ചൈന എങ്ങനെ ചങ്കാകും?

Pinarayi-Vijayan-SRP-China
SHARE

‘ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തരതലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കുചേർന്നു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്കു മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്. ലോകത്തെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ചൈനയുടെ സംഭാവന വലുതാണ്. ഇന്ത്യയിൽ ചൈനയെ ആക്രമിക്കുന്നതു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ കൂടിയാണ്.’

ചൈനയെ മാത്രം ഒഴിവാക്കി നൂറോളം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ‘ജനാധിപത്യ ഉച്ചകോടി’യുടെ മാറ്റു കുറയുമെങ്കിൽ കുറയട്ടെ എന്നു കരുതി ചൈനീസ് വിദേശകാര്യ വകുപ്പ് വക്താക്കളിലൊരാൾ ‘പീപ്പിൾസ് ഡെയ്‌ലി’യിലൂടെ പുറത്തിറക്കിയ വാചകങ്ങളല്ല മുകളിൽ ഉദ്ധരിച്ചത്. ഇന്ത്യയിൽ ജനിച്ച്, ഇന്ത്യയിൽ വളർന്ന്, അറിഞ്ഞിടത്തോളം ഇതുവരെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു ചൈനീസ് പൗരത്വം സ്വീകരിക്കാത്ത സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പാർട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഒരു ശകലമാണ്.

ഇത് ആദ്യമായിട്ടല്ല ഒരു സിപിഎം നേതാവ് ചൈനയെ ന്യായീകരിക്കുന്നതും പുകഴ്ത്തുന്നതും. സഖാവ് ഇഎംഎസിന്റെ കാലത്ത് അത് ‘ചൈനക്കാർ അവരുടേതെന്നും ഇന്ത്യക്കാർ ഇന്ത്യയുടേതെന്നും കരുതുന്ന തർക്കവിഷയമായ അതിർത്തി പ്രശ്നം’ എന്ന രീതിയിലുള്ള സന്ദിഗ്ധാർഥമുള്ള പ്രയോഗമായിരുന്നു. പുതിയ കാലത്തിലേക്കു വന്നപ്പോൾ അത്തരം വക്രമായ രീതികളും പലതരത്തിലും വ്യാഖ്യാനിക്കാൻ പഴുതുള്ള ഭാഷാവഴക്കങ്ങളും നേരെയായി. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ രണ്ടുവർഷം മുൻപു പറഞ്ഞത് ‘ചൈനയെ സാമ്രാജ്യത്വ പക്ഷത്തുള്ള രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ചൈനയ്ക്കെതിരെ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളടങ്ങിയ അച്ചുതണ്ട് രൂപപ്പെട്ടു വരികയാണ്’ എന്നുമാണ്.

അതിനുശേഷമാണു ഷി ചിൻപിങ് ഭരണത്തിനു കീഴിൽ ചൈന കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉപന്യാസമെഴുതുന്നതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ഔദ്യോഗിക ജിഹ്വയിൽ അതിനെപ്പറ്റി വാർത്ത വരുന്നതും. ഇപ്പോഴിതാ എസ്.രാമചന്ദ്രൻ പിള്ളയും ചൈനയ്ക്കുവേണ്ടി മുന്നോട്ടു വന്നിരിക്കുന്നു. കോടിയേരി ബാലകൃഷ്ണൻ ചിലപ്പോൾ വികാരത്തള്ളിച്ചയ്ക്ക് അടിമപ്പെടുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവാണെന്നു വിശ്വസിക്കാം. പക്ഷേ, സീതാറാം യച്ചൂരിയും എസ്.രാമചന്ദ്രൻ പിള്ളയും അങ്ങനെയല്ല. അവർ പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളാണ്, ബുദ്ധിജീവികളാണ്. അവർ പറയുമ്പോൾ അതു മനസ്സിരുത്തി കേൾക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവരോടു ചില ചോദ്യങ്ങൾ ചോദിക്കേണ്ടിയും വരുന്നു.
സഖാക്കളേ, ഇന്ത്യൻ അതിർത്തി ഭേദിക്കാനുള്ള ചൈനീസ് സൈനികമുന്നേറ്റങ്ങളെ, ചിലപ്പോൾ ഇന്ത്യൻ പട്ടാളക്കാരുടെ മരണത്തിനുവരെ ഇടയാക്കുന്ന അതിക്രമങ്ങളെ ചൈനയുടെ സാമ്രാജ്യത്വ വിരുദ്ധനയത്തിന്റെ ഭാഗമായാണോ കാണേണ്ടത് ?

