ADVERTISEMENT

ആലോചിക്കാതെ ഒരു മണ്ടത്തരവും ചെയ്യരുതെന്നു നിർബന്ധമുള്ളവരുണ്ട്. ലളിതമായി പറഞ്ഞാൽ, എല്ലാ മണ്ടത്തരവും അവർ ആലോചിച്ചേ ചെയ്യൂ. അല്ലെങ്കിൽ പാർട്ടി രക്തസാക്ഷിയുടെ ശവമ‍ഞ്ചം പേറിയുള്ള വിലാപയാത്ര ജില്ലകൾ പിന്നിട്ടു നീങ്ങുമ്പോൾ തിരുവനന്തപുരത്തു ജില്ലാ സമ്മേളനത്തിനു കൊഴുപ്പുകൂട്ടാൻ ഇങ്ങനെയൊരു തിരുവാതിരക്കളി സമാന്യബോധമുള്ള ആരെങ്കിലും നടത്തുമോ? വടക്കു രക്തസാക്ഷിയുടെ ഓർമയിൽ നിലവിളികൾ; തെക്കു തിരുവാതിരവാഴ്ത്തലിന്റെ നിലവിളക്കുകൾ. രണ്ടും ചെങ്കൊടിത്താവളങ്ങളിൽ. പാർട്ടി സമ്മേളനത്തിനു നാടാകെ ഇളകണമെന്ന സിംപിൾ കാര്യമേ സംഘാടക സിങ്കങ്ങളുടെ മനസ്സിലൂടെ പോയുള്ളൂ. നാട്ടുകാർ പുളകം കൊള്ളണം. സമ്മേളനത്തിന്റെ ആദ്യമോ അന്ത്യമോ മുഖ്യൻ വരും. അതാണു പതിവ്. അതിനാൽ പാർട്ടിയുടെ നാമം പേരിനുമാത്രവും രാജാവാഴ്ത്തുകൾ പെരുമയോടെയും വേണം. നീണ്ട ആലോചനകൾക്കൊടുവിൽ തിരഞ്ഞെടുത്ത കലാരൂപമാണു തിരുവാതിരക്കളി. മെഗാ തിരുവാതിര തന്നെ.

വർഗപരമായി നോക്കുമ്പോൾ തിരുവാതിര ബൂർഷ്വകളുടെ സന്തതിയല്ലേ? സംശയം ഉന്നയിച്ച സഖാവിനു സംസ്ഥാന നേതാവിന്റെ വിശദീകരണം ഇങ്ങനെ: ആഢ്യന്മാരുടെ വിനോദങ്ങളെ സോഷ്യലിസത്തിൽ മുക്കിയെടുത്തു നിലത്തടിച്ചശേഷം പാറപ്പുറത്തിട്ട് ഉണക്കിയെടുത്തു നാട്ടുകാർക്കു മുന്നിൽ അവതരിപ്പിക്കുക. കുലപതികളുടേതു മാത്രമെന്നു കരുതുന്ന കലാരൂപങ്ങളെ അങ്ങനെ ജനകീയമാക്കാം. യുക്തമായ മറുപടി യിൽ  സഖാവിനു സന്തോഷം. മാത്രമല്ല, പുറത്തു ചോദ്യങ്ങളുണ്ടായാൽ ന്യായീകരിക്കാൻ ഇതു ധാരാളം. 

ആട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഡെൽറ്റയെ തള്ളിമറിച്ചുകൊണ്ട് ഒമിക്രോൺ തേരോട്ടം നടത്തുന്ന നാളുകൾ. മരണാനന്തരച്ചടങ്ങിനും വിവാഹത്തിനും 50 പേർ മതിയെന്നാണ് ഉത്തരവ്. അന്നേരമാണോ തിരുവാതിര എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ സഖാക്കളുടെ ശാസ്ത്രീയന്യായം ഉണ്ടായിരുന്നു. ആടുന്ന 502 സ്ത്രീകൾ പാട്ടിനൊത്തു പലവട്ടം കൈകൊട്ടും. ആ കൈകൾക്കിടയിൽ അമർന്ന് 50 ഒമിക്രോണെങ്കിലും മരിക്കും!. തിരുവാതിര നടക്കുന്ന പാറശാലയിലെ മുഴുവൻ ഒമിക്രോണും ചാകാൻ വേറെ വഴിവേണോ? തിരുവാതിരപ്പാട്ടിന്റെ വരികൾ പൂവരണി നമ്പൂതിരി വായിച്ചു. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ.’ സഖാക്കൾ പരസ്പരം ഇക്കിളിയിട്ടുകൊണ്ടു പറഞ്ഞു, ഹാ ഹാ ,ആഹ്ലാദിപ്പിൻ! ആഹ്ലാദിപ്പിൻ!!

പ്രതീകാത്മക ചിത്രം.
പ്രതീകാത്മക ചിത്രം.

കളിയൊരുക്കത്തിനു കച്ച മുറുക്കുന്നതിനിടെയാണ് ഇടുക്കി പൈനാവിൽനിന്നു ദാരുണമായ കരച്ചിൽ. കേരളത്തിന്റെ കണ്ഠം ഇടറിപ്പോയ നിമിഷങ്ങൾ. പക്ഷേ, നിശ്ചയിച്ച കളി ആടുക തന്നെ. സഖാക്കൾ വിധിച്ചു. പാർട്ടിയുടെ ചരിത്രത്തിൽ സർവകലയിലും മുദ്ര ചാർത്തിയ ഒരു സഖാവേയുള്ളൂ. കുറത്തിയാട്ടം മുതൽ കാക്കാരിശ്ശി നാടകം വരെ ഏതു കലയും വഴങ്ങുന്ന വല്ലഭൻ ബേബി സഖാവ്. സഖാവില്ലാതെ എന്തു തിരുവാതിര? വൈകിട്ടെന്താ പരിപാടിയെന്നു ചോദിച്ച പാടേ മുന്നിലിരുന്നു മുട്ടിൽ താളമിടാൻ പിബി സഖാവ് എത്തി. ആ വരികളിൽ കാരണഭൂതൻ വന്നപ്പോൾ ആസ്വാദനം– ‘ഹാ, എന്താ ഗരിമ!’ അടുത്തിരുന്ന ജില്ലാ സഖാവിന് ഒന്നും പിടികിട്ടിയില്ലെങ്കിലും അദ്ദേഹവും തട്ടിവിട്ടു, ‘ശരിയാ, വല്ലാത്ത സരിഗമ ’.

സമ്മേളനത്തിൽ പങ്കെടുക്കാത്ത സഖാക്കൾക്കിന്നും സംശയം വിട്ടിട്ടില്ല. തിരുവാതിപ്പാട്ടിലെ കാരണഭൂതൻ പ്രയോഗം കേട്ടപ്പോൾ അവർക്കൊക്കെ സംശയം, ലോകത്ത് ഇപ്പോൾ കമ്യൂണിസ്റ്റ് ഭരണം കേരളത്തിലേ ഉള്ളോ? മറ്റൊരു സഖാവ് ഓർമിപ്പിച്ചു: ‘ലോകത്തെ ഏക കമ്യൂണിസ്റ്റ് ഭരണാധികാരിയെന്നു വീമ്പിളക്കി നടക്കുന്ന ഉത്തര കൊറിയയിലെ ഏകാധിപതി ഉണ്ടല്ലോ, കിങ് ജോങ് ഉൻ. അങ്ങേര് അറിയേണ്ട. ആളെ വിട്ടു തല്ലിക്കൊല്ലും എല്ലാത്തിനെയും!’ തിരുവനന്തപുരം തിരുവാതിരയ്ക്കു പിന്തുണ നൽകാൻ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലും തിരുവാതിരയാടിയെങ്കിലും ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതനെ പാട്ടിൽ കണ്ടില്ല.

തിരുവനന്തപുരം സമ്മേളനത്തിൽ വച്ച റിപ്പോർട്ടിൽ സിപിഐയെപ്പറ്റി സിപിഎമ്മിന്റെ വിലയിരുത്തലായിരുന്നു ഏറ്റവും മൃഗീയം. ഒറ്റയ്ക്ക് ഒരു പഞ്ചായത്തു വാർഡിൽപോലും ജയിക്കില്ലാത്ത പാർട്ടി! സത്യത്തിന്റെ മുഖം എത്ര വിരൂപമാണെന്നു പറഞ്ഞാലും ഇതു വല്ലാത്ത മുറിപ്പെടുത്തലായിപ്പോയി.  അൺകൈൻഡസ്റ്റ് കട്ട് ഓഫ് ഓൾ!

പണ്ടത്തെപ്പോലെ ദഹിക്കാതെ ചൈന

ചൈനയിലെ കുടുംബാസൂത്രണത്തെക്കുറിച്ച് 1984 ജനുവരി 13ന് ഇ.എം.എസ്.നമ്പൂതിരിപ്പാട് നൽകിയ മറുപടി വായിച്ചാൽ അന്തം വിടാത്തവർ ഉണ്ടാകില്ല. അഥവാ അന്തം വിട്ടില്ലെങ്കിൽ അയാളൊരു തനി സഖാവായിരിക്കും. ഇമ്മാതിരി എന്തെല്ലാം കേൾക്കുന്നതാണ് പാർട്ടിയുടെ പാഠശാലകളിൽ! 

