പാഠം മറന്ന പഠനം

HIGHLIGHTS
  • ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ആശങ്കകളും അനിശ്ചിതത്വവും ബാക്കി
education
പ്രതീകാത്മക ചിത്രം
SHARE

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്തു നടപ്പാക്കാൻ വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനാണ് 2017ൽ ഖാദർ കമ്മിറ്റിയെ നിയോഗിച്ചത്. ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പറയുന്ന, റിപ്പോർട്ടിന്റെ ആദ്യഭാഗം മാത്രമാണ് കമ്മിറ്റി സമർപ്പിച്ചിട്ടുള്ളത്. അക്കാദമിക കാര്യങ്ങളെക്കുറിച്ച് പറയുന്നത് രണ്ടാം ഭാഗത്തിൽ. അക്കാദമിക തലത്തിൽവേണ്ട മാറ്റങ്ങളല്ലേ കമ്മിറ്റി ആദ്യം  നിർദേശിക്കേണ്ടിയിരുന്നത് ? ഇങ്ങനെ തലതിരിഞ്ഞ രീതിയിലാണ് കാര്യങ്ങൾ

വയനാട് ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം എല്ലാവരുടെയും ഉള്ളുലച്ചതാണ്. ഒരു സ്കൂളിലും സംഭവിക്കരുതാത്ത ദുരന്തമായിരുന്നു അത്. അധ്യാപകർക്കെതിരെ വിവിധ കോണുകളിൽനിന്ന് അന്നു വിമർശനമുയർന്നു. നടപടി നേരിട്ടവരിലൊരാൾ സ്കൂളിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പലായിരുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈസ്കൂൾ – ഹയർ സെക്കൻഡറി ഏകീകരണത്തെത്തുടർന്നു സ്കൂളിന്റെ പൊതു ഉത്തരവാദിത്തം തങ്ങൾക്കാണെന്നു ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ തിരിച്ചറിഞ്ഞ ആദ്യ സന്ദർഭം.

‌പിഎസ്‌സി ഇക്കഴിഞ്ഞ ഡിസംബർ 31നു ഹയർ സെക്കൻഡറി ഇക്കണോമിക്സ് പാർട്‌ടൈം അധ്യാപക തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. ഹയർ സെക്കൻഡറിയിൽ നിലവിൽ പാർട്‌ടൈം അധ്യാപകരില്ല; സീനിയർ / ജൂനിയർ അധ്യാപകരേയുള്ളൂ. വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നതു ജൂനിയർ തസ്തികയിലേക്കാണെന്നു പറയുന്നു. എന്നാൽ, അതിനു പകരം ‘പാർട്‌ടൈം’ എന്നു പരാമർശിക്കുന്നതിനെ അധ്യാപക സംഘടനകൾ ചോദ്യം ചെയ്തു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തസ്തിക പുനർനാമകരണം ചെയ്ത് പാർട്‌ടൈം ആക്കിയതെന്ന വാദമാണുയർന്നത്. മുഴുവൻ സമയ ജൂനിയർ തസ്തിക പാർട്‌ടൈം ആയി മാറുന്നതോടെ ആനുകൂല്യങ്ങൾ പലതും നഷ്ടമാകുകയും അധ്യാപകരുടെ സേവനം പൂർണമായും ഒരേ സ്കൂളിൽ ലഭിക്കാതെ വരികയും ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ അതു ബാധിക്കുകയും ചെയ്യുമെന്നതാണ് എതിർപ്പിന്റെ പ്രധാന കാരണങ്ങൾ. ബോധപൂർവം സംഭവിച്ചതല്ലെന്നും യാദൃച്ഛികമാണെന്നും വിശദീകരിക്കുന്ന അധികൃതർ പക്ഷേ, വിജ്ഞാപനം തിരുത്താനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. 

kv-manoj-q
കെ.വി.മനോജ്

പൊതുവിദ്യാഭ്യാസ രംഗത്തു ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  ഒട്ടേറെ ആശങ്കകളും ആശയക്കുഴപ്പങ്ങളുമുണ്ട്. റിപ്പോർട്ട് ഘട്ടംഘട്ടമായി നടപ്പാക്കുമെന്നു സർക്കാർ ഈയിടെ വ്യക്തമാക്കുകയും ചെയ്തു.

