ADVERTISEMENT

അധ്യാപകൻ കുട്ടികളുടെ മുൻപിൽ ഒരു പ്രശ്നം അവതരിപ്പിച്ചു. അടുത്തടുത്തുള്ള രണ്ട് റെയിൽവേ പാളങ്ങളിൽ ഒന്ന് ട്രെയിൻ പോകുന്നതും മറ്റേത് ട്രെയിൻ പോകാത്തതുമാണ്. ട്രെയിൻ പോകാത്ത പാളത്തിലിരുന്ന് ഒരു കുട്ടി കളിക്കുന്നു. ട്രെയിൻ പോകുന്ന പാളത്തിലിരുന്ന് 10 കുട്ടികൾ കളിക്കുന്നു. പെട്ടെന്ന് ട്രെയിൻ വരുന്നു. ട്രെയിൻ മാറ്റി വിടാൻ കഴിയുമെങ്കിൽ നിങ്ങൾ എന്തു ചെയ്യും?– അധ്യാപകൻ ചോദിച്ചു.

ഒരു കുട്ടി കളിക്കുന്ന ട്രാക്കിലേക്ക് ട്രെയിൻ തിരിച്ചുവിടും– വിദ്യാർഥികൾ പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനാണ് നിങ്ങൾ അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം. സമൂഹം അങ്ങനെയാണ്. ട്രെയിൻ വരും എന്നറിയാമായിരുന്നിട്ടും ട്രാക്ക് തെറ്റിച്ച് കളിച്ച കുട്ടികൾ രക്ഷപ്പെടും. ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും– വിദ്യാർഥികളുടെ ഉത്തരം കേട്ട അധ്യാപകൻ പറഞ്ഞു.

ശരി തെറ്റുകളുടെ ആപേക്ഷികതയ്ക്കിടയിലുള്ള നൂൽപാലത്തിലാണു കർമങ്ങളുടെ വിധി. ഒരു കാര്യം ചെയ്യുന്ന ആളുകളുടെ എണ്ണം ആ കാര്യത്തിന്റെ അനുയോജ്യത തീരുമാനിക്കുന്നതിലെ സുപ്രധാന ഘടകമായാൽ പിന്നെ ആൾക്കൂട്ടങ്ങളുടെ നിയമസംഹിത രൂപപ്പെടും; ശരി ചെയ്യുന്നവർ ഒറ്റപ്പെട്ടുപോകും.

 ശരി ചെയ്യുന്നയാൾ തനിച്ചാകും എന്നറിഞ്ഞാൽ എത്രപേർ നേരിന്റെ ഭാഗത്ത് ധൈര്യപൂർവം നിൽക്കാൻ തയാറാകും? ആൾക്കൂട്ടത്തിന്റെ തെറ്റുകൾ സാമാന്യവൽക്കരിക്കപ്പെടുമെങ്കിൽ ആ സുരക്ഷിത കേന്ദ്രങ്ങളിലേക്കാകും ആളുകളുടെ യാത്ര. ശരി ചെയ്യുമ്പോഴുള്ള അപ്രീതിയെ ഭയക്കേണ്ട, തന്നിഷ്ടം പെരുമാറുമ്പോഴുള്ള വൈകാരിക സുഖം നഷ്ടപ്പെടുകയുമില്ല. നല്ലത് ഒറ്റയ്ക്കു ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും തെറ്റ് ഒരുമിച്ച് ചെയ്യുന്നവർ രക്ഷിക്കപ്പെടുകയും ചെയ്താൽ അവിടെ നേരിനിടമില്ല. ഭൂരിപക്ഷമെന്ന ജനാധിപത്യ മര്യാദ തെറ്റുകളെ ന്യായീകരിക്കുന്നതിനു കാരണമാകരുത്. 

നേരിനു വേണ്ടി നിലകൊള്ളുന്നവർ ഒറ്റപ്പെട്ടാൽ പിന്നെ നേര് ചെയ്യാൻ ആളുണ്ടാകില്ല. അന്യായവും അസത്യവും ആൾക്കൂട്ടത്തിന്റെ യൂണിഫോമായി മാറിയാൽ ന്യായവും സത്യവും അലഞ്ഞുതിരിയുകയേ മാർഗമുള്ളൂ. ഒരു സമൂഹത്തെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴി അവർ ചെയ്യുന്ന തെറ്റുകൾ ശരികളാണെന്നു വിശ്വസിപ്പിക്കുകയാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ള ഒരാളെങ്കിലും ഒരു സമൂഹത്തിലില്ലെങ്കിൽ ആ സമൂഹം അവരുടെതന്നെ തെറ്റുകളുടെ  ഇരയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com