ADVERTISEMENT

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദൈനംദിന കോവിഡ് ബാധിതരുടെ എണ്ണം ഏതാണ്ട് 10,000 ആയി ചുരുങ്ങിയിരിക്കുന്നു. ഇതിന്റെ 55–60% വരെ ഇപ്പോൾ കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ കോവിഡ് അതിന്റെ പാരമ്യത്തിൽ നിന്ന മേയ് ആദ്യവാരവുമായി താരതമ്യം ചെയ്താൽ, അന്നുണ്ടായിരുന്നതിന്റെ 2.5% മാത്രമാണ് ഇപ്പോഴുള്ള ദൈനംദിന കോവിഡ് ബാധിതർ. കേരളത്തിന്റെ കാര്യത്തിൽ ഇപ്പോഴുള്ള കോവിഡ് ബാധിതരുടെ എണ്ണം നാം അഭിമുഖീകരിച്ച പരമാവധി എണ്ണത്തിന്റെ 10% വരും; അതും കുറവുതന്നെ. എന്നാൽ ലോകത്തെ മൊത്തത്തിൽ കണക്കാക്കിയാൽ ഇത്തരത്തിൽ സമാധാനിക്കാവുന്ന ഒരു അവസ്ഥയിൽ അല്ല എന്നു മനസ്സിലാകും.

ആഗോളവ്യാപകമായി നോക്കിയാൽ ഇപ്പോഴും ദിനംപ്രതി ഏതാണ്ട് 6 ലക്ഷം കോവിഡ് ബാധിതരും 8,000 മരണങ്ങളും ഉണ്ടാകുന്നുണ്ട്. അതായത് കോവിഡ് ഇനിയും താഴ്ന്നുവന്നുവെന്നു പറയാറായിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകളുണ്ടായത് 2021 മേയ് 12നാണ്. അന്ന് ഒറ്റദിവസം നാം 43,529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. ലോകത്തു മുഴുവൻ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം ആ ദിവസം ഏതാണ്ട് ഏഴര ലക്ഷമായിരുന്നു, അതായത് ഇന്നുള്ളതിൽനിന്ന് അൽപംമാത്രം കൂടുതൽ. നമ്മുടെ നാട്ടിൽ കോവിഡ്ബാധ രൂക്ഷമായിരുന്നപ്പോൾ യൂറോപ്പിൽ കുറവായിരുന്നു, ഇപ്പോൾ കാര്യങ്ങൾ തിരിഞ്ഞു വന്നിരിക്കുന്നുവെന്നു മാത്രം.

കോവിഡ് ഏതാണ്ട് കടന്നുപോയിക്കഴിഞ്ഞു എന്ന രീതിയിൽ പെരുമാറുന്നത് അപകടം ചെയ്യാം. ഏതാണ്ട് 50 ലക്ഷത്തോളം പേർക്ക് ഇതിനകം തന്നെ വൈറസ്ബാധ ഉണ്ടായിക്കഴിഞ്ഞുവെന്നതും ബഹുഭൂരിപക്ഷം ആളുകളിലും കോവിഡ് പ്രതിരോധ ആന്റിബോഡികളുടെ സാന്നിധ്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നതും വ്യാപകമായ വാക്‌സിനേഷനെ (ഒരു ഡോസെങ്കിലും) തുടർന്നു മരണനിരക്ക് നന്നായി കുറഞ്ഞുവെന്നതും നിലവിൽ നമ്മെ സംരക്ഷിക്കുന്ന ഘടകങ്ങളാണ്. ജീവിതത്തെ തടയുന്ന നിയന്ത്രണമാർഗങ്ങൾ ആവശ്യമില്ലെങ്കിലും വൈറസ്ബാധയുടെ നിരക്കിനെ കുറയ്ക്കാൻ കഴിയുന്ന മാസ്കുകൾ പോലെയുള്ള സങ്കേതങ്ങളിൽ നിന്നും, മരണങ്ങൾ കുറച്ചുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ പോലെയുള്ള തന്ത്രങ്ങളിൽ നിന്നും പിന്നോട്ടു പോകാൻ സമയമായിട്ടില്ല.

∙ ഒമിക്രോൺ ഭീഷണി

പുതിയ ജനിതകവ്യതിയാനങ്ങൾ വന്നാൽ ഒരുതവണ ഡെൽറ്റ ബാധിച്ച സ്ഥലങ്ങളിൽപോലും വീണ്ടും വ്യാപകമായി കോവിഡ് ബാധയുണ്ടാകാമെന്നു വിദഗ്ധർ നേരത്തേ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒമിക്രോൺ (B.1.1.529) ആശങ്കയുണർത്തുന്ന ജനിതക വ്യതിയാനമാണെന്ന് (വേരിയന്റ് ഓഫ് കൺസേൺ) ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് മനുഷ്യകോശങ്ങളിലേക്കു കടക്കാനുപയോഗിക്കുന്ന ‘സ്പൈക്ക് പ്രോട്ടീനിൽ’ മറ്റൊരു വകഭേദത്തിനുമില്ലാത്തത്ര വ്യതിയാനങ്ങളാണ് ഒമിക്രോണിനെ ഒരു ഭീഷണിയാക്കുന്നത്. ഇതുമൂലം വളരെവേഗത്തിൽ പടരാനുള്ള ശേഷി ഒമിക്രോണിന് ഉണ്ടെന്നു കരുതപ്പെടുന്നു. വൈറസ് ബാധിതനായ വ്യക്തിക്ക് എത്രപേർക്കു രോഗം പടർത്താൻ കഴിയും എന്നതിന്റെ സൂചികയായ R ഫാക്ടർ, നിലവിൽ ഏറ്റവും പ്രഹരശേഷിയുള്ള ഡെൽറ്റയുടെ അഞ്ചിരട്ടിയിലധം ഉണ്ടെന്നാണു സ്ഥിരീകരിക്കാത്ത വിവരം.

മുൻപ് ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളാലുള്ള വൈറസ്ബാധയേറ്റവർക്കും വാക്‌സീൻ സ്വീകരിച്ചവർക്കും ഒമിക്രോൺ ബാധിച്ചതായി ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രോഗതീവ്രതയുടെയും മരണസാധ്യതയുടെയും നിരക്കുകൾ കൂടുതലല്ല എന്നാണ് ആദ്യകണക്കുകൾ കാണിക്കുന്നത്. വ്യാപകമായ വാക്‌സിനേഷനാലും ഇതിനകം തന്നെ മറ്റ് വകഭേദങ്ങളാലുണ്ടായ കോവിഡിനാലും സമൂഹത്തിൽ നിലനിൽക്കുന്ന പ്രതിരോധശക്തിക്ക് ഒരുപക്ഷെ ഒമിക്രോൺ വൈറസിനെ പൂർണമായി തടയാൻ കഴിഞ്ഞില്ലെങ്കിൽപോലും സങ്കീർണതകളെ വലിയ അളവിൽ കുറയ്ക്കാൻ കഴിയും.

പുതിയ ജനിതകവ്യതിയാനങ്ങൾക്ക് ‘ഇമ്യൂൺ എസ്‌കേപ്പ്’ എന്ന പ്രതിഭാസം വഴി പഴയ ജനിതകശ്രേണിയിലുള്ള വൈറസുകൾ ഉയർത്തുന്ന പ്രതിരോധത്തെ അതിലംഘിക്കാൻ കഴിഞ്ഞേക്കും എന്നതിനാൽ, ഇതിനകംതന്നെ ഡെൽറ്റ വകഭേദം വ്യാപകമായി ബാധിച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഒമിക്രോൺ വീണ്ടും പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തൽക്കാലം ഭീതിയുടെ കാര്യമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. വൈറസ് വകഭേദം അതിവേഗം പടരുമെന്നതിനു വ്യാപകമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളും സമ്പൂർണ വാക്സിനേഷനുമാണ് ഊന്നൽ നൽകേണ്ടതെന്നും ഐസിഎംആർ പറയുന്നു. അതേസമയം, ലോകം മുഴുവൻ പുതിയ നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു.

∙ അപകടകരമായ ചിന്താഗതി

മഹാമാരിയുടെ തുടക്കം മുതൽ പല സമൂഹങ്ങളെയും അപകടപ്പെടുത്തിയ ചിന്താഗതിയാണ് കോവിഡിനെ ഒരു ജലദോഷപ്പനിയായി കാണുക എന്നത്. മഹാമാരിയെ ഒരു സാമൂഹിക പ്രശ്നമായി കാണാതെ, വ്യക്തിപരമായ ഒരു രോഗമായി കാണുന്ന വികല വീക്ഷണമാണിത്. കേരളത്തിൽ കോവിഡ് ബാധിക്കാനിടയുള്ളവരുടെ സാധ്യത നിലവിൽ ജനസംഖ്യയുടെ വെറും 10 ശതമാനത്തിലേക്കും അത് തീവ്രമാകാനിടയുള്ളവരുടെ സാധ്യത വെറും ആയിരത്തിലൊന്നായും താഴ്ന്നിട്ടുണ്ടെങ്കിൽപോലും അത് എണ്ണത്തിൽ വരുമ്പോൾ ഏതാണ്ട് 35 ലക്ഷം ബാധിതരും 35,000 മരണങ്ങളുമായി മാറുന്നു.

ഈ എണ്ണം ചെറിയ ഒരു കാലയളവിൽ സംഭവിച്ചാൽ അതുമതി നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കാൻ. കോവിഡ് കാരണം ഉണ്ടാകുന്ന മരണങ്ങൾ മാത്രമല്ല, ആശുപത്രിക്കിടക്കകളും അനുബന്ധ സേവനങ്ങളും കോവിഡ് കയ്യടക്കുമ്പോൾ മറ്റു രോഗങ്ങൾക്കു ചികിത്സ കിട്ടാതെ വരുന്നതും കോവിഡിന്റെ അതിവ്യാപനസമയത്തു സർവസാധാരണമാണ്. ഒമിക്രോൺ ഉയർത്തുന്ന അപകടസാധ്യതയും മറ്റൊന്നല്ല.

Omicron

∙ പ്രതിരോധ വഴി

കോവിഡ് ഇപ്പോൾ വ്യാപകമായിരിക്കുന്ന പല യൂറോപ്യൻ രാജ്യങ്ങളിലും 75% ആളുകളും 2 ഡോസ് വാക്‌സീനുകളും സ്വീകരിച്ചവരാണ്. അതുകൊണ്ടാണ് അതിതീവ്ര പ്രഹരശേഷിയുള്ള ഡെൽറ്റ പടർന്നുപിടിക്കുന്ന സമയത്തും മരണങ്ങൾ കുറച്ചുനിർത്താനായത്. വാക്‌സീൻ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെങ്കിലും വാക്‌സീൻ എടുത്തവർക്കും അപകടമുണ്ടാവുന്നുണ്ട്.

കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ നാം വലിയ അലംഭാവം കാണിച്ചാൽ കേരളത്തിലും അടുത്ത തരംഗത്തിൽ (കോവിഡിന്റെ ഒരു മൂന്നാം തരംഗം അടുത്തവർഷം ആദ്യം ഉണ്ടാകാമെന്നും, എന്നാൽ പ്രഹരശേഷി രണ്ടാം തരംഗത്തെക്കാൾ കുറവായിരിക്കുമെന്നും അനുമാനിക്കുന്നുണ്ട്) സമാനമായ പ്രശ്നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. ഇതിനെ ഒരു പരിധിവരെ നേരിടാൻ വാക്‌സീനുകൾക്കു കഴിയും. ഇനിയും വാക്‌സീൻ സ്വീകരിച്ചിട്ടില്ലാത്തവർ, അത് ഒന്നാം ഡോസ് ആണെങ്കിലും രണ്ടാം ഡോസ് ആണെങ്കിലും ഉടനെ വാക്സിനേഷനു വിധേയമാവുക എന്നതാണ് അതിലൊന്ന്‌.

സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷം അത്തരം വാക്‌സീനുകൾ കുട്ടികൾക്ക് നൽകുക എന്നതാണു രണ്ടാമത്തെ മാർഗം. കോവിഡ് അപകടപ്പെടുത്താനുള്ള സാധ്യത വിരളമാണെങ്കിലും കുട്ടികൾ കൂടി ഉൾപ്പെട്ട സമൂഹത്തിലൂടെ വൈറസ്ബാധ കടന്നുപോകുന്നത് ഒട്ടൊന്നു തടയാൻ കുട്ടികളിലെ വാക്‌സിനേഷനു കഴിയും. വാക്സീൻ എടുത്താൽപോലും കോവിഡ് തീവ്രലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുള്ള പ്രായാധിക്യമുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഒരു മൂന്നാം ഡോസ് വാക്‌സിനേഷനെപ്പറ്റി ചിന്തിക്കുക എന്നതാണു മറ്റൊരു കാര്യം.

