ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷത്തെ ദുരിതകാലത്തിനിടയിൽ കോവിഡ്പ്രൂഫ് ജീവിതങ്ങൾ കിട്ടിയത് ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രമായിരുന്നു. തൊഴിലില്ലായ്മയുടെ ഫലം മറ്റേതാണ്ടെല്ലാവർക്കും നാനാവിധത്തിലുള്ള അരക്ഷിതത്വമായിരുന്നെങ്കിൽ, സർക്കാർ ഉദ്യോഗസ്ഥരിൽ ചെറുതല്ലാത്ത ഒരു പങ്കിന് അത് അവിചാരിതമായി കിട്ടിയ ‘ഹോളി’ ഡേയ്സ് ആയിരുന്നു. ആരോഗ്യവകുപ്പിലും റവന്യു, സിവിൽ സപ്ലൈസ് വകുപ്പുകളിലും പൊലീസിലും മറ്റും ഉദ്യോഗസ്ഥർക്കു വഹിക്കേണ്ടി വന്ന അധിക ജോലിഭാരത്തെ കാണാതിരിക്കുകയല്ല. നഴ്സിന്റെ പദവി പലമടങ്ങുയർത്തണമെന്നും തോന്നിയിട്ടുണ്ട്. 

ഞാനിതിൽ സർക്കാരിനെ കുറ്റപ്പെടുത്തുകയുമല്ല. മാതൃകാപരമായ ഈ അവസ്ഥ പങ്കിടാൻ കേരളത്തിലെ സർക്കാരിതര മേഖലകളിലെ ഉദ്യോഗസ്ഥർക്കോ പൊതുജനത്തിനോ കഴിഞ്ഞില്ലല്ലോ എന്നു സങ്കടപ്പെടുകയാണ്. സർക്കാർ, സർക്കാരുദ്യോഗസ്ഥരുടെ മാത്രം സർക്കാരായാൽ മതിയോ, സർക്കാർ ഭരണകക്ഷിയുടെ മാത്രം സർക്കാരായാൽ മതിയോ എന്ന ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. അതൊക്കെ കുശുമ്പാണ്. കാക്കക്കുഞ്ഞിനു പൊൻകുഞ്ഞാവാൻ അതിന്റെ അമ്മക്കാക്കയുടെ മുന്നിലല്ലാതെ പറ്റുമോ?

ആരെയും സർക്കാരുദ്യോഗസ്ഥരാക്കുന്ന, ആകാൻ പ്രലോഭിപ്പിക്കുന്ന, ഈ കാലം ഉണ്ടാക്കിയ ചിലതു പക്ഷേ, നാടിന്റെ മുന്നോട്ടുള്ള ഗതിക്കത്ര നല്ലതാണോ എന്ന സംശയമുണ്ട്. സർക്കാരുദ്യോഗമൊഴിച്ചുള്ളതെല്ലാം രണ്ടു വർഷംകൊണ്ട് അനാകർഷകമായി; രണ്ടാം തരമായി. ഉയർന്ന ശമ്പളം പറ്റുന്ന, എന്നാൽ ജീവിതം പോലെ അസ്ഥിരമായ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ പശ്‌ചാത്തപിക്കാൻ തുടങ്ങി; സർക്കാർ സർവീസിൽ ഒരു ക്ലാർക്കോ പ്യൂണോ ആയാൽ മതിയായിരുന്നില്ലേ. ചെയ്ത ജോലിയുടെ മാത്രം ശമ്പളം പറ്റുന്ന അയാൾ ചെയ്യാത്ത ജോലിയുടെ ശമ്പളവും പറ്റുന്ന ചില സർക്കാരുദ്യോഗസ്ഥരുടെ വരുമാനം കണക്കുകൂട്ടാൻ തുടങ്ങി. അവധിക്കാലത്തിന്റെ ശമ്പളം, സർവീസിലിരിക്കെ ചിലർക്കെങ്കിലും ചെയ്യാനാവുന്ന പാപങ്ങളുടെ ശമ്പളം, വിരമിച്ചാലുള്ള ആനുകൂല്യങ്ങൾ, പെൻഷൻ ( മനസ്സിരുത്തി ജീവിച്ചാൽ നാൽപതോ അൻപതോ വർഷം അതു നീട്ടിയെടുക്കാം. അവസാനം പറ്റിയ ശമ്പളത്തിന്റെ എത്രയോ ഇരട്ടി വരും അവസാനവർഷങ്ങളിലെ പെൻഷൻ തുക). 