ഖാദർ കമ്മിറ്റി സൃഷ്ടിച്ച അനിശ്ചിതത്വം

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം കേരളത്തിൽ പൂർണമായി നടപ്പാക്കാൻ ആവശ്യമായ പഠനങ്ങൾ നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ 2017ൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണു ഖാദർ കമ്മിറ്റി. മൂന്നംഗ കമ്മിറ്റി 2019 ജനുവരി 24നു റിപ്പോർട്ടിന്റെ ആദ്യഭാഗം സമർപ്പിച്ചു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. അവയിൽ ചിലതു നടപ്പാക്കാൻ തീരുമാനിച്ചതിനെത്തുടർന്നു കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെഇആർ) ഭേദഗതി കൊണ്ടുവന്നു. അക്കാദമിക കാര്യങ്ങൾ സംബന്ധിച്ചുള്ള രണ്ടാം ഭാഗം സമർപ്പിക്കാൻ പോകുന്നതേയുള്ളൂ. ഇത്തരമൊരു സമിതി അക്കാദമിക തലത്തിൽവേണ്ട മാറ്റങ്ങളല്ലേ ആദ്യം നിർദേശിക്കേണ്ടിയിരുന്നത്? തുടർന്നല്ലേ, ഭരണതലത്തിലും മറ്റും അതിനുവേണ്ട ഘടനാപരമായ മാറ്റങ്ങൾ നിർദേശിക്കേണ്ടത്. ഇവിടെയാകട്ടെ, ചെരുപ്പിനനുസരിച്ചു കാലുമുറിക്കുന്ന തലതിരിഞ്ഞ രീതിയാണു കണ്ടത്. 

ഒന്നാം ഭാഗം നൽകി മൂന്നു വർഷമാകുമ്പോഴും വിദ്യാഭ്യാസ മികവുമായി ബന്ധപ്പെട്ട രണ്ടാം ഭാഗം കമ്മിറ്റി നൽകിയിട്ടില്ല. ഘടനാപരമായ മാറ്റങ്ങൾ നിർദേശിക്കും മുൻപു നടക്കേണ്ട അവസ്ഥാവിശകലനമോ തസ്തിക നിർണയമോ ജോലിഭാര വിലയിരുത്തലോ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നടന്നതായി അറിവുമില്ല. 

പരിഗണനാവിഷയങ്ങളിൽ മാറ്റം എന്തുകൊണ്ട് ?

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 19.10.2017ലെ സർക്കാർ ഉത്തരവിൽ നൽകിയിരുന്ന പരിഗണനാ വിഷയങ്ങൾ ഇവയാണ്

1) 2009ലെ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതു സംബന്ധിച്ച് ഘടനാപരവും അക്കാദമികവുമായ വശങ്ങൾ പഠിച്ചു നിർദേശങ്ങൾ രൂപീകരിക്കുക.

2) വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വന്ന വിജ്ഞാപനത്തിൽ വ്യക്തത വരുത്തേണ്ട ഭാഗങ്ങളുണ്ടെങ്കിൽ അവ പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കുക. 

3) വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തേണ്ട ഭേദഗതികൾ പരിശോധിച്ചു നിർദേശങ്ങൾ രൂപീകരിക്കുക. 

തുടർന്ന് 2018 ഏപ്രിൽ, മേയ് മാസങ്ങളിലെ തെളിവെടുപ്പിൽ  വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപക സംഘടനകളും നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം ഡിസംബറിൽ പരിഗണനാ വിഷയങ്ങൾ പുതുക്കി ഉത്തരവിറക്കി. ഇതിൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള  മേഖലകളിലെ ഘടനാപരമായ മാറ്റങ്ങളും ഉൾപ്പെടുത്തി. 

