ADVERTISEMENT

രണ്ടു പതിറ്റാണ്ടിലേറെ ബംഗാളിൽ സിപിഎം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു വിശുദ്ധ മദർ തെരേസയുടെ വലിയ ആരാധകനായിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകരിൽ പലർക്കും മദറിന്റെ പ്രവർത്തനങ്ങളോട് എതിർപ്പുണ്ടായിരുന്നു. മദറിനെ പിന്തുണയ്ക്കുന്നതു ശരിയാണോ എന്നു ബസുവിനോടു പ്രവർത്തകരിലൊരാൾ ഒരിക്കൽ ചോദിച്ചു. ജ്യോതി ബസുവിന്റെ മറുപടി പെട്ടെന്നായിരുന്നു: ‘‘മദറും ഞാനും പാവങ്ങളുടെ കാര്യത്തിൽ പങ്കുവയ്ക്കുന്നത് ഒരേ സ്നേഹമാണ്. എന്നോട് ഈ ചോദ്യമുന്നയിച്ച താങ്കൾ കുഷ്ഠരോഗികളുടെ മുറിവു തുടയ്ക്കാൻ എന്നു സന്നദ്ധനാകുന്നുവോ, അന്നു ഞാൻ മദർ തെരേസയുടെ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കാം.’’ മദർ തെരേസയുടെ ഔദ്യോഗിക ജീവചരിത്രകാരനും മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുമായ നവീൻ ചൗള രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം.

വിശുദ്ധ മദർ തെരേസയിൽനിന്നു രൂപംകൊണ്ട ‘ഉപവിയുടെ സഹോദരിമാർ’ ഇന്നു കരുണയുടെ ഒരു മഹാപ്രവാഹമാണ്. കൊൽക്കത്ത കേന്ദ്രമായുള്ള ഈ മിഷനറി സമൂഹത്തിന്റെ നിസ്വാർഥ പ്രവർത്തനങ്ങൾക്കു തടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുമ്പോൾ ചിലരെങ്കിലും ജ്യോതി ബസുവിന്റെ വാക്കുകൾ ഓർത്തുപോയേക്കാം.
സകലരാലും ഉപേക്ഷിക്കപ്പെട്ട്, ജീവിതത്തിന്റെ പുറമ്പോക്കിലേക്കു വലിച്ചെറിയപ്പെട്ട ഒട്ടേറെപ്പേർക്കു മദർ തെരേസ അമ്മയായി; നിത്യരോഗികൾക്കു മുന്നിൽ സാന്ത്വനത്തിന്റെ മാലാഖയായി; ദരിദ്രരിൽ ദരിദ്രർക്കു ദൈവത്തിന്റെ പ്രതിരൂപമായി.

അതുകൊ‍ണ്ടൊക്കെയാണ് അഗതികളുടെ അമ്മയെ 2016ൽ വിശുദ്ധയായി പ്രഖ്യാപിച്ചതും. മദറിനെത്തേടി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങളെത്തുകയും ചെയ്തു. 1997ൽ മദർ തെരേസ വിടപറയുമ്പോഴേക്കും അവർ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി (എംസി) ലോകം മുഴുവൻ പടർന്നുപന്തലിച്ചു കഴിഞ്ഞിരുന്നു. ചേരികളിലേക്കും കോളനികളിലേക്കും ഇറങ്ങിച്ചെന്ന് സാന്ത്വനത്തിന്റെ നിത്യസാന്നിധ്യമായി മാറുന്ന ഉപവിയുടെ സഹോദരിമാർ നിരാലംബർക്ക് ആശ്വാസം പകരാനുള്ള നിസ്വാർഥ ശ്രമങ്ങളാണു നടത്തുന്നത്.

