ADVERTISEMENT

നീർപ്പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമരയായിരുന്നു ബിച്ചു തിരുമലയുടെ പാട്ടുകൾ. ഏഴു സ്വരങ്ങളും ചൂടിയെത്തിയ സംഗീത പൗർണമി. അടുത്തിടെ ഇറങ്ങിയ ജാൻ എ മൻ ചിത്രത്തിൽപോലും രണ്ടു പതിറ്റാണ്ടു മുൻപ് അദ്ദേഹമെഴുതിയ ഗാനം വീണ്ടും കടന്നുവന്നെങ്കിൽ അത്, തലമുറകളെ മായ്ച്ചുകളയുന്ന സ്വരമധുരം കൊണ്ടുതന്നെ.

ആകസ്മികതകളുടെ പാട്ട്..

ബിച്ചു തിരുമലയുടെ പലപാട്ടുകളുടെയും പിറവി യാദൃച്ഛികമായിരുന്നു. ആദ്യഗാനമായ ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ’ എന്നതുതന്നെ ഉദാഹരണം. വാരികയിൽ അച്ചടിച്ചുവന്ന കവിത ബിച്ചുപോലും അറിയാതെയാണ് നിർമാതാവ് സി.കെ.ആർ.നായർ ജയവിജയന്മാരെക്കൊണ്ട് ഈണമിടീപ്പിച്ചത്. പാട്ടു വാങ്ങിവരാൻ സംവിധായകൻ അയച്ചത് ബിച്ചുവിനെത്തന്നെ. തന്റെ പാട്ട് യേശുദാസ് പാടിയതുകേട്ട് ബിച്ചു തുള്ളിച്ചാടി.

നിറകുടത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന ഗാനത്തിനും പറയാനുണ്ട് വിസ്മയപ്പിറവിയുടെ കഥ. പാട്ടെഴുതുന്ന ഡയറി ജയവിജയന്മാരുടെ മുറിയിൽവച്ച് ചെന്നൈയിലെ കപാലീശ്വരക്ഷേത്രത്തിൽ തൊഴാൻപോയ ബിച്ചു, മടങ്ങിയെത്തുമ്പോൾ കേട്ടതു തന്റെ വരികൾക്ക് അവർ ഒരുക്കിയ മനോഹരമായ ഈണം. അവസരം കിട്ടിയപ്പോൾ അതു സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഒരു രാത്രി പാട്ടെഴുതാൻ ഏറെ ശ്രമിച്ചു തുടക്കം കിട്ടാതെ നിരാശനായി ഇരിക്കുമ്പോൾ ശല്യമായി ഒരു കൊതുക് ചെവിയിൽ മൂളിപ്പറന്നു. മേശപ്പുറത്തു വായിച്ചു മടക്കിവച്ച പി.ഭാസ്കരന്റെ പുസ്തകം ‘ഒറ്റക്കമ്പിയുള്ള തംബുരു’. അടുത്തനിമിഷം ജനപ്രിയ ഗാനത്തിന്റെ വരികൾ പിറന്നു: ‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം....’.
നിലാവുള്ള മറ്റൊരു രാത്രിയിൽ മദ്രാസിലെ ഹോട്ടൽമുറിയിലെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പൂത്തു നിൽക്കുന്ന വാകമരം. തൊട്ടടുത്ത മുറിയിലേക്കു വന്നു കയറുന്ന ഒരു പെൺകുട്ടി. രാവിലെ നോക്കിയപ്പോൾ അടുത്ത മുറിയിൽ ആരുമില്ല. ‘വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ....’ എന്ന വരികൾ എഴുതാൻ പ്രതിഭാധനനായ കവിയ്ക്ക് അത്രയും മതിയായിരുന്നു.

’അങ്ങാടി’ എന്ന സിനിമയിലെ സൂപ്പർ ഹിറ്റായ ‘പാവാട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക്’ എന്ന ഗാനം തിരുവനന്തപുരത്തുനിന്നു കോഴിക്കോടു വരെയുള്ള യാത്രയ്‌ക്കിടയിൽ വിമാനത്തിലിരുന്ന് എഴുതിയതാണ്. പണ്ടു കൊല്ലത്ത് ഒരു നാടകസമിതി ‘നീലജലം’ എന്ന നാടകമെടുത്തു. ആ പേര് ബിച്ചുവിനെ ആകർഷിച്ചു. ‘നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും’ എന്ന വരികൾ മനസ്സിൽ തോന്നിയത് അപ്പോൾത്തന്നെ വീട്ടിലൊരാളോടു ബുക്കിലെഴുതി വയ്ക്കാൻ പറഞ്ഞു.

