ADVERTISEMENT

2020ന്റെ തുടക്കത്തിൽ കേരളം കോവിഡിന്റെ പിടിയിലേക്ക്  വഴുതി വീഴുന്നതിനിടെ കൃത്യമായ ഇടപെടലുകളോടെ ആരോഗ്യമേഖല രോഗത്തെ പ്രതിരോധിക്കാനൊരുങ്ങി. ചുവപ്പുനാടയുടെ കുരുക്കുകളില്ലാതെ, മരുന്നും ഉപകരണങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർതന്നെ മുൻകൈ എടുത്തു. 1200 കോടിയിലേറെ രൂപയുടെ മരുന്നും ഉപകരണങ്ങളും ആണ് അതിനുശേഷം കേരളം വാങ്ങിക്കൂട്ടിയത്. ഇടപാടുകൾക്ക് ചുക്കാൻപിടിച്ച കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെയും അതിന്റെ ഉപവിഭാഗമായ കാരുണ്യ കമ്യൂണിറ്റി ഫാർമസി പർച്ചേസ് വിഭാഗത്തിലെയും ചില ഉദ്യോഗസ്ഥർക്ക് അതു സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള ചാകരയായി മാറുകയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായ ‘അഗ്രത ഏവോൺ എക്സിം’ എന്ന സ്ഥാപനത്തിൽ നിന്ന് 12.15 കോടിക്കു കയ്യുറ വാങ്ങിയത് ചെറിയ ഉദാഹരണം മാത്രം 

കോവിഡിന്റെ രണ്ടാം തരംഗം േനരിടുന്നതിനിടയിൽ ഇംഗ്ലണ്ടിൽനിന്ന് 12.15 കോടി രൂപയുടെ മലേഷ്യൻ നിർമിത കയ്യുറ(ഗ്ലൗസ്) ഇറക്കുമതി ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ(കെഎംഎസ്‌സിഎൽ) തിരക്കിട്ടു തീരുമാനമെടുത്തതിൽ അടിമുടി ദുരൂഹത. കയ്യുറ വാങ്ങലുമായി ബന്ധപ്പെട്ട ഫയൽ വിവരാവകാശ നിയമപ്രകാരം പൂർണമായും ‘മലയാള മനോരമ’യ്ക്കു ലഭിച്ചു. കയ്യുറ എത്തിച്ച വിതരണക്കാരന്റെ വിശ്വാസ്യതയും കയ്യുറയുടെ നിലവാരവും സംബന്ധിച്ചു ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഫയൽ. ‘നിയമവിരുദ്ധം’ എന്ന് കെഎംഎസ്‌സിഎൽ തന്നെ വിശേഷിപ്പിച്ച രണ്ടാംഘട്ട ഇറക്കുമതിക്കുശേഷം 6.08 കോടി രൂപ കൊടുത്തു തീർക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചതും അതീവ ദുരൂഹം. രാഷ്ട്രീയ തീരുമാനത്തെത്തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് ഇടപെട്ട്, കമ്പനിക്കു നൽകേണ്ടതിന്റെ പകുതി തുകയെങ്കിലും തടഞ്ഞുവച്ചിരിക്കുകയാണ്. 