കാതോർത്താൽ കേരളം മുഴുക്കെ അലയടിക്കുന്ന ഒരു കോറസ് കേൾക്കാം,‘‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭർത്താവ് നിങ്ങൾ മതി, സർക്കാരുദ്യോഗസ്ഥാ ഭർത്താവ് നിങ്ങൾ മതി’’.  ആ പാട്ടിലെ അമ്മിണി ചില്ലറക്കാരിയല്ല, ബിസിനസുകാരനോ ഗൾഫുകാരനോ പത്രക്കാരനോ ഒരുത്തനും എന്നെക്കാക്കണ്ട, ജോലി സർക്കാരിലാണോ, പണി ഏതാണെങ്കിലും ഞാൻ റെഡി, ‘ഭർത്താവ് നിങ്ങൾ മതി’. ഏതു പണിക്ക് എന്തു പോരായ്മ, ഏതു തൊഴിലിനുമുണ്ട് അതിന്റേതായ അന്തസ്സ് എന്നു മലയാളികൾ ഗാന്ധിയാവുകയാണ്, ഉദ്‌ബുദ്ധരാവുകയാണ് എന്നു ധരിക്കരുത്. കോവിഡ് പോലൊരു ദുർവിധിക്കാലത്ത് അവർ പഠിച്ചു; സാമ്പത്തിക സുരക്ഷിതത്വത്തോളം പോന്ന സുരക്ഷിതത്വമില്ല. പണത്തിനു മീതെ പറന്ന പരുന്തെല്ലാം ചിറക് കരിഞ്ഞതാ താഴെ.

1200-salary-challenge-kseb

അഡ്വൈസ് ലിസ്റ്റിൽ പേരുണ്ട്, ഇനി സ്ത്രീധനവും വേണോ, ബ്രോക്കർ വരന്റെ പിതാവിന്റെ കാതിൽ ചോദിക്കുന്നു. പത്രപ്രവർത്തകയാവാൻ, കലാകാരിയാവാൻ, തത്വചിന്തകയാവാൻ, ശാസ്ത്രജ്ഞയാവാൻ സ്വപ്നം കാണുന്നവളുടെ സ്വപ്നത്തിൽ തുളച്ചു കയറിയ ഈ കഠിനകാലം അവളോടു പറയുന്നു, പിഎസ്‌സിക്കു പഠിക്ക്. എനിക്കു ഭയമാകുന്നു, പിഎസ്‌സിയുടെ കോവിഡനന്തര ക്ലറിക്കൽ ടെസ്റ്റിൽ തിക്കിലും തിരക്കിലുംപെട്ട് ശ്വാസംമുട്ടി മരിച്ചേക്കാവുന്നവരെ ഓർത്ത്.

ഇങ്ങനെ പോയാൽ അഭിരുചിക്കൊത്ത തൊഴിൽ എന്നത് ഇനിമേലില്ല, തൊഴിലിനൊത്ത അഭിരുചി എന്നതേയുണ്ടാവൂ. പിഎസ്‌സി കിട്ടാത്തതുകൊണ്ടു മാത്രം വക്കീലായി, ചരിത്രകാരനായി, ഗവേഷകനായി, രാഷ്ട്രീയ പ്രവർത്തകനായി, നടനായി, സാമൂഹിക സേവകനായി. ചാടുന്നതും ഓടുന്നതും പാടുന്നതും പറയുന്നതുമെല്ലാം സർക്കാർ ജോലിയിലേക്ക്. ഒന്നും അതിനു വേണ്ടിയല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഒരു ക്ഷേമരാഷ്ട്രത്തിന്റെ ക്ഷേമചിന്തകൾ അതിന്റെ എല്ലാ പൗരരിലേക്കും ഇനിയും പരക്കാത്തതിന്റെ ദോഷം.

ഇതിലെല്ലാം വലിയൊരു ഭയവുമെനിക്കുണ്ട്. അഞ്ചോ പത്തോകൊല്ലംകൊണ്ട് പുതിയ ‘ഇ’ അവസ്ഥയോ അണിയറയിലൊരുങ്ങിക്കാണ്ടിരിക്കുന്ന റോബട്ടുകളോ ഇല്ലാതാക്കാൻ പോന്ന തൊഴിലുകൾക്കാവുമോ തൽക്കാലമിത്ര മാർക്കറ്റെന്ന്. യാന്ത്രികമായ പ്രവൃത്തികളൊക്കെ ആസന്നഭാവിയിൽ യന്ത്രങ്ങൾ കൈകാര്യം ചെയ്തു കൊള്ളും. ക്ലാർക്കോ അറ്റൻഡറോ മാറി പകരം ഓപ്പറേറ്റർ വരും. തിക്കിത്തിരക്കി അകത്തു കടന്നവർ കസേരകൾ കണ്ടില്ലെന്നു വരാം.