പിന്നെ മദ്രാസിൽ പോയപ്പോൾ ഐ.വി.ശശി ബോംബെയിൽനിന്നു വിളിച്ച് ‘അംഗീകാരം’ എന്ന സിനിമയിലെ കഥാസന്ദർഭം പറഞ്ഞ് എത്രയും വേഗം പാട്ടെഴുതി സംഗീതസംവിധായകൻ എ.ടി. ഉമ്മറിനെ ഏൽപിക്കാൻ നിർദേശിച്ചു. വീട്ടിലേക്കു ഫോണിൽ വിളിച്ചു നേരത്തേ ബുക്കിലെഴുതിയത് കേട്ടെഴുതുകയായിരുന്നു
ഒരു യാത്രയ്ക്കിടെ തമിഴ്നാട്ടിലെ പഴഞ്ചിറ എന്ന സ്ഥലത്തുവച്ച് ബസ് തകരാറിലായി. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ അതിന്റെ പേര് ബിച്ചുവിന്റെ മനസ്സിലുടക്കി-പഴം തമിഴ്. ‘മണിച്ചിത്രത്താഴി’നു പാട്ടെഴുതാനിരുന്നപ്പോൾ അതിൽനിന്നുതന്നെ തുടങ്ങി.

താരാട്ടു മുതൽ തോന്ന്യാക്ഷരം വരെ

മലയാളസിനിമയിൽ ശ്രദ്ധേയമായ ഏറ്റവും കൂടുതൽ താരാട്ടുപാട്ടുകൾ രചിച്ചിട്ടുള്ളത് ബിച്ചു തിരുമലയായിരിക്കും. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോ ആദ്യമായിറക്കിയ ചിൽഡ്രൻ സോങ്സ് എന്ന ആൽബത്തിനുവേണ്ടി ബിച്ചു എഴുതിയ ‘എലിക്കൂട്ടം പൊറുക്കുന്ന’, ‘പണ്ടുപണ്ടൊരു കൊക്ക്’, തുടങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.

താരാട്ടുപാട്ടുകൾ: കണ്ണാന്തുമ്പീ പോരാമോ, ഓലത്തുമ്പത്തിരുന്നൂയലാടും, ആരാരോ ആരിരാരോ, ഉണ്ണിയാരാരിരോ, കണ്ണോടു കണ്ണോരം നീ കണിമലരല്ലേ, എൻപൂവേ പൊൻപൂവേ, കിലുകിൽ പമ്പരം

കുട്ടിപ്പാട്ടുകൾ: ആലിപ്പഴം പെറുക്കാൻ, ആളൊരുങ്ങി അരങ്ങൊരുങ്ങീ, ഉണ്ണികളേ ഒരു കഥപറയാം, ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ, എട്ടപ്പം ചുടണം, കാക്കാ പൂച്ച കൊക്കരക്കോഴി വാ, ലല്ലലം ചൊല്ലുന്ന, കിനാവിന്റെ വരമ്പത്ത്, പച്ചക്കറിക്കായത്തട്ടിൽ

പ്രണയഗാനങ്ങൾ: ഒരു മധുരക്കിനാവിൻ, കൊഞ്ചി കരയല്ലേ, താളം താളത്തിൽ, നീലജലാശയത്തിൽ, സാന്ദ്രമായ ചന്ദ്രികയിൽ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ, എൻ സ്വരം പൂവിടും, പ്രണയം വിതുമ്പും, കുറുമൊഴി കൂന്തലിൽ, ഓളങ്ങൾ താളം തല്ലുമ്പോൾ, ലീലാ തിലകം ചാർത്തി, മിഴിയറിയാതെ വന്നു നീ, കാറ്റുതാരാട്ടും, കണ്ണും കണ്ണും, ആരോമൽഹംസമേ, മൈനാകം കടലിൽനിന്നുയരുന്നുവോ, ഒരുമയിൽപീലിയായ് ഞാൻ

സ്നേഹവും വിരഹവും: എവിടെയോ കളഞ്ഞുപോയ കൗമാരം, മകളേ പാതിമലരേ, കളിപ്പാട്ടമായ് കണ്മണി, പഴന്തമമിഴ് പാട്ടിഴയും, പാൽനിലാവിനും

ആത്മീയ ചിന്ത, പ്രകൃതി പൂജ: ഭ്രമണപഥം വഴി, യാമശംഖൊലി, ഹൃദയം ദേവാലയം

ഹാസ്യഗാനങ്ങൾ: അവനവൻ കുരുക്കുന്ന, സുന്ദരീ സുന്ദരി, ഊട്ടിപ്പട്ടണം, പടകാളി, മരംചാടി നടന്നൊരു കുരങ്ങൻ, അഴിമതി നാറാപിള്ള
ആൽബം ഗീതങ്ങൾ: മാമാങ്കം പലകുറി കൊണ്ടാടി, വലംപിരിശംഖിൽ (വസന്തഗീതങ്ങൾ), ശങ്കരധ്യാനപ്രകാരം, ശരത്പൂർണിമാ യാമിനിയിൽ (ഹൃദയാഞ്ജലി), കുളത്തൂപ്പുഴയിലെ ബാലകനേ, മണികണ്ഠനു മലമേലൊരു (ദീപം മകരദീപം)

Content Highlight: Bichu Thirumala
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com