ഒറ്റ ദിവസം കൊണ്ട് 12.15 കോടിയുടെ കച്ചവടം 

രേഖകൾ പ്രകാരം 2021 മേയ് 31ന് വൈകിട്ട് 5.32ന് കെഎംഎഎസ്‌സിഎലിന്റെ ഉപവിഭാഗമായ കാരുണ്യ കമ്യൂണിറ്റി ഫാർമസിക്കു ലഭിക്കുന്ന ഇ മെയിൽ സന്ദേശത്തോടെയാണു കയ്യുറ ഇടപാടിന്റെ തുടക്കം. അതിനും വളരെ മുന്നേ ചർച്ചകൾ ആരംഭിച്ചിരുന്നു. ഒരു കോടി കയ്യുറകൾ അടിയന്തരമായി എത്തിക്കാൻ തയാറാണെന്നും അതുമായി ബന്ധപ്പെട്ട 5 രേഖകൾ സമർപ്പിക്കുന്നെന്നും കാട്ടിയുള്ള ഇ മെയിൽ സന്ദേശത്തിൽ അപ്പോൾ തന്നെ ജനറൽ മാനേജർ കുറിപ്പെഴുതി. കടുത്ത കയ്യുറ ക്ഷാമത്തിലാണു സംസ്ഥാനമെന്നും കയ്യുറ നൽകാൻ സന്നദ്ധരായ ‘അഗ്രത’യുടെ വാഗ്ദാനം സ്വീകരിക്കാവുന്നതാണെന്നുമായിരുന്നു കുറിപ്പ്. 12.15 കോടി രൂപയുടെ ഓർഡറാണെങ്കിലും വിതരണക്കാരന്റെ വിശ്വാസ്യതയോ ഈ രംഗത്തെ മുൻപരിചയമോ ഒന്നും കോർപറേഷൻ അധികൃതർക്കു പ്രശ്നമായതേ ഇല്ല.  ജനറൽ മാനേജരും ഫിനാ‍ൻസ് മാനേജരും അസിസ്റ്റന്റ് മാനേജരും (ഇതിൽ ജനറൽ മാനേജരും അസിസ്റ്റന്റ് മാനേജരും പിന്നീട് സ്ഥലംമാറ്റപ്പെട്ടു) മാത്രം കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ഫയലിൽ അന്നു തന്നെ ഒരു കോടി കയ്യുറ വാങ്ങാൻ തീരുമാനമായി. 

scam1
അഗ്രതയുടെ വാഗ്ദാനം സ്വീകരിക്കാമെന്നു കാട്ടി കെഎംഎസ്‌സിഎൽ ജനറൽ മാനേജരെഴുതിയ കുറിപ്പിന്റെ പകർപ്പ്.

മലയാളി അസോസിയേഷനുകളും വിദേശത്തെ മലയാളി സംഘടനകളുമായി ‘നോർക്ക’ വഴി നടത്തിയ ചർച്ചകളാണ് ഈ ഇടപാടിലേക്കു നയിച്ചതെന്നു ഫയലിൽ സൂചിപ്പിക്കുന്നു. വിവിധ മലയാളി അസോസിയേഷനുകളുടെ വാഗ്ദാനങ്ങൾ (നോർക്ക ഇന്ററാക്‌ഷൻ പ്ലാറ്റ്ഫോമിലൂടെ) എത്തിയിട്ടുണ്ടെന്നും അക്കൂട്ടത്തിൽ ഒന്നാണ് കയ്യുറയുടെ ഓഫറെന്നും ജനറൽ മാനേജർ കുറിച്ചിട്ടുണ്ട്. ഒരു കയ്യുറ 10.85 രൂപയ്ക്ക് (ജിഎസ്ടി ഉൾപ്പെടെ 12.15) ലഭ്യമാവുന്നു എന്നത് ഏറ്റവും മികച്ച വാഗ്ദാനമാണ്. മറ്റു കമ്പനികൾക്ക് ഇത്രയും കയ്യുറകൾ ഒന്നിച്ചു നൽകാൻ സാധിക്കില്ല. ആ കമ്പനികളുടെ കയ്യുറയുടെ വിലയും അൽപം കൂടുതലാണ് തുടങ്ങിയ ന്യായങ്ങളും നിരത്തിയിട്ടുണ്ട്. 

