ചരിത്രത്തിലെ രക്തം കിനിയുന്ന അധ്യായം, സമാനതകളില്ലാത്ത ക്രൂരത: വാഗൺ ട്രാജഡി

wagon-tragedy
വര: ബേബിഗോപാൽ
SHARE

ചരിത്രത്തിലെ രക്തം കിനിയുന്ന അധ്യായമാണു വാഗൺ ട്രാജഡി. മദ്രാസ് – ദക്ഷിണ മറാഠ റെയിൽവേയുടെ മദ്രാസ് മെയിലിൽ ഘടിപ്പിച്ച വാഗൺ നിസ്സഹായരായ 100 മനുഷ്യരുമായി തിരൂരിൽനിന്ന് കോയമ്പത്തൂരിലെ പോത്തന്നൂരിലേക്ക് അഞ്ചേകാൽ മണിക്കൂർ യാത്ര നടത്തിയത് ഇന്നേക്ക് 100 വർഷം മുൻപാണ്; 1921 നവംബർ 19ന്. മായാത്ത ആ ചോരപ്പാടിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തിയെന്നു വിലയിരുത്തുകയാണ് 3 ചരിത്രകാരന്മാർ.

സമാനതകളില്ലാത്ത ക്രൂരത

ഡോ. പി.പി.അബ്ദുൽ റസാഖ് (കേരള ചരിത്ര കൗൺസിൽ അംഗം)

ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു വാഗൺ കൂട്ടക്കൊല. 70 പേർ രക്തസാക്ഷികളായി എന്നതു മാത്രമല്ല, അതിന്റെ ഭയാനകത കൂടിയാണു ദുരന്തത്തെ സമാനതകളില്ലാത്തതാക്കി മാറ്റുന്നത്. കൂട്ടക്കുരുതിക്കുള്ള ആയുധമായി മാറിയ വാഗണിൽനിന്നു രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ അനുഭവ സാക്ഷ്യത്തിലുണ്ട് അതിന്റെ ഭീകരത. ‘‘മത്തി വറ്റിച്ച പോലെ ഉണ്ടായിരുന്നു. മലം, മൂത്രം, രക്തം, വിയർപ്പ് തുടങ്ങിയ ‘മസാലകൾ’ ചേർത്തുള്ള വറ്റിക്കൽ’’. അഹമ്മദ് ഹാജി പിന്നീടു ദുരന്തം ഓർത്തെടുത്തത് ഇപ്രകാരമാണ്. 

ബ്രിട്ടിഷ് സാമ്രാജ്യത്വ ക്രൂരതയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണു വാഗൺ കൂട്ടക്കൊലയെന്നതിന് ഈ അനുഭവം സാക്ഷി പറയും. എൽവി 1711 എന്ന വാഗണിൽ അന്നു ശ്വാസംമുട്ടി മരിച്ച രക്തസാക്ഷികളുടെ പട്ടിക സൂക്ഷ്മവായനയ്ക്കു വിധേയമാക്കിയാൽ പല ചരിത്രസത്യങ്ങളും തെളിഞ്ഞു കാണാം. വാഗൺ രക്തസാക്ഷികളുൾപ്പെടെ മലബാർ സമര പോരാളികളുടെ പേരുകൾ രക്തസാക്ഷി പട്ടികയിൽനിന്നു നീക്കംചെയ്യാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) പറഞ്ഞ കാരണം റദ്ദാക്കാനുള്ള ശക്തി ആ പേരുകൾക്കുണ്ട്. മലബാർ കലാപം സ്വാതന്ത്ര്യ സമരമായിരുന്നില്ല, വർഗീയ ലഹളയായിരുന്നു എന്നാണ് ഐസിഎച്ച്ആർ ഉയർത്തിയ വാദം. എന്നാൽ, വാഗൺ കൂട്ടക്കൊലയിൽ വീരമൃത്യു വരിച്ചവരുടെ പട്ടികയിലുള്ള മേലേടത്ത് ശങ്കരൻ നായർ (പാട്ടക്കുടിയാൻ), കുന്നപ്പള്ളി അച്യുതൻ നായർ (പാട്ടക്കുടിയാൻ), തട്ടാൻ ഉണ്ണിപ്പുറയൻ (സ്വർണപ്പണിക്കാരൻ) എന്നിവരുടെ പേരുകൾ മലബാർ കലാപവും വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പല പ്രചാരണങ്ങൾക്കുമുള്ള മറുപടിയാണ്.

രക്തസാക്ഷികളായ 70 പേരിൽ 51 പേരും പാട്ടക്കുടിയാന്മാരോ കർഷകത്തൊഴിലാളികളോ ആണ്. ബാക്കിയുള്ളവർ ചെറുകിട ചായക്കച്ചവടക്കാരും മതാധ്യാപകരും. 1000 രൂപയുടെ സ്വത്ത് സ്വന്തമായി ഉള്ളവർ 3 പേർ മാത്രം. പട്ടിണി ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നിസ്വരായ കീഴാള മനുഷ്യരെയാണു കലാപത്തിന്റെ മുഖ്യപങ്കാളിത്തത്തിൽ കാണാനാകുക.

abdul-rasaq
ഡോ. പി.പി.അബ്ദുൽ റസാഖ്

രക്തസാക്ഷികളായ എഴുപതിൽ 41 പേരും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം, ചെമ്മലശ്ശേരി ഗ്രാമങ്ങളിൽനിന്നുള്ളവരായിരുന്നു. ഈ 41 പേരും വളപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസല്യാർ എന്ന സൂഫി ഗുരുവിന്റെ മുരീദുമാർ (അനുയായികൾ) ആയിരുന്നു എന്നും അദ്ദേഹത്തെ ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ പെരിന്തൽമണ്ണയിൽ തടിച്ചുകൂടിയ വേളയിൽ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്നുമാണു ലഭ്യമായ ചരിത്രം. ഇവരാണു പിന്നീട് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. രക്തസാക്ഷിപ്പട്ടികയിൽ ചിലരുടെ പേരിനൊപ്പം ‘ആശാരിത്തൊപ്പിയിട്ട അയമദ്, ‘തട്ടാൻതൊപ്പിയിട്ട അയമദ്സ്’ തുടങ്ങിയ വിശേഷണങ്ങൾ കാണുന്നുണ്ട്. അക്കാലത്തെ മലബാറിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ആ വിശേഷണങ്ങൾ.

അവരിപ്പോഴും വെയിലത്ത്

ഡോ.പി.ശിവദാസൻ (കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രഫസർ)

വാഗൺ കൂട്ടക്കൊലയ്ക്കെതിരെ ന്യൂയോർക്ക് ട്രിബ്യൂൺ ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നപ്പോൾ വിഷയം മദ്രാസ് അസംബ്ലിയിൽ ചർച്ച ചെയ്യാൻ ബ്രിട്ടിഷുകാർ നിർബന്ധിതരായി. ചർച്ചയ്ക്കിടെ അവർ സമ്മതിച്ച ഒരു കാര്യം ശ്രദ്ധേയമാണ്. 1921 സെപ്റ്റംബർ 2 മുതൽ ഒട്ടേറെത്തവണ തടവുകാരെ വാഗണുകളിൽ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയെങ്കിൽ, നവംബർ 19ന് 70 പേർ കൊല്ലപ്പെട്ട സംഭവം ഒട്ടേറെ വാഗൺ കൂട്ടക്കൊലകളിൽ ഒന്നു മാത്രമാകണം. ബ്രിട്ടിഷ് ഭരണകൂടം ഊഹിക്കാനാകാത്ത ക്രൂരകൃത്യങ്ങളിലൂടെയാണ് അധികാരം നിലനിർത്തിയതെന്നതിനും അതിനെ ജന്മിമാരും ഭൂപ്രഭുക്കളുമുൾപ്പെടെയുള്ളവർ പിന്തുണച്ചിരുന്നുവെന്നതിനും ചരിത്രത്തിൽ പല തെളിവുകളുമുണ്ട്. അക്കൂട്ടത്തിൽ ചോരകൊണ്ടെഴുതിയ തെളിവാണു വാഗൺ കൂട്ടക്കൊല.

മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച തടവുകാരെ ബെള്ളാരി ജയിലിലേക്കയയ്ക്കണം. എങ്ങനെ കൊണ്ടുപോകുമെന്ന ആലോചനയ്ക്കിടെ, റെയിൽവേ ഇൻസ്പെക്ടർ റീവ്‌സാണ് ഒഴിഞ്ഞ വാഗൺ ചൂണ്ടിക്കാണിച്ചത്. തടവുകാരിൽ ചിലർതന്നെയാണ് അകത്തുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് എടുത്തുവച്ചത്.

2 അന്വേഷണങ്ങളാണു വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു നടന്നത്. റെയിൽവേ സൂപ്പർവൈസറായിരുന്ന ബ്രാൻഡിസ്റ്റന്റെ  അന്വേഷണത്തിൽ, റെയിൽവേ ഇൻസ്പെക്ടർ റീവ്സിനെയാണു കുറ്റക്കാരനായി കണ്ടെത്തിയത്. വാഗണിൽ തടവുകാരെ കൊണ്ടുപോകാൻ അനുമതി നൽകിയതു വലിയ തെറ്റായിരുന്നുവെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സംഭവത്തിനു നേതൃത്വം നൽകിയ എ.ആർ.നാപ്പിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണു മറ്റൊരന്വേഷണം നടത്തിയത്. മലബാർ കലാപം അടിച്ചമർത്താൻ നിയോഗിച്ച പ്രത്യേക കമ്മിഷണറായിരുന്ന നാപ്പ് തന്നെയാണ് വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു മദ്രാസ് അസംബ്ലിയിൽ നടന്ന ചർച്ചയിൽ അധ്യക്ഷത വഹിച്ചതും. സംഭവം നടന്ന് 8 മാസത്തിനു ശേഷമാണു നാപ്പ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.  റിപ്പോർട്ടിന് അനുബന്ധമായി, അന്വേഷണ കമ്മിഷൻ അംഗം അഡ്വ.മഞ്ചേരി രാമയ്യരുടെ വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നു. വാഗൺ കൂട്ടക്കൊലയുടെ ക്രൂരമുഖം രാമയ്യരുടെ വിയോജനക്കുറിപ്പിലുണ്ട്.

sivadasan
ഡോ.പി.ശിവദാസൻ

വാഗൺ കൂട്ടക്കൊലയെ ജാലിയൻ വാലാബാഗിനോടാണ് അന്നു ദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്തത്. സംഭവത്തിനു നേതൃത്വം നൽകിയ എ.ആർ.നാപ്പിനെ, ‘ജനറൽ ഡയർ ഓഫ് മലബാർ’ എന്നാണു വിദേശ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. മദ്രാസ് അസംബ്ലിയിൽ ആർ.കെ.ഷൺമുഖം ചെട്ടിയുൾപ്പെടെ മലബാറിനു പുറത്തുനിന്നുള്ള നേതാക്കൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കു 300 രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കറുത്തവനായ ഇന്ത്യക്കാരന്റെ ജീവനു 300 രൂപയാണോ നിങ്ങൾ വിലയിടുന്നതെന്നു ഷൺമുഖം ചെട്ടി വികാരവായ്പോടെ അസംബ്ലിയിൽ ചോദിക്കുന്നുണ്ട്. 

വാഗൺ കൂട്ടക്കൊല അർഹിക്കുന്ന പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെട്ടില്ല. രക്തസാക്ഷികൾക്കു സ്മാരകം നിർമിക്കാൻ നേരത്തേ കമ്മിറ്റിയും ആലോചനകളും ഉണ്ടായിരുന്നു. പല കാരണങ്ങളാൽ അതു നടക്കാതെ പോയി. 1931ൽ വടകരയിൽ നടന്ന മുൻ തടവുകാരുടെ സമ്മേളനത്തെക്കുറിച്ചു കെ.കേരളീയൻ അക്കാലത്ത് ഇങ്ങനെ എഴുതി: ‘അവർ പൊരിവെയിലത്തു നിൽക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. അവർക്കു നന്നായി ദാഹിക്കുന്നുണ്ട്. ഇനിയും നാം അവരെ വെയിലത്തു നിർത്തണോ?’ നൂറാം വാർഷിക വേളയിലും ആ ചോദ്യം അതേപടി നിൽക്കുന്നു.