ഹോങ്കോങ്ങിലും തയ്‌വാനിലും അതുപോലെ മറ്റ് ഏഷ്യൻ മേഖലകളിലും ആധിപത്യം നിലനിർത്താനുള്ള ചൈനീസ് ശ്രമങ്ങൾ ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമാണോ? ടിബറ്റിന്റെ ഇന്നത്തെ വിധി ചൈനയുടെ സാമ്രാജ്യത്വവിരുദ്ധ നിലപാടിന്റെ പ്രതിഫലനമായാണോ കാണേണ്ടത്. സന്തോഷസൂചികയിൽ ലോകത്ത് വളരെ മുന്നിൽ നിൽക്കുന്ന ഭൂട്ടാൻ എന്ന കുഞ്ഞുരാജ്യത്തിന്റെ അതിരുമാന്തി അവർ നടത്തുന്ന നിർമാണപ്രവർത്തനങ്ങളെയും അങ്ങനെതന്നെയാണോ കാണേണ്ടത്?
ഇന്നു ലോകത്തിലെ രണ്ടാമത്തെ വൻശക്തി യൂറോപ്പോ യൂറോപ്യൻ യൂണിയനോ അല്ല, ചൈനയാണ്. അതു ചൈനീസ് കമ്പോള സമ്പദ്‌വ്യവസ്ഥയുടെ ആശ്ചര്യകരമായ വളർച്ചയിലൂടെ സംഭവിച്ചതാണ്. പുതിയ താലിബാൻ ഭരണകൂടത്തെ ആദ്യമായി അംഗീകരിച്ച രാജ്യം ചൈനയാണ്. പുതിയ താലിബാൻ ഭരണകൂടം ആദ്യമായി അതിന്റെ പ്രതിനിധി സംഘത്തെ അയച്ചതും ചൈനയിലേക്കാണ്. സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് നിലപാടുകളുമായി ഇതെല്ലാം എങ്ങനെയാണ് ഒത്തുപോകുക!

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സഖാക്കളേ, നിങ്ങൾ ചൈനയുടെ വടക്കുപടിഞ്ഞാറെ അതിർത്തിയിലുള്ള ഷിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗുർ മുസ്‌ലിംകൾ അനുഭവിക്കുന്ന മതപരവും വിശ്വാസപരവുമായ അടിച്ചമർത്തലുകളെപ്പറ്റി എന്തുനിലപാട് സ്വീകരിക്കും? പത്തു ലക്ഷത്തോളം ഉയ്ഗുർ മുസ്‌ലിംകളെ കാണാനില്ല. പട്ടാളവും പൊലീസും ഏർപ്പെടുത്തിയ കോൺസൻട്രേഷൻ ക്യാംപുകളിലാണ് അവരെന്നാണു പത്രവാർത്തകൾ പറയുന്നത്. ചിലർ കൊല്ലപ്പെട്ടെന്നും വാർത്തയുണ്ട്. ഇസ്‌ലാം വിശ്വാസികളായിപ്പോയി എന്നതാണ് അവരുടെമേൽ ചുമത്തപ്പെട്ട കുറ്റം. അവർക്ക് അവരുടെ ഉയ്ഗുർ ഭാഷ ഉപയോഗിക്കാൻപോലും അനുവാദമില്ല. മതപരമായ ചടങ്ങുകൾ അനുവദനീയമേയല്ല. അവരുടെ കുട്ടികൾ വിദേശത്തുപോയി പഠിക്കാൻ പാടില്ല. അവർ ഐക്യപ്പെട്ട് വിഘടനവാദം പൊട്ടിപ്പുറപ്പെടുമോ എന്നു ഭരണകൂടം ഭയപ്പെടുന്നു. ഇങ്ങനെയാണെങ്കിൽ ലോകത്തിലെ മറ്റു സാമ്രാജ്യത്വ, സ്വേച്ഛാധിപത്യ ശക്തികളിൽനിന്ന്, അമേരിക്കയിൽ നിന്ന് ചൈന എങ്ങനെ വ്യത്യസ്തമാകും ?

അമേരിക്ക ഇത്രയധികം അധമവും നീചവും സാമ്രാജ്യത്വപരവും, ചൈന ഇത്രയധികം മധുരവും മനോജ്ഞവും തൊഴിലാളി വർഗപരവുമാണെങ്കിൽ എന്തുകൊണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ ചികിത്സ തേടി അമേരിക്കയിലേക്കു പോകുന്നു? ചൈനയിൽ പോയാൽ പോരേ?

English Summary: Policy on China by CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA