ADVERTISEMENT

ഊട്ടി കൂനൂരിലുണ്ടായ അതിദാരുണമായ സൈനിക ഹെലികോപ്റ്റർ അപകടം രാജ്യത്തെ നടുക്കിയിരിക്കുന്നു. രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി ബാഷ്പാഞ്ജലി അർപ്പിക്കുകയാണ് ഇന്ത്യ. 

ജനറൽ റാവത്തിന്റെ പത്നി മധുലികയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തൃശൂർ പൊന്നൂക്കര സ്വദേശിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപുമടക്കമുള്ളവർ കൊല്ലപ്പെട്ട അപകടം അതീവ നിർഭാഗ്യകരവും സമാനതകളിലില്ലാത്തതുമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന റഷ്യൻ നിർമിത ‘മി 17 വി 5’ ഹെലികോപ്റ്ററിലാണു ജനറൽ റാവത്തും സംഘവും സഞ്ചരിച്ചത്. രാജ്യത്തു നിലവിൽ ഏറ്റവും സുരക്ഷിതമായ കോപ്റ്ററുകളിലൊന്നാണ് ഇത്. താഴ്ന്നുപറക്കുന്നതിനിടെ മരത്തിലിച്ചാണ് അപകടമുണ്ടായതെന്നാണു നിഗമനം. വിവിധ തലങ്ങളിൽ പ്രഖ്യാപിച്ച അന്വേഷണങ്ങളിലൂടെ എത്രയുംവേഗം അപകടകാരണം കണ്ടെത്തുകതന്നെ വേണം

ജനറൽ റാവത്തിന്റെ അകാലത്തിലുള്ള അന്ത്യത്തിലൂടെ രാജ്യത്തിനും സേനയ്ക്കും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. മൂന്നു സേനാവിഭാഗങ്ങളുടെയും ഏകോപിത നടത്തിപ്പിനായി സൃഷ്ടിച്ച സംയുക്ത സേനാ മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) എന്ന അതിനിർണായക പദവിയേറ്റു രണ്ടു വർഷം തികയുംമുൻപാണ് അദ്ദേഹത്തിന്റെ മരണം. സൈനികകാര്യ വകുപ്പിന്റെ തലവനും ഭരണകൂടത്തിനു സൈനികകാര്യ ഉപദേശം നൽകുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനുമാണു സിഡിഎസ്. കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കാൻ സംയുക്ത മേധാവിയെ നിയമിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.

യുദ്ധതന്ത്രജ്ഞൻ എന്ന നിലയിൽ, ഇന്ത്യൻ സേനയുടെ ചരിത്രത്തിൽ മായാത്ത കയ്യൊപ്പുകൾ പതിച്ചാണ് ജനറൽ റാവത്തിന്റെ വേർപാട്. പല നിർണായക സൈനിക നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചതിന്റെ അനുഭവത്തഴക്കമുണ്ട് അദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതത്തിന്. 1978ൽ, 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ  തുടങ്ങിയ വീരോചിത യാത്രയാണ്, ഒരു സൈനികനു കൈവരിക്കാവുന്ന ഏറ്റവും പരമോന്നതപദവിയായ സംയുക്ത സേനാ മേധാവിസ്ഥാനം വരെയെത്തിയത്. കരസേനാ മേധാവി പദവിയിൽനിന്നുയർന്ന്, 2020 ജനുവരി ഒന്നിനു സംയുക്ത സേനാ മേധാവി സ്ഥാനമേറ്റതോടെ രാജ്യചരിത്രത്തിൽക്കൂടി ഇടംപിടിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്. 

ആർമി കമാൻഡർ എന്ന നിലയിൽ സൈനികനീക്കങ്ങൾ മുൻകൂട്ടി കാണുന്നതിനുള്ള വൈഭവം അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലെല്ലാം പ്രതിഫലിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും പാക്കിസ്ഥാന്റെയും ചൈനയുടെയും വെല്ലുവിളികൾ നേരിടുന്നതിലും കാട്ടിയ മികവിനു 2019ൽ ലഭിച്ച പരമവിശിഷ്ട സേവാ മെഡൽ അടക്കം ഒട്ടേറെ സേനാപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളെ സദാ ജാഗ്രതയോടെ വീക്ഷിക്കുകയും നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തു. രാജ്യത്തു സാമ്പത്തിക മേഖല വികസിക്കുകയാണെങ്കിലും പ്രതിരോധത്തിനുള്ള വിഹിതം വേണ്ടത്ര വർധിക്കുന്നില്ലെന്നതിൽ അദ്ദേഹത്തിനു പരാതിയുണ്ടായിരുന്നു.

സംയുക്ത സേനാ മേധാവിയായി സ്ഥാനമേറ്റശേഷമുള്ള ജനറൽ ബിപിൻ റാവത്തിന്റെ ആദ്യ പ്രതികരണം ശ്രദ്ധേയമായിരുന്നു. ‘കഴിഞ്ഞ 41 വർഷമായി ഗൂർഖാ റജിമെന്റിന്റെ, കനമുള്ള ചെരിഞ്ഞ തൊപ്പിയാണു ധരിച്ചത്. അതു മാറ്റി മൂന്നു സേനകളെയും പ്രതിനിധീകരിക്കുന്ന ഈ പുതിയ തൊപ്പി ധരിക്കുന്നതിന്റെ അർഥം, ഞാൻ മൂന്നു സേനകളെയും ഒരുപോലെ കാണുന്നു എന്നാണ്.’ വിപുലമായ സൈനികസംവിധാന പരിഷ്കാരങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. പതിനേഴു വ്യത്യസ്ത സൈനിക കമാൻഡുകളായി ചിതറിക്കിടക്കുന്ന മൂന്നു സേനാവിഭാഗങ്ങളെയും സംയോജിപ്പിച്ച് എട്ടോ ഒൻപതോ തിയറ്റർ കമാൻഡുകളാക്കി രൂപപ്പെടുത്താനുള്ള പദ്ധതി തുടങ്ങിവച്ചത് ഈ പരിഷ്കരണത്തിൽ ഏറ്റവും ശ്രദ്ധേയമാണ്. 

കാലത്തിനു വേണ്ടരീതിയിൽ നമ്മുടെ സേന നവീകരിക്കപ്പെടണമെന്നും രാജ്യസുരക്ഷ കുറ്റമറ്റതാകണമെന്നും ആഗ്രഹിച്ചിരുന്ന അദ്ദേഹം അതിനുവേണ്ടി ബഹുമുഖതലങ്ങളിൽ ഏറെ പ്രയത്നിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സൈന്യമെന്ന രാജ്യത്തിന്റെ സ്വപ്നം ബാക്കിയാക്കിയാണ് ആ ധീര പോരാളിയുടെ മടക്കം. ഹെലികോപ്റ്റർ അപകടം ജീവൻ കവർന്നവർക്കു ഞങ്ങളുടെ അന്ത്യാഞ്ജലി.

English Summary: Tribute to General Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com