ADVERTISEMENT

സംസ്ഥാനത്തെ ഒരു ഗവ.മെഡിക്കൽ കോളജ് ആശുപത്രി. മകനുമായി ഐക്യു പരിശോധനയ്ക്ക് എത്തിയതാണ് അമ്മ. 25 കിലോമീറ്ററിലേറെയുണ്ട് വീട്ടിൽനിന്ന് ആശുപത്രിയിലേക്ക്. കോവിഡ്കാലം. ബസ് കയറി എട്ടു മണിക്കുതന്നെയെത്തി. സൈക്കോളജിക്കായി ആശുപത്രിയിൽ പ്രത്യേക വിഭാഗമില്ല. സൈക്യാട്രി വിഭാഗത്തിലേക്കാണു ടോക്കൺ. 8.30നു ടോക്കണെടുത്തു, ഒന്നാം നമ്പർ!. ഒപിയിൽ നല്ല തിരക്ക്. ഭിന്നശേഷിക്കാരും പഠന വെല്ലുവിളി നേരിടുന്നവരുമായ ഒരുപാടു കുട്ടികളുണ്ട് അവരിൽ. ഒപ്പമുള്ളവരിലേറെയും അമ്മമാർ. സൈക്കോളജിസ്റ്റ് എത്തിയപ്പോൾ 10.20. ഓരോരുത്തരെയായി അകത്തേക്കു വിളിച്ചുതുടങ്ങി. ഒന്നാം നമ്പർ ടോക്കൺകാരിയെ വിളിക്കുന്നില്ല. മൂന്നാമതും വിളിച്ചില്ല. സമയം രണ്ടു മണിക്കൂറിലേറെ പിന്നിട്ടു. ഹാളിലുള്ള കുട്ടികളെല്ലാം അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങി. അവരെ നിയന്ത്രിക്കാൻ മാതാപിതാക്കളുടെ പെടാപ്പാട്.

മുൻദിവസങ്ങളിൽ പ്രാഥമിക പരിശോധനകൾ കഴിഞ്ഞവരെ ആ ക്രമത്തിലാണു വിളിക്കുന്നതെന്ന് ആ അമ്മ മനസ്സിലാക്കാൻ ഏറെ വൈകി. ഒടുവിൽ പ്രാഥമിക പരിശോധന മാത്രം നടത്തി മടങ്ങേണ്ടിവന്നു. ഇതൊരു പതിവുകാഴ്ചയാണ്. മുൻപുകണ്ട് പ്രാഥമിക വിലയിരുത്തൽ നടത്തിയവരെ മാത്രമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു കാണാനാകൂ. എന്നാൽ, ഇതാണു രീതിയെന്നു പറഞ്ഞു കൊടുക്കാൻ ആശുപത്രികളിൽ സംവിധാനമില്ല. തിരക്കു പരിഹരിക്കാനാകട്ടെ ആവശ്യത്തിനു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമില്ല; മെഡിക്കൽ കോളജ് ആശുപത്രികളിൽപോലും. 

കാൽലക്ഷത്തിന് 20 പേർ !

ഓരോ വർഷവും എല്ലാ ജില്ലകളിലുമായി ആശുപത്രികളിലെത്തുന്ന കാൽലക്ഷം പേരുടെ ബുദ്ധിനിലവാര നിർണയം നടത്തേണ്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ എണ്ണം സംസ്ഥാന സർക്കാർ സർവീസിൽ ആകെ 20ൽ താഴെ മാത്രം. കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോലുമില്ല. ജില്ലാ–  ജനറൽ ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായുള്ളത് 14 പേർ. തിരുവനന്തപുരത്തു 3 പേരുണ്ട്. ജനറൽ ആശുപത്രിയിൽ ഒരാളും മാനസികാരോഗ്യ കേന്ദ്രത്തിൽ 2 പേരും. കോഴിക്കോട്ടും വലിയ പ്രശ്നമില്ല. അവിടെ മാനസികാരോഗ്യ കേന്ദ്രത്തിൽ 4 പേരുണ്ട്. ശേഷിക്കുന്നവർ ഗവ. മെഡിക്കൽ കോളജുകളിലാണ്. ഇവരെല്ലാം പഠന വെല്ലുവിളി വിലയിരുത്തലിനു പോകുന്നതു പതിവു ജോലിത്തിരക്കു മാറ്റിവച്ചാണ്. ഇവരുടെ ചികിത്സയിലുള്ള മറ്റു രോഗികൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ടാഴ്ചവരെ നീളും പല പഠനവെല്ലുവിളി നിർണയക്യാംപുകളും.