അശരണർക്കും ആലംബഹീനർക്കുമായുള്ള സർക്കാർ സേവനങ്ങൾക്കു തീർച്ചയായും പരിമിതിയുണ്ട്. രാജ്യത്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളാണ് ഈ വലിയ ദൗത്യത്തെ പൂരിപ്പിക്കുന്നത്. മദറിനെക്കുറിച്ചു ജ്യോതി ബസു പറഞ്ഞതിന്റെ സാരവും ഇതുതന്നെ. സമർപ്പണത്തോടെ ഉപവിയുടെ സഹോദരിമാർ നിർവഹിക്കുന്ന കാരുണ്യദൗത്യത്തിന് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടാവുമ്പോൾ മനുഷ്യസ്നേഹം ശ്വസിക്കുന്നവരൊക്കെയും ആശങ്കപ്പെടുന്നതും അതുകൊണ്ടാണ്: എംസിക്ക് ഇന്ത്യയിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ആയിരക്കണക്കിന് അഗതികളുടെ സ്ഥിതി എന്താവും?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപവിയുടെ സഹോദരിമാർ നടത്തുന്ന സ്ഥാപനങ്ങളിൽ കഴിയുന്ന 22,000 പേരെങ്കിലുമുണ്ട്. എത്രയോ കുഷ്ഠരോഗികൾക്കും സമൂഹത്തിൽനിന്നു പുറന്തള്ളപ്പെട്ടവർക്കുമുള്ള ആശ്രയമാണ് ഈ മിഷനറി സമൂഹം. ഈ സ്നേഹക്കൂടാരങ്ങൾക്കു വിള്ളലേൽപിച്ചുകൂടാ. ചില യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നതാണ് ഈ ക്രിസ്മസ് ദിനത്തിലുണ്ടായ നടപടിക്കു മന്ത്രാലയം പറയുന്ന കാരണം. തുടർന്ന്, സന്യാസ സമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണമുയർന്നെങ്കിലും മരവിപ്പിച്ചിട്ടില്ലെന്നും അനുമതിക്കുള്ള അപേക്ഷ തള്ളിയ സാഹചര്യത്തിൽ അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടതില്ലെന്നു മുൻകരുതലെന്ന നിലയിൽ തങ്ങളുടെ സ്ഥാപനങ്ങളോടു നിർദേശിക്കുകയാണുണ്ടായതെന്നും എംസി പിന്നീടു വ്യക്തമാക്കി.
സംഭാവന വാങ്ങാൻ എംസിക്കു നേരത്തേ നൽകിയിട്ടുള്ള അനുമതിക്ക് ഈ മാസം 31വരെ മാത്രമാണു പ്രാബല്യം. തടസ്സങ്ങളൊഴിവാക്കി, ഈ അനുമതി നീട്ടിനൽകാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ഈ രാജ്യത്തെ കരുണാർദ്രഹൃദയങ്ങളുടെ ആവശ്യം.

മനുഷ്യൻ എന്ന ഒറ്റ ജാതിയുടെ സങ്കടങ്ങളും വേദനകളും വിശപ്പുമാണ് എന്നും മദർ തെരേസ കണ്ടത്. ‘ദൈവത്തിന്റെ കയ്യിൽ സ്നേഹവചനം എഴുതുന്ന കുഞ്ഞുപെൻസിലാണു ഞാൻ’ എന്നു മദർ എപ്പോഴും പറഞ്ഞു. ഒരു ആയുഷ്കാലം മുഴുവൻ ആ പെൻസിലിന് എഴുതാൻ കഴിഞ്ഞതത്രയും ഈ രാജ്യത്തുതന്നെയാണ്. നന്മയുടെ വലിയ പാഠങ്ങളായി അവ ലോകത്തിനു മുന്നിലുണ്ട്. സ്നേഹകാരുണ്യങ്ങളുടെ ആ വിശുദ്ധയാത്ര അവിരാമം തുടരുകതന്നെ വേണം.

Content Highlights: Mother Teresa, Foreign funding for Mother Teresa charity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com