school-students
പ്രതീകാത്മക ചിത്രം

തെളിവെടുപ്പു നടത്തിയ ശേഷം പരിഗണനാ വിഷയങ്ങൾ പെട്ടെന്നു മാറ്റി നിശ്ചയിക്കുകയും തുടർനിർദേശങ്ങൾ ക്ഷണിക്കാതെ റിപ്പോർട്ടിന്റെ ഒന്നാം ഭാഗം കമ്മിറ്റി തയാറാക്കുകയുമാണു ചെയ്തത്. ആ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസിലൂടെ നിയമമാക്കുകയും ചെയ്തു. 2020ലെ ദേശീയ വിദ്യാഭ്യാസനയം കേന്ദ്ര സർക്കാരും ഇതുപോലെ പാർലമെന്റിൽ ചർച്ച ചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പിലാക്കുകയായിരുന്നു. ജനാധിപത്യ വിരുദ്ധവും സംവാദവിരുദ്ധവുമായ ഇത്തരം നീക്കങ്ങളാണ് അക്കാദമിക് റിപ്പോർട്ടുകളെ സംശയമുനയിൽ നിർത്തുന്നത്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി, അക്കാര്യങ്ങളിൽ നിശ്ശബ്ദത പുലർത്തുന്നു. ചില ഉദാഹരണങ്ങൾ – സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ടു രൂപീകരിക്കേണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യവും പരിശോധിക്കുന്ന നിരന്തര സ്കൂൾ റേറ്റിങ് സമ്പ്രദായം, ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം ഉറപ്പാക്കുന്ന പഠനനേട്ട വിലയിരുത്തൽ, കുട്ടികൾക്ക് പ്രത്യേക കോച്ചിങ് പരിഹാര ബോധനവും നിർദേശിക്കുന്ന ട്യൂട്ടോറിയൽ സമ്പ്രദായം, ത്രിവത്സര സ്കൂൾ വികസന പദ്ധതി, വിദ്യാർഥികളുടെ പഠനപുരോഗതി ഉറപ്പാക്കുന്ന വിദ്യാർഥി സഞ്ചിതരേഖ. 

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നു 12 വർഷത്തിനുശേഷവും എല്ലാ സ്കൂളുകളിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയില്ല.  

ചർച്ചകളിലൂടെ വേണം മാറ്റങ്ങൾ

വിദ്യാഭ്യാസ മേഖലയെ പ്രതിപാദിക്കുന്ന ഏതു റിപ്പോർട്ടും ജനാധിപത്യപരമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും രൂപപ്പെടുന്നതാവണം. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ വേണ്ടത്ര ഒരുക്കവും വ്യത്യസ്ത തലങ്ങളിലെ കൂടിയാലോചനകളും, പാരിസ്ഥിതിആഘാത പഠനം പോലെ വിദ്യാഭ്യാസ ആഘാത പഠനവും നടത്താതെയാണ് ഡിപിഇപി കാലം മുതൽ നമ്മുടെ പരിവർത്തനങ്ങൾ നടന്നുവരുന്നത്. 

പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഒരേ സമീപനവും രീതിയും എല്ലായ്പ്പോഴും പ്രായോഗികമാവാറില്ല. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർഥികളുടെ പ്രായവും പ്രകൃതവും പരിഗണിക്കപ്പെടണം. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റഘടന നിർദേശിക്കുമ്പോൾ സെക്കൻഡറി പഠനത്തിലൂടെയും ഹയർ സെക്കൻഡറി പഠനത്തിലൂടെയും വിദ്യാർഥി ആർജിക്കേണ്ട അറിവിന്റെയും നൈപുണികളുടെയും സൂക്ഷ്മ വ്യത്യാസങ്ങൾ കാണാതെ പോകരുത്. വ്യത്യസ്ത പഠനലക്ഷ്യങ്ങളുള്ള രണ്ടു ധാരകളെ സംയോജിപ്പിക്കുമ്പോൾ അതിനുള്ള അക്കാദമിക തയാറെടുപ്പുകൾ അനിവാര്യമാണ്. ഒപ്പം ഓരോ ക്ലാസിൽനിന്നും വിദ്യാർഥി നേടേണ്ട പഠനനിലവാരം, എഴുത്തും വായനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സാങ്കേതികോപകരണ ലഭ്യതയിലെ വിടവ്, പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ അക്കാദമിക പ്രതിസന്ധികളും കൊഴിഞ്ഞുപോക്കും, കോവിഡ് കാലമുയർത്തിയ മാനസിക- വൈകാരിക പ്രശ്നങ്ങൾ എന്നിവയെ സംബന്ധിച്ചും കൃത്യമായ നിലപാടുകൾ ഉണ്ടാവേണ്ടതുണ്ട്.

പേരുമാറ്റം കൊണ്ട് കാര്യമുണ്ടോ ?

ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മൂന്നു നിർദേശങ്ങളാണു കെഇആർ ഭേദഗതിയിലൂടെ നടപ്പാക്കിയത്.

ഒന്ന്) വിവിധ ഡയറക്ടറേറ്റുകളെ ഏകോപിപ്പിച്ച് ഒറ്റ ഡയറക്ടറുടെ (ഡിജിഇ) കീഴിലാക്കി. 

രണ്ട്) സ്കൂളിന്റെ പൊതുമേലധികാരിയായി ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ നിയമിച്ചു. 

മൂന്ന്) വ്യത്യസ്ത പരീക്ഷാ ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ച് ഒരു പരീക്ഷാ ഡയറക്ടറേറ്റാക്കി മാറ്റി. 

കെഇആർ ഭേദഗതിക്കു ശേഷവും ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും അവ്യക്തതകളും തുടരുകയാണ്. പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പൽ പദവിയിലേക്കെത്തുന്ന ഹെഡ്മിസ്ട്രസ് / ഹെഡ്മാസ്റ്ററിന്റെയും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വിഭജിച്ചു നൽകിയിട്ടില്ല. സബോർഡിനേറ്റ് സ്റ്റാഫില്ലാത്ത ഹയർസെക്കൻഡറി വിഭാഗത്തിനു  ഹൈസ്കൂളിലെ സ്റ്റാഫിന്റെ സേവനങ്ങൾ ഉപയോഗിക്കാനാവുന്നില്ല. 

idukki news
പ്രതീകാത്മക ചിത്രം

വൈസ് പ്രിൻസിപ്പലിന്റെ തസ്തികയ്ക്കു സ്കെയിൽ സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ എച്ച്എം തസ്തികയെക്കുറിച്ചുള്ള ആകുലതകൾ അവരിലും നിലനിൽക്കുന്നു. തുടർപ്രമോഷനെ സംബന്ധിക്കുന്ന കാര്യങ്ങളിലും അവ്യക്തതയുണ്ട്. പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരെ പഞ്ചായത്ത് ഇംപ്ലിമെന്റിങ് ഓഫിസർമാരായി നിയമിക്കുമെന്ന ഖാദർ കമ്മിറ്റി നിർദേശത്തെക്കുറിച്ചാകട്ടെ, സർക്കാർ മൗനം പാലിക്കുകയും ചെയ്യുന്നു. കേവലം ചില പേരുകളും സംജ്ഞകളും മാറുന്നതിലൂടെ ഗുണപരമായ എന്തു മാറ്റമാണ് വിദ്യാഭ്യാസമേഖലയിലുണ്ടാകുകയെന്ന ചോദ്യമാണ് അധ്യാപക സംഘടനകളും വിദ്യാഭ്യാസപ്രവർത്തകരും ഉന്നയിക്കുന്നത്.

കാണാതെ പോകരുത് ഇക്കാര്യങ്ങൾ

ദേശീയ സർവേകളിലും പഠന റിപ്പോർട്ടുകളിലും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നില ഇപ്പോൾ ഭദ്രമാണ്. എന്നാൽ ഡൽഹി, തമിഴ്നാട്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങളിലും അക്കാദമിക മേഖലയിലും കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതിലും നടത്തുന്ന മുന്നേറ്റം കാണാതെ പോകരുത്. 

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കരിക്കുലം ഫ്രെയിംവർക്കുകളും പാഠപുസ്തക പരിഷ്കരണവും നമ്മുടെ ജനാധിപത്യ, മതനിരപേക്ഷ, ഫെഡറൽ മൂല്യങ്ങൾക്ക് ഉയർത്തുന്ന വെല്ലുവിളികളുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം അക്കാദമിക നിശ്ശബ്ദതയും നിർവികാരതയും പുലർത്തുകയാണെന്നും ഓർക്കണം. ഇതിനിടെയാണ് ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങൾ ബാക്കിവച്ചുള്ള ഘടനാപരമായ മാറ്റങ്ങൾ. ഇതെല്ലാം കേരളം നേടിയ വിദ്യാഭ്യാസപുരോഗതിയാകെ മുരടിക്കാൻ കാരണമാകരുത്.

(ലേഖകൻ എസ്‌സിഇആർടി മുൻ റിസർച് ഓഫിസറും ഫുൾബ്രൈറ്റ് സ്കോളറുമാണ്)

English Summary: Concerns and uncertainty remain over the Khader Committee report.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA