സമഭാവനയുടെ വിദ്യാലയപാഠം

HIGHLIGHTS
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആൺ– പെൺ വേർതിരിവിന്റെ കാലം കഴിഞ്ഞില്ലേ ?
alappuzha news
SHARE

സ്ത്രീപുരുഷ അനുപാതത്തിലും സ്ത്രീ സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിലും  കേരളം മുന്നിലാണെങ്കിലും  സ്കൂൾതലം മുതൽ ഇപ്പോഴും തുടരുന്ന ആൺ– പെൺ വേർതിരിവ് കാലത്തിനു ചേർന്നതാണോ എന്ന ചോദ്യമുയരുന്നു. കാലം മാറിയതറിയാതെ സഹവിദ്യാഭ്യാസത്തോടു മുഖംതിരിഞ്ഞുനിൽക്കുന്ന സ്കൂളുകളിൽ തുടങ്ങുന്നുണ്ട്, വിവേചനത്തിന്റെ ആദ്യപാഠങ്ങൾ. അതുകൊണ്ടുതന്നെ, ജെൻഡർ ന്യൂട്രൽ യൂണിഫോമിലടക്കം വിവിധ തലങ്ങളിൽ ലിംഗസമത്വത്തിനുവേണ്ടിയുള്ള  മുന്നേറ്റങ്ങൾ സജീവമാകുന്നതു പ്രതീക്ഷ നൽകുന്നു. 

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടനതന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വിഭജിച്ചുനിർത്തുന്നവയാണെന്ന് ഉന്നതവിദ്യാഭ്യാസ– സാമൂഹികനീതി മന്ത്രി ആർ. ബിന്ദു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇരിപ്പിടങ്ങളുടെ ക്രമീകരണം മുതൽ കളിസ്ഥലങ്ങളിൽവരെ ഈ വിഭജിത ശ്രമമുണ്ടെന്നും മന്ത്രി നിരീക്ഷിക്കുന്നു. സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാധ്യതകളുറപ്പിക്കുന്ന നല്ല മാറ്റങ്ങൾ നമ്മുടെ ക്യാംപസുകളിലെ ആൺ–പെൺ ബന്ധങ്ങളിൽ ഉണ്ടാകണമെന്നാണു മന്ത്രിയുടെ നിർദേശം. 

അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മുദ്രാമുഖമായ പുതിയ വനിതയെ സമൂഹത്തിന്റെ ആൺപാതി എത്രത്തോളം തിരിച്ചറിയുന്നുണ്ട് എന്ന ചോദ്യം  ഗൗരവമുള്ളതുതന്നെ. ഉന്നതവിദ്യാഭ്യാസരംഗത്തു വനിതാസാന്നിധ്യം കൂടിയിട്ടും സ്ത്രീവിരുദ്ധ പ്രവണതകൾ സജീവമാണെന്നതു നിർഭാഗ്യകരമാണ്. കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള പ്രചാരണത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചത് അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ നൽകുന്നു. ‘സമഭാവനയുടെ സദ്കലാശാലകൾ’എന്നു പേരിട്ടാണു പ്രചാരണം. ഇതിനായി കരിക്കുലത്തിലും സിലബസിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. സ്ഥാപനങ്ങളിലെ അന്തരീക്ഷവും മാറണം. ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റികൾ മാനദണ്ഡപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച ജെൻഡർ ജസ്റ്റിസ് ഫോറങ്ങൾ കാര്യക്ഷമമാണെന്നും ഉറപ്പാക്കുന്നതും കലാലയങ്ങളിലെ പൊതുഇടങ്ങൾ വിവേചനരഹിതമാക്കുന്നതും നല്ലതുതന്നെ.

സ്കൂൾതലത്തിൽതന്നെ ലിംഗസമത്വത്തിന്റെ ആധാരശില പാകേണ്ടതാണെന്നതിൽ സംശയമില്ല. നമ്മുടെ കുട്ടികൾ പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതു വേർതിരിവുകളുടെയും വിവേചനത്തിന്റെയും കണ്ണട ധരിച്ചുകൊണ്ടാവരുത്. പെണ്ണിനും ആണിനും ഒരുപോലെ ഉപയോഗിക്കാവുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം  ഇതിന്റെയൊരു വിളംബരംകൂടിയായിക്കാണണം. കേരളത്തിലും ഇത്തരം മാതൃകകളുണ്ടെന്നതു പ്രത്യാശ നൽകുന്നു. ത്രീ ഫോർത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഇവിടെയും സജീവമാകുകയാണ്. 

സമസ്തമേഖലകളിലും പുതിയ ഉയരങ്ങൾ കണ്ടെത്തി കരുത്തു തെളിയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതയ്ക്ക് അതനുസരിച്ചുള്ള സമത്വവും പങ്കാളിത്തവും ലഭിക്കുന്നില്ല എന്നതു രാജ്യത്തിനുതന്നെ കളങ്കമായി തുടരുമ്പോൾ പുതുതലമുറയിലെ കേരളം ലിംഗസമത്വത്തിനുവേണ്ട അടിസ്ഥാനം പാകുന്നത് അഭിമാനകരമാണ്. ഇത്തരം തുല്യത ചെറിയ പ്രായത്തിൽത്തന്നെ ബോധ്യപ്പെട്ടാൽ വലുതാകുമ്പോൾ അതു നൽകുന്ന കരുത്ത് ചെറുതാവില്ല. യൂണിഫോം മാറുന്നതു തുല്യതയുടെ ഭാഗമായി മാത്രം കാണരുതെന്നും അതു സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകമാണു സമ്മാനിക്കുന്നതെന്നുമാണു നടി മഞ്ജു വാരിയർ മലയാള മനോരമയിലെഴുതിയത്. 

അതേസമയം, സഹവിദ്യാഭ്യാസത്തെ പടിക്കു പുറത്തുനിർത്തി കേരളത്തിലെ എത്രയോ സർക്കാർ –എയ്ഡഡ് സ്കൂളുകൾ ഇപ്പോഴും ആൺ – പെൺ പള്ളിക്കൂടങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ചില സ്കൂളുകളിലെ പിടിഎകൾ സഹവിദ്യാഭ്യാസത്തിനായി തീരുമാനമെടുത്തെങ്കിലും സർക്കാർ അനുമതി നൽകിയിട്ടില്ല. പെൺകുട്ടികൾക്കു പഠിക്കാൻ സ്കൂളുകൾ ഇല്ലാതിരുന്നൊരു കാലത്താണു കേരളത്തിൽ പെൺപള്ളിക്കൂടങ്ങൾ ആരംഭിക്കുന്നത്. അത് ആ കാലത്തിന്റെ ആവശ്യവുമായിരുന്നു. സാക്ഷരതയും വിദ്യാഭ്യാസ സൗകര്യങ്ങളും ഏറെ മുന്നേറിയിട്ടും ഇപ്പോഴും നാം വേർതിരിവിന്റെ ആ മതിൽക്കെട്ടു പൊളിച്ചുനീക്കാത്തതു കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തതുകൊണ്ടുതന്നെയല്ലേ?

English Summary: Gender neutral uniform Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA