ADVERTISEMENT

ഒരു വർഷം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ തിരികെക്കിട്ടുന്ന കുഞ്ഞിനായി നേരത്തേ തന്നെ പേര് നിശ്ചയിച്ചിരുന്നു അനുപമ എസ്.ചന്ദ്രൻ; എയ്ഡൻ അനു അജിത്ത്. ഗർഭിണിയായിരിക്കുമ്പോൾ മനസ്സിലുറപ്പിച്ചിരുന്ന പേരാണ് അതെന്ന് അനുപമ പറയുന്നു. ‘എയ്ഡൻ’ എന്നാൽ തീപ്പൊരി എന്നാണ് അർഥം. ഈ കുഞ്ഞിനു വേണ്ടിയുള്ള അനുപമയുടെ പോരാട്ടം പക്ഷേ തീപ്പൊരിയിൽ നിന്ന് കാട്ടുതീ പോലെ ആളിപ്പടരുന്നതായിരുന്നു. സർക്കാർ സംവിധാനങ്ങളടക്കം അതിൽ പൊള്ളി നീറി. അതിന്റെ ചൂടും കെടുതിയും ഇനിയും അവസാനിച്ചിട്ടുമില്ല. അനുപമയുടെ പോരാട്ടവും അവസാനിക്കുന്നില്ല. സ്വന്തം കുഞ്ഞിനെ തിരികെക്കിട്ടാൻ വഴിയൊരുങ്ങുന്നതിന്റെ സന്തോഷത്തിൽ അനുപമ മനോരമയോട് സംസാരിക്കുന്നു. 

∙ദത്തുനടപടികളുടെ ഭാഗമായി മറ്റൊരു സംസ്ഥാനത്തെ ദമ്പതികൾക്കു കൈമാറിയ കുഞ്ഞിനെ ഇത്രയും വേഗം വീണ്ടും കാണാനാവുമെന്നു കരുതിയിരുന്നോ ? 

 വേഗത്തിലല്ല, ഇത്രയും വൈകുകയാണു ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി), ശിശുക്ഷേമ സമിതി, പൊലീസ്, മുഖ്യമന്ത്രി എന്നിവർക്കൊക്കെ ഞങ്ങൾ നൽകിയ പരാതി അവർ വേണ്ടവിധം പരിഗണിച്ചിരുന്നെങ്കിൽ ഈ ദത്തുനടപടി തന്നെ സംഭവിക്കുമായിരുന്നില്ല. സിപിഎമ്മിലെ മുതിർന്ന നേതാക്കൾക്കും പരാതി നൽകി. പരസ്യ വിവാദമാക്കാതെ ‍കുഞ്ഞിനെ തിരികെക്കിട്ടാനാണു ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത്. പക്ഷേ, പാർട്ടികുടുംബമായതിനാൽ അച്ഛനുമമ്മയും പറയുന്നതിനപ്പുറം എന്റെ സങ്കടവും വികാരവും മനസ്സിലാക്കാൻ ആരും തയാറായില്ല. കുഞ്ഞിനെ തിരികെ കിട്ടുമോ എന്നു തന്നെ പേടിയായി. 

മറ്റു വഴിയില്ലാതെ വന്നപ്പോഴാണു മാധ്യമങ്ങളുടെ സഹായം തേടിയത്. എന്നിട്ടും നടപടികളിലേക്കു കടക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി ഞങ്ങളുടെ ഹർജി പരിഗണിച്ചു ദത്തുനടപടികൾ റദ്ദാക്കിയതും സിഡബ്ല്യുസി റിപ്പോർട്ട് തേടിയതും ഈ മാസം ഒന്നിനാണ്. പക്ഷേ, അതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ തിരികെയെത്തിച്ചു ഡിഎൻഎ പരിശോധന നടത്താൻ സിഡബ്ല്യുസി ഉത്തരവിടുന്നതു 15 ദിവസം വൈകിയാണ്. സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാന്റെ ഓഫിസിൽ നിന്നു ദത്തുമായി ബന്ധപ്പെട്ട ഫയൽ വൈകിയെന്നാണ് അവർ പറഞ്ഞത്. തൈക്കാടുള്ള ഓഫിസിൽനിന്ന് ആ ഫയൽ ഇറങ്ങി ഇഴഞ്ഞിരുന്നെങ്കിൽ പോലും അതിനു മുൻപേ പൂജപ്പുരയിലെ സിഡബ്ല്യുസി ഓഫിസിൽ എത്തിയേനെ. 

ഇത്രയും ചർച്ചയായ ഒരു വിഷയത്തിൽ ഫയൽ കൈമാറാൻ എന്തിനായിരുന്നു ഇത്രയും തടസ്സം. സിഡബ്ല്യുസിക്ക് ഉടൻ ഫയൽ എത്തിക്കാൻ ആവശ്യപ്പെടാമായിരുന്നില്ലേ. ഇനി കോടതി നടപടികൾ വൈകിച്ചു കുട്ടിയുടെ കൈമാറ്റം വൈകിപ്പിക്കാനാണു ശ്രമം. എന്തിനാണ് ആ കുഞ്ഞിനോടും ഞങ്ങളോടും ഈ ക്രൂരത?

∙കുഞ്ഞിനെ കിട്ടുന്നതോടെ ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരം അവസാനിപ്പിക്കുമോ ?  

anupama
അനുപമ

കുഞ്ഞിനെ തിരികെക്കിട്ടുക എന്നതു തന്നെയായിരുന്നു ആവശ്യം. പക്ഷേ, ഞങ്ങളുടെ കുട്ടിയെ തട്ടിയെടുത്തു നാടുകടത്താൻ ഇത്രയേറെ കള്ളക്കളികൾ നടന്നെന്നു മനസ്സിലാകുമ്പോൾ അതിനുത്തരവാദികളായവരെ വെറുതേ വിടണോ? അവർക്കെതിരെ നടപടി വേണം. ഇനിയൊരമ്മയ്ക്കും കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുത്. അതിനാണ് എന്റെ സമരം. കുഞ്ഞിനെ കിട്ടുന്നതുവരെ ശിശുക്ഷേമ സമിതിക്കു മുന്നിലെ സത്യഗ്രഹം തുടരും. അതിനു ശേഷം സമരം ഏതുരൂപത്തിൽ വേണമെന്ന് ഒപ്പമുള്ളവരുമായി ആലോചിച്ചു തീരുമാനിക്കും. 

∙ദത്തു വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിശുക്ഷേമ വകുപ്പും അന്വേഷിക്കുകയാണല്ലോ. ക്രമക്കേടു വ്യക്തമായാൽ നടപടി സ്വീകരിക്കുമെന്നു വകുപ്പ് മന്ത്രിയും പറഞ്ഞിട്ടുണ്ട് ?  

വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല. ഞങ്ങളെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു വകുപ്പ് ഡയറക്ടറുടെ മൊഴിയെടുപ്പ്. ഞങ്ങൾ ചെയ്തതും ഉന്നയിച്ചതുമായ കാര്യങ്ങളിൽ ഉത്തരവാദപ്പെട്ടവർ എന്തു നടപടിയെടുത്തു എന്നല്ല, ഞങ്ങൾ എന്തെങ്കിലും വീഴ്ച വരുത്തിയോ എന്നു പരിശോധിക്കാനായിരുന്നു മൊഴിയെടുപ്പിൽ താൽപര്യം. കുഞ്ഞിനെ കടത്തിയതുമായി ബന്ധപ്പെട്ട കള്ളക്കളികളുടെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിനു ശിശുക്ഷേമ വകുപ്പും കൂട്ടു നിൽക്കുകയാണ്.

എന്റെ കുഞ്ഞിനെ ആന്ധ്രയിലുള്ള ദമ്പതികൾക്കു നൽകിക്കഴിഞ്ഞ ശേഷമാണു ശിശുക്ഷേമ സമിതിയിൽ ഉണ്ടായിരുന്ന മറ്റൊരു കുഞ്ഞുമായി ഞങ്ങളുടെ ഡിഎൻഎ പരിശോധന നടത്തിയത്. ആ സമയത്തു സിഡബ്ല്യുസി ഓഫിസിലെത്തിയപ്പോൾ കമ്മിറ്റിയിലെ ഒരു വനിതാ അംഗം മുഖത്തു നോക്കി പറഞ്ഞത്, കോടതിയിൽ പോയാലും ദത്തുകൊടുത്തു കഴിഞ്ഞ കുഞ്ഞിനെ തിരികെക്കിട്ടില്ലെന്നാണ്. നിങ്ങൾക്ക് ഇനിയും കുഞ്ഞുങ്ങളുണ്ടാകുമല്ലോ എന്നും പറഞ്ഞു. അവരൊക്കെ ആ സ്ഥാനത്തു തുടരുന്നുണ്ട്.

സിഡബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും എങ്ങനെയും രക്ഷിക്കാനാണു ശ്രമം. കുട്ടിയെ അന്വേഷിച്ചു ഞങ്ങൾ പലതവണ ശിശുക്ഷേമ സമിതിയിൽ ചെന്നെങ്കിലും അതിന്റെ തെളിവുകളൊന്നും റജിസ്റ്ററിൽ ഇല്ല. സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും സിഡബ്ല്യുസി ചെയർപഴ്സൻ എൻ.സുനന്ദയ്ക്കുമെതിരെ ഞാൻ വ്യക്തമായ പരാതികൾ ഉന്നയിച്ചിട്ടും അവർ ആ സ്ഥാനത്തു തുടരുകയാണ്. ഗുരുതരമായ തെറ്റുകൾ ചെയ്ത അവരാണു തുടർനടപടികൾ എടുക്കുന്നത്. അവരെ മാറ്റിനിർത്തി ഒരന്വേഷണം നടത്താൻ പോലും സർക്കാർ തയാറല്ല. തെറ്റുകാരല്ലെന്നു തെളിഞ്ഞാൽ അവരെ തിരികെ ആ സ്ഥാനത്തേക്കു കൊണ്ടുവരാമല്ലോ.

∙സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ നേരിട്ട അധിക്ഷേപങ്ങൾ തളർത്തിയോ? അജിത്തിനെതിരെയാണു കൂടുതൽ ആക്ഷേപങ്ങളും ? 

ഏറെയൊന്നും കാണാറില്ല. ആദ്യമൊക്കെ ഞങ്ങൾക്കു വിഷമവും ദേഷ്യവും തോന്നിയിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും പങ്കിനെക്കുറിച്ച് അറിയുമ്പോൾ ‘സഖാവ് ബോധം’ ഉണരുന്നതാണ് ഈ അധിക്ഷേപങ്ങൾക്കു പിന്നിൽ. അതു സ്വാഭാവികമാണ്. ഞങ്ങൾ‌ ആ പാർട്ടിക്കകത്തു നിന്നതു കൊണ്ട് അതറിയാം. അജിത്തേട്ടനു മൂന്നു ഭാര്യമാരും മൂന്നു മക്കളുമുണ്ടെന്നൊക്കെ ഒരു അടിസ്ഥാനവുമില്ലാത്ത ആക്ഷേപങ്ങളാണു പറയുന്നത്. അതൊക്കെ കാണുമ്പോൾ ചിരിയാണു വരുന്നത്.

∙ദത്തു നടപടികളുടെ ഭാഗമായി മൂന്നുമാസത്തിലേറെ കു‍ഞ്ഞിനെ സംരക്ഷിച്ച ആന്ധ്ര പ്രദേശിലെ ദമ്പതികൾക്കു നീതി നിഷേധിച്ചു എന്ന പരാതിയും ഉയരുന്നു? 

അവർക്കു നീതി കിട്ടേണ്ടത് എന്റെയും ആവശ്യമാണ്. എന്റെ കുഞ്ഞിനെ മൂന്നു മാസം നന്നായി നോക്കിയവരാണ്. കുഞ്ഞിനെ ഞങ്ങൾക്കു കിട്ടിയാലും അവരുമായി ബന്ധം വേണമെന്നും അവരെ കൂടെ നിർത്തണമെന്നുമാണ് ആഗ്രഹം. പക്ഷേ,  ഞാനെന്തോ കുറ്റം ചെയ്ത പോലെയാണു സൈബർ ആക്രമണം. അവർക്കു നീതി നിഷേധിച്ചതു ഞാനല്ല, ഇവിടെയുള്ള സ്ഥാപന അധികാരികളാണ്. അവരിപ്പോഴും അതു ചെയ്യുന്നു. അവരാണു നീതി കൊടുക്കേണ്ടത്.

പാർട്ടി ഒത്താശയിൽ ഗുരുതര തെറ്റുകൾ

∙ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണു ജനറൽ സെക്രട്ടറി പ്രതികരിച്ചത് ? 

ദത്തു നൽകൽ ലൈസൻസിനെക്കുറിച്ചു മാത്രമാണു ഷിജുഖാൻ പറയുന്നത്. ഈ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നിയമവിരുദ്ധമായി സ്വീകരിച്ചതിലും ആൺകുഞ്ഞിനെ പെൺകുഞ്ഞെന്നു രേഖപ്പെടുത്തി പേരിട്ടതിലും ഞങ്ങളുടെ പരാതികൾ അവഗണിച്ചതിലും തിടുക്കപ്പെട്ടു ദത്തു നൽകിയതിലുമെല്ലാം എന്താണു വിശദീകരണം? അതെക്കുറിച്ചൊന്നും മിണ്ടാൻ ഷിജുഖാനു കഴിയില്ല. കാരണം പാർ‌ട്ടി ഒത്താശയോടെ ഗുരുതരമായ തെറ്റുകൾ അവിടെ സംഭവിച്ചിട്ടുണ്ട്. അതിനു ഷിജുഖാൻ ഉത്തരവാദിയാണ്. 

സിഡബ്യുസിയും ഇക്കാര്യത്തിൽ ഒത്തുകളിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണു സിഡബ്ല്യുസി ചെയർപഴ്സനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ട്, കുഞ്ഞിനെ കാണാനില്ലെന്ന പരാതി ഞങ്ങൾ ബോധിപ്പിച്ചത്. 18 മിനിറ്റ് നീണ്ട കോളായിരുന്നു. ജുഡീഷ്യൽ അധികാരമുള്ള സിഡബ്ല്യുസിക്ക് ഇത്രയും ഗുരുതരമായ ഒരു പരാതിയിൽ പൊലീസിനോട് അന്വേഷിക്കാൻ നിർദേശിക്കാമായിരുന്നു. പകരം പരാതി കണ്ടില്ലെന്നു നടിച്ച് കുഞ്ഞിനെ വേഗം ദത്തു നൽകാനുള്ള നടപടികൾക്കു കൂട്ടുനിന്നു. അതു ഗുരുതരമായ തെറ്റല്ലേ. 

English Summary: Adoption row Kerala: Interview with Anupama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com