ADVERTISEMENT

തുടരുന്ന കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ഉലച്ചവരിൽ നമ്മുടെ വിദ്യാർഥികളുമുണ്ട്. സ്കൂൾ പഠനം തുടങ്ങി അധികം വൈകാതെതന്നെ വീണ്ടും വ്യാപനം തീവ്രമാകുകയും അധ്യയനം പ്രതിസന്ധിയിലാകുകയും ചെയ്തതു വിദ്യാർഥികൾക്കു നൽകുന്ന സമ്മർദം ചെറുതല്ല. ഇതിനിടെ, എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികളെ അവസാനഘട്ടത്തിലെ പരീക്ഷാപരിഷ്കാരങ്ങൾ കെ‍ാണ്ടുകൂടി അധികൃതർ പരീക്ഷിക്കുന്നതു ക്രൂരതയാണെന്നുതന്നെ പറയണം.

കഴിഞ്ഞദിവസം പുറത്തുവന്ന, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ പരിഷ്കരിച്ച ചോദ്യക്കടലാസ് ഘടനയാണു വിദ്യാർഥികളെയും രക്ഷിതാക്കളെയും മുൾമുനയിലാക്കിയിരിക്കുന്നത്. ഫോക്കസ് ഏരിയയിൽനിന്നുള്ള ചോദ്യങ്ങൾ 70% ആയി പരിമിതപ്പെടുത്താനും 30% നോൺ ഫോക്കസ് ഏരിയയിൽ നിന്നാക്കാനും കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ, ഇതനുസരിച്ചുള്ള ചോദ്യക്കടലാസ് ഘടന കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോഴാണ് മാർക്കും ഇതേ അനുപാതത്തിൽ മാത്രമാകും ലഭിക്കുകയെന്നു വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾ‌ക്കും മനസ്സിലാകുന്നത്. പരീക്ഷയ്ക്കു രണ്ടു മാസം മാത്രം ശേഷിക്കുമ്പോഴുള്ള ഈ അപ്രതീക്ഷിതമാറ്റം വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

ഫോക്കസ് ഏരിയ ഇത്തവണ 60% ആയി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ചു പരീക്ഷയെഴുതേണ്ടി വന്നതിനാൽ പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമാണു ചോദ്യക്കടലാസ് തയാറാക്കിയിരുന്നതും. മൂല്യനിർണയത്തിലും ഉദാരസമീപനം കൈക്കൊണ്ടതോടെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണം മൂന്നുമടങ്ങ് വർധിച്ച് 1.2 ലക്ഷമായി. ഇതു പ്ലസ് വൺ പ്രവേശനത്തിൽ ഉൾപ്പെടെ വലിയ പരാതികൾക്കു വഴിയൊരുക്കുകയും ചെയ്തു.

school-students-2
ഫയൽചിത്രം

ഇതു കണക്കിലെടുത്താണ് ഇത്തവണ ഉയർന്ന ഗ്രേഡുകാരുടെ എണ്ണം നിയന്ത്രിക്കാനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. പാഠപുസ്തകം സമഗ്രമായി പഠിക്കുന്നവർക്കു മാത്രമേ ഉന്നത ഗ്രേഡുകൾ ലഭിക്കുകയുള്ളൂ എന്നതു പഠന നിലവാരം വർധിപ്പിക്കുമെന്നാണ് ഈ പരിഷ്കാരത്തിനു വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്ന ന്യായീകരണം. ഫോക്കസ് ഏരിയയിൽനിന്ന് 80% ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽനിന്ന് 20% ചോദ്യങ്ങളും എന്ന കഴിഞ്ഞ വർഷത്തെ അനുപാതം ഈ വർഷം 70:30 ആയി പുനഃക്രമീകരിക്കാനുള്ള തീരുമാനം ആ അർഥത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിന്റെ ചോദ്യങ്ങളാണു കഴിഞ്ഞവർഷം ഓപ്ഷനലായി നൽകിയിരുന്നതെങ്കിൽ ഈ വർഷം അത് 120 മാർക്കിന്റേതായി കുറച്ചു. നോൺ ഫോക്കസ് ഏരിയയിൽനിന്ന് ഓപ്ഷൻ പോലുമില്ലാതെ ചോദ്യങ്ങളുണ്ടാകാമെന്നും ഇപ്പോഴാണു വ്യക്തമായത്. 

അധ്യയനവർഷം തുടങ്ങുമ്പോൾ ഇങ്ങനെയെ‍ാരു പരിഷ്കാരവും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നില്ല. അതുകെ‍ാണ്ടുതന്നെ, കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇപ്പോഴാണു നോൺ ഫോക്കസ് ഏരിയയ്ക്കും പരീക്ഷയിൽ കാര്യമായ പരിഗണന ഉണ്ടാകുമെന്നു വ്യക്തമാകുന്നത്. ഫോക്കസ് ഏരിയ മാത്രം പഠിക്കുന്നവർക്ക് എ ഗ്രേഡ് (80% മാർക്ക്) പോലും നേടാനാവില്ല. 

exam
പ്രതീകാത്മക ചിത്രം

ഫോക്കസ് ഏരിയതന്നെ പരീക്ഷയ്ക്കുമുൻപു പഠിപ്പിച്ചുതീർക്കാനാവാത്ത സാഹചര്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ക്ലാസുകൾ വേണ്ടവിധം നടക്കാത്തതിനാൽ പഠിപ്പിച്ച പാഠങ്ങൾ തന്നെ ഹൃദിസ്ഥമാക്കാൻ ഭൂരിഭാഗം വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. പരിമിതികൾക്കിടയിൽനിന്ന് ഓൺലൈൻ പഠനത്തിൽ അധികം മുന്നേറാനാവാതെ, പാഠഭാഗങ്ങൾ തീർക്കാൻ ബുദ്ധിമുട്ടുന്ന പെ‍ാതുവിദ്യാലയങ്ങളെയാകും മാറ്റങ്ങൾ കാര്യമായി ബാധിക്കുക. പരിഷ്കാരങ്ങളിൽ പുനരാലോചന വേണമെന്നു മിക്ക ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നത് സർക്കാർ കേൾക്കാതിരുന്നുകൂടാ. ഇപ്പോൾ വിദ്യാർഥികളിൽ വന്നുവീണ സമ്മർദം ലഘൂകരിക്കാനുള്ള നടപടികൾ ഒട്ടും വൈകാനും പാടില്ല.

English Summary: Students tense over changes in SSLC, Plus Two question paper patterns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com