ഇഞ്ചിഞ്ചായി കൊന്ന പൈശാചികത

ഡോ.പി.ജെ. വിൻസന്റ് (ചരിത്ര അധ്യാപകനും കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളറും )

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സമരങ്ങളിലൊന്നാണു മലബാർ കലാപം. 2337 പേർ കൊല്ലപ്പെട്ടെന്നാണു ബ്രിട്ടിഷ് രേഖകൾ പറയുന്നത്. അനൗദ്യോഗിക കണക്കു പ്രകാരം പതിനായിരക്കണക്കിനാളുകൾ രക്തസാക്ഷികളായി. അതിൽ ഏറ്റവും ക്രൂരവും ഭയാനകവുമായ ഒരേടാണു വാഗൺ ട്രാജഡി. ജനാധിപത്യ വിപ്ലവങ്ങളിലൂടെ കടന്നുവന്ന യൂറോപ്യൻ ശക്തികൾ അക്കാലത്തു തന്നെ മനുഷ്യാവകാശം, സമത്വം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചൊക്കെ ഉദ്ഘോഷിച്ചിരുന്നു. എന്നാൽ, അവർ അവകാശപ്പെടുന്ന മാനവികത യൂറോപ്പിനു പുറത്തു ബാധകമല്ലായിരുന്നുവെന്നതിന്റെ തെളിവുകൂടിയാണു വാഗൺ ട്രാജഡി. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളെ കൊളോണിയൽ ശക്തികൾ മനുഷ്യരായിപ്പോലും കണ്ടിരുന്നില്ലെന്നു തെളിയിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അവയിൽ ചോര മണക്കുന്ന ഒരധ്യായമാണു വാഗൺ ട്രാജഡി. ഇന്ത്യയിൽ ബ്രിട്ടിഷുകാർ നടത്തിയ ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ആദ്യമായി പറയുന്നതു കാൾ മാർക്സാണ്.

1857ലെ സമരം സംബന്ധിച്ചു ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ അദ്ദേഹമെഴുതിയ ലേഖനത്തിൽ പീഡനങ്ങൾ (torture) ബ്രിട്ടിഷുകാർ എങ്ങനെയാണ് ഇന്ത്യയിലെ കൊളോണിയൽ ഭരണത്തിന് ഉപയോഗപ്പെടുത്തിയതെന്നു വ്യക്തമായി പറയുന്നുണ്ട് (Torture formed an organic institution of its financial policy). സാമ്രാജ്യത്വ ശക്തികളുടെ പീഡനം സഹിക്കവയ്യാതെയാണ് ഉത്തരേന്ത്യയിലെ നെയ്ത്തുകാർ കയ്യിലെ തള്ളവിരൽ മുറിച്ചെടുത്ത് ഗംഗാ നദിയിലൊഴുക്കിയത്. 

vincent
ഡോ.പി.ജെ. വിൻസന്റ്

മൃഗീയമായി അടിച്ചമർത്തുകയെന്ന ബ്രിട്ടിഷ് നയം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ ഹിച്ച്കോക്കാണ് 1921ലെ കലാപത്തെ നേരിട്ടത്. 1920കളുടെ അവസാനമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്രീയ സ്വഭാവം കൈവരിക്കുന്നത്. അതുവരെ നടന്ന പല സമരങ്ങളിലും മതപരവും വംശീയവും പ്രാദേശികവുമായ ഘടകങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവയെ സ്വാതന്ത്ര്യ സമരമായി പരിഗണിക്കാനാവില്ലെന്ന വാദം ശരിയല്ല.

ഇരകൾ കൊല്ലപ്പെട്ടുവെന്നതല്ല, ഇഞ്ചിഞ്ചായി കൊല്ലുന്ന പൈശാചികതയാണു വാഗൺ ട്രാജഡിയെ വേറിട്ടുനിർത്തുന്നത്. വാഗണിൽ കുത്തിനിറച്ച മനുഷ്യർ ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണു തിരൂരിൽനിന്ന് അവരെ പോത്തന്നൂരിലേക്കയച്ചത്.

വാഗൺ ട്രാജഡിയിലും മറ്റും പ്രതിഫലിച്ച ബ്രിട്ടിഷ് ക്രൂരതയുടെ ഭൂതം നമ്മുടെ പൊലീസ് സംവിധാനത്തിലുൾപ്പെടെ ഇപ്പോഴും നിലനിൽക്കുന്നുവെന്നതു നഗ്നസത്യമാണ്. ‘ജയ് ഭീം’ എന്ന സിനിമയിലൂടെ ഇപ്പോൾ ലോകമറിഞ്ഞ രാജാക്കണ്ണ് സംഭവത്തിലും ബ്രിട്ടിഷുകാർ മുന്നോട്ടുവച്ച, അന്യരെ പീഡിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്ന മനോഭാവമുണ്ട്. മറ്റെല്ലാ മേഖലയിലും മുന്നോട്ടുപോയെന്ന് അഭിമാനിക്കുമ്പോഴും കേരളത്തിലും കസ്റ്റഡി മരണങ്ങൾ സംഭവിക്കുന്നുണ്ട്. ഡീ കോളനൈസേഷൻ ഇനിയും പൂർണമായിട്ടില്ലെന്ന വാദമുയർത്തുന്നവർ ചൂണ്ടിക്കാണിക്കുന്നത് ഇത്തരം സംഭവങ്ങളാണ്.

wagon-tragedy-1

വാഗൺ ട്രാജഡിയുടെ ചരിത്രവഴിയിലൂടെ...

ചരക്കുവാഗണും തടവുകാരും

∙ മലബാർ കലാപവുമായി ബന്ധപ്പെട്ടു പിടികൂടുന്നവരെ മലബാറിനു പുറത്തേക്കു കൊണ്ടുപോയിരുന്നതു തിരൂർ റെയിൽവേ സ്റ്റേഷൻ വഴിയാണ്. 1921 ഓഗസ്റ്റിൽ മലബാറിൽ പട്ടാള നിയമം ഏർപ്പെടുത്തിയ ശേഷം താൽക്കാലിക കോടതികൾ ശിക്ഷിച്ചവരെ തിരൂർ സബ് ജയിലിലേക്കു കൊണ്ടുപോകുകയും അവിടെ നിന്നു മലബാറിനു പുറത്തെ ജയിലുകളിലേക്ക് അയയ്ക്കുകയുമായിരുന്നു പതിവ്. ഇതിനു ചരക്കു വാഗണുകളും ഉപയോഗിച്ചിരുന്നു. 

∙ മലബാർ ജില്ലാ പൊലീസ്    സൂപ്രണ്ട് ആർ.എച്ച്.ഹിച്ച്കോക്ക്, പട്ടാള കമാൻഡർ കേണൽ ഇ.ടി. ഹംഫ്രീസ്, മലബാറിലെ സേനാവിഭാഗങ്ങൾക്കൊപ്പമുണ്ടായിരുന്ന സ്പെഷൽ സിവിൽ ഓഫിസർ എഫ്.ബി.ഇവാൻസ്, റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ റീവ്സ് എന്നിവരായിരുന്നു തടവുകാരെ വാഗണിൽ അടച്ചു കൊണ്ടുപോകാനുള്ള തീരുമാനത്തിനു പിന്നിൽ.

∙ തിരൂരിൽനിന്നു 2549 തടവുകാരെ ചരക്കു വാഗണുകൾ വഴി കോയമ്പത്തൂർ, ബെള്ളാരി, മദ്രാസ്, കണ്ണൂർ, വെല്ലൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കു കൊണ്ടുപോയതായി പിന്നീടു ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കി. കാളവണ്ടികളിലും കഴുതവണ്ടികളിലും കയറുമായി ബന്ധിപ്പിച്ച് ഓടിച്ചും നടത്തിയുമാണു തടവുകാരെ തിരൂരിലെത്തിച്ചിരുന്നത്.

wagon-tragedy-tirur
തിരൂർ നഗരസഭാ ടൗൺ ഹാളിനു സമീപത്തെ വാഗൺ ട്രാജഡി സ്മാരകം.

കുപ്രസിദ്ധ വാഗൺ എൽവി 1711

∙ 1921 നവംബർ 19ന് 70 പേരുടെ മരണത്തിനിടയാക്കിയ ചരക്കു വാഗണാണ് മദ്രാസ് – ദക്ഷിണ മറാഠ റെയിൽവേയുടെ എൽവി 1711. നീളം 36 അടി നാലര ഇഞ്ച്. വീതി 8 അടി 5 ഇഞ്ച്. മരപ്പലകകളും ( 3 അടി 3 ഇഞ്ച് ഉയരം) അവയ്ക്കു മീതേ ഇരുമ്പുവലകളും കൊണ്ട് ഈ വാഗണെ മൂന്ന് അറകളായി തിരിച്ചിരുന്നു. ഓരോ അറകൾക്കും ഷട്ടർ പോലുള്ള വാതിലുണ്ട്. വായുസഞ്ചാരമില്ലാത്തതായിരുന്നു ഈ ഷട്ടറുകൾ. ഈ ഷട്ടറുകളുടെ മുകളിൽ വെന്റിലേറ്ററും അതിനെ മൂടി  നേർത്ത ഇരുമ്പുവലയും ഉണ്ടായിരുന്നു. പെയിന്റും പൊടിയും ചേർന്ന് അടഞ്ഞുപോയ അവസ്ഥയിലായിരുന്നു ഇരുമ്പുവലകളെല്ലാം. വാതിൽ തുറന്നിട്ടാലല്ലാതെ വാഗണിനകത്ത് വായു പ്രവേശിക്കാനുള്ള സാധ്യത വളരെ നേർത്തതായിരുന്നു. ദുരന്തം അന്വേഷിച്ച കമ്മിറ്റിയിലെ അംഗം മഞ്ചേരി രാമയ്യർ നടത്തിയ പരിശോധനയിൽ  60 പേരെ മാത്രമേ ഈ വാഗണിൽ കൊണ്ടുപോകാൻ കഴിയുമായിരുന്നുള്ളൂ എന്നു കണ്ടെത്തി. ആളുകളെ ഇരുത്താതെ നിർത്തിക്കൊണ്ടു പോകുകയാണെങ്കിൽ പരമാവധി 75 പേർ. ഈ വാഗണിലാണ് 100 പേരെ തള്ളിക്കയറ്റിക്കൊണ്ടുപോയത്.

കൂട്ടക്കൊലയായി മാറിയ യാത്ര

∙ 1921 നവംബർ 19ന് 200 തടവുകാർക്കുള്ള സൗകര്യം തിരൂരിൽ ഒരുക്കണമെന്നാവശ്യപ്പെട്ടു മലപ്പുറത്തുനിന്ന് സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ ടെലിഗ്രാം വന്നു. ഇവരെക്കൂടി ഉൾക്കൊള്ളാൻ തിരൂർ സബ് ജയിലിൽ സ്ഥലമില്ലാത്തതിനാൽ വിചാരണ പൂർത്തിയായ 100 പേരെ ബെള്ളാരിയിലേക്കു മാറ്റാൻ തീരുമാനമായി. ഇതിനുള്ള ചുമതല പൊലീസ് സർജന്റ് ആൻഡ്രൂസിനായിരുന്നു. 

∙ 19നു വൈകിട്ടോടെ 100 തടവുകാരെ വാഗണിലേക്കു കയറ്റാൻ തുടങ്ങി. തോക്കിന്റെ പാത്തികൊണ്ടു മർദിച്ചും തള്ളിയുമാണ് തടവുകാരെ അകത്തുകയറ്റി വാതിലടച്ചത്. കോഴിക്കോട്ടുനിന്നു വന്ന 77–ാം നമ്പർ ട്രെയിനിൽ വാഗൺ കൂട്ടിക്കെട്ടി രാത്രി 7.15നു യാത്ര തുടങ്ങി. 

∙ ഇരുനൂറു കാൽപാദങ്ങൾ വയ്ക്കാൻ വാഗണിൽ ഇടമുണ്ടായിരുന്നില്ല. ഒറ്റക്കാലിൽ നിന്നും കൂട്ടത്തിനിടയിൽ ഞെരിഞ്ഞമർന്നുമായിരുന്നു യാത്ര. ശ്വാസം കിട്ടാതെയും ദാഹംകൊണ്ടും തടവുകാർ വാഗണിന്റെ ചുമരുകളിലടിച്ചു നിലവിളിച്ചെങ്കിലും അധികൃതർ അവഗണിച്ചു

∙ തിരൂരിൽനിന്നു പുറപ്പെട്ട ശേഷം രണ്ടു മിനിറ്റു വീതം ഇടക്കുളം, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി എന്നിവിടങ്ങളിൽ നിർത്തിയിട്ടു. പിന്നീട് ഷൊർണൂർ സ്റ്റേഷനിൽ അരമണിക്കൂറും ഒലവക്കോട്ട് 15 മിനിറ്റും നിർത്തിയിട്ടു. ഈ സന്ദർഭങ്ങളിലെല്ലാം വാതിൽ തുറക്കാനും വെള്ളം തരാനും ആവശ്യപ്പെട്ട് തടവുകാർ നിലവിളിച്ചെങ്കിലും കോയമ്പത്തൂരിലെ പോത്തന്നൂരിൽ എത്തിയ ശേഷമേ വാതിൽ തുറക്കൂ എന്നായിരുന്നു മറുപടി.

∙ ഓരോ സ്റ്റേഷൻ കഴിയുന്തോറും ആളുകൾ കുഴഞ്ഞുവീണു. മരണവെപ്രാളത്തിൽ പരസ്പരം മാന്തി പലർക്കും മുറിവേറ്റു. 20നു പുലർച്ചെ 12.30നു പോത്തന്നൂരിലെത്തിയ ശേഷം വാഗണിന്റെ ആദ്യ അറയുടെ വാതിൽ തുറന്നപ്പോൾ പലരും മരിച്ചു കിടക്കുന്നതായാണു കണ്ടത്. പട്ടാളക്കാർ വാഗണിലേക്കു വെള്ളം കോരിയൊഴിച്ചപ്പോൾ ജീവൻ അവശേഷിച്ചവർ ഒന്നു പിടച്ചു. മറ്റ് രണ്ട് അറകളിലും സ്ഥിതി സമാനമായിരുന്നു.

∙ വാഗണിലുണ്ടായിരുന്ന 56 പേർ മരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവരെ കോയമ്പത്തൂർ സിവിൽ ആശുപത്രി, സെൻട്രൽ ജയിൽ ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റി. ഇവരിൽ ചിലർകൂടി പിന്നീടു മരണത്തിനു കീഴടങ്ങിയതോടെ ആകെ രക്തസാക്ഷികളുടെ എണ്ണം 70. ഇതിൽ ഹിന്ദുമതത്തിൽപെട്ട മൂന്നുപേരും ഉണ്ടായിരുന്നു. വാഗണിലെ ഇരുമ്പാണി ഇളകിപ്പോയ ദ്വാരത്തിൽ മൂക്കുവച്ചു ശ്വസിച്ചും മറ്റുമാണു ബാക്കിയുള്ളവർ രക്ഷപ്പെട്ടത്.

∙ 56 പേരുടെ മൃതദേഹങ്ങൾ അതേ വാഗണിൽത്തന്നെ തിരൂരിലെത്തിച്ചു. നാട്ടുകാർ ഏറ്റുവാങ്ങി തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ്, കോട്ട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ കബറടക്കി. ഹിന്ദുമതത്തിൽപെട്ടവരുടെ മൃതദേഹം മുത്തൂർക്കുന്നിലാണു സംസ്കരിച്ചത്. 

wagon

അന്വേഷണമെന്ന പ്രഹസനം

∙  മലബാർ സ്പെഷൽ കമ്മിഷണർ എ.ആർ.നാപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അന്വേഷണത്തിനു മദ്രാസ് പ്രവിശ്യാ ഭരണകൂടം നിയോഗിച്ചു. മങ്കട കൃഷ്ണവർമ രാജ, കല്ലടി മൊയ്തുട്ടി സാഹിബ്, മഞ്ചേരി രാമയ്യർ എന്നിവർ കമ്മിറ്റി അംഗങ്ങളായിരുന്നു. 1922 ജനുവരിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഇംഗ്ലണ്ടിലെ ഇന്ത്യാ ഓഫിസാണു പ്രസിദ്ധീകരിച്ചത്. 

∙ വെന്റിലേറ്ററുകളെ മൂടിക്കൊണ്ട് ഉറപ്പിച്ച കമ്പിവലകളിൽ പെയിന്റും പൊടിയും കട്ടപിടിച്ചതിനാൽ വായുകടക്കാത്ത നിലയിലായിരുന്നു വാഗണെന്നും ശ്വാസം മുട്ടിയാണു തടവുകാർ മരിച്ചതെന്നുമായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തൽ.

∙ ചരക്കുവാഗണുകൾ മനുഷ്യരെ കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചത് കമ്മിറ്റിക്ക് കുറ്റകരമായി തോന്നിയില്ല. എന്നാൽ നിയമങ്ങൾ പാലിക്കാതെ അവ ഉപയോഗിച്ചതു ശരിയല്ലെന്നു കണക്കാക്കപ്പെട്ടു. അതിന് ഉത്തരവാദി സൈനിക കമാൻഡ് അല്ലെന്നും കമ്മിറ്റി വിലയിരുത്തി. 

∙ വാഗൺ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയ റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ റീവ്സിനെയാണ് തെറ്റുകാരിൽ ഒരാളായി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ ഇദ്ദേഹം അന്വേഷണ കാലയളവിൽ മരിച്ചു. തടവുകാരെ അനുഗമിച്ചിരുന്ന പൊലീസ് സർജന്റ് ആൻഡ്രൂസ്, കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാർ എന്നിവരായിരുന്നു കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റുള്ളവർ. ആൻഡ്രൂസിനെയും കോൺസ്റ്റബിൾമാരെയും മദ്രാസ് ഭരണകൂടം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് സസ്പെൻഷൻ‌ കാലയളവിലെ ആനുകൂല്യം നൽകി ആൻഡ്രൂസിനെ മാസങ്ങൾക്കകം തിരിച്ചെടുത്തു.

∙ മരിച്ചവരുടെ ആശ്രിതർക്ക് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരും മുൻപേ 300 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതു വിവാദമായിരുന്നു. ഈ തുക ജില്ലാ മജിസ്ട്രേട്ട് വഴി എല്ലാവർക്കും നൽകി എന്ന് ആഭ്യന്തരവകുപ്പ് മദ്രാസ് നിയമസഭയിൽ ഉത്തരം നൽകി. എന്നാൽ ഇത് എല്ലാവർക്കും ലഭിച്ചിട്ടില്ലെന്നു പബ്ലിക് ഡിപ്പാർട്മെന്റിന്റെ മറ്റൊരു രേഖ വ്യക്തമാ‌ക്കുന്നുണ്ട്. 

∙ അവലംബം: മലബാർ കലാപം (ഡോ. എം.ഗംഗാധരൻ), ‘വാഗൺ ട്രാജഡി’ കനൽവഴിയിലെ കൂട്ടക്കുരുതി (ഡോ. പി.ശിവദാസൻ)

തയാറാക്കിയത്: ഫിറോസ് അലി, കെ.എൻ.സജേഷ്

English Summary: 100th Anniversary of Wagon Tragedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA