ഗൗരവമാനത്തിലേക്ക് പെരിയ കേസ്

HIGHLIGHTS
  • കൊലക്കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതു ലജ്ജാകരം
Periya-murder-Kripesh-and-Sarathlal-image
SHARE

അധികാരരാഷ്ട്രീയത്തിന്റെ തണലും പണമൊഴുക്കലും സംഘടനാശേഷിയും ഇക്കുറി തുണയായില്ല. പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അഞ്ചു പാർട്ടി പ്രവർത്തകരുടെ അറസ്റ്റിനു പിന്നാലെ മുൻ എംഎൽഎകൂടി പ്രതിപ്പട്ടികയിൽ എത്തിയതോടെ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ന്യായങ്ങൾ മതിയാകില്ല ഇനി സിപിഎമ്മിനു പിടിച്ചുനിൽക്കാൻ. ലോകത്തു നീതിബോധമുള്ള ഏതു സർക്കാരും ചെയ്യുന്നതുപോലെ കൊലപാതകത്തിലെ ഇരകളുടെ കുടുംബങ്ങളോടൊപ്പം നിൽക്കുന്നതിനു പകരം, പ്രതികളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ കച്ചകെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്. 

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ യുവാക്കളെ 2019 ഫെബ്രുവരി 17നു രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐ ഏറ്റെടുത്തശേഷമുള്ള ആദ്യ അറസ്റ്റ് നടപടികളാണു കഴിഞ്ഞ ദിവസമുണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ, ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനടക്കം അഞ്ചു സിപിഎം പ്രവർത്തകരെക്കൂടി  പ്രതി ചേർത്തതോടെ ഈ കേസ് കൂടുതൽ ഗൗരവമാനം കൈവരിച്ചിരിക്കുന്നു. പെരിയ കേസിൽ‌ സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനപ്പുറം കൂടുതലായൊന്നും കണ്ടെത്താനില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നതു കാണുകയാണു കേരളം. 

നേരത്തേ ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഇതിനകം പല തലങ്ങളിലും വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻപോലും വിളിപ്പിക്കാത്തവരാണ് ഇപ്പോൾ അറസ്റ്റിലായവരിൽ രണ്ടു പേർ. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നു കൃപേഷിന്റെയും ശരത്‍ലാലിന്റെയും മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടെന്നു ഹൈക്കോടതി ക്രൈംബ്രാഞ്ചിനോടു ചോദിക്കുകയുണ്ടായി. 

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന് അവകാശപ്പെട്ടു സിബിഐ അന്വേഷണം തടയാൻ സർക്കാർ ഒരു കോടി രൂപയിലേറെ ചെലവിട്ടു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രമുഖ അഭിഭാഷകരെ നിയോഗിച്ചതു വിവാദമായിരുന്നു. പെരിയ കേസിൽ മാത്രമല്ല, കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട കേസിലും ഈ നിലയ്ക്കുള്ള ഇടപെടൽ സർക്കാർ നടത്തി. ഒരു കോടിയിലധികം രൂപ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഈ കേസിലും സർക്കാർ ഇതിനകം ചെലവിട്ടെന്നാണു വിവരം.

പെരിയ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി കഴിഞ്ഞ ഡിസംബറിൽ തള്ളിയതു സർക്കാരിന്റെ നീതിനിഷേധത്തിനും ഗൂഢതാൽപര്യങ്ങൾക്കും വലിയ തിരിച്ചടിയായിരുന്നു. ഓരോ കേസിലും പ്രതികളെ സർവസന്നാഹങ്ങളോടെയും രക്ഷിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം മരിച്ചുപോയവരോടുള്ള നീതികേടു മാത്രമല്ല, ജീവിച്ചിരിക്കുന്നവരോടുള്ള വെല്ലുവിളി കൂടിയാണ്. കൊലപാതകക്കേസുകളിൽ പ്രതിയാകുന്നവരുടെ ബന്ധുക്കൾക്കു സിപിഎം സഹായം നൽകുന്നു എന്ന ആരോപണം ഉയരുന്നതിനിടെ, പെരിയ കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ ആദ്യ മൂന്നു പ്രതികളുടെ ഭാര്യമാർക്കു ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതു വിവാദമായിരുന്നു. പ്രതികളുടെ ഭാര്യമാർക്കും ‘മനുഷ്യാവകാശങ്ങളു’ണ്ടെന്നായിരുന്നു ഇക്കാര്യത്തിൽ സിപിഎം വാദം. പ്രതിഷേധം കനത്തപ്പോൾ ഇവരെ ജോലിയിൽ നിന്നു മാറ്റുകയായിരുന്നു.

അധികാര രാഷ്ട്രീയത്തിന്റെ ബലത്തിൽ ഏതു കേസും മായ്ച്ചുകളയാമെന്ന ബോധ്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണു പെരിയ കേസിലെ ഇപ്പോഴത്തെ നടപടികൾ. പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും മുതിർന്ന നേതാവായ മുൻ എംഎൽഎയെ പ്രതി ചേർക്കുകയും ചെയ്തതോടെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ കരുത്തോടെ ചോദ്യം ചെയ്യപ്പെടുമെന്നു തീർച്ച.

English summary: Government protests Periya murder case accused

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS