ADVERTISEMENT

ആന്ധ്രയിലെ ഗുണ്ടൂരിൽ പിപിപി മാതൃകയിൽ മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് 6 മാസം മുൻപാണു പ്രവർത്തനം തുടങ്ങിയത്. പ്രതിദിനം 1200 ടൺ മാലിന്യം കത്തിക്കാവുന്ന, 15 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ്. ജിൻഡൽ അർബൻ വേസ്റ്റ് മാനേജ്മെന്റ് ഗുണ്ടൂർ ലിമിറ്റഡാണു പദ്ധതി നടപ്പാക്കുന്നത്.

വിജയവാഡ, ഗുണ്ടൂർ കോർപറേഷനുകൾ ഉൾപ്പെടെ 9 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം പ്ലാന്റിലെത്തിക്കും. 25 വർഷം സൗജന്യമായി മാലിന്യം നൽകണമെന്നാണു കരാർ. ഇതിനു ടിപ്പിങ് ഫീസ് കമ്പനിക്ക് ഈടാക്കാനാകില്ല (നിശ്ചിത അളവ് മാലിന്യം പ്ലാന്റിൽ എത്തിക്കുമ്പോൾ തദ്ദേശ സ്ഥാപനം കമ്പനിക്കു നൽകേണ്ട തുകയാണു ടിപ്പിങ് ഫീസ്). ഉൽപാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 6.17 രൂപ നിരക്കിൽ സർക്കാർ വാങ്ങും. 50 ഏക്കർ 25 വർഷത്തെ പാട്ടത്തിനാണു കൈമാറിയിട്ടുള്ളത്. പദ്ധതിക്കു പണം കണ്ടെത്താനായി ഈ ഭൂമി പണയപ്പെടുത്താൻ അനുമതിയില്ല.

∙ ഇൻഡോർ
വിവാഹിതരേ ഇതിലേ...

ഇൻഡോറുകാരുടെ വിവാഹ ആൽബ ചിത്രീകരണത്തിന്റെ ഇഷ്ടപ്പെട്ട ലൊക്കേഷനായി ദേവ്ഗുറാഡിയ മാറുകയാണ്. ‘‘കുറച്ചു വർഷം മുൻപ് ഇങ്ങനെയായിരുന്നില്ല. നോക്കെത്താദൂരം മാലിന്യം മൂടിയ മലയായിരുന്നു ഇത്’’– എൻജിഒയായ ബേസിക്സ് മുനിസിപ്പൽ വേസ്റ്റ് വെഞ്ചേഴ്സ് ടീം ലീഡർ ദിൽഷാദ് ഖാൻ പറഞ്ഞു. ഇൻഡോറിലെ മാലിന്യം മുഴുവൻ തള്ളിയിരുന്നതു ദേവ്‌ഗുറാഡിയയിലായിരുന്നു.

ഇപ്പോഴത്തെ ഉജ്ജയിൻ കലക്ടറും മുൻ ഇൻഡോർ മുനിസിപ്പൽ കമ്മിഷണറുമായ ആശിഷ് സിങ്ങിന്റെ ഇടപെടലാണു ദേവ്ഗുറാഡിയയുടെ ദുരവസ്ഥ മാറ്റിയത്. മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്കരിക്കാൻ 2018ൽ തീരുമാനിച്ചു. പുറംകരാർ നൽകിയാൽ 60– 65 കോടി രൂപ ചെലവാകുമായിരുന്ന ആ ദൗത്യം ഇൻഡോർ കോർപറേഷൻ സ്വന്തം നിലയിൽ പൂർത്തിയാക്കി. ചെലവു 10 കോടിയിൽ താഴെ. 15 ലക്ഷം ടൺ അജൈവമാലിന്യം നീക്കംചെയ്തു. ജൈവമാലിന്യം അവിടെത്തന്നെ കുഴിച്ചിട്ടു. വീണ്ടെടുത്തതു 40 ഹെക്ടർ ഭൂമി. ഈ സ്ഥലത്തു ഗോൾഫ് കോഴ്സും നഗരവനവും നിർമിക്കും.

suratcity
സൂറത്ത് ഖജോദിൽ മാലിന്യം സംസ്കരിച്ചു വീണ്ടെടുത്ത ഭൂമി. പശ്ചാത്തലത്തിൽ പണിപൂർത്തിയായി വരുന്ന ഡ്രീം സിറ്റി.

∙ സൂറത്ത്
ചവറ്റുകൂനയിൽ സ്വപ്നനഗരം

സൂറത്തിനോടു ചേർന്നുള്ള ഗ്രാമമായ ഖജോദിലെ 188 ഹെക്ടറിലാണു വർഷങ്ങളായി നഗരമാലിന്യം മുഴുവൻ തള്ളിയിരുന്നത്. ഹരിത ട്രൈബ്യൂണൽ പിടികൂടിയതോടെ 2014ൽ ഈ മാലിന്യം സംസ്കരിക്കാൻ തീരുമാനിച്ചു. ബയോ ക്യാപ്പിങ് (മാലിന്യം വേർതിരിച്ചു മാറ്റാതെ ഭൂമിയിൽ തന്നെ ആഴത്തിൽ കുഴിയെടുത്തു മൂടുന്ന പ്രക്രിയ) നടത്തി ആറര ലക്ഷം ചതുരശ്രയടി സ്ഥലം വീണ്ടെടുത്തു. മാലിന്യം കുഴിച്ചുമൂടിയ ആ മണ്ണിൽ നിന്നുകൊണ്ടു സമീപത്തെ വമ്പൻ കെട്ടിട സമുച്ചയത്തിലേക്കു വിരൽചൂണ്ടി കോർപറേഷനിലെ ജൂനിയർ എൻജിനീയർ അഭിഷേക് പറഞ്ഞു: ‘‘അതാണു ഡ്രീം സിറ്റി. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ ആസ്ഥാനം വൈകാതെ അതാകും. ഡ്രീം സിറ്റിക്കു വേണ്ടിയുള്ള ഗോൾഫ് കോഴ്സും ക്രിക്കറ്റ് പിച്ചും പാർക്കും പണിയുന്നത് ഇവിടെയും’’.
വജ്ര വ്യവസായത്തിന്റെ കേന്ദ്രമാണു സൂറത്ത്. ലോകത്തു വിപണിയിലെത്തുന്ന 10 വജ്രങ്ങളിൽ ഒൻപതും സൂറത്തിലാണു പോളിഷ് ചെയ്യുന്നത്. നഗരത്തിന്റെ ഭാവിചിത്രം മാറ്റുമെന്നു കരുതുന്ന ഡ്രീം സിറ്റിയിലേക്കു 30,000 കോടി രൂപയുടെ നിക്ഷേപമാണു വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്നത്.

∙വിജയവാഡ
ബയോ ഗ്യാസിൽ സമൂഹ അടുക്കള

നിരനിരയായി ശുചിമുറികൾ, തൊട്ടടുത്തുള്ള പ്ലാന്റിൽ ശുചിമുറി മാലിന്യം ബയോഗ്യാസാക്കുന്നു, അതിനോടു ചേർന്നു ബയോ ഗ്യാസ് കൊണ്ടു പ്രവർത്തിക്കുന്ന സമൂഹ അടുക്കള. അയ്യേ എന്നു കരുതേണ്ട. ആന്ധ്രപ്രദേശിലെ വിജയവാഡ അരുണ്ഡേൽ പേട്ട് കനാൽബണ്ട് ചേരിയിൽ താമസിക്കുന്ന കനകദുർഗയുടെയും ഭാജമ്മയുടെയുമൊക്കെ അരി വേവുന്നത് ഈ സമൂഹ അടുക്കളയിലാണ്. അവരുടെ വീട്ടിൽ ഗ്യാസ് സ്റ്റൗ ഇല്ല. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും പാത്രങ്ങളുമായി നേരെ സമൂഹഅടുക്കളയിലേക്കു വരും. ഭക്ഷണമുണ്ടാക്കി മടങ്ങും. ‘വീട്ടിൽ വിറകും മണ്ണെണ്ണയും ഉപയോഗിച്ചാണു പാചകം. ഇവിടെ ഗ്യാസ് സ്റ്റൗവുണ്ട്’– തെളിഞ്ഞു കത്തുന്ന ബയോഗ്യാസ് ബർണറിലേക്കു നോക്കി കനകദുർഗ പറഞ്ഞു.

സുലഭ് ഇന്റർനാഷനലിന്റെ നേതൃത്വത്തിലാണു 29 ശുചിമുറികളുള്ള ടോയ്‌ലറ്റ് കോംപ്ലക്സ്. പ്രതിദിനം 100– 150 കിലോ ശുചിമുറി മാലിന്യമുണ്ടാകും. ഇതിൽ നിന്നു 35 ഘനമീറ്റർ ബയോഗ്യാസ് കിട്ടും. സമൂഹ അടുക്കളയിലെ 5 ബർണറുകൾ ഇതുപയോഗിച്ചു കത്തിക്കാം. ആർക്കും സൗജന്യമായി ഇവിടെ വന്നു പാചകം ചെയ്യാം.

vijayawada
വിജയവാഡയിൽ ശുചിമുറി മാലിന്യമുപയോഗിച്ചുള്ള ബയോഗ്യാസിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നവർ

∙ സുഗന്ധം പരക്കും

വിജയവാഡയിൽ കൃഷ്ണ നദീതീരത്താണു കനകദുർഗാ ക്ഷേത്രം. പ്രതിദിനം ഒരു ടണ്ണോളം പൂക്കൾ ഇവിടെ അർച്ചനയായി അർപ്പിക്കുന്നു. ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ നിന്നായി പ്രതിദിനം 2 ടൺ പുഷ്പമാലിന്യമാണു വിജയവാഡയിൽ രൂപപ്പെടുന്നത്. പുഷ്പ മാർക്കറ്റിൽ പ്രതിദിനം ഒരു ടൺ മാലിന്യമുണ്ടാകും. ഈ മാലിന്യത്തിൽനിന്ന് അഗർബത്തി ഉൽപാദിപ്പിക്കാനുള്ള പദ്ധതി അടുത്ത മാസം തുടങ്ങും. ഒരു ടൺ മാലിന്യത്തിൽ നിന്നു 2.40 ലക്ഷം അഗർബത്തി, 75,000 ധൂപത്തിരികൾ, 375 സോപ്പുകൾ എന്നിവയുണ്ടാക്കും.

കേരളത്തിൽ ടിപ്പിങ് ഫീസ്; ഭൂമി പണയപ്പെടുത്താം

കോഴിക്കോട് (ഞെളിയൻപറമ്പ്), കൊല്ലം (കുരീപ്പുഴ), കൊച്ചി (ബ്രഹ്മപുരം) എന്നിവിടങ്ങളിൽ മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ബെംഗളൂരു കേന്ദ്രമായ സോൺറ്റ ഇൻഫ്രാടെക്കിനു സംസ്ഥാന സർക്കാർ കരാർ നൽകിയിട്ടുണ്ട്. കോഴിക്കോട് – 3,500 രൂപ, കൊച്ചി– 3,550 രൂപ , കൊല്ലം– 3,450 രൂപ എന്നിങ്ങനെയാണ് ഒരു ടൺ മാലിന്യത്തിനുള്ള ടിപ്പിങ് ഫീസ്. ടിപ്പിങ് ഫീസ് തദ്ദേശ സ്ഥാപനങ്ങൾക്കു വൻ ബാധ്യതയാകുമെന്ന് ആരോപണമുണ്ട്.

പാട്ടത്തിനു നൽകുന്ന ഭൂമി പദ്ധതിക്കു പണം കണ്ടെത്താനായി പണയപ്പെടുത്താനുള്ള അവകാശവും കമ്പനിക്കുണ്ട്. കോഴിക്കോട്ടെ പ്ലാന്റിൽ നിന്ന് 6.81 രൂപയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുമെന്നാണു ധാരണ. വൈദ്യുതി പ്ലാന്റിൽ കത്തിക്കുന്ന മാലിന്യത്തിൽ ജലാംശം കുറവായിരിക്കണം. നമ്മുടെ നാട്ടിലെ മാലിന്യത്തിൽ പൊതുവേ ജലാംശം കൂടുതലാണ്. കൃത്യമായി വേർതിരിക്കാതെ മാലിന്യം കത്തിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കും.

നമുക്കു വേണം 54 കോടി

കൊച്ചിയിലെ മാലിന്യം തള്ളൽ കേന്ദ്രമായ ബ്രഹ്മപുരത്തു വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യവും ശാസ്ത്രീയമായി സംസ്കരിക്കാൻ കോർപറേഷൻ കരാർ നൽകിയിട്ടുണ്ട്. സോൺറ്റ ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54 കോടി രൂപയ്ക്കാണു കരാർ. ബയോ മൈനിങ് (മാലിന്യം പലതായി വേർതിരിച്ചു നീക്കം ചെയ്തു സംസ്കരിക്കൽ) നടത്തി മാറ്റേണ്ടത് അഞ്ചര ലക്ഷം ഘനമീറ്റർ മാലിന്യം. ബ്രഹ്മപുരവും സുന്ദരഭൂമിയായി മാറുമെന്നു നമുക്കു സ്വപ്നം കാണാം.

മാലിന്യമെടുക്കാനായി കയ്യിൽ ക്യൂആർ കോ‍ഡ് സ്കാനറുമായി വരുന്ന സ്മാർട്ട് ശുചീകരണ തൊഴിലാളികളെ കാണാം നാളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com