നിരപരാധികൾ രക്ഷപ്പെടരുത്

‘‘പല തവണ ചോദ്യം ചെയ്തു. ഭർത്താവിന്റെ ഉള്ളം കാലിൽ ചൂരൽകൊണ്ട് അടിച്ചു. വിവസ്ത്രനാക്കി വിരലുകളിൽ സൂചികയറ്റുമെന്നു പറഞ്ഞു. മകനെപ്പോലുള്ള ബന്ധുവിനെയും പ്രതിയാക്കുമെന്നു വന്നപ്പോൾ സഹിക്കാനായില്ല. ജയിലിൽക്കിടന്നോളാം. അങ്ങനെയാണു കുറ്റമേറ്റത്!’’. 

കേരളത്തിലെ പൊലീസിന്റെ ‘ജനമൈത്രി’ക്കു വിധേയയായ ഒരു വൃദ്ധയുടെ വിലാപമാണിത്. കുറ്റം ചെയ്തവരെ കുറ്റവാളിയാക്കുന്നതിനു പ്രത്യേകിച്ചു സ്കില്ലൊന്നും വേണ്ട, പ്രയത്നവും വേണ്ട. അതു പോരല്ലോ നിരപരാധികളെ അപരാധികളാക്കാൻ. മുഴുവൻ അപരാധികളും വിട്ടയയ്ക്കപ്പെട്ടാലും ഒരു നിരപരാധിയും രക്ഷപ്പെട്ടുകൂടാ എന്ന കേരള പൊലീസിന്റെ വർധിച്ച ആത്മവിശ്വാസം മേൽക്കുമേൽ ജയിക്കട്ടെ.

kalpata
പ്രഫ. എം.കെ. പ്രസാദ്

ചെന്നിടത്തെല്ലാം തണലേകിയൊരാൾ

ജീവിതത്തിൽ മരിക്കുന്നവരുണ്ട്, മരണത്തിലും ജീവിക്കുന്നവരും. ‘‘ ഞെട്ടിപ്പിക്കുന്ന അപര്യാപ്തതകൾ നിറഞ്ഞതാണു കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പരിസ്ഥിതി സങ്കീർണമായ കെ റെയിൽ പദ്ധതിക്കുവേണ്ടി എഴുതപ്പെട്ട പ്രാഥമിക പഠനരേഖയെന്നു തിരിച്ചറിയപ്പെട്ട ദിവസമാണു പ്രസാദ് മാഷ് വിട പറഞ്ഞത്’’ എന്നു ചിന്തകനായ ടി.ടി.ശ്രീകുമാറെഴുതുന്നു. പ്രകൃതിവിരുദ്ധമായത് ആത്യന്തികമായി മനുഷ്യവിരുദ്ധവുമാണെന്നു ജീവിതം മുഴുവനുമുപയോഗിച്ചു പഠിപ്പിച്ച പരിസ്ഥിതി പ്രവർത്തകനാണ് പ്രഫ.എം.കെ. പ്രസാദ്. ഉൽപാദനശക്തികളുടെ വികാസത്തെ ആഹ്ലാദത്തോടെ നോക്കിക്കണ്ട, പുരോഗതിയിൽ വിശ്വസിച്ച ഒരു മാർക്സിസ്റ്റായിരുന്നു പ്രഫസർ. പക്ഷേ, വികസനഭീകരവാദത്തെയും ഉൽപാദനശക്തികളുടെ പ്രകൃതിബദ്ധമായ വികാസത്തെയും അദ്ദേഹം യാഥാർഥ്യ ബോധത്തോടെ വ്യത്യസ്തമായിക്കണ്ടു. സൈലന്റ് വാലി സമരത്തിന്റെ ഈ മുൻനിരപ്പോരാളി ‘ആരണ്യകിലെ’ ദീപാങ്കുരനെപ്പോലെ താൻ ചെന്നിടത്തൊക്കെ തണലുകൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി പരിപാലനത്തിന്റെ തണലുകൾ.

പിൻവെളിച്ചം

 ‘‘ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം ’’ എന്ന കവിവാക്യത്തിന്റെ വ്യാപ്തി പൂക്കളോളമേ എത്തിയിരുന്നുള്ളൂവെങ്കിൽ ഇന്നതു പന്നിയോളവുമെത്തിയിരിക്കുന്നു. (പന്നിക്ക് ഒരു പൂവോളം അഴകില്ലെന്നു തോന്നുന്നതു പന്നിക്കുഞ്ഞുങ്ങളെ കാണാത്തതുകൊണ്ടും പരിസ്ഥിതിവിരുദ്ധമായ സൗന്ദര്യബോധം മനസ്സിലുറച്ചുപോയതുകൊണ്ടുമാണ്) പന്നിയുടെ ഹൃദയം ഒരു മനുഷ്യനിൽ ആദ്യശങ്കകൾക്കു ശേഷം മിടിച്ചു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നാം അന്യജീവജാലങ്ങൾ നമ്മളിൽനിന്നു ഭിന്നരല്ലെന്നു കണ്ടുതുടങ്ങട്ടെ.

English Summary: Govt employees salaries uneffected by covid: Kalpatta narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com