നിയമത്തിലെ  അവ്യക്തതകൾ

പഠനവെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികൾക്കു പരീക്ഷാനുകൂല്യം ലഭിക്കാൻ ബുദ്ധിനിലവാര പരിശോധനയിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഐക്യു സ്കോർ 70ൽ താഴെയുള്ള വിദ്യാർഥികളെ ‘ബൗദ്ധിക ഭിന്നശേഷി’ എന്ന വിഭാഗത്തിൽപ്പെടുത്തി സ്ക്രൈബിനെ  അനുവദിക്കുമെന്ന് എറണാകുളം ജില്ലയിലെ ആരോഗ്യ അധികൃതർ നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. 86നു മുകളിൽ സ്കോറുള്ളവരെ എസ്എൽഡി (സ്പെസിഫൈഡ് ലേണിങ് ഡിസെബിലിറ്റി) വിഭാഗത്തിൽപ്പെടുത്തി സ്ക്രൈബിനെയോ ഇന്റർപ്രട്ടറെയോ (വ്യാഖ്യാതാവ്) അനുവദിക്കും. 

എന്നാൽ, 70നും 85നുമിടയിൽ സ്കോർ ലഭിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ഇവർക്കു നിലവിൽ ഭിന്നശേഷി ആനുകൂല്യം ലഭിക്കുന്നില്ല. ഇവർക്കുകൂടി എസ്എസ്എൽസി പരീക്ഷയിൽ ആനുകൂല്യം ലഭ്യമാക്കാൻ 2018–19 അധ്യയനവർഷം സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അനുമതി ലഭിച്ചില്ല. ഇത്തവണ പ്രത്യേക അനുമതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു സ്കൂൾ അധികൃതരും രക്ഷിതാക്കളും. ഈ കുട്ടികൾക്കും പരീക്ഷാനുകൂല്യം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ 2021 ജൂൺ ഒന്നിനു കരട് മാർഗനിർദേശം തയാറാക്കിയിരുന്നു. അതിപ്പോൾ അഭിപ്രായസമാഹരണ ഘട്ടത്തിലാണ്. അതു നിയമമായാൽ എല്ലാവർക്കും പരീക്ഷാനുകൂല്യം കിട്ടും. 

ഉത്തരം ബഹുവിധം

70നും 85നുമിടയിൽ ഐക്യു സ്കോർ ലഭിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ എന്തുചെയ്യും? വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ‘ഉത്തരമില്ല’ എന്നാണ് ആരോഗ്യ വകുപ്പു മറുപടി. ജില്ലാ, താലൂക്ക് ആശുപത്രികളിൽ നിന്നുള്ള ഉത്തരങ്ങൾ പല തരത്തിൽ. ഇവരെ ‘സ്ലോ ലേണർ’ എന്ന വിഭാഗത്തിൽ പെടുത്തി പരീക്ഷയെഴുതാൻ കൂടുതൽ സമയം അനുവദിക്കും എന്നാണ് ഒരു മറുപടി. ‘ഇല്ല’, ‘ആരോഗ്യവകുപ്പിൽ ഉള്ളതായി അറിവില്ല’, ‘ഇത്തരം കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പാണു തീരുമാനമെടുക്കേണ്ടത്’, ‘85ൽ താഴെയും 70നു മുകളിലും ബോർഡർ ലൈൻ’ എന്നിങ്ങനെ പോകുന്നു ഉത്തരങ്ങൾ. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ് നൽകിയതാകട്ടെ വിചിത്രമായ മറ്റൊരു മറുപടി: ‘ഐക്യു സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയല്ല, 40% പ്രശ്നം കാണിച്ചു മെഡിക്കൽ ബോർഡ് നൽകുന്ന സാക്ഷ്യപത്ര പ്രകാരമാണ് സ്ക്രൈബിനെയോ വ്യാഖ്യാതാവിനെയോ അനുവദിക്കുന്നത്’. പക്ഷേ, ‘ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകുന്ന ഐക്യു സർട്ടിഫിക്കറ്റിനെ ആധാരമാക്കിയല്ലേ ഞങ്ങൾക്കു പഠനവെല്ലുവിളി അളക്കാൻ പറ്റൂ’ എന്നാണു മെഡിക്കൽ ബോർഡിൽ ഉൾപ്പെട്ട ഒരു ‍ഡോക്ടർ പ്രതികരിച്ചത്.

