ADVERTISEMENT

അടുക്കളകളിൽ പാചക ഇന്ധനമായും (പിഎൻജി) വാഹന ഇന്ധനമായും (സിഎൻജി) പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തിൽ മുടന്തുന്നതു കണ്ട് കാലം മൂക്കത്തു വിരൽവച്ചു നിൽക്കുന്നു. ഏറെക്കുറെ ഒരേകാലത്തു കേരളത്തോടെ‍ാപ്പം സിറ്റി ഗ്യാസിന്റെ വിപ്ലവത്തിലേക്കു ചുവടുവച്ച കർണാടക ഇതിനകം കൈവരിച്ച മുന്നേറ്റം നമ്മെ ലജ്ജിപ്പിക്കണം. 

ഇരു സംസ്ഥാനങ്ങളിലും 2016 തുടക്കത്തിൽതന്നെ വാതകം പൈപ്പുകളിലൂടെ അടുക്കളകളിൽ എത്തിത്തുടങ്ങിയിരുന്നു. കേരളത്തിൽ കൊച്ചിയിലും കർണാടകയിൽ ബെംഗളൂരുവിലുമായിരുന്നു തുടക്കം. സിറ്റി ഗ്യാസിന്റെ നേട്ടം പലതാണ്– കുറഞ്ഞ വില, പരിസ്ഥിതി സൗഹൃദം, അപകടസാധ്യത കുറവ്. എൽപിജി കെ‍ാണ്ടുപോകുന്ന വലുതും ചെറുതുമായ വാഹനങ്ങൾ റോഡിൽ കുറയുകയും ചെയ്യും.  ഇതിനെല്ലാം പുറമേയാണ്, 24 മണിക്കൂറും അടുക്കളയിൽ ലഭ്യത എന്ന വലിയ പ്രയോജനം. പദ്ധതി ആറാം വർഷത്തിലേക്കു കടക്കാനിരിക്കെ, ബെംഗളൂരുവിൽ മാത്രം 40,000 ഗാർഹിക കണക്‌ഷനുകൾ നൽകാനായി. കേരളത്തിൽ പക്ഷേ, 4500 കണക്‌ഷൻ മാത്രം! അതാകട്ടെ, എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലെ‍ാതുങ്ങുന്നു. കർണാടകയിൽ ഇതിനകം വിവിധ മേഖലകളിൽ സിറ്റി ഗ്യാസ് എത്തിക്കഴിഞ്ഞു.

കേരളത്തിൽ ആദ്യം പദ്ധതിക്ക് അനുമതി ലഭിച്ചത് എറണാകുളം ജില്ലയിലാണ്. പിന്നീട്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കും. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും അനുമതി കിട്ടി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ പദ്ധതിയിലുൾപ്പെട്ടത് ഓഗസ്റ്റിലാണ്. 

വിപുലമായ അടിസ്ഥാനസൗകര്യം ഒരുക്കുകയാണു സിറ്റി ഗ്യാസ് പദ്ധതിയുടെ വലിയ വെല്ലുവിളി. പ്രധാന പൈപ്‌ലൈനിൽനിന്നു നാടൊട്ടുക്കും ചെറിയ വിതരണക്കുഴൽ ശൃംഖല സ്ഥാപിക്കുന്നതിനു വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയുമെല്ലാം അനുമതികൾ ആവശ്യമാണ്. ഇക്കാര്യത്തിൽ ഇതിനകം പല  തടസ്സങ്ങളുമുണ്ടായിട്ടുണ്ട്. റോഡ് പൊളിക്കലുമായി ബന്ധപ്പെട്ടു പൊതുമരാമത്തു വകുപ്പുമായാണ് ആദ്യം ഭിന്നതകൾ തലപൊക്കിയത്. അവയെല്ലാം ഏറെക്കുറെ പരിഹരിച്ചപ്പോൾ തദ്ദേശ സ്ഥാപന ഭരണസമിതികൾ മുഖം തിരിച്ചു.

കേരളത്തിന്റെ മെട്രോ നഗരമേഖല ഉൾപ്പെടുന്ന കൊച്ചി കോർപറേഷനിൽ ഇതുവരെ ഒരു കണക്‌ഷൻ പോലും നൽകാനായിട്ടില്ല. പൈപ്പിടാൻ റോഡ് പൊളിക്കുന്നതും പൂർവസ്ഥിതിയിലാക്കുന്നതും സംബന്ധിച്ച തർക്കം മൂലം അപേക്ഷയ്ക്ക് അനുമതി നൽകാൻ കോർപറേഷൻ കൗൺസിൽ വർഷങ്ങളോളം തയാറായില്ല. ഒടുവിൽ, ഈ മാസമാണു കോർപറേഷനിലെ 6 വാർഡുകളിൽ പൈപ്പിടാൻ അനുമതി ലഭിച്ചത്. സിറ്റി ഗ്യാസ് പദ്ധതി ഇഴഞ്ഞപ്പോൾ കഴിഞ്ഞ വർഷം അവസാനത്തോടെ സർക്കാർ ഇടപെടുകയും അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കുള്ള സാങ്കേതിക അനുമതികൾ ലഭ്യമാക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. പക്ഷേ, മെല്ലെപ്പോക്കു തുടരുന്നുണ്ട്.

പ്രകൃതിവാതക ഇറക്കുമതി – സംഭരണ ടെർമിനൽ കൊച്ചിയിൽ സജ്ജമായിട്ടു വർഷങ്ങളായി. മംഗളൂരുവിലേക്കുള്ള പ്രധാന പൈപ്‌ലൈനും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കമ്മിഷൻ ചെയ്തു. വാതകം സുലഭമെങ്കിലും ജനങ്ങൾക്കു ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രം.

പദ്ധതിയുടെ മെല്ലെപ്പോക്കിനു പരിഹാരം കാണാൻ സർക്കാർ വീണ്ടും ഇടപെട്ടതു ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ. പൈപ്പിടാൻ റോഡ് പൊളിക്കുന്നതിനു തദ്ദേശ ഭരണസമിതികളുടെ അനുമതി വേണ്ടെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ അനുമതി മതിയാകുമെന്നും സർക്കാർ ഉത്തരവിട്ടതോടെ തടസ്സങ്ങൾ നീങ്ങുമെന്നു പ്രതീക്ഷിക്കാം. ഒപ്പം, സിറ്റി ഗ്യാസ് ലൈസൻസ് നേടിയ കമ്പനികളും ജോലികൾക്കു വേഗം കൂട്ടണം. സർക്കാരിന്റെ തുടർച്ചയായ മേൽനോട്ടവും ഏകോപനവുമുണ്ടായാൽ അടുത്ത വർഷമെങ്കിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഗാർഹിക കണക്‌ഷൻ ലഭ്യമാക്കിത്തുടങ്ങാൻ കഴിഞ്ഞേക്കും.

English Summary: Kerala City Gas project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com