ADVERTISEMENT

ഇന്ത്യാ ചരിത്രത്തിൽ ആദ്യം പാദമുദ്രകൾ വീഴ്ത്തിയ ചൈനീസ് സഞ്ചാരിയാണ് ഫാഹിയാൻ. അഞ്ചാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്റെ വരവ്.അന്നു ഫൊട്ടോഗ്രഫി കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് ആരോ വരച്ചുണ്ടാക്കിയ ഫാഹിയാൻ ചിത്രം ഇപ്പോഴും വീട്ടിൽവച്ചു പൂജിക്കുന്ന രണ്ടു മലയാളികൾ നിലവിലുണ്ട്. രണ്ടുപേരും സിപിഎം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ: എസ്.രാമചന്ദ്രൻപിള്ളയും കോടിയേരി ബാലകൃഷ്ണനും.

എന്തുകൊണ്ടു ഫാഹിയാൻ?

പതിനാറു നൂറ്റാണ്ടു മുൻപ് ഇന്ത്യയിൽ വന്ന ഫാഹിയാനാണ് ഇന്നാട്ടിൽ ചീനച്ചട്ടി കൊണ്ടുവന്നതെന്ന് എസ്ആർപി സഖാവും കോടിയേരി സഖാവും വിശ്വസിക്കുന്നു. പത്തു വർഷം ഇന്ത്യയിൽ താമസിച്ച ഫാഹിയാൻ സഖാവ് സഞ്ചാരത്തിനിടയിൽ പാചകത്തിനായി ഒരു ചീനച്ചട്ടി തീർച്ചയായും കരുതിയിരിക്കണം.ചൈനയിൽനിന്നു വന്നതുകൊണ്ടാണ് ആ ചട്ടിക്കു ചീനച്ചട്ടിയെന്നു പേരുണ്ടായതെന്ന് എല്ലാവർക്കുമറിയാം. കാരിരുമ്പുകൊണ്ടു നിർമിച്ച ചീനച്ചട്ടി നമ്മുടെ നാട്ടിലെത്തിയിരുന്നില്ലെങ്കിൽ നമ്മുടെ ഭക്ഷണശീലം മറ്റൊന്നാകുമായിരുന്നു.

കേരളീയ ഭക്ഷണത്തിലെ വറപൊരികളുടെ അടിസ്ഥാനം ചീനച്ചട്ടിയാണ്. ചീനച്ചട്ടി മാതൃകയിലുള്ള പുതിയതരം ചട്ടികൾ ഇക്കാലത്തു കിട്ടാനുണ്ടെങ്കിലും ഒറിജിനൽ ചീനച്ചട്ടിയിൽനിന്നു കിട്ടുന്ന രുചി മറ്റൊരു ചട്ടിയിൽനിന്നും കിട്ടില്ലെന്ന് എൺപതു കഴിഞ്ഞ എസ്ആർപിക്കും എഴുപതിലെത്താത്ത കോടിയേരിക്കും വളരെ നന്നായി അറിയാം.

കോടിയേരി കണ്ണൂർ ജില്ലക്കാരനും എസ്ആർപി ആലപ്പുഴ ജില്ലക്കാരനുമാണെങ്കിലും ചീനച്ചട്ടിയിലുള്ള അചഞ്ചല വിശ്വാസം ഇരുവർക്കും പൊതുവായുള്ളതാകുന്നു.അതുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചൈനയെ സ്തുതിച്ചുസ്തുതിച്ച് രണ്ടുപേരും വറചട്ടിയിൽ വീണുപോയത്. ചൈന നമ്മുടെ മാതൃരാജ്യമാണ് എന്ന് ഇരുവരും പറയാതിരുന്നത് ഇടയ്ക്കു ചീനച്ചട്ടിയിൽ തൊട്ടു കൈ പൊള്ളിയതുകൊണ്ടു മാത്രമാണ്.

ഇന്ത്യയും ചൈനയും യുദ്ധത്തിലായപ്പോൾ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗത്തെപ്പറ്റി താത്വിക അവലോകനം നടത്തിയ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയുള്ളത് ഈ രണ്ടു സഖാക്കൾക്കു മാത്രമാണ്.

ഇഎംഎസിന്റെ മനയിലെത്തി അപൂർവ ചിത്രങ്ങൾ പകർത്താൻ അവസരം കിട്ടിയ പ്രശസ്ത ഫൊട്ടോഗ്രഫർ ബി.ജയചന്ദ്രൻ അവിടെയൊരു ഒറിജിനൽ ചീനച്ചട്ടി കണ്ടുവെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം.

കോടിയേരിയുടെയോ എസ്ആർപിയുടെയോ അനുയായികൾ ചീനച്ചട്ടിയിൽ തൊട്ടുകളിക്കാത്തതിന്റെ കാരണവും അപ്പുക്കുട്ടൻ കണ്ടുപിടിച്ചു:ചീനച്ചട്ടിക്ക് രണ്ടേരണ്ടു കാതുകളേയുള്ളൂ. പരമാവധി രണ്ടുപേർക്കേ അതിൽ പിടിച്ചുതൂങ്ങാനാവൂ. ഒന്നിൽ എസ്ആർപി പിടിച്ചു; മറ്റേതിൽ കോടിയേരിയും.

ആരും എന്തും വിചാരിച്ചോട്ടെ; രണ്ടുപേർക്കും ചീനച്ചട്ടിവിട്ടൊരു കളിയില്ല.

ഫാഹിയാനാണെ സത്യം!

Content highlights: S. Ramachandran pillai, Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com