 മാർഗനിർദേശം സുവ്യക്തം

ഭിന്നശേഷിയുള്ള വ്യക്തികളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന കേന്ദ്ര മന്ത്രാലയത്തിന്റെ 2018ലെ മാർഗനിർദേശത്തിൽ ഐക്യു ടെസ്റ്റിന്റെ പ്രാധാന്യം വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ മറ്റൊരു ചോദ്യത്തിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നുമുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റാണു വിദ്യാർഥിയുടെ ഐക്യു നിലവാരം പരിശോധിച്ചു തീരുമാനിക്കേണ്ടതെന്നു ഭിന്നശേഷി വിലയിരുത്തുന്നതു സംബന്ധിച്ച 2018ലെ കേന്ദ്ര മാർഗനിർദേശത്തിന്റെ 22:3 ക്രമനമ്പറിൽ വ്യക്തമായി പറയുന്നു. 

പഠനവെല്ലുവിളി തിരിച്ചറിയാൻ

ആർപിഡബ്ല്യുഡി നിയമത്തിലെ വ്യക്തമായ മാർഗനിർദേശപ്രകാരമാണു പഠനവെല്ലുവിളി

ഉൾപ്പെടെയുള്ളവ വിലയിരുത്തുന്നത്. 

മാനദണ്ഡങ്ങൾ ഇങ്ങനെ: 

∙ കുട്ടി മൂന്നാം ക്ലാസിലെത്തുമ്പോഴോ 8 വയസ്സു തികയുമ്പോഴോ സ്കൂളിൽ ആദ്യ വിലയിരുത്തൽ.

∙ പിന്നാക്കാവസ്ഥയുടെ സൂചനയുണ്ടെങ്കിൽ വിഷയം പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ മുൻപിലേക്ക്.

∙ കുട്ടിയുടെ മാതാപിതാക്കളെ കാര്യങ്ങൾ ധരിപ്പിക്കണം.

∙ സ്കൂൾതല സമിതിയുടെ ശുപാർശപ്രകാരം കുട്ടിയെ ശിശുരോഗവിദഗ്ധൻ പരിശോധിക്കുന്നു.

∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായോ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുമായോ കൂടിയാലോചിച്ചു പഠനവെല്ലുവിളി നിർണയിക്കുന്നതിനു 3 തലങ്ങൾ.   1. കുട്ടിക്കു നാഡീസംബന്ധമായ തകരാറുകളോ കേൾവി, കാഴ്ച പ്രശ്നങ്ങളോ ഇല്ലെന്നുറപ്പാക്കൽ,  2. ചൈൽഡ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബുദ്ധിപരിശോധന (ഐക്യു) നടത്തണം, 3. ഐക്യു 85 എന്ന സ്കോറിനു മുകളിലാണെങ്കിൽ നിശ്ചിത പഠനവെല്ലുവിളിയുണ്ടെന്ന് ഉറപ്പാക്കൽ.  

∙ മെഡിക്കൽ ബോർഡ് ചേർന്നു സർട്ടിഫിക്കറ്റ് നൽകണം. 40 % പ്രശ്നമുണ്ടെന്നു ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പരീക്ഷാനുകൂല്യത്തിന് അർഹത.

∙ സർട്ടിഫിക്കറ്റ് 14–ാം വയസ്സിലും 18–ാം വയസ്സിലും പുതുക്കണം. 18 വയസ്സിലെ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത.

ഓൺലൈനാകും എല്ലാം

കേന്ദ്ര ഭിന്നശേഷി മന്ത്രാലയം യുഡിഐഡി (യുണീക് ഡിസെബിലിറ്റി ഐഡി) വെബ്സൈറ്റ് വഴി (https://www.swavlambancard.gov.in) പഠനവെല്ലുവിളി വിലയിരുത്തലിന് അപേക്ഷിക്കാൻ അവസരമൊരുക്കിക്കഴിഞ്ഞു. റജിസ്റ്റർ ചെയ്യുമ്പോൾ കാണാനാകുന്ന ആശുപത്രികളുടെ പട്ടിക നോക്കി അതിലൊരിടത്തു കുട്ടികളുമായി ചെല്ലാം. നേരിട്ടോ അക്ഷയ സെന്റർ വഴിയോ അപേക്ഷിക്കാം. കേരളത്തിൽ നിലവിലിതു തിരുവനന്തപുരം ജില്ലയിൽ മാത്രമാണു നടപ്പായത്. മറ്റു ജില്ലകളിലും സംവിധാനമൊരുക്കാനുള്ള തീവ്രയത്നത്തിലാണു സാമൂഹിക സുരക്ഷാ മിഷൻ. 

ജില്ലകളിലെ സ്ഥിതി

കോവിഡ് കാലഘട്ടത്തിനു തൊട്ടുമുൻപുവരെ ഓരോ ജില്ലയിലും രണ്ടായിരം മുതൽ മൂവായിരം വരെ കുട്ടികൾ പരീക്ഷാനുകൂല്യ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളുടെ മാത്രം കാര്യമാണിത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ. 2016ലെ ആർപിഡബ്ല്യുഡി ബിൽ പ്രാബല്യത്തിൽ വരുന്നതിനു മുൻപുവരെ, അപേക്ഷിക്കുന്നവർക്കെല്ലാം 40% പ്രശ്നം കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. 

പരീക്ഷാനുകൂല്യ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചവരുടെ വിലയിരുത്തൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഇക്കൊല്ലത്തേതു പൂർത്തിയായി. പിഎസ്‌സി വഴി നിയമിക്കപ്പെട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാത്ത കൊല്ലത്തു വൈകാതെ പൂർത്തിയാകും. മറ്റു ജില്ലകളിൽ ഇതു പല ഘട്ടത്തിലാണ്.

പഠനനിലവാരം വിലയിരുത്തി പഠനവെല്ലുവിളി ചെറിയ ക്ലാസുകളിലേ കണ്ടെത്തുന്നതാണ് ഏറ്റവും ഉത്തമം. കൃത്യമായ പരിശീലനം ചെറിയ പ്രായത്തിൽ നൽകിയില്ലെങ്കിൽ പത്താം ക്ലാസ് വരെ സ്കൂളിൽ ചെലവിട്ടാലും കുട്ടികൾക്ക് എഴുത്തും വായനയും സാധ്യമാകാതെ വരും. ബൗദ്ധികമായ കഴിവുകളിലും  കുറവുണ്ടാകും. പത്താം ക്ലാസാകുമ്പോഴേക്ക് ഇവരുടെ ഐക്യു സ്കോർ ശരാശരിയിൽ താഴെയാകാനുള്ള സാധ്യത കൂടുന്നു. തന്മൂലം 40% ബെഞ്ച് മാർക്ക് ഡിസെബിലിറ്റി ഇല്ലാത്ത കുട്ടികളുടെ എണ്ണം വർധിക്കുന്നു.

രാജ്യത്തുതന്നെ ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന സംസ്ഥാനമാണു കേരളം. എന്നിട്ടും വീഴ്ചകളേറെ. അതെക്കുറിച്ചു നാളെ.

English Summary: Problems of disabled persons, series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com