മരുന്നുലഭ്യത ഉറപ്പുവരുത്തണം

HIGHLIGHTS
  • സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരെ നിരാശരാക്കരുത്
medicine
പ്രതീകാത്മക ചിത്രം
SHARE

കോവിഡിന്റെ തീവ്രവ്യാപനഭീഷണി മുന്നിൽനിൽക്കെ, ആ നിർണായകചോദ്യം കേരളത്തിനു മുന്നിലുണ്ട്: ഈ കഠിനസാഹചര്യം നേരിടാൻ നാം എത്രത്തോളം സജ്ജമാണ്? കോവിഡ് ചികിത്സയ്ക്കടക്കം സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്നവരിൽ പലരും അവശ്യമരുന്നുകളില്ലാതെ വലയുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ചോദ്യത്തിനുള്ള സർക്കാർ ഉത്തരത്തിൽ നിഴൽവീഴുന്നു.

മൂന്നാം തരംഗം മൂർധന്യത്തിലെത്തുന്നതോടെ അവശ്യമരുന്നുകളും കോവിഡ് പ്രതിരോധ ഉപകരണങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയിലേക്കാവും നമ്മുടെ ആരോഗ്യ മേഖല നീങ്ങുകയെന്നാണ് ആശങ്ക. കോവിഡ് പർച്ചേസുകളുടെ മറവിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) നടത്തിയ വൻ ക്രമക്കേടുകളാണു കേരളത്തിന്റെ ആരോഗ്യ മേഖലയെ ഈ ഗുരുതര പ്രതിസന്ധിയിലെത്തിച്ചതെന്നുകൂടി വരുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. 

ഈ നാട്ടിലെ സാധാരണക്കാർ ഉദ്യോഗസ്ഥ ക്രമക്കേടിന്റെ പേരിൽ കഷ്ടത്തിലാവുന്ന സാഹചര്യം സർക്കാർ സംവിധാനങ്ങൾ തന്നെയല്ലേ ഉണ്ടാക്കിയത് ? ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നതിനെത്തുടർന്നാണു ഫയലുകളിൽ ഒപ്പിടാൻ ആരോഗ്യ വകുപ്പ് അധികൃതർ മടിക്കുന്നത്. വൻവിലയുള്ള മരുന്നുകൾ പുറത്തുനിന്നു വാങ്ങാൻ കെൽപില്ലാത്ത പാവപ്പെട്ടവർ ഇതിന് ഇരയാകേണ്ടിവരുമെന്നത് ആരോഗ്യകേരളത്തെ ലജ്ജിപ്പിക്കുന്നു.

ശ്വാസകോശ, ഹൃദയസംബന്ധ രോഗങ്ങളുള്ളവർക്കും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ളവർക്കും കോവിഡ് മാരകമാകാതിരിക്കാൻ നൽകുന്നതും രണ്ടുപേർക്ക് ഉപയോഗിക്കാൻ 1.20 ലക്ഷം രൂപയോളം വില വരുന്നതുമായ മോണോക്ലോനൽ ആന്റിബോഡി മരുന്നും ഗുരുതര കോവിഡ് രോഗികൾക്കു നൽകുന്ന റെംഡിസിവിർ മരുന്നും സംസ്ഥാനത്തെ പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു സ്റ്റോക്കില്ല. ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുകയാണ്. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകൾ മാത്രമല്ല, പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും. പേപ്പട്ടി വിഷത്തിനുള്ള ആന്റി റാബീസ് സീറം, ഇൻട്രാഡെർമൽ റാബീസ് വാക്സീൻ എന്നിവയും പല ജില്ലകളിലും കിട്ടാനില്ല. 

medicine-pills
പ്രതീകാത്മക ചിത്രം

കോവിഡ് പോസിറ്റീവായി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ മരുന്നു ക്ഷാമം ആദ്യം നേരിടേണ്ടിവന്നവരിലൊരാളാണ്. കണ്ണൂർ ജില്ലയിൽ കിട്ടാനില്ലാത്തതിനാൽ പുറത്തുനിന്നു വരുത്തിയാണു ശൈലജയ്ക്ക് മോണോക്ലോനൽ ആന്റിബോഡി നൽകിയത്. സാധാരണക്കാരാണ് ഈ സാഹചര്യത്തെ നേരിടുന്നതെങ്കിൽ നിസ്സഹായതയോടെ അത് അനുഭവിക്കേണ്ടിവരുമോ എന്ന ആശങ്കയുമുണ്ട്.  

ബില്ലുകളെല്ലാം പാസാകാതെ കെട്ടിക്കിടക്കുന്നതിനാലും ലോക്കൽ പർച്ചേസിന് അനുമതിയില്ലാത്തതിനാലും കോവിഡ് മൂന്നാം തരംഗം സർക്കാർ ആശുപത്രികൾക്കു വലിയ വെല്ലുവിളിയായേക്കാം. മരുന്നു വാങ്ങുന്നതിനടക്കം ഇപ്പോഴും തുടരുന്നതു പഴയ മാനദണ്ഡങ്ങളാണ്. പർച്ചേസ് രീതികൾ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. പുതിയ പർച്ചേസ് ഓർഡറുകൾ നൽകുന്നതിൽനിന്ന് ഉദ്യോഗസ്ഥർ പിൻവലിയുന്ന രീതി തുടർന്നാൽ കേരളത്തെ കാത്തിരിക്കുന്നതു ഗുരുതര പ്രതിസന്ധിയാവും. 

‘കോവിഡ് ബ്രിഗേഡി’ന്റെ സേവനം അവസാനിപ്പിച്ചതും കോവിഡ് പ്രതിരോധത്തെ സാരമായി ബാധിച്ചേക്കും. കോവിഡ് ബ്രിഗേഡ് വീണ്ടും ആരംഭിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിനു നിലവിലില്ല. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആശുപത്രികൾക്കു കോവിഡ് പ്രതിരോധത്തിനായുള്ള പർച്ചേസ് നടത്തി ബിൽ സർക്കാരിനു കൊടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിനു കഴിയില്ല. കേസുകൾ പെട്ടെന്നു കൂടിയാൽ ആശുപത്രികൾക്ക് ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കും. 

സംസ്ഥാനത്തു കോവിഡിനടക്കമുള്ള മരുന്നുകൾക്കു ക്ഷാമമില്ലെന്നാണ് ആരോഗ്യ വകുപ്പു പറയുന്നതെങ്കിലും വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, എത്രയുംവേഗം മരുന്നുലഭ്യത സർക്കാർ സുഗമമാക്കിയേതീരൂ. രൂക്ഷത വർധിക്കുന്ന ഈ കോവിഡ്കാലത്ത് മരുന്നുകൾ കിട്ടാതെകൂടി  ജനം വലഞ്ഞുകൂടാ.

English Summary: The government should ensure the availability of medicines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA