വൻനദികൾ മുറിച്ചുകടക്കാൻ ഒരുങ്ങി മമത; ‘അഖിലേന്ത്യ’ മോഹവുമായി കേജ്‌രിവാളും

Mamata | Kejriwal
മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ
SHARE

ഒരു പുഴ മുറിച്ചുകടന്നാൽ മതിയെങ്കിൽപോലും മറ്റൊരു സംസ്ഥാനത്തു പോയി മത്സരിച്ചു സീറ്റ് നേടുക പ്രാദേശിക കക്ഷികൾക്ക് എളുപ്പമല്ല. ദേശീയതലത്തിലേക്കു സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൻനദികൾ മുറിച്ചുകടക്കാനാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരുങ്ങുന്നത്. ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മത്സരിച്ചത് ഇതിന്റെ ഭാഗമായിരുന്നു.

ബംഗാളിനുപുറത്ത് തൃണമൂൽ നട്ടുവളർത്താൻ നിയുക്തനായതു മമതയുടെ അനന്തരവനും രാഷ്ട്രീയ പിൻഗാമിയുമായ അഭിജിത് ബാനർജിയാണ്. കൊണ്ടുപിടിച്ച പ്രചാരണവും, അതിനിടെ ത്രിപുര പൊലീസും അധികൃതരുമായി ഏറ്റുമുട്ടലുകളും നടന്നെങ്കിലും ത്രിപുര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ തൃണമൂലിനു കഴിഞ്ഞില്ല. ഭരണകക്ഷിയായ ബിജെപി സീറ്റുകൾ തൂത്തുവാരി. ഇരുസംസ്ഥാനത്തും ബംഗാളിയാണു മുഖ്യസംസാരഭാഷയെങ്കിലും അവസാന മണിക്കൂറിൽ കളത്തിലിറങ്ങിയ തൃണമൂലിന് ഉദ്ദേശിച്ചത്ര വോട്ടുകൾ കിട്ടിയില്ല.

ബംഗാളിലെ വൻതിരിച്ചടി ത്രിപുരയിൽ ജനപിന്തുണ നഷ്ടമാകാൻ ഇടയാക്കുമോ എന്ന ആശങ്ക ഒഴിഞ്ഞതു കൊണ്ടാവാം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ബിജെപി നേതാക്കളെല്ലാം ത്രിപുരയിലെ വിജയത്തിനു വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രസ്താവനയിറക്കി. ബംഗാളിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും താവളങ്ങളിലാണു തൃണമൂൽ വേരുറപ്പിച്ചതെങ്കിൽ ത്രിപുരയിൽ ബിജെപിയാണു സിപിഎം-കോൺഗ്രസ് അണികളെ റാഞ്ചി കരുത്തുനേടിയത്.

mamata-trinamool-1248

സമീപകാലത്തു കോൺഗ്രസിൽനിന്നു തൃണമൂലിൽ എത്തിയ സുഷ്മിത ദേബിന്റെ നേതൃത്വത്തിൽ ത്രിപുര പിടിക്കാനിറങ്ങിയ മമതയുടെ സംഘത്തിന് ഇപ്പോഴും ആത്മവിശ്വാസത്തിനു കുറവൊന്നുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തു തെളിയിക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എപ്പോഴും ഭരണകക്ഷി എളുപ്പം വിജയിക്കും. ഗോവ പോലെ ബംഗാളിൽനിന്നു വിദൂരമായ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിൽ വരെ വേരുപടർത്താനുള്ള മമതയുടെ ശ്രമം വിജയിക്കുമോയെന്നു വരുംമാസങ്ങളിൽ അറിയാം.

പല പ്രാദേശിക പാർട്ടികളും ദേശീയ മോഹങ്ങൾ വെളിപ്പെടുത്തുന്നതു സ്വയം അഖിലേന്ത്യ കക്ഷികൾ എന്നു വിളിച്ചാണ്. മുഖ്യ ഉദാഹരണം ഓൾ ഇന്ത്യ അണ്ണാദ്രാവിഡ മുന്നേറ്റ കഴകമാണ് (എഐഎഡിഎംകെ). എംജിആറിന്റെയും ജയലളിതയുടെയും നേതൃത്വത്തിൽ പാർട്ടി ഐതിഹാസിക വിജയം തമിഴ്നാട്ടിൽ നേടിയെങ്കിലും സംസ്ഥാനത്തിനു പുറത്തേക്കു വളരാനായില്ല. തമിഴ് സംസാരഭാഷയായ പുതുച്ചേരിയിൽ പോലും പരിമിത സ്വാധീനമേ ഉണ്ടാക്കാനായുള്ളൂ. 1983ലും 1985ലും നേടിയ വൻവിജയത്തെ തുടർന്നു തെലുഗുദേശം പാർട്ടിയുടെ സ്ഥാപകനായ സൂപ്പർതാരം എൻ.ടി.രാമറാവു ഭാരതദേശം പാർട്ടി ഉണ്ടാക്കിയെങ്കിലും അതിനു അവിഭക്ത ആന്ധ്രപ്രദേശിന്റെ അതിർത്തി വിടാനായില്ല.

സമാനമായ രീതിയിൽ പേരിനൊപ്പം ‘അഖിലേന്ത്യ’ ചേർത്ത മറ്റു രണ്ടു പാർട്ടികളാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും; റിപ്പബ്ലിക്കൻ പാർട്ടി മഹാരാഷ്ട്രയിലും ലീഗ് കേരളത്തിലുമായി ഒതുങ്ങിക്കഴിയുന്നു. ആന്ധ്രപ്രദേശ് രണ്ടു സംസ്ഥാനമായി വിഭജിക്കപ്പെട്ടശേഷം തെലുഗുദേശം പാർട്ടി നേതാവായ ചന്ദ്രബാബു നായിഡുവിന്റെ, കൃഷ്ണാനദി കടന്നു തെലങ്കാനയിൽ എത്താനുള്ള മോഹം വിജയിച്ചില്ല. 2019ലെ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും തെലുഗുദേശം തകർന്നടിഞ്ഞു. ഇപ്പോൾ ആന്ധ്രയിൽനിന്നുള്ള മറ്റൊരു നേതാവ്, മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി ഷർമിളയും കൃഷ്ണാനദി കടന്ന് തെലങ്കാനയിൽ ഭാഗ്യം പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്.

ദേശീയ രാഷ്ട്രീയത്തിൽ പണ്ടേയുള്ള ചൊല്ലാണ് അതികായരാണെങ്കിലും ചൗധരി, യാദവ ജോഡികൾക്കു യമുന, ഗംഗ നദികൾ കടക്കാനാവില്ലെന്നത്. ചൗധരിമാർ എന്ന് ഉദ്ദേശിച്ചത് മുൻപ്രധാനമന്ത്രി ചരൺ സിങ്ങിനെയും മുൻ ഉപപ്രധാനമന്ത്രി ദേവിലാലിനെയുമാണ്. ഇരുവരുടെയും സ്വാധീനമേഖല യഥാക്രമം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ജാട്ടുകളാണ്. ഈ രണ്ടു സംസ്ഥാനങ്ങളെയും വേർതിരിക്കുന്നതു യമുനാ നദിയാണെങ്കിലും ജാട്ട് സമുദായവും ഹിന്ദിയും അവരെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ചരൺസിങ് എപ്പോഴെല്ലാം ഹരിയാനയിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടോ അപ്പോഴെല്ലാം പരാജയമാണു ഫലം. സ്വന്തം ഭാര്യ ഗായത്രീദേവിയെയും ഹരിയാനയിൽ ചരൺ സിങ് തിരഞ്ഞെടുപ്പിൽ നിർത്തിയെങ്കിലും ജയിച്ചില്ല.

മൂന്നു തലമുറകളായി ഹരിയാനയിലെ ഇന്ത്യൻ നാഷനൽ ലോക്ദളിനെ നയിക്കുന്ന ദേവിലാൽ കുടുംബത്തിന് യുപിയിലെ ജാട്ടുകളെയും സ്വാധീനിക്കാനായിട്ടില്ല. മറ്റൊരു കൗതുകമുള്ളത് ജാട്ട് മേഖലയിലുള്ള ഇരുകക്ഷികൾക്കും ഹിന്ദി സംസാരിക്കുന്ന രാജസ്ഥാനിലെ ജാട്ടുകളെ വശത്താക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. രാജസ്ഥാനിലെ ജാട്ടുകൾ കോൺഗ്രസിനെയും ബിജെപിയെയും മാറിമാറി പിന്തുണച്ചുപോന്നു. ഉത്തർപ്രദേശിനും ബിഹാറിനുമിടയിലെ ഗംഗാനദിയാണു സമാജ്‌വാദി പാർട്ടി നേതാവായ മുലായം സിങ്ങിനെയും രാഷ്ട്രീയ ജനതാദൾ നേതാവായ ലാലുപ്രസാദിനെയും വേർപിരിക്കുന്നത്. എന്നാൽ എതിർസംസ്ഥാനത്തു വേരുറപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുനേതാക്കളും നേരത്തേ തന്നെ ഉപേക്ഷിച്ചു.

ചരിത്രം ഇതാണെങ്കിലും സംസ്ഥാനാന്തര സ്വാധീനങ്ങൾ ഉണ്ടാക്കാനുള്ള പ്രാദേശിക പാർട്ടി നേതാക്കളുടെ മോഹങ്ങൾ ഇപ്പോഴും ശക്തമാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണു സജീവമായി രംഗത്തുള്ള മറ്റൊരു നേതാവ്. വരാനിരിക്കുന്ന പ‍ഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ നിയമസഭാ തിര‍ഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ അദ്ദേഹം രംഗത്തിറക്കുന്നുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പഞ്ചാബിൽ എഎപി നേടിയ വിജയം അവരെ മൂന്നാം ശക്തിയാക്കിയിട്ടുണ്ട്. എന്നാൽ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എഎപിയുടെ ഭൂരിഭാഗം എംഎൽഎമാരും കൂറുമാറി കോൺഗ്രസിലെത്തിയിരിക്കുന്നു. കേജ്‌രിവാളിന്റെയും മമതയുടെയും അന്തർസംസ്ഥാന പരിശ്രമങ്ങൾ വോട്ടർമാർ എങ്ങനെ സ്വീകരിക്കുന്നുവെന്നതു പഞ്ചാബിലെയും ഗോവയിലെയും നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ അറിയാം.

English Summary: Mamata Banerjee's attempt to make Trinamool Congress a national party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA