ADVERTISEMENT

കോവിഡിന്റെയും ലോക്ഡൗണിന്റെയും ഏറ്റവും വലിയ ഇരകളാണു കുട്ടികൾ. പഠനം മാത്രമല്ല, കഴിഞ്ഞ രണ്ടു വർഷവും പരീക്ഷകൾ കൂടിയാണു താറുമാറായത്. കേരള സിലബസ് വിദ്യാർഥികൾക്കു പരീക്ഷ നടന്നെങ്കിലും സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കു മുൻവർഷങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ 10, 12 ക്ലാസ് ഫലങ്ങൾ നിശ്ചയിക്കേണ്ട അവസ്ഥ വരെ വന്നു. 

ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരീക്ഷാ നടത്തിപ്പ് സുഗമമാക്കാൻ വേണ്ട തയാറെടുപ്പുകളുണ്ടാകുമെന്നാണു നാം പ്രതീക്ഷിച്ചത്. എന്നാൽ സിബിഎസ്ഇയുടെ 10,12 ക്ലാസുകളിലെ ആദ്യ ടേം ബോർഡ് പരീക്ഷകൾ ഇപ്പോൾ വ്യാപക പരാതികൾക്കാണ് ഇടവരുത്തിയിരിക്കുന്നത്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായി ഒബ്ജക്ടീവ് പരീക്ഷയായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചോദ്യങ്ങൾ ഇത്രത്തോളം അതികഠിനമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 

ചോദ്യങ്ങൾ എൻസിഇആർടി പാറ്റേൺ അനുസരിച്ചുള്ളതാണെന്നും മാതൃകാ ചോദ്യക്കടലാസിൽ സമാന ചോദ്യങ്ങൾ നൽകിയിരുന്നുവെന്നും അധികൃതർ വിശദീകരിച്ചിരിക്കുന്നതായി കണ്ടു. എന്നാൽ, പത്താം ക്ലാസ് ഹിന്ദി പരീക്ഷയിലെ ചോദ്യങ്ങൾ പിജി നിലവാരമുള്ളവർക്കുപോലും വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നില്ലെന്ന് അധ്യാപകർ തന്നെ പരാതിപ്പെടുന്നു. പരീക്ഷകളുടെ നിലവാരം ഉയർത്തുമ്പോൾ അതിന് അനുസൃതമായ മാറ്റം പഠനപരിശീലന രീതികളിലും വരുത്താൻ അധികൃതർ ശ്രദ്ധിച്ചിരുന്നോയെന്നു സംശയം. 

മൾട്ടിപ്പിൾ ചോയ്സ് പരീക്ഷാരീതിയാണോ ബോർഡ് പരീക്ഷകളിൽ ആവശ്യം എന്ന കാര്യവും വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. ബോർഡ് പരീക്ഷകൾ പ്രഫഷനൽ കോഴ്‌സുകളിലേക്കോ വൊക്കേഷനൽ സ്ട്രീമുകളിലേക്കോ ഉള്ള പ്രവേശനപരീക്ഷയുടെ തരത്തിലുള്ളതാകരുത്. സൈക്കോമെട്രിക് മാതൃകയിലും തൊഴിലധിഷ്ഠിത മേഖലയിൽ ഒരു പ്രത്യേക നൈപുണ്യത്തിലുള്ള കഴിവ് അളക്കാൻ ലക്ഷ്യമിട്ടുമുള്ള പരീക്ഷകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ട്. എന്നാൽ, അത്തരത്തിലല്ല പാഠ്യപദ്ധതിയെ ആകെ അടിസ്ഥാനമാക്കിയുള്ള പരീക്ഷ നടത്തേണ്ടത്. പഠനത്തെ അതിന്റെ വിശാലമായ അർഥതലത്തിൽ പരിശോധിച്ചു വിലയിരുത്തുന്നതാകണം ബോർഡ് പരീക്ഷകൾ. പാഠ്യപദ്ധതിയിൽ നിഷ്കർഷിച്ചിരിക്കുന്ന അറിവും വൈദഗ്ധ്യവും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനുള്ള കഴിവും വിദ്യാർഥി നേടിയോയെന്നാണ് അറിയേണ്ടത്. 

വിദ്യാർഥികളിൽ പരീക്ഷയുടെ ഫലങ്ങൾ അനുകൂലവും പ്രതികൂലവുമാകാം. വിദ്യാർഥികൾക്കു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പരീക്ഷകളുടെ കഴിവാണ് അനുകൂല വശം. അതേസമയം, പഠനത്തെ ഒരു നിശ്ചിതവൃത്തത്തിലേക്കു ചുരുക്കുന്നു എന്നതു പരീക്ഷകളുടെ പരിമിതിയുമാണ്. പരീക്ഷാരീതികളിൽ പരിഷ്കരണമാകാം. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കൂടുതൽ വിപുല സ്വഭാവമുള്ള മൂല്യനിർണയരീതികൾ നടപ്പാക്കേണ്ടതിനെക്കുറിച്ചു ചർച്ചകളുയർന്നിരുന്നു. എന്നാൽ, ഏതു പരീക്ഷാ പരിഷ്കരണത്തിന്റെയും വിജയം അതു നടപ്പാക്കാനുള്ള അധികൃതരുടെ സന്നദ്ധതയെയും പൊതുസമൂഹത്തിന് അതിലുള്ള വിശ്വാസത്തെയും ആശ്രയിച്ചിരിക്കും. സിബിഎസ്ഇ മൾട്ടിപ്പിൾ ചോയ്സ് ചോദ്യരീതിയിലേക്കു മാറുകയും അതിനൊപ്പം ചോദ്യങ്ങളുടെ നിലവാരം മാറ്റുകയും ചെയ്തപ്പോൾ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വാസത്തിലെടുത്തോ എന്നു സംശയമുണ്ട്. പുതിയ പരീക്ഷാരീതി‌ പരിചിതമാകാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും മതിയായ സമയം നൽകണം. കോവിഡ് സാഹചര്യത്തിൽ ക്ലാസ്റൂം പഠനത്തിലേക്കു നാം തിരിച്ചുവരുന്നതുപോലും എത്രത്തോളം വെല്ലുവിളികളെ നേരിട്ടാണെന്ന കാര്യം ഓർത്തേ തീരൂ. 

ചോദ്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചുയരുന്ന വിവാദങ്ങളും ചില ചോദ്യങ്ങൾ തുടർന്നു റദ്ദാക്കേണ്ടി വരുന്ന സാഹചര്യവും നാം കാണുന്നു. വേണ്ടത്ര സൂക്ഷ്മതയോടെയാണോ പരീക്ഷാ നടത്തിപ്പ് എന്ന ചോദ്യമാണ് ഇതെല്ലാം ഉയർത്തുന്നത്. 

(കേരള സർവകലാശാല വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസറാണു ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com