ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ ഇന്ന് 73–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ എത്തിനിൽക്കുന്നത് എവിടെ? മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ രാജ്യവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളും ഈ അടിസ്ഥാന മൂല്യങ്ങളോട് നീതി പുലർത്തുന്നുണ്ടോ? പ്രതിപക്ഷം അവരുടെ കടമ നിർവഹിക്കുന്നോ? എഴുത്തുകാരനായ സക്കറിയയും സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണും സംഭാഷണത്തിൽ. 

ന്യൂനപക്ഷ സംരക്ഷണം പാർട്ടികളുടെ ഉള്ളിൽനിന്ന് ഉയർന്നു വരേണ്ട വികാരമല്ലേ? മതനിരപേക്ഷതയുടെയും മനഃസാക്ഷിയുടെയും അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുമ്പോഴത്തെ മറ്റു ചിത്രീകരണങ്ങളും ശ്രദ്ധിക്കണം. അതു വർഗീയതയായും വർഗീയ പ്രീണനമായും ഉടൻ വിശേഷിപ്പിക്കും. -സക്കറിയ

ജനാധിപത്യം ശക്തമായെന്നു പറയുമ്പോഴും അതിലെ റിപ്പബ്ലിക്കൻ സത്ത ചോർന്നു പോകുന്നു. അതോടെ എവിടെയും രാജസ്തുതികളാണു മുഴങ്ങുന്നത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും എന്നല്ല, ചെറിയ നേതാക്കന്മാർക്കു വരെ വലിയ വലിയ വിശേഷണങ്ങളാണ്. ഇതു ഭയാനകമായ ഏകാധിപത്യ പ്രവണതയാണ്. സി.പി.ജോൺ

ജനാധിപത്യം

സക്കറിയ: വലിയ രാജ്യങ്ങളിൽപോലും ജനാധിപത്യം കടുത്ത ഭീഷണിയിലാണ്. ഡോണൾഡ് ട്രംപിന്റെ സംസാരങ്ങളിലും നടപടികളിലും പ്രകടമായ ഫാഷിസ്റ്റ് സ്വഭാവം അമേരിക്കയിൽ വരെ ഉത്കണ്ഠ ജനിപ്പിച്ചു. സ്വാതന്ത്ര്യസമര കാലം മുതൽ വ്യക്തിപൂജ ഇന്ത്യയിൽ പ്രകടമായിരുന്നു. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും ആരാധിക്കപ്പെട്ടപ്പോൾ ദേശീയ പ്രസ്ഥാനത്തിന് അതൊരു ശക്തിയായിരുന്നു. 50 വർഷത്തിലേറെ രാജ്യം ഭരിച്ച കോൺഗ്രസാണ് അടിസ്ഥാന രാഷ്ട്രീയ ശൈലി രൂപീകരിച്ചത്. നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് വ്യക്തിപൂജ വല്ലാതെ കയറിവന്നു. നരേന്ദ്ര മോദിയും പിണറായി വിജയനും വ്യക്ത്യാരാധനയ്ക്കു വിധേയരാകുന്നുവെന്നു വിമർശിക്കുന്നവർ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെ തുടർച്ചയായിക്കൂടി അതിനെ കാണണം. മതത്തോടുള്ള ഭരണകൂടത്തിന്റെ വിധേയത്വത്തെ സമൂഹവും രാഷ്ട്രീയപാർട്ടികളും അലിഖിതമായി അംഗീകരിക്കുന്ന സ്ഥിതി രൂപപ്പെട്ടു. കോൺഗ്രസിന്റെ കാലം മുതൽ മതനിരപേക്ഷതയ്ക്കു കാര്യമായ പ്രാധാന്യം നൽകുകയോ അതിൽ ഊന്നിയുള്ള പ്രവർത്തനശൈലി ഉണ്ടാകുകയോ ചെയ്തില്ലെന്നതു വസ്തുതയാണ്.

nehru-gandhi
ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി.