‌അന്വേഷണങ്ങൾ ഉണ്ടായില്ല

അഗ്രതയുടെ ഇ മെയിൽ വാഗ്ദാനം വരുന്നതിനു മുൻപു തന്നെ, മേയ് 27ന് കെഎംഎസ്‌സിഎലിന്റെ ശുപാർശയിൽ കയ്യുറയുടെ വില നിയന്ത്രിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എക്സാമിനേഷൻ ഗ്ലൗസിന് പരമാവധി 7 രൂപയും സ്റ്റെറൈൽ ഗ്ലൗസിന് (ജോഡി) പരമാവധി 18 രൂപയും. നാലു ദിവസം മുൻപു നടപ്പിൽ വന്ന വില നിയന്ത്രണത്തെക്കുറിച്ചു ഫയലിൽ പരാമർശിച്ചിട്ടില്ല. കയ്യുറ ഒന്നിന് 12.15 രൂപയ്ക്കു വാങ്ങുമ്പോൾ അത്, സർക്കാർ നിയന്ത്രണങ്ങൾക്കു വിരുദ്ധമാകുന്ന കാര്യവും ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. ഒരു കോടി കയ്യുറകളുടെ പർച്ചേസ് ഓർഡറും 6.07 കോടി രൂപ മുൻകൂർതുക കൈമാറലും കഴിഞ്ഞ് നാലു ദിവസത്തിനു ശേഷം കെഎംഎസ്‌സിഎൽ ഓപ്പൺ മാർക്കറ്റിൽ വിതരണക്കാരെ അന്വേഷിച്ചു സന്ദേശം അയച്ചു. 6 കമ്പനികളാണ് കയ്യുറ വിതരണത്തിനു മുന്നോട്ടു വന്നത്. കുറഞ്ഞ നിരക്ക് (ജിഎസ്ടി ഉൾപ്പെടെ 7.72 രൂപ) വാഗ്ദാനം ചെയ്ത, മുൻപും കയ്യുറകൾ നൽകിയിട്ടുള്ള ലിബർട്ടി സർജിക്കൽസിന് 50 ലക്ഷം കയ്യുറ‌കളുടെ ഓർഡർ നൽകുകയും ചെയ്തു. ഉയർന്ന വിലയ്ക്ക് ഒരു കോടി കയ്യുറ ഇറക്കുമതി ചെയ്യാൻ അഗ്രതയ്ക്ക് അനുമതി നൽകുന്നതിനു മുൻപ് ഓപ്പൺ മാർക്കറ്റിൽനിന്നു കയ്യുറ കിട്ടാനുള്ള ഈ സാധ്യത എന്തുകൊണ്ടു പരിശോധിച്ചില്ല എന്ന ചോദ്യം ഇവിടെ ഉയരുന്നു. 

ഇറക്കുമതി നിയമവിരുദ്ധം 

വാഗ്ദാനം ചെയ്തതു പോലെ കയ്യുറ എത്തിക്കാൻ അഗ്രതയ്ക്കു  കഴിഞ്ഞില്ല. സമയത്തിനുള്ളിൽ കേരളത്തിലെത്തിയത് 41.6 ലക്ഷം കയ്യുറകൾ മാത്രം. തുടർന്ന് 2021 ജൂലൈ 7ന് ശേഷിക്കുന്ന 58.4 ലക്ഷത്തിന്റെ ഓർഡർ റദ്ദാക്കുന്നതായി കമ്പനിയെ കെഎംഎസ്‌സിഎൽ അറിയിച്ചു. കോർപറേഷന്റെ അനുമതി ഇല്ലാതെ ഇത്രയും കയ്യുറ ഇറക്കുമതി ചെയ്ത കമ്പനി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ വെയർഹൗസുകളിൽ ഇതെത്തിച്ചു. കെഎംഎസ്‌സിഎൽ അനുമതിയില്ലാതെ കസ്റ്റംസ് ക്ലിയറൻസ് നേടിയ ഈ ഇറക്കുമതി ‘നിയമവിരുദ്ധം’ ആണെന്നും വെയർഹൗസിൽ നിന്ന് ഉടൻ ഇതു തിരിച്ചെടുക്കണമെന്നുമായിരുന്നു കോർപറേഷൻ നിർദേശം. 

scam-3
അഗ്രതയ്ക്കു മുഴുവൻ തുകയും നൽകാമെന്ന ശുപാർശ അംഗീകരിച്ചുള്ള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ്.

നിയമവിരുദ്ധ ഇടപാട്; പണം നൽകാം 

കെഎംഎസ്‌സിഎൽ തന്നെ ഒരു ഘട്ടത്തിൽ ‘നിയമവിരുദ്ധം’ എന്നു വിശേഷിപ്പിച്ച 58.4 ലക്ഷം കയ്യുറകളുടെ ഇറക്കുമതിക്കു പണം നൽകാവുന്നതാണോ എന്നാണു കെഎംഎസ്‌സിഎൽ മാനേജിങ് ഡയറക്ടർ പിന്നീട് ഉന്നയിച്ച ചോദ്യം. എംഡി മുന്നോട്ടുവച്ച മൂന്നു ശുപാർശകളിൽ ‘പൂർണ തുകയും നൽകാനുള്ള’ ശുപാർശയാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെത്തുടർന്ന്, ആരോഗ്യ മന്ത്രി ഇടപെട്ട് ഈ തുക ത‍ടഞ്ഞുവയ്ക്കുകയായിരുന്നു. അനുമതി ഇല്ലാതെ ഇറക്കുമതി ചെയ്ത 58.4 ലക്ഷം കയ്യുറകൾ കോർപറേഷന്റെ വെയർഹൗസുകളിൽ, സ്റ്റോക്കിൽപോലും ഉൾക്കൊള്ളിക്കാനാവാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നു. 

ഗുണനിലവാരം ആര് പരിശോധിച്ചു?

കയ്യുറ നിർമാണ, വിതരണരംഗത്തു മുൻപരിചയം ഇല്ലാത്ത കമ്പനിക്കാണ് ഓർഡർ നൽകുന്നതെന്നു വ്യക്തമായിട്ടും എത്തിച്ച കയ്യുറകളുടെ ഗുണനിലവാരം പരിശോധിക്കാൻ കോർപറേഷൻ തയാറാകാതിരുന്നത് ആശ്ചര്യകരമാണെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ‘അടിയന്തര ആവശ്യം’ എന്ന ന്യായം പറയാമെങ്കിലും കമ്പനിയുടെ വിശ്വാസ്യതയിൽ കോർപറേഷൻ തന്നെ സംശയം ഉന്നയിച്ച സ്ഥിതിക്കു കയ്യുറയുടെ നിലവാരവും പരിശോധിക്കേണ്ടിയിരുന്നില്ലേ എന്നാണ് ആരോഗ്യ പ്രവർത്തകരുടെ ചോദ്യം. 

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ

ജിഎസ്ടി റജിസ്ട്രേഷൻ 

കമ്പനിയുടെ ജിഎസ്ടി റജിസ്ട്രേഷനിൽ ഒരിടത്തും ‘അഗ്രത’ മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതായി കാണിച്ചിട്ടില്ല. ഡെയറി ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പുരാവസ്തുക്കൾ, ചിത്രങ്ങൾ തുടങ്ങിയവയാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് 31നു നൽകിയ കത്തിൽ തന്നെ കമ്പനിയുടെ ജിഎസ്ടി റജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുണ്ട്. നമ്പർ ഉപയോഗിച്ച് ഇക്കാര്യം നിമിഷങ്ങൾകൊണ്ടു പരിശോധിക്കാവുന്നതേയുള്ളൂ. ഇതിനൊന്നും ശ്രമിക്കാതെ, മുൻപരിചയമില്ലാത്ത വിതരണക്കാരന് 12.15 കോടി രൂപയുടെ കൂറ്റൻ ഓർഡർ എങ്ങനെ നൽകി എന്നതാണു ചോദ്യം. 

പണം എങ്ങോട്ടു പോയി

പണം കൈമാറാനായി രണ്ട് ബാങ്ക് അക്കൗണ്ടുകളാണു കമ്പനി നൽകിയത്. ജൂൺ 11ന് 3.03 കോടി രൂപ വീതം രണ്ടു തവണ അക്കൗണ്ടിൽ  വന്നു. ജൂൺ 16ന് ഇതിൽനിന്ന് 4.15 കോടി രൂപ വിദേശത്തുള്ള അക്കൗണ്ടിലേക്കു മാറിയതായിട്ടാണു വിവരം. നിലവിൽ ഈ അക്കൗണ്ടിൽ പണം ഇല്ല.

മുൻപരിചയം ഇല്ലെന്ന് കമ്പനി 

scam-2

ശേഷിക്കുന്ന പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണു കമ്പനി തങ്ങളുടെ പോരായ്മകൾ തുറന്നുപറയാൻ തുടങ്ങിയത്. മെഡിക്കൽ, സർജിക്കൽ ഉപകരണ വിതരണത്തിൽ തുടക്കക്കാരായ തങ്ങൾ ഇന്ത്യയിൽ ഒരുകാലത്തും കയ്യുറ വിതരണം ചെയ്തിട്ടില്ലെന്ന് അവർ തുറന്നു സമ്മതിച്ചു (വിദേശത്ത് പരിചയം ഉണ്ടെന്നാണ് അവകാശവാദം).

കോവിഡിന്റെ രണ്ടാം ഘട്ടം തുടങ്ങുന്ന മേയ് മാസത്തിൽ കേരളത്തിൽ കടുത്ത കയ്യുറക്ഷാമം ഉണ്ടാവുമെന്നറിഞ്ഞ് സർക്കാരിനെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണു തങ്ങളെന്നും 58.4 ലക്ഷം കയ്യുറയുടെ പണം കിട്ടിയില്ലെങ്കിൽ തങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നുമാണു കമ്പനി ചൂണ്ടിക്കാട്ടിയത്.

Content highlights:  Kerala Medical Services Corporation, Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com