∙ ജനിതക വ്യതിയാനങ്ങൾ

കൊറോണ വൈറസിൽ ഉണ്ടാകാനിടയുള്ള ജനിതകവ്യതിയാനങ്ങൾ ഒരിക്കൽകൂടി വലിയ ചർച്ചയായിരിക്കുന്നു. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. നിരീക്ഷിക്കപ്പെടുന്ന ജനിതക വ്യതിയാനങ്ങൾ (Variants Being Monitored), താൽപര്യമുണർത്തുന്ന ജനിതക വ്യതിയാനങ്ങൾ (Variant of Interest), ആശങ്കയുണർത്തുന്ന ജനിതക വ്യതിയാനങ്ങൾ (Variant of Concern), ഉയർന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ജനിതക വ്യതിയാനങ്ങൾ (Variant of High Consequence) എന്നിങ്ങനെയാണു തരംതിരിവ്. ഇതിൽ ആശങ്കയുണർത്തുന്ന ജനിതകവ്യതിയാനങ്ങൾ എന്ന ഗ്രൂപ്പിൽ നിലവിൽ ഡെൽറ്റ മാത്രമേ ഉണ്ടയിരുന്നുള്ളൂ; ഇനി ഒമിക്രോണും. ഡെൽറ്റ ഇന്ത്യയിൽ നാശംവിതച്ചു കടന്നുപോയിക്കഴിഞ്ഞു. കേരളവും ഡെൽറ്റയുടെ പിടിയിൽനിന്ന് ഏതാണ്ട് പുറത്തുകടക്കുന്നുവെന്നാണു നിരക്കുകൾ സൂചിപ്പിക്കുന്നത്.

ഉയർന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ജനിതക വ്യതിയാനങ്ങൾ എന്ന നാലാം ഗ്രൂപ്പിൽ കോവിഡിന്റെ ഒരു ജനിതക വ്യതിയാനവും ഉൾപ്പെട്ടിട്ടില്ല. അതായത് ഡെൽറ്റയെക്കാൾ അപകടകരമായ ഒരു ജനിതകവ്യതിയാനം വരാനുള്ള സാധ്യത ശാസ്ത്രലോകം ഇപ്പോഴും തള്ളിക്കളയുന്നില്ല. മാത്രമല്ല അങ്ങനെയുള്ള വ്യതിയാനങ്ങൾ വന്നാൽ അവയെ എവിടെ പട്ടികപ്പെടുത്തണമെന്നും കാലേക്കൂട്ടി തീരുമാനിച്ചിരിക്കുന്നു.

∙ പുതിയ വ്യാപനം: യൂറോപ്പ് പകരുന്ന പാഠം

കോവിഡിന്റെ കാര്യത്തിൽ പതിയെ വ്യാപിച്ച് പതിയെമാത്രം കുറയുന്ന യൂറോപ്യൻ രീതിയാണു കേരളത്തിൽ പലപ്പോഴും കാണുന്നത്. എപ്പിഡെമിയോളജിയുടെ കാര്യത്തിൽ കേരളം യൂറോപ്പുമായി കാണിക്കുന്ന ഈ സമാനത, യൂറോപ്പിൽ കോവിഡ് വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നാം കണക്കിലെടുക്കേണ്ടതുണ്ട്.

പ്രാദേശികമായ വൈറസ്ബാധയുടെ രീതികൾക്കനുസരിച്ചു തന്ത്രങ്ങൾ തീരുമാനിക്കുമ്പോൾതന്നെ കോവിഡ് ഒരു ആഗോള പ്രതിഭാസമാണെന്നും ആഗോളതലത്തിലുണ്ടാകുന്ന വ്യാപനം ഏറിയും കുറഞ്ഞും നമ്മെയും ബാധിക്കാനിടയുണ്ടെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഇപ്പോൾ വൈറസ്ബാധ ആവർത്തിക്കുന്നതിലേക്കു നയിക്കുന്ന മറ്റൊരു ഘടകം അവിടങ്ങളിലെ ശൈത്യമാണ്. ഉത്തരേന്ത്യയും ഉടനെത്തന്നെ ശൈത്യകാലാവസ്ഥയിലേക്കു നീങ്ങുന്നു എന്നതും ഇന്ത്യയ്ക്ക് ഭീഷണിയുയർത്തുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം കാര്യമായ ശൈത്യകാലം ഇല്ലെങ്കിലും ഇന്ത്യയിലെമ്പാടും കോവിഡ് വ്യാപിക്കുന്ന നിലയുണ്ടായാൽ അത് ഇവിടേക്കും പടർന്നുപിടിക്കും. ഒമിക്രോൺ പോലൊരു ജനിതക വ്യതിയാനം സംഭവിച്ചാൽ ഈ കോട്ട തകർക്കപ്പെടാനിടയുണ്ട്. അപ്പോൾ വൈറസ് പടർന്നുപിടിക്കുന്നതു തടയാൻ പഴയതുപോലെതന്നെ മാസ്കുകളും, മരണങ്ങൾ തടയാൻ വാക്‌സിനുകളുമായിരിക്കും പ്രധാന ആയുധങ്ങൾ. അതിനാൽ നമ്മുടെ കരുതലുകൾ അവസാനിപ്പിക്കാറായിട്ടില്ല എന്ന ചുവരെഴുത്തുകൾ മറ്റു രാജ്യങ്ങളിൽ നിന്നു നാം വായിച്ചെടുക്കുകയും കരുതലോടെ തുടരുകയും വേണം.

∙ വാക്സിനേഷൻ നിരക്ക്: കേരളത്തിന്റെ കരുത്ത്

കേരളത്തിന്റെ കാര്യം പരിശോധിച്ചാൽ ഏറെ ആശ്വാസകരമായ അവസ്ഥയിലാണു നിലവിൽ നമ്മൾ. പ്രായപൂർത്തിയായവരിൽ ഇനിയും വാക്‌സീൻ സ്വീകരിക്കാത്തവർ 4% മാത്രമാണ്. 62% പേർ 2 ഡോസ് വാക്‌സീനും സ്വീകരിച്ചു. ഏതൊരു യൂറോപ്യൻ-അമേരിക്കൻ രാജ്യത്തോടും കിടപിടിക്കാവുന്ന വാക്‌സിനേഷൻ നിരക്കാണിത്. കേരളത്തിന്റെ വാക്‌സിനേഷൻ നിരക്കുകൾ ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരും. കോവിഡ് മരണനിരക്ക് നിയന്ത്രിച്ചു നിർത്താൻ ഉയർന്ന വാക്‌സിനേഷൻ നിരക്കിനാകും എന്നതിൽ സംശയമില്ല.

വളരെ വേഗത്തിൽ രോഗം പടർന്നു പിടിച്ച് ആരോഗ്യരക്ഷാ സംവിധാനം തകിടം മറിയുന്ന അവസ്ഥയുണ്ടായിട്ടില്ലെങ്കിലും വ്യാപകമായ വൈറസ്ബാധ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അതിൽതന്നെ മിക്കവരെയും ബാധിച്ചിരിക്കുന്നത് അതീവ പ്രഹരശേഷിയുള്ള ഡെൽറ്റ വകഭേദമാണ്. വ്യാപകമായി ഉണ്ടായിക്കഴിഞ്ഞ ഡെൽറ്റ വൈറസ്ബാധ കേരളത്തെ കോവിഡിനെതിരായ സാമൂഹിക പ്രതിരോധത്തിന്റെ കാര്യത്തിൽ യൂറോപ്പിനെക്കാൾ ഒരുപടി മുന്നിൽനിർത്തുന്നു.

വാക്‌സീൻ സ്വീകരിച്ചവരിൽ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന, മിക്കപ്പോഴും അപകടകരമല്ലാത്ത വൈറസ്ബാധ (ബ്രേക്ത്രൂ അണുബാധകൾ) രോഗതീവ്രതയും മരണങ്ങളും അധികമുണ്ടാവാതെതന്നെ സാമൂഹിക രോഗപ്രതിരോധശക്തി വർധിപ്പിച്ചുകൊണ്ടുമിരിക്കുന്നു. മേൽപറഞ്ഞതെല്ലാം നിലനിൽക്കുമ്പോൾത്തന്നെ, കരുതലിലും വാക്‌സീൻ എടുക്കുന്നതിലും ഇപ്പോൾ കണ്ടുവരുന്ന ഉദാസീനത നമ്മെ അപകടപ്പെടുത്താനിടയുണ്ട്.

‌(തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

English Summary: Omicron: All You Want to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com