സി.പി.ജോൺ: രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ട് 70 വർഷം തികയുക കൂടിയാണ്. ജനാധിപത്യത്തിന് ഊന്നൽ കൊടുക്കുന്ന നാം അതിന്റെ റിപ്പബ്ലിക്കൻ മൂല്യങ്ങൾക്ക് അതേ പ്രാധാന്യം നൽകുന്നില്ല. 49% അപ്പുറത്തുണ്ടെങ്കിലും 51% എല്ലാം തീരുമാനിക്കുന്നു. തലയെണ്ണിയുള്ള ജനാധിപത്യം! വ്യവസ്ഥാപിതമായ ചട്ടക്കൂട് അടങ്ങുന്ന നിയമസംഹിതയാണു റിപ്പബ്ലിക് മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, എണ്ണം സമ്പാദിച്ചവർ ഇപ്പോൾ ചട്ടക്കൂട് മാറ്റുകയാണ്. ചട്ടക്കൂട് എണ്ണത്തെ മാറ്റുക എന്നതിനു പകരം തിരിച്ചാണു സംഭവിക്കുന്നത്. 

ഭരണഘടന

സക്കറിയ: ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലമാക്കാൻ നടത്തുന്ന ശ്രമങ്ങൾ കൺമുന്നിലുണ്ട്. ഭരണഘടനതന്നെ അഴിച്ചുപണിയുമെന്ന സൂചന ബിജെപിയിൽ നിന്നുണ്ടായെങ്കിലും ഇപ്പോൾ അതു പറയുന്നില്ല. പകരം ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ നോക്കുന്നു. ഏതു ഭരണഘടനയെയും വലിച്ചുകീറി തന്റെ ചവറ്റുകുട്ടയിൽ ഇടാമെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാ ഗാന്ധി തെളിയിച്ച ആ ദിവസമാണ് എല്ലാറ്റിനും തുടക്കം കുറിച്ചത്. കയ്യിൽ അധികാരം കിട്ടിയാൽ പിന്നെ ഭരണഘടന ഇത്രയൊക്കെയേ ഉള്ളൂവെന്ന് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിനാകെ അതോടെ ബോധ്യമായി. ബിജെപിക്കാരോടും ആർഎസ്എസുകാരോടും ഭരണഘടനയുടെ പാവനതയെക്കുറിച്ചു പ്രസംഗിച്ചിട്ടു കാര്യമില്ലാത്ത സ്ഥിതി അവിടെ സംജാതമായി.

സി.പി.ജോൺ: പലതു കൊണ്ടും പിന്നാക്കാവസ്ഥയിലായിരുന്ന ഇന്ത്യയുടെ ഹൃദയത്തിലേക്ക് ആധുനിക രാഷ്ട്രീയചിന്ത സന്നിവേശിപ്പിക്കുന്നതിൽ കോൺഗ്രസ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഇന്ത്യൻ വ്യവസ്ഥിതിക്കേറ്റ വലിയ പരുക്കുതന്നെയായി. ഒടുവിൽ വോട്ടർമാർ കോൺഗ്രസിനെ മാത്രമല്ല, ഇന്ദിരയെയും തോൽപിച്ചു. അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞതാണ് രാഹുൽ ഗാന്ധിയോട് ആദരവ് തോന്നിച്ച ഒരു സന്ദർഭം.

അംബേദ്കർ

സി.പി.ജോൺ: ഡോ. ബി.ആർ.അംബേദ്കർ 1949 നവംബർ 25നു നടത്തിയ തന്റെ അവസാനത്തെ പ്രസംഗത്തിന് എന്തൊരു പ്രവചന സ്വഭാവമായിരുന്നു! ‘ഒരിക്കൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യം ഇന്ത്യ തിരിച്ചുപിടിച്ചു. അതു നിലനിർത്താൻ നമുക്കു കഴിയുമോ? അതോ വീണ്ടും നഷ്ടപ്പെടുത്തുമോ? ഭാവി ഓർക്കുമ്പോൾ ഏറ്റവും ആശങ്ക ഉയർത്തുന്ന ചോദ്യം അതാണ്’ – എന്തൊരു നിരീക്ഷണം! പാരമ്പര്യത്തെക്കുറിച്ച് നാം അഭിമാനിക്കുന്നവരാണ്. പക്ഷേ, ആ മഹിത പാരമ്പര്യത്തിന്റെ ചില മണിച്ചിത്രത്താഴുകൾ തുറക്കാൻ നാം തയാറല്ല. അവിടെയാണ് അംബേദ്കറുടെ ആ പ്രസംഗത്തിന്റെ പ്രാധാന്യം.

ambedkar-speech

സക്കറിയ: പരസ്പരവിരുദ്ധമായ ആശയസംഹിതകളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ത്യയിൽ വർധിക്കുന്നതിനെക്കുറിച്ചും അംബേദ്കർ ആശങ്കപ്പെട്ടു. തങ്ങളുടെ തത്വസംഹിതകളെക്കാൾ വലുതാണ് രാജ്യം എന്നു ചിന്തിക്കാതെ, രാജ്യത്തെ അതിനു കീഴ്പ്പെട്ടതാക്കാൻ ശ്രമിച്ചാൽ സ്വാതന്ത്ര്യം രണ്ടാമതും അപകടത്തിലാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി. ഭൂരിപക്ഷം കിട്ടാനുള്ള എണ്ണം മുഖ്യമായതോടെ അതിനു വേണ്ടി ഏതു മാർഗം എന്നു തിരയുന്നവരായി രാഷ്ട്രീയ നേതൃത്വം മാറി. അതിദരിദ്രനെക്കൂടി മനസ്സി‍ൽ പ്രതിഷ്ഠിച്ച് ഗാന്ധിജി രാജ്യത്തെക്കുറിച്ചു വിഭാവനം ചെയ്ത കാഴ്ചപ്പാട് അട്ടിമറിക്കപ്പെട്ടു.

പാർട്ടികൾ, മാധ്യമങ്ങൾ

സക്കറിയ: വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ മോഹിപ്പിക്കുന്നവരായി രാഷ്ട്രീയ നേതൃത്വം മാറി. വാഗ്ദാനങ്ങൾക്കു നൽകുന്ന പ്രാധാന്യം അതിന് എന്തു സംഭവിച്ചു എന്ന പരിശോധനയ്ക്ക് മാധ്യമങ്ങൾ നൽകാതായി. രാഷ്ട്രീയക്കാർക്ക് അല്ലാതെ ഞങ്ങൾക്കാർക്കും വ്യവസ്ഥിതിയെ മാറ്റാൻ കഴിയില്ല. എനിക്ക് എന്റെ വോട്ട് പെട്ടിയിൽ ഇടാൻ കഴിയും. പക്ഷേ രാഷ്ട്രീയ മുന്നേറ്റത്തിന് ചാലകശക്തിയാകാൻ പറ്റില്ല. അതു ചെയ്യേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്.

സി.പി.ജോൺ: 1952ലെ മാധ്യമങ്ങളല്ല ഇന്നത്തെ മാധ്യമങ്ങൾ. സാങ്കേതികവിദ്യ അവരെ ശക്തിപ്പെടുത്തി. ഓരോ പൗരനും മാധ്യമപ്രവർത്തകനാകാം. സാങ്കേതികവിദ്യയുടെ പുരോഗതി രാഷ്ട്രീയത്തെയും മാധ്യമപ്രവർത്തനത്തെയും വലിയ തോതിൽ സ്വാധീനിച്ചു. ജനാധിപത്യ പ്രക്രിയയെ ആൽഗരിതങ്ങൾ നയിക്കുന്ന സ്ഥിതിയായി.

സക്കറിയ: ജനാധിപത്യ, മതനിരപേക്ഷ പ്രക്രിയയെ ശക്തിപ്പെടുത്താൻ ആൽഗരിതങ്ങളെ ഉപയോഗിക്കുന്നതിനു പകരം നീച വികാരങ്ങളിലേക്ക് സമൂഹത്തെ കൈ പിടിച്ചു നയിക്കാനാണ് അവയെ വിനിയോഗിക്കുന്നത്. ഉക്രെയ്നിൽ പുടിൻ നടത്തിയ കുടില തന്ത്രങ്ങൾ ഉദാഹരണമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് യന്ത്രവും തന്ത്രവും നമുക്കു മുന്നിലുണ്ട്.

സി.പി.ജോൺ: തിരഞ്ഞെടുപ്പു വിദ്ഗധനാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. ‘ലൈഫ്‌ബോയ് എവിടെയുണ്ടോ’ എന്നു പറയുന്നതു പോലെ പ്രശാന്ത് കിഷോർ എവിടെയുണ്ടോ അവർക്ക് ജയിക്കാം. തമിഴ്നാട്ടിൽ സ്റ്റാലിൻ വന്നപ്പോൾ പ്രശാന്ത് കിഷോർ, ബംഗാളിൽ മൂന്നാമതും മമത വന്നപ്പോഴും അദ്ദേഹം തന്നെ. ബിജെപി ജയിച്ചപ്പോഴും മറ്റാരുമല്ല.

സക്കറിയ: തിരിച്ചും പറയാം ജോൺ. ഈ വിദഗ്ധരെ ഉപയോഗിച്ച് വിജയങ്ങൾ ഉറപ്പാക്കുകയാണ് രാഷ്ട്രീയ നേതൃത്വം. ഒരു വീട്ടിലെ അഞ്ചു പേരെയും അഞ്ചു തരം ഫോൺ സന്ദേശങ്ങൾ വഴി സ്വാധീനിക്കാവുന്ന അവസ്ഥയാണല്ലോ. ഈ തട്ടിപ്പുകൾ തിരിച്ചറിയാൻ പര്യാപ്തമായ ഒരു രാഷ്ട്രീയ പരിശീലനം അതിസാധാരണക്കാരനും കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

പ്രതിപക്ഷം

സക്കറിയ: ജനാധിപത്യത്തിന്റെ പേരു പറഞ്ഞ് ജനാധിപത്യവിരുദ്ധ ശക്തികൾ അധികാരം കയ്യാളുകയും സ്വയം ശക്തിപ്പെടുകയുമാണ്. ജനാധിപത്യം അങ്ങനെ ബന്ദിയാക്കപ്പെടാതിരിക്കാൻ എന്തു ചെയ്യണം? ജനാധിപത്യ വിരുദ്ധർക്കെതിരെ മറ്റു ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരക്കണം. എന്തു വിമർശനം ഉന്നയിച്ചാലും തിരഞ്ഞെടുപ്പിലൂടെയാണ് നരേന്ദ്ര മോദി അധികാരത്തിലേറിയത് എന്ന യാഥാർഥ്യം നിലനിൽക്കുകയാണ്. ജനാധിപത്യത്തെ അവർ ഇനിയും തട്ടിയെടുക്കാതെ പരിരക്ഷിക്കേണ്ടത് പ്രതിപക്ഷകക്ഷികളുടെ കടമയാണ്.

BJP-Flag-1248-02

സി.പി.ജോൺ: കോടതി പിരിഞ്ഞ ശേഷം വാദിച്ചിട്ടു കാര്യമില്ല. തിരഞ്ഞെടുപ്പിനു മുൻപു ചെയ്യേണ്ടതു തിരഞ്ഞെടുപ്പിനു ശേഷം ചെയ്യാമെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പ് ആദ്യം കഴിയട്ടെ എന്നു വോട്ടർമാർ തിരിച്ചും പറയും. ബിജെപിയെ നീക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെങ്കിൽ അവർ ഏകീകൃത സ്ഥാനാർഥിയെ അവതരിപ്പിക്കണം. 2024 വരുമ്പോഴും ‘ആരാണ് നിങ്ങളുടെ നേതാവ്, എന്താണ് നിങ്ങളുടെ പരിപാടി’ എന്നത് മറുപക്ഷത്ത് ഒരു ചോദ്യചിഹ്നമാണ്. ഒന്നുകിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കണം. അല്ലെങ്കിൽ മറ്റൊരാളാണ് അത് എന്ന് അംഗീകരിച്ച് പിന്തുണ നൽകണം. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഭാഗത്ത് മുഖ്യമന്ത്രിസ്ഥാനാർഥി ഉണ്ടായിരുന്നു. മറുഭാഗത്ത് അതില്ല.

സക്കറിയ: പ്രതിപക്ഷം എന്നു സ്വയം വിശേഷിപ്പിക്കുന്ന കൂട്ടരുടെ ഈ കഴിവുകേട് അങ്ങേയറ്റം ആത്മഹത്യാപരമാണ്. ഒന്നുകിൽ അവർക്ക് ഇച്ഛാശക്തിയില്ല, അല്ലെങ്കിൽ കാര്യഗൗരവമില്ല, അതുമല്ലെങ്കിൽ രാജ്യസ്നേഹം തന്നെയില്ല.

അധികാര വികേന്ദ്രീകരണം

സി.പി.ജോൺ: തദ്ദേശ സ്ഥാപനങ്ങൾ മുഖ്യ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമാകുന്നില്ല. അവർക്കു പ്രാദേശികമായ റോളേ ഉള്ളൂ. പഞ്ചായത്ത് രാജ് ഭരണഘടനാ ഭേദഗതിയെക്കുറിച്ചുപോലും അവരോടു ചോദിക്കാറില്ല. ഇന്ത്യയിൽ രണ്ടരലക്ഷം പഞ്ചായത്തുകളുണ്ട്. കോവിഡ് വന്നതോടെ ഡോക്ടർമാരെ പോലെ ആശാവർക്കർമാരെയും അന്വേഷിച്ചു തുടങ്ങിയില്ലേ? അടിത്തട്ടിലെ ഈ വിപുലീകൃത ജനാധിപത്യത്തിന് എന്തുകൊണ്ട് കൂടുതൽ പ്രാമുഖ്യം കൊടുത്തു കൂടാ? എംപിമാർക്കും എംഎൽഎമാർക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാമെങ്കിൽ എന്തിന് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിനിർത്തണം. നിയമസഭ സിലക്ട് കമ്മിറ്റിക്ക് അയയ്ക്കുന്ന ബില്ലുകളുടെ കാര്യത്തിലെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായം തേടാവുന്നതല്ലേ.

സക്കറിയ: വളരെ മൗലികമായ നിർദേശമാണ്. രാജ്യത്തെ പൊതുസ്ഥിതി വച്ചു നോക്കുമ്പോൾ അധികാര വികേന്ദ്രീകരണം ശക്തമായ കേരളം ആശ്വാസത്തിന്റെ തുരുത്തു തന്നെയാണ്. ജനാധിപത്യ, മതനിരപേക്ഷ, റിപ്പബ്ലിക്കൻ മൂല്യങ്ങൾ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഈ നാട്. ദക്ഷിണേന്ത്യയിലാകെ മതനിരപേക്ഷത ശക്തമാണെന്നു പറയില്ല. പക്ഷേ, ദ്രവീഡിയൻ മൂല്യങ്ങൾ അതിനുള്ള അടിത്തറ പാകിയിട്ടുണ്ട്.

സി.പി.ജോൺ: അങ്കണവാടികൾ, കുടുംബശ്രീ, എൻജിഒകൾ എന്നിവയിലെല്ലാം കൂടുതലും സ്ത്രീകളാണ്. അവരിൽ അർപ്പിതമായ വികസന അജൻഡയെ രാഷ്ട്രീയ അജൻഡയിലേക്കു കണ്ണിചേർക്കാൻ കഴിഞ്ഞാൽ അവർ കൂടുതൽ ശാക്തീകരിക്കപ്പെടും.

സക്കറിയ: അപ്പോൾ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ വിഷലിപ്തത അവരെയും ബാധിച്ചേക്കാം. പിടിച്ചെടുക്കൽ വാസന വളരുന്നതു ഭീഷണി തന്നെയാകും. അതു കൂടി കയ്യിൽ കിട്ടിയാൽ പിന്നെ ഒന്നും അവശേഷിക്കുന്നില്ല.

സംവരണം

സി.പി.ജോൺ: ലോക്സഭാംഗങ്ങളിൽ ദലിത് വിഭാഗക്കാരായ 131 പേരുണ്ട്. 24% സംവരണം ചെറിയ കാര്യമല്ല. പക്ഷേ, സാമ്പത്തിക സംവരണത്തിനുള്ള 103–ാം ഭരണഘടനാ ഭേദഗതി വന്നപ്പോൾ അവർക്കെല്ലാം അനുസരിക്കേണ്ടി വന്നത് രാഷ്ട്രീയപാർട്ടികളുടെ വിപ്പ്! രാജ്യസഭയിൽ എത്ര ദലിത് എംപിമാരുണ്ട് എന്ന് ഗൂഗിളിനു പോലും അറിയില്ല. ആ വിഭാഗത്തിൽപെട്ട ഒരു രാജ്യസഭാംഗത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും അറിയില്ല. 10% എങ്കിൽ 25 പേർ വേണ്ടതല്ലേ. രാഷ്ട്രീയകക്ഷികൾ നാമനിർദേശം ചെയ്യുന്ന ആ പദവിയിൽ ദലിത് വിഭാഗത്തിൽനിന്ന് വിരലിലെണ്ണാവുന്നവരേ വന്നിട്ടുള്ളൂ. കേരളത്തിൽ രാഷ്ടീയ–ഭരണ നേതൃത്വം കയ്യാളുകയും നയരൂപീകരണം നടത്തുകയും ചെയ്യുന്ന എൽഡിഎഫ്–യുഡിഎഫ് ഏകോപനസമിതികളിൽ ഒരു വനിത ഉണ്ടോ? രണ്ടു മുന്നണിയിലും കൂടി ഒരാളെ കടന്നുവന്നിട്ടുള്ളൂ – കെ.ആർ.ഗൗരിയമ്മ

alappauzha-gauriyamma-waving
കെ.ആർ.ഗൗരിയമ്മ

സക്കറിയ: അതിശയകരമാണ് ഈ നിരീക്ഷണം. ആരാണ് അവരുടെ വരവിനെ തടസ്സപ്പെടുത്തുന്നത്?

സി.പി.ജോൺ: ആ നയരൂപീകരണ ഫോറത്തിൽ സ്ത്രീകൾ വേണ്ട എന്നതു മനപ്പൂർവമായ തീരുമാനമാണ്. എന്റെ പാർട്ടിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്ന് ആറും എഴും പേർ വരെ ഏകോപനസമിതിയിൽ വന്നിരിക്കാറുണ്ട്. ഒറ്റ സ്ത്രീയില്ല.

സക്കറിയ: ഇതിനു പിന്നിൽ പുരുഷമേധാവിത്വ നിയന്ത്രിതമായ മതശക്തികളുടെ വലിയ സംഭാവനകളുമുണ്ട്. അവരാണ് കുടുംബത്തിന്റെ തലം തൊട്ട് തലച്ചോറിൽ പുരുഷമേധാവിത്വ ചിന്ത നിറയ്ക്കുന്നത്. കുടുംബത്തിനുള്ളിൽ ഒരു ജനാധിപത്യമുണ്ട്. അത് ഓരോരുത്തരും ഉറപ്പാക്കുകയും ഓരോ രാഷ്ട്രീയപാർട്ടിയും അതു മനസ്സിലാക്കി സമൂഹത്തിൽ ഇടപെടുകയും വേണം. സ്ത്രീകൾക്ക് അർഹമായ പദവി നൽകാത്ത ഒരു ജനാധിപത്യവും പുരോഗമിച്ചിട്ടില്ല എന്ന ലോകയാഥാർഥ്യം ഉൾക്കൊള്ളണം.

സി.പി.ജോൺ: വനിതാസംവരണം പഞ്ചായത്തിൽ അല്ലേ ഉള്ളൂ. സ്ത്രീകൾക്ക് അധികാരത്തിൽ വരണോ, എങ്കിൽ പ‍ഞ്ചായത്തിൽ ആയിക്കോ എന്നാണ് ചിന്ത.

പ്രതീക്ഷകൾ, മാറ്റങ്ങൾ

സി.പി.ജോൺ: അതിശക്തരും പ്രതിഭാശാലികളും രാജ്യത്തെയും സംസ്ഥാനങ്ങളെയും നയിച്ചിട്ടുണ്ട്. പക്ഷേ, ചെയ്യാൻ സാധിക്കുന്നതെല്ലാം അവരും ചെയ്തതായി തോന്നുന്നില്ല. വലിയ കാർഷികാടിത്തറ ഉണ്ടാക്കി. പക്ഷേ, വിദ്യാഭ്യാസ മേഖലയിൽ അതു സാധിച്ചില്ല. ഭക്ഷ്യരംഗം കൈവരിച്ച സ്വയംപര്യാപ്തതയിൽ തീർച്ചയായും അഭിമാനിക്കാം. പട്ടിണിയുടെയും ക്ഷാമത്തിന്റെയും പേരിൽ അറിയപ്പെട്ട രാജ്യം ധാന്യപ്പുരകൾ നിറഞ്ഞു കവിഞ്ഞ ഒന്നായി മാറി. കോവിഡിനെ ധൈര്യമായി നേരിടാനായത് ഈ ധാന്യപ്പുരകളുടെ സമൃദ്ധി നൽകിയ ബലം കൊണ്ടല്ലേ. മൂന്നു പ്രധാനമന്ത്രിമാരോട് അതിനു കടപ്പെട്ടിരിക്കുന്നു – നെഹ്റു, കുറച്ചുകാലമെങ്കിലും ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി.

