേണ്ടി വരില്ല. അവകാശികളില്ലാതെ ഇപിഎഫ് പെൻഷൻ ഫണ്ടിൽ അവശേഷിക്കുന്ന അരലക്ഷത്തിലേറെ കോടി രൂപ എന്തിനുവേണ്ടി വിനിയോഗിക്കുമെന്നും വ്യക്തമാക്കണം.

നിയമം അനുശാസിക്കുന്നതും കോടതികൾ സാധൂകരിക്കുന്നതുമായ ക്ഷേമപദ്ധതികൾ സാമ്പത്തികബാധ്യതയാണെന്നു കണ്ട് ഉത്തരവാദിത്തത്തിൽ നിന്നു പിന്മാറാനാണു സർക്കാർ ശ്രമിക്കുന്നത്. ഇത്തരത്തിൽ സർക്കാർ പിന്മാറിയാൽ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്താവും ? തൊഴിലുറപ്പു പദ്ധതിയും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ക്ഷേമ പദ്ധതികളും ആരോഗ്യ പദ്ധതികളും സൗജന്യവിദ്യാഭ്യാസവും ചികിത്സയും ശുദ്ധജലവിതരണവും തുടങ്ങി സർക്കാരിനു ബാധ്യതയുള്ള നൂറുകണക്കിനു പദ്ധതികളാണു രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇവയിൽനിന്നെല്ലാം പിന്മാറാനാണു നീക്കം. 

സർക്കാർ ആശുപത്രികളുടെയും ശുദ്ധജലപദ്ധതികളുടെയും റോഡ്, റെയിൽ മേഖലകളുടെയുമൊക്കെ സ്വകാര്യവൽക്കരണത്തിന്റെ പിന്നിലുള്ള നയം ഇതുതന്നെയാണ്. കോവിഡ്  വാക്സീൻ നൽകുന്നതിനും സർക്കാർ പിന്നോട്ടു തന്നെയായിരുന്നു. സുപ്രീം കോടതി പിടിമുറുക്കിയപ്പോൾ സൗജന്യമായി നൽകാൻ നിർബന്ധിതരായി. ഇപിഎഫ് കേസിൽ ഉയർന്ന പെൻഷൻ എന്ന നിയമബാധ്യതയിൽ നിന്നു വിടുതൽ കിട്ടുന്ന വിധിന്യായം വിശാല ബെഞ്ചിൽ നിന്നു സമ്പാദിച്ചാൽ അതിന്റെ ചുവടുപിടിച്ചു വിവിധ മേഖലകളിലെ ക്ഷേമ പദ്ധതികളിൽ നിന്നു ബാധ്യത ഒഴിഞ്ഞു കിട്ടുമോ എന്ന പരീക്ഷണത്തിലാണു കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ നിയമയുദ്ധം ഇപിഎഫ് പെൻഷൻകാർക്കെതിരെ മാത്രമല്ലെന്നു ചുരുക്കം. 

അന്തസ്സായി ജീവിക്കാൻ അവസരം നൽകണം 

ഇപിഎഫ് നിയമത്തിന്റെയും പെൻഷൻ പദ്ധതിയുടെയും ഉദ്ദേശ്യവും ലക്ഷ്യവും നിയമനിർമാണത്തിന്റെ അന്തഃസത്തയും നിരാകരിക്കുന്നതാണ് 2014 മുതലുള്ള ഇപിഎഫ്ഒ ഉത്തരവുകൾ. നിയമവ്യവസ്ഥകൾക്കു വിരുദ്ധമായി പുറപ്പെടുവിച്ച ഉത്തരവുകൾ കോടതി റദ്ദാക്കി. വിലക്കയറ്റവും ജീവിതചെലവുകളിൽ വർധനയും ഉണ്ടായിട്ടും നാമമാത്ര പെൻഷൻ പറ്റുന്ന ഇപിഎഫ് പെൻഷൻകാരുടെ ജീവിതയാതനകൾ സർക്കാർ കണ്ടില്ലെന്നു നടിച്ചപ്പോഴാണ് ഇതുസംബന്ധിച്ച സ്വകാര്യ പ്രമേയം ഞാൻ പാർലമെന്റിൽ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവംകൊണ്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിച്ചു. 

മിനിമം പെൻഷൻ വർധിപ്പിക്കുക, കമ്യൂട്ടേഷൻ ആനുകൂല്യം പരിഷ്കരിക്കുക, കമ്യൂട്ട് ചെയ്ത തുക ഈടാക്കിക്കഴിഞ്ഞാൽ മുഴുവൻ പെൻഷൻ പുനഃസ്ഥാപിക്കുക, അവകാശികളില്ലാതെ കിടക്കുന്ന ഫണ്ട് ക്ഷേമ പദ്ധതിക്കായി വിനിയോഗിക്കുക, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ അനുവദിക്കുക തുടങ്ങിയവയായിരുന്നു ഉന്നയിച്ച ആവശ്യങ്ങൾ.  വളരെ വിശദമായി സഭ പ്രമേയം ചർച്ച ചെയ്തു. ഒട്ടേറെ ഉറപ്പുകൾ പാർലമെന്റിൽ നൽകി. ഇപിഎഫ് സമഗ്ര പരിഷ്കരണത്തിനായി ഹൈ എംപവേഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. മിനിമം പെൻഷൻ വർധന ഉൾപ്പെടെ കേന്ദ്ര സർക്കാരിനു ശുപാർശ നൽകി. കഴിഞ്ഞ സർക്കാരിനു നൽകിയ ശുപാർശ നടപ്പാക്കാൻ ഇതുവരെ നടപടിയില്ല. തൊഴിലാളി വിഹിതവും തൊഴിലുടമാ വിഹിതവും ചേർത്തു സമാഹരിക്കുന്ന തുകയോടൊപ്പം സർക്കാരിന്റെ കൂടി സഹകരണമുണ്ടെങ്കിൽ അടിയന്തരാവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തുക പെൻഷനായി നൽകാൻ കഴിയും. വയോധികരുടെ ജീവിതത്തിന്റെ അവസാനനാളുകളിൽ അന്തസ്സായി ജീവിക്കാനുള്ള അവസരമുണ്ടാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അതു നിഷേധിക്കുന്നതു മനുഷ്യാവകാശ ലംഘനമാണ്. പാർലമെന്റിലെ അംഗബലം അശരണരായ ജനവിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്നതിനുള്ള അംഗീകാരമാണെന്ന തെറ്റിദ്ധാരണയിലാണു സർക്കാർ.

തൊഴിൽരംഗത്തു മാതൃകയാകേണ്ട സർക്കാർ തൊഴിലാളികളെയും പെൻഷൻകാരെയും തോൽപിക്കാൻ സുപ്രീംകോടതിയിലെ കേസ് നീട്ടുന്നത് അവസാനിപ്പിക്കണം. 

ഇപിഎഫ് പെൻഷൻകാരുടെയോ തൊഴിലാളികളുടെയോ മാത്രം പ്രശ്നമായി വിഷയത്തെ സമൂഹം വിലയിരുത്തിയാൽ ഫലം തിക്തമായിരിക്കും. ഇപിഎഫ് പെൻഷൻകാരിൽ നിന്നും തുടങ്ങി മറ്റു പെൻഷൻകാരിലേക്കും വിവിധ ക്ഷേമ പദ്ധതികളിലേക്കും ഈ നയം സർക്കാർ നടപ്പാക്കും. ഫലത്തിൽ ക്ഷേമ രാഷ്ട്രമെന്ന അടിസ്ഥാന തത്വത്തിൽ നിന്നുതന്നെ പിൻവലിയും. സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ നിന്നും സാമ്പത്തികബാധ്യത പറഞ്ഞ് തലയൂരാൻ അവസരം നൽകിയാൽ രാജ്യത്തിന്റെ തന്നെ നിലനിൽപിനു ദോഷകരമായ നയപരിപാടികളുമായി സർക്കാർ മുന്നേറും. അതിനെതിരെ പ്രതിരോധം തീർക്കാൻ രാജ്യം ഒറ്റക്കെട്ടായി സംഘടിക്കേണ്ട സമയമാണിത്.

പെൻഷൻ കേസ് ഇനി ഉയർന്ന ബെഞ്ചിൽ

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ  കേന്ദ്രസർക്കാരും ഇപിഎഫ്ഒയും നൽകിയ ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.  പിഎഫ് പെൻഷന് 15,000 രൂaപ ശമ്പള പരിധി നിശ്ചയിച്ച വ്യവസ്ഥ  2018ൽ ആണ് ഹൈക്കോടതി റദ്ദാക്കിയത്. അതുപ്രകാരം ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കണം. ഇതിനെതിരെ പിഎഫ് കമ്മിഷണർ സുപ്രീം കോടതിയെ സമീപിച്ചു. പിഎഫ് കമ്മിഷണറുടെ ഹർജി 2019 ഏപ്രിലിൽ സുപ്രീം കോടതി തള്ളി. പിഎഫ് കമ്മിഷണർ പുനഃപരിശോധനാ ഹർജി നൽകി. സമാന്തരമായി, തൊഴിൽ മന്ത്രാലയവും ഹർജി നൽകി. ഇരുഹർജികളും പരിശോധിച്ച സുപ്രീംകോടതി, കേരള ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞ ഓഗസ്റ്റിൽ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA