ADVERTISEMENT

കോടിയേരിയുടെ വിവാദപ്രസംഗത്തിനു പിന്നാലെ ജാതിയും മതവും ചികഞ്ഞുള്ള ആരോപണ–പ്രത്യാരോപണങ്ങളിലാണു സിപിഎം, കോൺഗ്രസ് നേതാക്കൾ. മതന്യൂനപക്ഷങ്ങളുടെ കൂടി പിന്തുണയോടെ തുടർഭരണം ലഭിച്ച അനുകൂല സാഹചര്യത്തിൽ അവരെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്നു. രാഷ്ട്രീയചർച്ചകളിൽ മതം നിറയുന്നതിൽ സന്തോഷിക്കുകയാണു ബിജെപി

കേരളത്തിലെ അഞ്ചു ലക്ഷത്തിലധികമുള്ള സിപിഎം അംഗങ്ങളിൽ ഏതാണ്ട് 10% വീതമാണു മുസ്‌ലിം –ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രാതിനിധ്യം. പട്ടികജാതിക്കാരായ പാർട്ടി അംഗങ്ങളെക്കാൾ (15%) കുറവാണു പാർട്ടിയിലെ ന്യൂനപക്ഷങ്ങൾ. അവരെ കൂടുതലായി ആകർഷിക്കുക സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യവും അതിനു സാധിക്കുന്നില്ല എന്നതു പാർട്ടി സ്വയം സമ്മതിക്കുന്ന ദൗർബല്യവുമാണ്. 

ഈ പശ്ചാത്തലമുള്ളപ്പോഴാണ് അതേ മതന്യൂനപക്ഷങ്ങൾ കോൺഗ്രസിന്റെ തലപ്പത്തു ബോധപൂർവം തഴയപ്പെടുന്നെന്ന ആക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എതിർപാളയത്തിലേക്കു വെടിവച്ചത്. ഇതോടെ, ടി.വി.തോമസിനെ ഒതുക്കിയാണു കമ്യൂണിസ്റ്റ് പാർട്ടി ഇഎംഎസിനെ  മുഖ്യമന്ത്രിയാക്കിയത് എന്നെല്ലാമുള്ളതടക്കം ആരോപണങ്ങളുടെ അസ്ഥികൂടങ്ങൾ  പലരും പുറത്തിട്ടു തുടങ്ങി. നേതാക്കളുടെ ജാതിയും മതവും ചാനൽ ചർച്ചകളിൽ പച്ചയ്ക്കു നിറയുന്ന തരത്തിൽ കാര്യങ്ങൾ കലുഷിതമായി.

നാക്കുപിഴ കുറവുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണു കോടിയേരി. സിപിഎം നേതാക്കളിൽ ചിലരെല്ലാം പറയുന്നത് പാർട്ടിയുടെ ഔദ്യോഗിക പ്രതികരണമാണോ എന്ന സന്ദേഹം ജനിപ്പിക്കുമെങ്കിൽ, കോടിയേരിയുടെയോ പിണറായി വിജയന്റെയോ കാര്യത്തിൽ ആ സംശയത്തിനു വകയില്ല. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കോടിയേരി സാന്ദർഭികമായി പറഞ്ഞതാണെന്നു വിശദീകരിച്ചവരുണ്ട്. എന്നാൽ, അദ്ദേഹം കണ്ണൂരിൽ അക്കാര്യം ആവർത്തിച്ചതോടെ ആ ന്യായീകരണം അപ്രസക്തമായി.

മതന്യൂനപക്ഷങ്ങളുടെകൂടി പിന്തുണയോടെ തുടർഭരണം ലഭിച്ച അനുകൂല സാഹചര്യത്തിൽ അവരെ ലക്ഷ്യമിട്ട് ഇങ്ങനെ ഒരു കടുത്ത ആരോപണം കോടിയേരി ഉന്നയിച്ചതിന്റെ സാംഗത്യത്തെക്കുറിച്ചാണു ചോദ്യങ്ങൾ. വിമോചനസമരശേഷം ആ കൂട്ടായ്മയെ ബലപ്പെടുത്തിയും വലതുപക്ഷ നയങ്ങളെ പിന്തുണയ്ക്കുന്നവരെ  ഒന്നിപ്പിച്ചും കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ശക്തിപ്പെടുത്താനാണു കേരളത്തിൽ കോൺഗ്രസ് ശ്രമിച്ചു വരുന്നതെന്നാണു സിപിഎം കാഴ്ചപ്പാട്. ആ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ ശക്തമായ പ്രഹരമേൽപിച്ച തിരഞ്ഞെടുപ്പുവിജയമായാണു ഭരണത്തുടർച്ചയെ പാർട്ടി കരുതുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾ പൂർണമായും കോൺഗ്രസിനൊപ്പം നിൽക്കുന്ന പതിവിനു മാറ്റം വന്നതായും ഇടതുപക്ഷ വിരുദ്ധത പറഞ്ഞുള്ള മുസ്‌ലിം ഏകീകരണ നീക്കങ്ങൾ പാളിയതായും പാർട്ടി വിലയിരുത്തി. വളയത്തിനു പുറത്തുചാടിയുള്ള വർത്തമാനം പറഞ്ഞ് ന്യൂനപക്ഷങ്ങളെ എങ്ങനെയും പ്രീണിപ്പിക്കേണ്ട നിലയിൽ ഹതാശരല്ല ഇന്നു സിപിഎം.

1248-rahul-gandhi
രാഹുൽഗാന്ധി

ജയ്പുർ പ്രസംഗത്തിൽ രാഹുൽ പറഞ്ഞതെന്ത്? 

രാഹുൽ ഗാന്ധിയുടെ ജയ്പുർ പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ ബിജെപിയുടെ ബി ടീമായി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനു പിന്നാലെയാണു കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനവും ആ ശൈലിയിൽ ആണെന്നു കോടിയേരി ആരോപിച്ചത്. മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളെ ഇവിടെ ബോധപൂർവം തഴഞ്ഞ് പകരം ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടവരെ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചത്രേ. ഡിസംബർ 12ലെ ജയ്പുർ റാലിയിൽ രാഹുൽ പറഞ്ഞത് എന്താണെന്ന ചോദ്യം ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു. ഹിന്ദുവും ഹിന്ദുത്വവാദികളും തികച്ചും വ്യത്യസ്തരായ രണ്ടു വിഭാഗക്കാരാണെന്ന ആശയമാണു രാഹുൽ വിശദമാക്കിയത്. ‘‘ഞാൻ ഹിന്ദുവാണ്, എന്നാൽ ഹിന്ദുത്വവാദിയല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, അദ്ദേഹത്തിന്റെ നെഞ്ചിനു നേർക്ക് നിറയൊഴിച്ച നാഥുറാം ഗോഡ്സെ ഹിന്ദുത്വ വാദിയും. ഹിന്ദു സത്യാന്വേഷിയാണ്. എന്നാൽ,  ഹിന്ദുത്വവാദിക്ക് അധികാരമാണു മുഖ്യം. അതിനു വേണ്ടി ആരെയും അടിക്കാനോ കൊല്ലാനോ കത്തിക്കാനോ അയാൾ തയാറാണ്. ഈ രാജ്യം ഹിന്ദുക്കളുടേതാണ്. ഹിന്ദുത്വവാദികളുടേതല്ല.’’ ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ കടന്നാക്രമണമായി പ്രസംഗം വിശേഷിപ്പിക്കപ്പെട്ടെങ്കിലും ‘ഇതു ഹിന്ദുക്കളുടെ രാജ്യമാണ്’ എന്നു രാഹുൽ പറഞ്ഞതിന്റെ പേരിൽ മറുപ്രചാരണവും തുടങ്ങി.

ജയ്പുർ പ്രസംഗത്തിന്റെ രണ്ടാം ദിവസം സിപിഎമ്മിന്റെ ആദ്യ ജില്ലാ സമ്മേളനം എറണാകുളത്ത് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിനു തെളിവായി രാഹുലിന്റെ ‘ഹിന്ദുരാജ്യ പ്രയോഗത്തെ’ എടുത്തുകാട്ടി. പ്രസംഗത്തിന്റെ പേരിൽ ‘ഹിന്ദുത്വവാദികൾ എന്നെ ആക്രമിക്കും’ എന്നായിരുന്നു അതിനു തൊട്ടു മുൻപുള്ള രാഹുലിന്റെ ട്വീറ്റ്. ബിജെപിക്കെതിരെയുള്ള രാഹുലിന്റെ പ്രസംഗം ബിജെപി അനുകൂല പ്രസംഗമാക്കുന്ന വിദ്യ സിപിഎം തന്ത്രപരമായി പ്രയോഗിച്ചപ്പോൾ അതു തുറന്നുകാണിക്കാനൊന്നും കോൺഗ്രസ് മെനക്കെട്ടില്ല. അതിൽ പിടിച്ചുകയറിയ കോടിയേരി ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ജാതി–മത പരിഗണനകൾ ചോദ്യം ചെയ്യുന്നതുവരെയെത്തി. 

മതത്തിൽ പിടിച്ച് മതനിരപേക്ഷ പാർട്ടികൾ 

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഉദയം മുതൽ അതിൽ ജാതിമത ശക്തികളുടെ ചേരുവ പ്രകടമാണെങ്കിലും പാർട്ടി എന്ന നിലയിൽ കേരളത്തിലെ കോൺഗ്രസ്  ഉറച്ച മതനിരപേക്ഷസ്വഭാവമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. അതിനെ ‘വർഗീയതയിലൂടെ മതനിരപേക്ഷതയിലേക്കുള്ള വഴി’ ആയി വരെ വിശേഷിപ്പിക്കുന്നവരുണ്ട്. കോടിയേരിയുടെ പാർട്ടി മതനിരപേക്ഷ കേരളത്തിനു വേണ്ടിയാണു നിലകൊള്ളുന്നതുതന്നെ. ഈ രണ്ടു പാർട്ടികളിലും നേതൃപദവികളിൽ സാമുദായിക സംവരണമില്ല. അതേസമയം സമൂഹത്തിലെ യാഥാർഥ്യങ്ങൾ അവരുടെ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറുണ്ട്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ പരസ്പരം ജാതിയും മതവും ചികഞ്ഞ് ആരോപണ–പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയക്കളം തന്നെ അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്ന ബിജെപിയാകും സന്തോഷിക്കുക. 

പിണറായി വിജയനു ശേഷം പി.എ.മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢലക്ഷ്യമാണു കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ കെ.മുരളീധരൻ കണ്ടെത്തിയത്. പിണറായി– കോടിയേരി സഹകരണ മാതൃകയെ റിയാസ് പുകഴ്ത്തിയതു മുരളിയെ സ്വാധീനിച്ചിട്ടുണ്ടാകും. പിണറായിക്കു ശേഷം തന്റെ ഊഴം തന്നെ വേണ്ടെന്നുവച്ചുകൊണ്ട് മതന്യൂനപക്ഷ സ്പോൺസറായി കോടിയേരി മാറിയോ എന്നതാകും അപ്പോൾ ഉപചോദ്യം.

English Summary: Controversy on Kodiyeri Balakrishnan Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com