സക്കറിയ: പോരായ്മകൾക്കിടയിലും ഗ്രാമങ്ങളിൽ അടക്കം ജീവിതസൗകര്യങ്ങളുടെ വളർച്ച, പരിഷ്കാരങ്ങൾ എന്നിവ പ്രതിഫലിച്ചു. ആ വിപണി പുഷ്കലമായി. ഇന്ത്യൻ മുതലാളിത്തം അവരുടെ ലാഭത്തിനു വേണ്ടി ചെയ്തതാകാം. തുണികൾ, മരുന്നുകൾ... മുൻപൊരിക്കലും ഇല്ലാത്ത വൈവിധ്യത്തോടെ ഉൽപന്നങ്ങൾ മനുഷ്യരുടെ കൈകളിലെത്തി. ഇതൊരു പുതിയ മധ്യവർഗത്തെ സൃഷ്ടിച്ചു. നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വലിയ മാറ്റമാണ് ഇത്.

മതനിരപേക്ഷത, ന്യൂനപക്ഷങ്ങൾ

സി.പി.ജോൺ: ഒരു റിപ്പബ്ലിക് എങ്ങനെയാണ് ജയിച്ചവരുടേതു മാത്രമാകുന്നത്! അതു ജയിക്കാവുന്നവരുടേതു കൂടി ആകേണ്ടതല്ലേ? തോറ്റവരെയും ന്യൂനപക്ഷങ്ങളെയും എങ്ങനെ ഉൾക്കൊള്ളാം എന്നതു വളരെ പ്രധാനമാണ്. ന്യൂനപക്ഷം ഒരു ശല്യമാണ് എന്ന മനോഭാവത്തോടെ അവരെ ഉപയോഗിക്കുന്ന തന്ത്രം ഫാഷിസ്റ്റ് ഭരണകൂടങ്ങൾ അവലംബിക്കാറുണ്ട്. ഒരാളെ ചൂണ്ടിക്കാട്ടി അവനാണ് ശത്രു എന്നു മറ്റുള്ളവരോടു പറയും. ഭൂരിപക്ഷത്തെ കൂടുതൽ ഉത്തേജിപ്പിച്ച് ഒരുമിപ്പിക്കാനുള്ള ആൽഗരിതമാണു പ്രാവർത്തികമാക്കുന്നത്. ലോക്സഭയിൽ ബിജെപിക്കു മുസ്‌ലിം അംഗങ്ങൾ ഇല്ല എന്നത് അഭിമാനത്തോടെയാണു പറയുന്നത്. അത് എഴുത്തും വായനയും അറിയില്ല എന്നതു പോലുള്ള ഒരു നാണക്കേടാണ്. പക്ഷേ, ദൗർബല്യത്തെ ശക്തിയായി അവതരിപ്പിച്ചാൽ, അതു കൊള്ളാം എന്നു പറയുന്ന തരത്തിൽ രാഷ്ട്രീയ വ്യവസ്ഥ ദുർബലമായിപ്പോയി. ന്യൂനപക്ഷങ്ങൾക്ക് നിയമനിർമാണ സഭകളിൽ അർഹമായ പ്രാതിനിധ്യമില്ലെങ്കിൽ ഭരിക്കുന്ന പാർട്ടിക്ക് അവരെ നാമനിർദേശം ചെയ്യാൻ കഴിയണം.

സക്കറിയ: സമൂഹമാധ്യമങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങളും വിദ്വേഷ വ്യാപനവും ആരാധനാലയങ്ങൾക്കെതിരായ അക്രമങ്ങളും ഇന്ത്യ വളരെ ഗൗരവത്തോടെ തടയേണ്ടതാണ്. ഇതിനു പിന്നിൽ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ കൃത്യമായ അജൻഡയുണ്ട്. മറ്റു പാർട്ടികളും അതിനോടു നിസ്സംഗത പുലർത്തുന്നത് ദൗർഭാഗ്യകരമാണ്.

Content highlights: Zacharia-CP John Interview, Repuplic day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com