ADVERTISEMENT

33 കൊല്ലം കലാമണ്ഡലത്തിൽ ജോലി ചെയ്ത എന്നെപ്പോലുള്ളവർക്ക് ലഭിക്കുന്നതു തുച്ഛമായ പെൻഷൻ. അതിനൊപ്പം ലഭിക്കേണ്ട അലവൻസ് കിട്ടാതെ വരുമ്പോൾ എങ്ങനെയാണു മിണ്ടാതിരിക്കുക‌? ഈ തുക ഔദാര്യമല്ല; ഞങ്ങൾ ചെയ്ത പ്രവൃത്തിക്കുള്ള ആദരമാണ്. അതു തടയാൻ ആർക്കാണ് അധികാരം. അഭിമാനത്തോടെ ജീവിക്കാൻ ഓരോ കലാകാരനും മോഹമുണ്ട്; അവകാശവും

പെൻഷൻ അലവൻസ് മൂന്നു വർഷമായി കിട്ടുന്നില്ലെന്നു ഞാൻ പറഞ്ഞപ്പോൾ പലരും ചോദിക്കുന്നതു കേട്ടു; രണ്ട് ആൺമക്കളുള്ള ഗോപിക്ക് എന്താണു ദാരിദ്ര്യമെന്ന്. ഞാൻ സംസാരിച്ചത് എനിക്കു മാത്രം വേണ്ടിയല്ല. ഞാൻ പറഞ്ഞാൽ കേൾക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നു കരുതിയതുകൊണ്ടുകൂടിയാണ്. എന്റെ രണ്ടു കുട്ടികൾക്കും ജോലിയുണ്ട്. എന്നെ നോക്കുകയും ചെയ്യും. എന്നാൽ, അവസാനംവരെയും സ്വന്തം സമ്പാദ്യംകൊണ്ടുമാത്രം ജീവിക്കണമെന്നു കരുതുന്ന വാശിക്കാരനായ പഴയ മനുഷ്യനാണു ഞാൻ. 33 കൊല്ലം കലാമണ്ഡലത്തിൽ ജോലി ചെയ്ത എന്നെപ്പോലുള്ള കലാകാരന്മാർക്കു കിട്ടുന്നതു ചെറിയ പെൻഷനാണ്. അന്നൊന്നും വിദ്യാഭ്യാസമുള്ളവർ ഞങ്ങളുടെ ഇടയിൽ ഇല്ലാതിരുന്നതിനാൽ അവർ, പറയുന്നതു വാങ്ങിപ്പോരുകയും പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. അതു ഞങ്ങളുടെ കാലപ്പിഴ. 

പക്ഷേ, തുച്ഛമായ പെൻഷനൊപ്പമുള്ള അലവൻസ് തരുന്നില്ല എന്നു പറയുമ്പോൾ എങ്ങനെയാണു മിണ്ടാതിരിക്കുക. ഇതൊരു ഔദാര്യമായല്ല ഞാൻ കാണുന്നത്; ഞങ്ങൾ ചെയ്ത പ്രവൃത്തിക്കുള്ള ആദരമായാണ്. അതു തടയാൻ ആർക്കാണ് അധികാരം.

ഓരോ സ്ഥാപനത്തിനും വേണ്ടത് അതിനെക്കുറിച്ചറിയാവുന്ന മേലധികാരികളെയാണ്. കലാകാരന്മാരെക്കുറിച്ച് ഒന്നുമറിയാത്തവരെ നിയമിച്ചാൽ ഇതും ഇതിലപ്പുറവും ഉണ്ടാകും. അടിപിടി നടത്തിയും കൊടിപിടിച്ചും വരുന്നവർ സാംസ്കാരിക സ്ഥാപനങ്ങൾ ഭരിക്കുന്നതിൽ തെറ്റില്ല. പക്ഷേ, കലയുമായി തൊട്ടുതെറിച്ച ബന്ധമെങ്കിലും വേണം. എന്നെ കലാമണ്ഡലം ഇമെരിറ്റസ് പ്രഫസറായി നിയമിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്നോട് ഓഫിസിൽനിന്നൊരു ക്ലാർക്ക് വിളിച്ചു പറഞ്ഞു, ഇനി ക്ലാസെടുക്കാൻ വരേണ്ട എന്ന്. ആ പദവിയിൽനിന്ന് എന്നെ നീക്കിയപ്പോൾ എന്നോടൊരു വാക്കു പറയണ്ടേ എന്നു വിസിയോടു ചോദിച്ചപ്പോൾ തിരിച്ചു പറഞ്ഞതു ‘നിയമപ്രകാരം വേണ്ട’ എന്നാണ്. എനിക്കുള്ള അയോഗ്യതയെങ്കിലും ഞാനറിയണ്ടേ. ഞാൻ കലാമണ്ഡലത്തിലെ ഭരണസമിതി അംഗം കൂടിയാണ്. എത്രയോ കലാകാരന്മാരെ ഇങ്ങനെ അപമാനിച്ചിട്ടുണ്ടെന്നോ. അവർക്കു ശബ്ദമില്ലാത്തതിനാൽ ആരും അറിയുന്നില്ല. 


ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നളചരിതം മൂന്നാംദിവസം 
കഥകളിയിൽ കലാമണ്ഡലം ഗോപി  ബാഹുക വേഷത്തിൽ.
കലാമണ്ഡലം ഗോപി

മന്ത്രിമാരെയും നേതാക്കളെയും പരിചയമുള്ള എനിക്കു പരാതിപ്പെടാമായിരുന്നു. പക്ഷേ, ഇത്തരം അയോഗ്യരായ ആളുകൾ സാംസ്കാരികസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുമ്പോൾ സംസാരിച്ചിട്ടു കാര്യമില്ലെന്ന് അനുഭവം പഠിപ്പിച്ചു. മന്ത്രിമാരെക്കുറിച്ചെനിക്കു പരാതിയില്ല. അവരെല്ലാം വളരെ കരുതലോടെ മാത്രമേ കലാകാരന്മാരോടും എന്നോടു പെരുമാറിയിട്ടുള്ളൂ. അവരിതൊന്നും അറിയുന്നില്ല. കോവിഡ് കൂടി വന്നതോടെ കലാകാരന്മാർ തളർന്നിരിക്കുന്നു. അവരുടെ കാര്യം ആരാണു സംസാരിക്കുക എന്നറിയില്ല. സാംസ്കാരിക മന്ത്രിക്ക് ഇതെല്ലാം നന്നാക്കിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, ഫയൽ പിടിക്കുന്നവർ അനുവദിക്കില്ല. വേദികൾ കിട്ടാത്ത കലാകാരന്മാരുടെ കാര്യം ദുരിതമാണ്. അതെക്കുറിച്ച് ഓരോരുത്തരും ആലോചിക്കണം. യോഗ്യതയില്ലാത്തവരെ പദവികളിൽ ഇരുത്തുമ്പോൾ അത്തരം സ്ഥാപനങ്ങൾക്കു കലാകാരന്മാരുടെ കാര്യം അറിയില്ല. എല്ലാം തുറക്കുമ്പോഴും അവരുടെ വേദികൾ മാത്രം അടച്ചിട്ടിരിക്കുന്നു.

Kalamandalam-Gopi-2
കലാമണ്ഡലം ഗോപി

കലാമണ്ഡലത്തിൽ പണ്ടു കഥകളിക്കായി ഡ്യൂട്ടി ലീവ് അനുവദിച്ചു കിട്ടാൻ ഞാൻ മറ്റൊരു കഥകളിനടനൊപ്പം അന്നത്തെ തലപ്പത്തിരിക്കുന്ന ആളെ കണ്ടു. എന്തായിരുന്നു കളി എന്നു ചോദിച്ചു. നളചരിതം രണ്ടാം ദിവസമാണെന്നു പറഞ്ഞു. ഒരു ദിവസം ലീവ് എടുത്തു രണ്ടു ദിവസം കളിക്കാൻ പോയാൽ നടപടി വരുമെന്നു ഞങ്ങളെ താക്കീതു ചെയ്തു. ലീവ് അനുവദിച്ചതുമില്ല. ഇത്തരക്കാരുടെ വംശപരമ്പരതന്നെയാണ് ഇപ്പോഴും സാംസ്കാരിക സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. കോവിഡ്കാലത്തു പട്ടിണിയിലായ കലാകാരന്മാരുടെ കാര്യം സർക്കാരോ മന്ത്രിമാരോ അറിയാത്തതും അതുകൊണ്ടാണ്. 

സർക്കാർ ചെയ്യേണ്ടത്, കലാകാരന്മാരോടു നേരിട്ടു ചോദിക്കണം നിങ്ങളുടെ പ്രശ്നമെന്താണെന്ന്. ഒന്നും സമ്പാദിക്കാതെ ജീവിതം മുഴുവൻ അലഞ്ഞവർക്കുവേണ്ടിയാണു ഞാനിതു പറയുന്നത്. കലാമണ്ഡലം ഗോപിയുടെ പെൻഷൻ തുക കൂട്ടാനല്ല. അഭിമാനത്തോടെ ജീവിക്കാൻ ഓരോ കലാകാരനും മോഹമുണ്ട്; അവകാശവും.

English Summary: Kalamandalam Gopi seeks pension Allowance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com