ADVERTISEMENT

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളനാടിന്റെ സ്വസ്‌ഥത കെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം ഗുണ്ടകളുടെ കത്തിമുനയിലാണെന്നു തോന്നിക്കുന്ന തരത്തിലുള്ള വാർത്തകൾ കേട്ട് കേരളത്തിന് ഉറക്കംഞെട്ടുന്ന അവസ്‌ഥ നിർഭാഗ്യകരമാണ്. സാക്ഷരതകൊണ്ടും രാഷ്ട്രീയ പ്രബുദ്ധതകൊണ്ടും സഹജീവികളോടുള്ള പരിഗണനകൊണ്ടും മറ്റും രാജ്യത്തുതന്നെ മുൻനിരയിൽ നിന്നിരുന്ന ഒരു നാടിന് ഇപ്പോൾ സംഭവിച്ചിരിക്കുന്ന അധോഗതി ഇതിലൂടെ കൂടുതൽ തെളിയുന്നു. പൊലീസ് സംവിധാനങ്ങൾ സദാ സജീവമെന്നു കരുതുന്ന, ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തുപോലും ഗുണ്ടാസംഘങ്ങളുടെ തേർവാഴ്ചയാണെന്നത് അതീവ ഗൗരവമുള്ളതാണ്. നഗരത്തിനു സമീപമുള്ള പോത്തൻകോട്ട് ഈയിടെ നടന്ന കൊടുംക്രൂര കൊലപാതകം കേരളത്തെത്തന്നെ ഞെട്ടിക്കുകയുണ്ടായി. ഗുണ്ടകളെ അമർച്ച ചെയ്യുമെന്ന പൊലീസിന്റെയും അധികാരികളുടെയും വീരവാദങ്ങളും തുടർന്നു നാം കേട്ടു. എന്നിട്ടും അതേ പോത്തൻകോട്ട് കഴിഞ്ഞ ദിവസം സംഭവിച്ചതോ? പിതാവും മകളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി ഗുണ്ടാസംഘം ആക്രമിക്കുമ്പോൾ നമ്മുടെ പൊലീസ് ഉറങ്ങുകയായിരുന്നുവെന്നുവേണം വിചാരിക്കാൻ. ജനങ്ങൾക്കു നീതിന്യായ വ്യവസ്‌ഥയിലുള്ള വിശ്വാസം വളരണമെങ്കിൽ ക്രമസമാധാന സംവിധാനം കുറ്റമറ്റതാവുകതന്നെ വേണം. ജനങ്ങളിൽ രക്ഷാബോധം നൽകുമെന്ന പ്രത്യാശ പകർന്നു നടപ്പിൽവന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ടിന്റെ (കാപ്പ) ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

‘കാപ്പ’ പ്രകാരം ജയിലിലടയ്ക്കാനും നാടുകടത്താനുമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്ത ഒരു നാട്ടിൽ അരക്ഷിതാവസ്ഥയും അരാജകത്വവും ഉണ്ടായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ? സംസ്ഥാനത്തു ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴാണു ഗുണ്ടാപ്പട്ടിക നോക്കുകുത്തിയാകുന്നത്. സംസ്ഥാനത്തു ഗുണ്ടാ–മാഫിയാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി ഒരു വർഷം മുൻപ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. തലസ്ഥാനത്തു കുപ്രസിദ്ധ ഗുണ്ടകൾ ഒത്തുചേർന്നതിനെക്കുറിച്ചും അതിൽ പരാമർശമുണ്ടായിരുന്നു. തുടർന്ന്, മാഫിയാ സംഘങ്ങളെയും ഗുണ്ടകളെയും കാപ്പ പ്രകാരം അറസ്റ്റ് ചെയ്യണമെന്നു ജില്ലാ പൊലീസ് മേധാവി‍മാർക്ക് അന്നത്തെ ഡിജിപി നിർദേശം നൽകിയെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലാക്കേണ്ട 145 പേരുകളാണ് ഈ വർഷം നവംബർ 30 വരെ കലക്ടർമാർക്കു ജില്ലാ പൊലീസ് മേധാവിമാർ കൈമാറിയത്. ഇതിൽ 39 പേരെ കരുതൽ തടങ്കലിലാക്കി ഉത്തരവിട്ടെങ്കിലും ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടിയില്ല. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐജിമാർക്ക് അധികാരമുണ്ട്.

ഈ വർഷം നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ്പിമാർ നൽകിയെങ്കിലും 117 ഉത്തരവു മാത്രമാണ് ഐജിമാർ പുറപ്പെടുവിച്ചത്. ആരെയാണു നമ്മുടെ ഭരണസംവിധാനവും പൊലീസ് സേനയും പേടിക്കുന്നത് ? സംസ്ഥാനത്താകെ 4500ൽ ഏറെ ഗുണ്ടകളുണ്ടെന്നും അതിൽ 1300 പേർ എപ്പോഴും സജീവമാണെന്നും സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 850 സജീവ ഗുണ്ടകൾ മാത്രമാണു കേരളത്തിലുള്ളത്. കണക്കുകളിലെ ശരിതെറ്റുകൾക്കപ്പുറത്ത് ഒരു കാര്യം വ്യക്തമാണ്: നിയമത്തെ കൂസാതെ, ആരെയും ആക്രമിക്കാൻ, ആരുടെയൊക്കെയോ ‘ക്വട്ടേഷൻ’ കാത്തിരിക്കുന്ന ഒട്ടേറെ ഗുണ്ടകളുണ്ട് ഈ നാട്ടിൽ. പല കുറ്റവാളികളെയും സംരക്ഷിക്കുന്നതു രാഷ്ട്രീയക്കാരും ചിലപ്പോഴെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുമാണെന്നതു സാഹചര്യം കൂടുതൽ ആപൽക്കരമാക്കുന്നു. ഗുണ്ടകൾ നാടും നഗരവും വിറപ്പിക്കുന്ന ഒരു സംസ്ഥാനത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാരുടെ ജീവന് എന്തുറപ്പാണുള്ളത്? പെരുവഴിയിൽ ഏതെങ്കിലും ഗുണ്ടയുടെ കത്തിക്ക് ഇരയായാൽ തങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ ആരുമില്ലെന്ന് അവർക്കു തോന്നിക്കൂടാ. സമൂഹത്തിനു ഭീഷണിയായ ഗുണ്ടകളെ മുഴുവൻ കയ്യാമംവച്ചു ജയിലിലടയ്‌ക്കാൻ ഇച്‌ഛാശക്‌തിയും നിശ്‌ചയദാർഢ്യവും മാത്രം മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com