ADVERTISEMENT

വൈസ് ചാൻസലർ, അധ്യാപക തസ്തികകൾ തുടങ്ങിയവയിലെ നിയമനം ഭരണനേതൃത്വത്തിലെ ഉന്നതരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതോടെ സർവകലാശാലയിലെ അധ്യാപക സംഘടനാ ഭാരവാഹികൾക്കും ജില്ലാ നേതാക്കൾക്കും ബാക്കി ലഭിച്ചതു ബോർഡ് ഓഫ് സ്റ്റഡീസും അതുപോലുള്ള സമിതികളുമാണ്. ഓരോ കോഴ്സിന്റെയും സിലബസ് രൂപീകരണത്തിനും മാർഗനിർദേശത്തിനുമൊക്കെ ചുമതലപ്പെട്ട, വിദ്യാർഥികളുടെ പഠനത്തെ നേരിട്ടു ബാധിക്കുന്ന തീരുമാനങ്ങളെടുക്കാൻ കഴിയുന്ന പ്രധാനപ്പെട്ട സമിതിയായ ബോർഡ് ഓഫ് സ്റ്റഡീസ് മിക്ക സർവകലാശാലകളിലും ഇപ്പോൾ പാർട്ടി അനുഭാവികൾക്കു വേണ്ടി മാത്രമാണ്.

ഇനി പുതിയ ചട്ടങ്ങൾ മാത്രം

പാർട്ടി അനുഭാവികളെ കുത്തിനിറച്ചതിനു പുറമേ കണ്ണൂർ സർവകലാശാലയിൽ ഇത്തവണ ചട്ടവിരുദ്ധമായി സിൻഡിക്കറ്റ് നേരിട്ടാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്. പഠന ബോർഡുകളിലുള്ള 68 പേർക്കു യോഗ്യതയില്ലെന്നാണു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. നെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർപോലും ബോർഡുകളിലുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്തിനു കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ല. സിറ്റിങ് അലവൻസ് എന്ന നിലയിൽ, ഓരോ യോഗത്തിനും 1000 രൂപ വീതം കിട്ടും. പക്ഷേ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്ന സ്ഥാനം വലിയ നേട്ടമായതിനാലാണ് ഈ പിടിവലി.

cartoon-1

മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തെ കാലിക്കറ്റ് സർവകലാശാല ഫിലോസഫി വിഭാഗം അധ്യാപകൻ എന്ന നിലയിലാണ് അംഗമാക്കിയത്. എന്നാൽ, നിയമനം നടത്തുമ്പോൾ അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനായിരുന്നില്ല. സംഭവം വിവാദമായതോടെ അംഗത്വം രാജിവച്ചു. അംഗങ്ങളെ സിൻഡിക്കറ്റ് നാമനിർദേശം ചെയ്യുകയും ഗവർണർ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു ഇതുവരെ. എന്നാൽ, ഇത്തവണ സിൻഡിക്കറ്റ് നിയമിച്ച ശേഷം പട്ടിക ഗവർണർക്കു നൽകുകയാണു ചെയ്തത്.

അധ്യാപകനോ വിഷയവിദഗ്ധനോ ആയിരിക്കണം എന്നു മാത്രമാണു സർവകലാശാലാ ആക്ടിലും സ്റ്റാറ്റ്യൂട്ടിലും ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്തിന്റെ യോഗ്യതയെക്കുറിച്ചു പറയുന്നത്. കോളജ് അധ്യാപകനെന്ന് എടുത്തു പറയാത്തതിനാൽ, വേണമെങ്കിൽ സ്കൂൾ അധ്യാപകനെയും നിയമിക്കാമെന്നർഥം. വിഷയവിദഗ്ധനും കൃത്യമായ നിർവചനമോ മാനദണ്ഡമോ ഇല്ല. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിന്റെ കാര്യത്തിലും ഈ വൈരുധ്യമുണ്ട്. സ്റ്റാറ്റ്യൂട്ട് പ്രകാരം നിയമിക്കണമെന്നാണ് ആക്ടിലുള്ളത്. അംഗങ്ങളെ ചാൻസലർ നാമനിർദേശം ചെയ്യണമെന്നു സ്റ്റാറ്റ്യൂട്ടിൽ വ്യക്തമാക്കുന്നു. ആക്ടിൽ സിൻഡിക്കറ്റിന്റെ അധികാരങ്ങളെന്തൊക്കെയെന്നു പറയുന്ന ഭാഗത്ത്, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സിൻഡിക്കറ്റിനു നാമനിർദേശം ചെയ്യാമെന്നും പറയുന്നു. ഈ വൈരുധ്യമാണു കണ്ണൂരിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനു സിപിഎമ്മിനു പഴുതും ധൈര്യവും നൽകിയത്.

പിടിപാടിൽ സീനിയോറിറ്റി

സീനിയോറിറ്റിയും അക്കാദമിക് മികവും മറികടന്ന് അധ്യക്ഷരെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് മൂന്ന് അധ്യാപകർ പഠനബോർഡുകളിൽ തുടരാൻ താൽപര്യമില്ലെന്നു കാലിക്കറ്റ് സർവകലാശാലയെ അറിയിച്ചിരുന്നു. വിദ്യാഭ്യാസം (പിജി), കൊമേഴ്സ് (പിജി), അപ്ലൈഡ് കെമിസ്ട്രി എന്നീ പഠന ബോർഡുകളിൽ ഉൾപ്പെട്ടവരാണ് ഈ പ്രതിഷേധം അറിയിച്ചത്. സീനിയർ പ്രഫസർ പദവിയിലുള്ളയാളെ മറികടന്നാണു വിദ്യാഭ്യാസം (പിജി) പഠനബോർഡ് അധ്യക്ഷയെ നിയമിച്ചത്. കൊമേഴ്സ് (പിജി) പഠന ബോർഡിൽ തന്നെക്കാൾ പത്തു വർഷത്തോളം സർവീസ് കുറവുള്ള അധ്യാപകനെ അധ്യക്ഷനായി നിയമിച്ചതിലായിരുന്നു സീനിയർ അധ്യാപകന്റെ പ്രതിഷേധം. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടയാൾ വിരമിച്ചതിനെത്തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് ഇദ്ദേഹം പിന്നീടു നിയമിതനായി. പൊളിറ്റിക്കൽ സയൻസ് ബോർഡ് അധ്യക്ഷനായി ഹിസ്റ്ററി പ്രഫസറുടെ നിയമനം, വിമൻസ് സ്റ്റഡീസ് വകുപ്പിലെ ഏക പ്രഫസറെ പഠനബോർഡിൽ ഉൾപ്പെടുത്താത്തതു തുടങ്ങിയ വിഷയങ്ങളും കാലിക്കറ്റിൽ വിവാദമായിരുന്നു.

cartoon-2

മൂന്ന് ഒരു ചെറിയ സംഖ്യയല്ല

മൂന്നു പേർക്കു മാത്രമായി ഒരു മൂല്യനിർണയ ക്യാംപ്. കണ്ണൂർ സർവകലാശാലയാണ് ഈ മഹാമനസ്കത കാട്ടിയത്. 2018 ബിബിഎ ബാച്ചിലെ 3 പേരുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാത്രമായി പ്രത്യേക മൂല്യനിർണയ ക്യാംപ് നടത്താനായിരുന്നു തീരുമാനം. 3 പേരുടേതു മാത്രം മൂല്യനിർണയം നടത്തുന്നതു പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുമെന്നും വൻ വിവാദത്തിനിടയാക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയതോടെ തീരുമാനം മാറ്റി. പരീക്ഷയെഴുതിയ 400 പേരുടെയും ഉത്തരക്കടലാസുകളെടുത്ത് പ്രത്യേക ക്യാംപ് നടത്തിയാണു പ്രശ്നം പരിഹരിച്ചത്.

3 വിദ്യാർഥികൾ എംബിഎക്കു സീറ്റ് ഉറപ്പിച്ചുവച്ചിരുന്നുവെന്നും പ്രവേശനത്തിനുള്ള അവസാന തീയതി നവംബർ 30 ആണെന്നതിനാലാണ് 29നു തന്നെ മൂല്യനിർണയം നടത്തി ഫലം നൽകാൻ ഉന്നതർ ധൃതിപിടിച്ചതെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. മൂല്യനിർണയ ക്യാംപ് പൂർത്തിയാകുന്നതിനു മുൻപു തന്നെ മാർക്കുകൾ അപ്പപ്പോൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യാനുള്ള നിർദേശവും വിവാദമുയർത്തി. ഏതായാലും നവംബർ 30ന് അകം ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. അച്ചടക്ക നടപടിയുടെ ഭാഗമായി, പരീക്ഷാ വിഭാഗത്തിലെ 5 ഉദ്യോഗസ്ഥരെ വിസി സ്ഥലം മാറ്റി.

കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം പങ്കെടുത്തു വിവാദമായ മാർക്ക് ദാന അദാലത്തിന്റെ ഗുണഭോക്താക്കളോട് എംജി സർവകലാശാല കാട്ടിയതും വലിയ മഹാമനസ്കതയാണ്. ചടങ്ങു വിവാദമായപ്പോൾ സിൻഡിക്കറ്റ് യോഗം ചേർന്നു ബിരുദം റദ്ദാക്കി. ബിരുദം നൽകുന്നതു ചാൻസലറായ ഗവർണറായതിനാൽ അതു റദ്ദാക്കാനും ഗവർണർക്കാണ് അധികാരം. വിദ്യാർഥികൾ കോടതിയെ സമീപിച്ച് ബിരുദം റദ്ദാക്കിയ നടപടി റദ്ദാക്കിയെങ്കിലും സർവകലാശാല ഇതുവരെ അപ്പീലിനു പോയിട്ടില്ല. മാർക്ക് ദാനം ലഭിച്ചതു വേണ്ടപ്പെട്ടവർക്ക് ആകുമ്പോൾ എങ്ങനെ പോകും.

ജയിപ്പിക്കാനും തോൽപിക്കാനും ‘ഫിഫ്റ്റി 50’

പരീക്ഷകളിലെ മാർക്ക് അനുപാതത്തിലെ നിലവിലെ രീതി അട്ടിമറിച്ചു പുതിയ സംവിധാനം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിനു പിന്നിലും രാഷ്ട്രീയം തന്നെയാണെന്ന് ആരോപണം. നിലവിൽ 80:20 രീതിയിലുള്ള തിയറി–ഇന്റേണൽ മാർക്ക് അനുപാതം 50:50 രീതിയിലേക്കു മാറ്റുന്നതു സംബന്ധിച്ചാണു ചർച്ചകൾ നടക്കുന്നത്. വിദ്യാർഥി സംഘടനാ നേതാക്കളെയും പാർട്ടി അണികളെയും വഴിവിട്ടു സഹായിക്കാൻ ഇതിടയാക്കുമെന്നാണ് ആക്ഷേപം. ഹാജർ, ക്ലാസ് ടെസ്റ്റ്, അസൈൻമെന്റ് തുടങ്ങിയവയാണ് ഇന്റേണൽ മാർക്കിനു പരിഗണിക്കുക. നിലവിലെ അനുപാതത്തിൽ മുഴുവൻ ഇന്റേണൽ മാർക്കും നൽകിയാലും തിയറിയിൽ നിർദിഷ്ട മാർക്ക് കിട്ടാത്തവർ ജയിക്കില്ല.

സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാരീതി നവീകരിക്കാൻ സംസ്ഥാന സർക്കാർ നിർദേശപ്രകാരം രൂപീകരിച്ച കമ്മിഷൻ കഴിഞ്ഞ 10നു തിരുവനന്തപുരത്തു വിളിച്ചുചേർത്ത അഭിപ്രായ രൂപീകരണ യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശങ്ങളുണ്ടായത്. വിവിധ സർവകലാശാലകളിലെ വിദ്യാർഥി, അധ്യാപക സംഘടനകളുടെയും ജീവനക്കാരുടെ സംഘടനകളുടെയും പ്രതിനിധികളെയാണു യോഗത്തിനു വിളിച്ചത്. ഇതിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘടനകൾ ‘ഫിഫ്റ്റി 50’ നിർദേശത്തെ പിന്താങ്ങിയെന്നാണു വിവരം. എന്നാൽ, കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ എതിർത്തു. ഇഷ്ടക്കാർക്കു പരീക്ഷകളിൽ വഴിവിട്ട സഹായം ലഭിക്കാനും വിരോധമുള്ളവരെ തോൽപിക്കാനും നിർദേശം വഴിയൊരുക്കുമെന്ന ആശങ്ക ഇവർ കമ്മിഷനെ അറിയിച്ചു.

വിഷയം പഠിക്കാൻ സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി ഇടതു സംഘടനാ പ്രതിനിധികൾ യോഗത്തിനെത്തിയിരുന്നില്ല. നേരിട്ടുള്ള ചർച്ചകൾ ഒഴിവാക്കി നിർദേശങ്ങൾ കമ്മിഷന് എഴുതി സമർപ്പിക്കാനുള്ള നീക്കമാണ് ഇടതുസംഘടനകൾ നടത്തുന്നതെന്നാണു സൂചന.

cartoon-4

ഗവർണർ നേരത്തെയും കണ്ണടച്ചു

സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പരസ്യ വിവാദം വേണ്ടെന്നു വച്ചു സർക്കാരിനെ സംരക്ഷിക്കുന്ന നിലപാട് നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. കൊല്ലം ആസ്ഥാനമായി ആരംഭിച്ച ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ, പ്രോ– വൈസ് ചാൻസലർ, റജിസ്ട്രാർ നിയമനങ്ങൾ തുടക്കത്തിലേ വിവാദമായിരുന്നു.

വൈസ് ചാൻസലറുടെ അധ്യാപന പരിചയം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നൽകിയ പരാതിയിൽ പ്രോ– വൈസ് ചാൻസലർ, റജിസ്ട്രാർ എന്നിവരുടെ നിയമനത്തിൽ വ്യവസ്ഥകൾ നഗ്നമായി ലംഘിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു. 60 എന്ന പ്രായപരിധി കടന്നായിരുന്നു പ്രോ വിസി നിയമനം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയായിരുന്നു റജിസ്ട്രാർ. പിന്നീട് ക്യാംപെയ്ൻ കമ്മിറ്റി ഭാരവാഹികൾ ഗവർണറെ നേരിട്ടു കണ്ടു. സർവകലാശാലയുടെ തുടക്കത്തിലേ വിവാദം വേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

പിന്നീട് ഇതേ സർവകലാശാലയിൽ ജീവനക്കാർക്കു മാസങ്ങളോളം ശമ്പളം കിട്ടാത്ത വിഷയം ഗവർണർ കത്തുകളിലൂടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ അനങ്ങാപ്പാറനയം സ്വീകരിച്ചു. ദിവസവേതനക്കാരായ നാൽപതിലേറെ ജീവനക്കാരുടെ ഒരു വർഷകാലാവധി പുതിയ നിയമനം നടക്കുന്നതു വരെ നീട്ടി ശമ്പളം തുടർന്നും നൽകാൻ സർവകലാശാലയിൽനിന്നു പലതവണ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് എഴുതിയിരുന്നു. നിയമനകാലാവധി നീട്ടുന്നതിൽ എതിർപ്പില്ലെന്നു ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പിൽനിന്നു ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലെത്തിയെങ്കിലും അവിടെനിന്ന് ഇതുവരെ അനുകൂല നിലപാടുണ്ടായിട്ടില്ല.

വിസി വഴി മാത്രം

കലാമണ്ഡലത്തിൽ 3 വർഷമായി റജിസ്ട്രാറെ നിയമിച്ചിട്ടില്ല. ആ ചുമതലയും വിസിയാണു വഹിക്കുന്നത്. 4 തവണയെങ്കിലും ഭരണസമിതി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. റജിസ്ട്രാർ ഉണ്ടെങ്കിൽ കത്തുകളും നടപടികളും കേസുകളും കൈകാര്യം ചെയ്യേണ്ടത് അദ്ദേഹമാണ്. അതെല്ലാം വിസിയുടെ കൈകളിൽ മൂന്നുവർഷമായി എന്തുകൊണ്ടു വച്ചിരിക്കുന്നു എന്നതും സംശയകരമാണ്. പാർട്ടി അജൻഡ നടപ്പാക്കാനാണിതെന്നാണ് ആരോപണം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയിൽ കേസു കൊടുത്തിട്ടുണ്ട്.

വൈസ് ചാൻസലറായ ടി.െക.നാരായണൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിൽ ദീർഘകാലം സിപിഎം അംഗവും അധ്യാപക സംഘടനാ നേതാവുമായിരുന്നു. മലപ്പുറത്തുനിന്നുള്ള പാർട്ടി ഉന്നതനുമായി അടുത്ത ബന്ധവും. ഗവർണർക്കെതിരെ കേസ് കൊടുത്തപ്പോൾ സാംസ്കാരിക വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും ആവശ്യപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ നിലപാടു മാറ്റാതെ നിന്നതും ഈ പിടിപാടുകൊണ്ടു മാത്രമാണ്.

തിരുത്തിയില്ലെങ്കിൽ..

നവംബർ അവസാനവാരം കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിൽ എസ്എഫ്ഐ പ്രവർത്തകരും സിപിഎം അനുകൂല ജീവനക്കാരും തമ്മിൽ കൂട്ടത്തല്ലു നടന്നു. പരുക്കേറ്റു കുറെപ്പേർ ആശുപത്രിയിലുമായി. കോവിഡ് മാനദണ്ഡം പാലിക്കാൻ ജീവനക്കാർ നിർദേശിച്ചതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിലെത്തി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മാർക്ക് തിരുത്തൽ തടയാൻ പരീക്ഷാ ഭവൻ ജീവനക്കാർ നടത്തിയ ഇടപെടലുകളാണ് എസ്എഫ്ഐ നേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് അണിയറക്കഥ. അനാവശ്യ ഇടപെടലുകൾ തടയാൻ‌ പ്രധാന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരീക്ഷാഭവനിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരമായി എസ്എഫ്ഐ പ്രവർത്തകർ തന്നെ ലക്ഷ്യമിട്ട് എത്തുകയായിരുന്നുവെന്ന് ഈ ഉദ്യോഗസ്ഥൻ സിൻഡിക്കറ്റ് അംഗങ്ങൾക്കു മുൻപിൽ നേരിട്ടു വെളിപ്പെടുത്തി.

ഒരു വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാൻ ചെന്ന എസ്എഫ്ഐ പ്രവർത്തകനോട് ഓഫിസിലെ ജീവനക്കാരൻ അകാരണമായി തട്ടിക്കയറുകയും കോളറിൽ പിടിച്ചു മർദിക്കുകയും ചെയ്തതാണു സംഘർഷത്തിനു കാരണമെന്നാണ് എസ്എഫ്ഐ പറയുന്നത്. ഡിഗ്രി രണ്ടാം സെമസ്റ്റർ റഗുലർ /സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ ഇടാതെയാണ് ഇത്തവണ മൂല്യനിർണയത്തിന് അയച്ചിരുന്നത്. ഇതിന്റെ മാർക്ക് ലിസ്റ്റ് തരംതിരിക്കുന്ന സമയത്താണു സംഘർഷമുണ്ടായത്. ഇതേ പരീക്ഷയുടെ മാർക്കുകൾ തിരുത്താൻ വിദ്യാർഥി നേതാക്കൾ ശ്രമിച്ചതിന്റെ തെളിവടക്കം പരാതി സമർപ്പിക്കാൻ ഒരു സിൻഡിക്കറ്റ് അംഗം വൈസ് ചാൻസലറോടു പലവട്ടം സമയം ചോദിച്ചെങ്കിലും കിട്ടിയിട്ടില്ല.

വീതംവയ്പും ക്രമക്കേടുകളും പതിവു കഥകൾ ആകുമ്പോൾ കേരളത്തിലെ സർവകലാശാലകളിലെ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്ക് സംഭവിക്കുന്നത് എന്താണ്. അതെക്കുറിച്ച് നാളെ.

തയാറാക്കിയത്:
റെഞ്ചി കുര്യാക്കോസ്, ഉണ്ണി.കെ.വാരിയർ, ജയചന്ദ്രൻ ഇലങ്കത്ത്, കെ.ജയപ്രകാശ് ബാബു, ആർ.കൃഷ്ണരാജ്, അരുൺ എഴുത്തച്ഛൻ, എം.ആർ.ഹരികുമാർ, സജേഷ് കരണാട്ടുകര
സങ്കലനം: നിധീഷ് ചന്ദ്രൻ

Content Highlight: University Appointments, VC Appointment row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com