ഒരു കുഞ്ഞു‌മാത്രം മതിയെന്ന ചൈനയുടെ നിലപാടിനെ അംഗീകരിക്കുന്നുണ്ടോ? കൂർക്കഞ്ചേരിക്കാരൻ പി.കെ.വേലുക്കുട്ടിയുടേതായിരുന്നു ചോദ്യം. ഇഎംഎസിന്റെ മറുപടി ഇങ്ങനെ: ജനസംഖ്യാ വർധന തടയുന്നതിനെ മാർക്സിസം അംഗീകരിക്കുന്നില്ല. ചൈനയ്ക്കും അതേ ലൈൻ തന്നെ. എന്നാൽ അമ്മമാരുടെ ആരോഗ്യം പരിഗണിച്ചു ചൈനയിൽ പ്രസവം നിയന്ത്രിച്ചിട്ടുണ്ടെന്നേയുള്ളൂ!  ഇന്റർനെറ്റില്ലാത്ത കാലമല്ലേ? ജനം ഇതൊക്കെ വായിച്ചു വിശ്വസിച്ചു. ആളുകൾക്കു വിവരം വച്ചതിനാലും വിവരം കിട്ടാൻ വഴികൾ കൂടിയതിനാലും ഇക്കാലത്തു തള്ളുകളൊന്നും പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. നമ്പൂതിരിപ്പാടിന്റെ സ്കൂളിൽ പഠിച്ച്, കാരാട്ടിനൊപ്പം ക്ലാസ് എടുത്തു നടന്ന എസ്ആർപി സഖാവും കാലംമാറിയത് അറിയുന്നില്ല. കോട്ടയം സമ്മേളനത്തിന്റെ തട്ടിൽ കയറിയപ്പോൾ സഖാവിനു ചൈനാവേശം കൊടുമ്പിരികൊണ്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ. അമേരിക്ക സൃഷ്ടിച്ച ചൈനാവിരുദ്ധ അച്ചുതണ്ടിൽ ഇന്ത്യ  കൈകോർത്തതു ശരിയാണോ? പാവം, പൊട്ടിക്കരഞ്ഞില്ലെന്നേയുള്ളൂ. എന്റെ ചൈനേ? എന്റെ ചങ്കേ... വിതുമ്പലിന്റെ വക്കോളം എത്തിയ വാക്കുകൾ.

ചൈനാസ്നേഹിയായ എസ്ആർപിയെ നാട്ടുകാരെല്ലാം കൂടി ചവിട്ടിക്കൂട്ടിയപ്പോൾ തടയാൻ ഒരു സഖാവു പോലും വന്നില്ല. വഴിയേ പോയവരെല്ലാം എടുത്തിട്ടു താളമടിച്ചു. അരുണാചലിനെ വിഴുങ്ങാൻ നടക്കുന്ന ചൈനയോടു പ്രണയമോ? നമ്മുടെ പട്ടാളക്കാർക്കു നേരെ വരുന്നവർക്ക് ഓശാന പാടുന്നോ? പൗരത്വം ഉപേക്ഷിച്ചു ചൈനയിൽ പോകരുതോ? കുത്തുവാക്കുകളുടെ മുള്ളാണിപ്പലകയിൽ മുതുകു നിവർന്നു കിടക്കവേ എസ്ആർപി പ്രതീക്ഷിച്ചു, എന്റെ രാജാ വിജയസിംഹൻ വരും; എന്നെ താങ്ങിയെടുക്കും. 

തിരുവനന്തപുരം ജില്ലാ സമ്മേളനത്തി‍ൽ വിജയസിംഹനെ ഏവരും കാതോർത്തിരുന്നു. പക്ഷേ, ചൈനയെ ചന്നംപിന്നം വലിച്ചുകീറി വിജയസിംഹൻ. ചൈനയ്ക്കെതിരെ നൂറുനൂറു കുറ്റങ്ങൾ. ചൈനയെ എല്ലാവരുംകൂടി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു പണ്ടേ സങ്കടപ്പെട്ടിട്ടുള്ള കോടിയേരി സഖാവ് അതുകേട്ട് അദ്ഭുതപ്പെട്ടു നോക്കി. മുഖ്യനു  വേറെ പോംവഴി ഇല്ലായിരുന്നു. അമേരിക്കയ്ക്കു പറക്കാൻ പെട്ടിയൊരുക്കി വച്ചശേഷം സമ്മേളനത്തിനു വന്നിട്ടു അമേരിക്കയെ തള്ളി ചൈനയെ താങ്ങണോ? സാമ്രാജ്യത്വത്തെ തള്ളണോ? ചൈനയെ പൊക്കിയാൽ എന്തിന് അമേരിക്കയ്ക്കു പോകുന്നുവെന്നു നാടാകെ ചോദിക്കില്ലേ?

ചിത്രത്തിൽ ഇല്ലെങ്കിലുംമിടുക്കൊട്ടും കുറയുന്നില്ല

കണ്ണൂരിൽനിന്നു വിജയസിംഹനും കോടിയേരി സഖാവും. കാസർകോടു നിന്നു സുരേട്ടൻ. മൂന്നാളുടെയും മുതുകിൽ കയറിയായിരുന്നു 6 മാസം മുൻപുവരെ വടക്കൻ രാഷ്ട്രീയത്തിന്റെ യാത്ര. മുല്ല ഒന്നു ചൊല്ലുമ്പോ സുധി രണ്ടു ചൊല്ലും. മൂന്നിലും മുട്ടാതെ, മുരളാതെ ചെന്നിയാശാനും ഒസി സാറും വേറെന്തൊക്കെയോ മൂളും. അക്കാലത്തു കോൺഗ്രസിന്റെ അവസ്ഥ അങ്ങനെയായിരുന്നല്ലോ. ഇപ്പോൾ കളിയിലൊരു നാലാമനും കൂടി. കുമ്പക്കുടിക്കാരൻ സുധാകരൻ. കൂട്ടിനു സതീശൻ. 

അതോടെ സുരേട്ടൻ കളിക്കളത്തിനു പുറത്തായോ? സുരേട്ടന്റെ വീരഭാവങ്ങൾ അധികമൊട്ടും കാണാനില്ല. അതോ കാണിച്ചിട്ടും ഏശാത്തതാണോ? ബിജെപിക്കാർക്കാകെ സങ്കടം. ശബരിമല വിഷയം മുതൽ തിളച്ചു നിന്നതാണു സുരേട്ടൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ ഭരിച്ചുകളയുമെന്നു വരെ ഉറപ്പോടെ വിളിച്ചു പറഞ്ഞതാ. അടുത്തകാലത്ത് ചിത്രത്തിലേ കാണാനില്ല. ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിനു കാരണം എന്താ? ടയറിന്റെ ദോഷമാണോ പാതയുടെ കേടാണോയെന്നു അറിയാനാകുന്നില്ല. യുപിയിൽ ചോരുന്നതിനു പകരം ഉത്തരാഖണ്ഡ് പിടിക്കാൻ പറ്റുമോയെന്നു നോക്കുന്ന തിരക്കിൽ ദേശീയ നേതാക്കൾ ഇവിടേക്കു വരുന്നുമില്ല.

കുമ്പക്കുടിയുടെ വരവോടെ കോൺഗ്രസിൽനിന്നു പഴയ ഒഴുക്കില്ല. ഒരു സീറ്റിൽ നിന്നു പൂജ്യത്തിലേക്കു മടങ്ങിയ പാർട്ടിയിലേക്കു കോൺഗ്രസുകാർ പോകാനോ? എന്തായാലും ദേശീയ നേതൃത്വത്തിനു കേരളത്തിലെ ബിജെപിയുടെ പോക്ക് ഒട്ടും പിടിക്കുന്നില്ല. എങ്കിലും സുരേട്ടൻ നിരാശനല്ല. 35 കിട്ടിയാൽ ഭരിക്കുമെന്നു പറഞ്ഞ തന്നെ കളിയാക്കരുത്. ഒരു സീറ്റ് പോലും ഇല്ലെങ്കിലും നമ്മൾ ഭരിക്കുന്നില്ലേ? കാസർകോട് മുതൽ ഇങ്ങോട്ടുള്ള സിപിഎം സമ്മേളനങ്ങളുടെ പ്രമേയങ്ങളും സഖാക്കളുടെ വിമർശനങ്ങളും വായിച്ചുനോക്കൂ. ആഭ്യന്തരം ഭരിക്കുന്നത് ആർഎസ്എസ്– ബിജെപി നേതാക്കൾ എന്നല്ലേ പല സമ്മേളനത്തിലും സഖാക്കൾ പറയുന്നത്! ഒരു സീറ്റും ഇല്ലെങ്കിലും പൊലീസിനെ ഭരിക്കുന്നതു നമ്മളല്ലേ? അതു തന്റെ മിടുക്കല്ലേ?

English Summary: Controversy on CPM Thiruvathira 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com